സുന്നി സഹോദരങ്ങളോട്…….!


 പ്രിയ സഹോദരന്മാരേ, السلام عليكم ورحمة الله وبركاته,

പണ്ഡിതന്മാരെയും സാദാത്തുക്കളെയും തെറിയഭിഷേകം ചെയ്തുകൊണ്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ മലീമസമായിക്കൊണ്ടിരിക്കുന്നു. താന്‍ എഴുതുന്നതും ‘ലൈക്’ ചെയ്യുന്നതും ഫോര്‍വേഡ് ചെയ്യുന്നതുമൊക്കെ പാപ മാണെന്നറിയാത്തവരല്ല ഇതു ചെയ്യുന്നത്. വിവരമില്ലാത്തവര്‍ (വിവരമുള്ളവരും പിറകിലല്ല) എന്തെങ്കിലും പോസ്റ്റുചെയ്താല്‍ അത് തന്‍റെ എതിര്‍ ഗ്രൂപിനെതിരെയാണല്ലോ എങ്കില്‍ കിടക്കട്ടെ എന്‍റെ ഒരു ലൈക്‌. പിന്നെ അത് ഫോര്‍വേഡായി, കമ്മന്റായി, കൈമാറി കൈമാറി അതിശീഘ്രം പരക്കുകയായി. ആ വാര്‍ത്തയുടെ നിജസ്ഥിതി അറിയാനോ ആ വാര്‍ത്ത നമ്മുടെ സമുദായത്തില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കുവാനോ നാം തയ്യാറല്ല. 

നാം എല്ലാവരും മനസ്സിലാക്കേണ്ടുന്ന ഒരു സത്യമാണ് സംഘടനകളെന്നത് സുന്നത്ത് ജമാ‌അത്ത് എന്ന ആദര്‍ശപ്രസ്ഥാനത്തിന്റെ വേലിക്കെട്ടുകളാണെന്ന്. കേരളത്തില്‍ സുന്നത്ത് ജമാ‌അത്തിനെ സംരക്ഷിക്കാനുള്ള പല സംഘടനകളുമുണ്ട്. അവയെ തള്ളിപ്പറയാനോ അതിന്റെ ബഹുമാന്യരായ പണ്ഡിതന്മാരെയോ നേതാക്കളേയോ വ്യക്തിഹത്യ ചെയ്യാനോ ആക്ഷേപിക്കാനോ ഒരു സുന്നിക്ക് പാടില്ല. സംഘടനയും ആദര്‍ശവും രണ്ടും ഒന്നല്ല , ആദര്‍ശം എന്നു പറയുന്നത് സുന്നത് ജമാ‌അത്താണ്. അത് നമ്മുടെ വിശ്വാസവും പ്രമാണവുമാണ്. അതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സ്വീകാര്യമല്ല. അതില്‍ വരുന്ന വ്യത്യാസമാണ് ഒരാളെ മുബ്‌തദി‌ഉം സുന്നിയുമായി വേര്‍തിരിക്കുന്നത്. ഈ വിശ്വാസ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍  വേണ്ടി  കാലാ കാലങ്ങളിലായി സൌകര്യാര്‍ത്ഥമായി ഉണ്ടാക്കുന്ന സംവിധാനത്തെയാണ് സംഘടന എന്നു പറയുന്നത്. അപ്പോള്‍ പ്രസ്ഥാനമെന്നത് നമ്മുടെ മൂലധനമാണ്. അതാണ് ദുന്‍‌യാവിലും ആഖിറത്തിലും നമ്മെ രക്ഷിക്കുന്നതും വിജയിപ്പിക്കുന്നതും. അതു നമ്മുടെ ദീനാണ്. നമ്മുടെ ഈമാനുമാണ്. അതിനെ കൊള്ളയടിക്കാന്‍ വേണ്ടി നവീന വാദികളും നിരീശ്വരവാദികളും കള്ളത്ത്വരീഖത്തുകളും ഉടലെടുക്കുമ്പോൾ അവരിൽ നിന്ന് ഈ വിശ്വാസപ്രമാണത്തെ സംരക്ഷിക്കാനുള്ള സംഘടിത ശ്രമമാണ് സംഘടനകൾ ചെയ്തുകൊണ്ടിരിക്കുന്നത്. ബഹുമാനപ്പെട്ട സമസ്ത എന്ന സംഘടന തന്നെ ഉല്‍ഭവിച്ചിട്ട് നൂറില്‍ താഴെ വര്‍ഷമേ ആയിട്ടുള്ളൂ. അതിനു മുമ്പും സുന്നത്ത് ജമാ‌അത്തുണ്ടല്ലോ? സുന്നത്ത് ജമാ‌അത്തിന്റെ വിശ്വാസപ്രമാണത്തെ കടന്നാക്രമിക്കാന്‍ നവീനവാദികൾ ഒരുമ്പെടുമ്പോള്‍ അതിനെ സംരക്ഷിക്കാനായി  ഒരോ കാലത്തെയും സുന്നികൾ വിവിധ സംവിധാനങ്ങൾ ആവിഷ്കരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അത്തരം ഒരു കാലിക സംവിധാനമാണ്  സുന്നി സംഘടനകളെല്ലാം. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളതിൽ മെമ്പറായി പ്രവര്‍ത്തിക്കാം. പക്ഷെ ഒരിക്കലും മറ്റുള്ള സുന്നീ സംഘടനകളേയോ അവരുടെ നേതാക്കളേയോ പണ്ഡിതരെയോ ആക്ഷേപിക്കാന്‍ പാടില്ല. നാം ഷാഫി‌ഇകളാണെന്ന് കരുതി ഇമാം അബൂഹനീഫയെ എതിര്‍ക്കാന്‍ പറ്റുമോ? ഒരു ഹനഫിക്ക് ഇമാം മാലികിനെ ആക്ഷേപിക്കാന്‍ പറ്റുമോ? ഒരിക്കലും പാടില്ല. അവരെ അംഗീകരിക്കുന്നതുകൊണ്ടോ ആക്ഷേപിക്കുന്നില്ലെന്നതു കൊണ്ടോ നാം ആ മദ്‌ഹബ്കാരാണെന്നും വരില്ല. മറ്റുള്ളവരെ ആദരിക്കുകയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതോടെ നമുക്കിഷ്ടമുള്ള മദ്‌ഹബ് സ്വീകരിക്കാവുന്നതാണ്. ഇതു പോലെത്തന്നെയാണ് ഇന്നത്തെ സുന്നീ സംഘടനകളേയും അതിന്റെ നേതാക്കളേയും പണ്ഡിതരേയും നാം കാണേണ്ടത്.

നമുക്കിഷ്ടമുള്ളതിൽ അംഗമാകാം. അതോടൊപ്പം മറ്റു സുന്നീ സംഘടകളേയും നേതാക്കളേയും അണികളേയും ആദരിക്കാനും ആക്ഷേപിക്കാതിരിക്കാനുമുള്ള വിശാല മനസ്കത നമുക്കുണ്ടാവണം. നാം ആദര്‍ശ സഹോദരങ്ങളാവണം. ഒരിക്കലും മാന്യതക്കും പരിശുദ്ധ ഇസ്‌ലാമിന്റെ സംസ്കാരത്തിനും യോജിക്കാത്ത  ആരോപണങ്ങളും ശകാരങ്ങളും തെറിയഭിഷേകങ്ങളും നമ്മിൽ നിന്ന് ഉണ്ടായിക്കൂടാ.  മദ്‌ഹബിന്റെ ഇമാമീങ്ങളിൽ പ്രബലരാണ് ഇമാം ശാഫിയും ഇമാം അബൂ ഹനീഫയും   رضي الله عنهما  ഇതില്‍ ഇമാം അബൂ ഹനീഫ رحمه اللهനെ ക്കുറിച്ച് ചരിത്രമെഴുതിയവരിൽ പ്രധാനിയാണ് ഇമാം ഇബ്നു ഹജറുല്‍ ഹൈതമി رحمه الله തന്റെ ആ വിഷയത്തിലെ പ്രസിദ്ധ കിതാബാണ് [الخيرات الحسان في مناقب أبي حنيفة النعمان   എന്ന കിതാബ്. ഷാഫി‌ഈ മദ്‌ഹബുകാരനായ ഇമാം നവവി  رحمه الله നെ പുകഴ്ത്തുകയും അവരുടെ കിതാബുകളെ അംഗീകരിക്കുകയും ചെയ്യാത്ത മറ്റ് മദ്‌ഹബുകളില്ല. ഇതായിരുന്നു നമ്മുടെ മുന്‍‌ഗാമികളുടെ സംസ്കാരം. പക്ഷെ നാമിന്ന് രാഷ്ട്രീയ സംഘടനകളെപ്പോലും കവച്ചുവെക്കുന്ന രീതിയിൽ തരംതാണ് എതിരാളികളെ ഒതുക്കാന്‍ വേണ്ടി ഏത് നീചവേലയും ചെയ്യാന്‍ തയ്യാറാകുന്നതിന്റെ ഉദാഹരണങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന എഡിറ്റിംഗ് ഫോട്ടോകളും ക്ലിപ്പുകളും വാര്‍ത്തകളും.  

ഇമാം അഹ്‌മദുല്‍ ഹദ്ദാദ് رحمه الله  പറയുന്നത് നോക്കൂ:

وَاعْلَمْ أَنَّ كَثِيرَ مَّا يُخْتَمُ بِالسُّوءِ لِلَّذِينَ يَتَهَاوَنُونَ بِالصَّلَاةِ الْمَفْرُوضَةِ وَالزَّكَاةِ الْوَاجِبَةِ ، وَالَّذِينَ يَتَتَبَّعُونَ عَوْرَاتِ الْمُسْلِمِينَ ، وَالَّذِينَ يُنْقِصُونَ الْمِكْيَالَ وَالْمِيزَانَ ، وَالَّذِينَ يَخْدَعُونَ الْمُسْلِمِينَ وَيَغُضُّونَهُمْ وَيُلَبِّسُونَ عَلَيْهِمْ فِي أُمُورِ دِينِهِمْ. (مفتاح الجنة للإمام السيد أحمد مشهور طه الحداد رحمه الله صفحة: 91) .

“നീ മനസ്സിലാക്കുക, കൂടുതലും സൂ‌ഉൽ ഖാതിമത്തിൽ പെട്ടുപോകുന്നവൽ (കാഫിറായി ചത്തു പോകുന്നവര്‍) നിര്‍ബന്ധ നിസ്കാരങ്ങളെയും സകാത്തിനേയും നിസ്സാരമായി കാണുന്നവരാണ്. മുസ്‌ലിമീങ്ങളുടെ രഹസ്യങ്ങളും പോരായ്മകളും ചികഞ്ഞന്വേഷിക്കാന്‍ നടക്കുന്നവരുമാണ്. അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവരും”. (ഇമാം അഹ്‌മദുല്‍ ഹദ്ദാദ് [ رحمه الله ന്റെ മിഫ്താഹുല്‍ ജന്ന, പേജ് 91)

മുസ്‌ലിമീങ്ങളുടെ ന്യൂനതകൾ പ്രചരിപ്പിക്കൽ ഇന്ന് ഒരു രോഗമായി മാറിയിരിക്കുകയാണ്. അത് അവസാനം ഈമാന്‍ കിട്ടാതെ മരിക്കാന്‍ കാരണമാകുമെങ്കിൽ കാര്യത്തിന്റെ ഗൌരവം നാം ആലോചിക്കുക. അല്ലാഹു നമ്മേയും മാതാപിതാക്കളേയും ഭാര്യമക്കളേയും ഹുസ്‌നുൽ ഖാതിമത്തു കൊണ്ട് അനുഗ്രഹിക്കട്ടെ. പണ്ഡിതന്മാരേയും സാദാത്തുക്കളേയും സാധാരണക്കാരെയും ആദരിക്കുന്നവരിൽ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ.(ആമീന്‍)

By Muslim Ummath Posted in Islamic
Muharamfast

താസൂആഅ്, ആശുറാഅ് (മുഹറം 9,10)


വ്രതാനുഷ്ടാനമാണ്   ആശുറാഅ്  ദിനത്തില്‍ പ്രത്യേകം കല്‍പ്പിക്കപ്പെട്ട പ്രഥമ  കാര്യം അംര്‍  ഇബ്നുല്‍ ആസ്വി (റ) യില്‍ നിന്ന് അബു മൂസാ  അല്  മദീനി  (റ) ഉദ്ദരിച്ചു  ഹദീസില്‍ നബി (സ)  പറയുന്നു. “ആശുറാഇന്റെ നോമ്പ് ഒരു വര്‍ഷത്തെ നോമ്പിനു തുല്യമാണ് ” (ഇര്‍ഷാദ്:76, അജ് വിബ: 50,51). ആശുറാഅ് ദിനത്തിലെ സ്വദഖ:, ഒരു വര്‍ഷത്തെ സ്വദഖ:കള്‍ക്ക്  തുല്യമാണെന്നും   മേല്‍ പറഞ്ഞ ഹദീസിന്റെ അവസാന ഭാഗത്തുണ്ട് .

മുഹറം ഒമ്പത്, പത്ത് ദിവസങ്ങളെ യഥാക്രമം  താസൂആഅ്ആശുറാഅ് എന്നിങ്ങനെ വിളിക്കുന്നു, മുഹറം ഒമ്പത്, പത്ത്  ദിവസങ്ങളിലെ നോമ്പ് പ്രബലമായ സുന്നത്താണ്. ആശുറാഅ് നബി (സ) തങ്ങള്‍ അനുഷ്ടിക്കുകയും താസൂആഅ്അനുഷ്ടിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആശുറാഅ് ദിവസം (മുഹറം 10)

ആശുറാഅ് നോമ്പിനു വിവിധ പദവികളുണ്ടെന്നു  പണ്ഡിത ലോകം വിവരിക്കുന്നു  മുഹറം 9, 10, 11 എന്നീ  മൂന്നു ദിവസങ്ങളില്‍ നോമ്പ്  നോല്‍ക്കലാണ് ഒന്നാം പദവി, ഒമ്പതും പത്തും  മാത്രം നോമ്പ്  എടുക്കല്‍ രണ്ടാമതും, പത്തുമാത്രം നോല്‍ക്കല്‍  മൂന്നാമതും  നില്‍ക്കുന്നു (ഫിഖഹുസ്സുന്ന:1/518)

താസൂആഅ് ദിവസം (മുഹറം 9)

ഒമ്പതിന്  നോമ്പനുഷ്ടിക്കാത്തവര്‍ക്കും അനുഷ്ടിച്ചവര്‍ക്കും പത്തിനോടൊപ്പം പതിനൊന്നിന്  നോമ്പ് എടുക്കല്‍ സുന്നത്തുണ്ട്‌ (തുഹ്ഫ: & ശര്‍വാനി : 3/456, നിഹായ:3/201, ഫതഹുല്‍ മുഈന്‍::; 203, ശര്‍ഹു ബാഫളെല്; 2/199). പത്തിനോടൊപ്പം ഒമ്പതോ പതിനൊന്നോ, ഏതെങ്കിലും ഒന്നുമാത്രം അനുഷ്ടിക്കുന്നവര്‍ക്ക്  ഒമ്പതാണുത്തമം, കാരണം ജുതരോട്  എതിരാകാന്‍ വേണ്ടിയുള്ള ആശുറാഇന്റെ അനുബന്ധമെന്നതിനു പുറമെ, മുഹറം മാസത്തിലെ ആദ്യത്തെ  പത്തു ദിവസങ്ങള്‍ക്കുള്ള പ്രത്യേക ശ്രേഷ്ടതയിലും ഒമ്പത്  ഉള്‍പെടുന്നുണ്ട് .

ആശുറാഅ് ദിവസം (മുഹറം 10) കുടുംബബന്ധങ്ങള്‍ ചേര്‍ക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ആശുറാഅ് ദിവസം ആശ്രിതര്‍ക്ക് വിശാലത ചെയ്താല്‍ അവന് വര്‍ഷം മുഴുവന്‍ അല്ലാഹു ഐശ്വര്യം നല്‍കുമെന്ന് നബിതങ്ങള്‍ പറഞ്ഞിട്ടുണ്ട്. (ത്വബറാനി, ബൈഹഖി). ഇത് നിരവധി വര്‍ഷങ്ങള്‍ പരീക്ഷിച്ച് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുണെ്ടന്ന് സുഫ്‌യാനുബ്‌നു ഉയൈന (റ) വിനെ പോലുള്ള മഹാന്‍മാര്‍ പറയുന്നുണ്ട്.

وصلي الله وسلم على عبده ورسوله نبينا محمد وعلى آليه وأصحابة وأتباعه

new-hijra1435

വരവായി ഒരു പുതു വര്ഷം കൂടി…!


വരവായി  ഒരു പുതു വര്ഷം കൂടി

ഒരു പുതു വര്ഷം കൂടി നമ്മളിലേക്ക് കടന്നു വരികയാണ്, ഓരോ ഹിജ്‌റ വര്‍ഷ പിറവിയും വിശ്വാസികളുടെ മനസ്സില്‍ കുളിരും അര്‍പ്പണ ബോധവുമുണ്ടാക്കുന്നു. മുസ്ലിംകളുടെ ആരാധന, ആചാര അനുഷ്ടാനങ്ങള്‍, ആഘോഷങ്ങള്‍ എല്ലാം ഹിജ്‌റ വര്‍ഷവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. അതിനാല്‍ മറ്റ്‌ എല്ലാ വര്‍ഷങ്ങളിലെക്കാളും പ്രാധാന്യം ഹിജ്‌റ വര്‍ഷ പിറവിക്ക്‌ തന്നെ. അറഫയില്‍ വെച്ചു നടന്ന നബി (സ) തങ്ങളുടെ വിശ്വപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ അവിടുന്ന് പറഞ്ഞു: ആകാശ ഭൂമികളുടെ സൃഷ്ടിപ്പ്ദിനം മുതല്‍ കാലം പന്ത്രണ്ട് മാസങ്ങളായി ചാക്രികമായി ചലിച്ചുകൊണ്ടേയിരിക്കുന്നു. അതില്‍ നാലു മാസങ്ങള്‍ വിശുദ്ധമാണ്. ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹറം എന്നീ തുടര്‍ന്നുവരുന്ന മാസങ്ങളും റബജുമാണവ. വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുത്തൗബയിലെ മുപ്പത്തിആറാം സൂക്തത്തിലും ഇതേ കാര്യം പ്രതിപാദിക്കുന്നുണ്ട്.

എന്ത് കൊണ്ട്  ‘ഹിജറ’യെ തെരഞ്ഞെടുത്തു?

ഇസ്‌ലാമിലെ ആരാധനകളും കാലഗണനകളുമെല്ലാം ചന്ദ്രമാസത്തെ ആസ്പദമാക്കിയുള്ള ഹിജ്‌റകലണ്ടര്‍ അനുസരിച്ചാണ് നടക്കുന്നത്.     ഖലീഫ ഉമ(റ) ഭരണം നടത്തുന്ന കാലത്ത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അവധി സംബന്ധമായ തര്‍ക്കം ഖലീഫയുടെ മുന്നിലെത്തി. അപ്പോഴാണ് ഒരു നിര്‍ണിതമായ കാലഗണനയുടെ ആവശ്യകതയെക്കുറിച്ച് ഖലീഫ ചിന്തിച്ചത്. അതിനു മുമ്പ് നബി തങ്ങളുടെ ജനനവര്‍ഷം നടന്ന ആനക്കലഹ സംഭവത്തെ ആസ്പദമാക്കിയും അറേബ്യന്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ നടന്ന രക്തരൂക്ഷിതമായ ഫിജാര്‍ യുദ്ധത്തെ ആസ്പദമാക്കിയും അനൗദ്യോഗിക കാലഗണനകള്‍ അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നു. യമനിലെ രാജാവായിരുന്ന അബ്‌റഹത്ത് നിരവധി ആനകളോടു കൂടി മക്കയിലെ കഅബ പൊളിക്കാന്‍ വരികയും അല്ലാഹു അവരെ അബാബീല്‍ പക്ഷികളെ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്ത സംഭവമാണ് ആനക്കലഹം. ഇത് കഴിഞ്ഞ് അമ്പത് ദിവസങ്ങള്‍ക്കു ശേഷമാണ് നബി തങ്ങള്‍ ജനിക്കുന്നത്. ഇതുമുതല്‍ എണ്ണുന്ന വര്‍ഷത്തെ ഗജവത്സരം (ആമുല്‍ ഫീല്‍) എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ അവയൊന്നും വ്യാപകമായ ജനാംഗീകാരം നേടിയിരുന്നില്ല.

മേല്‍ കാര്യം ചര്‍ച്ച ചെയ്യാന്‍ ഖലീഫ വിളിച്ചുചേര്‍ത്ത സ്വഹാബീ പ്രമുഖരുടെ കൂടിയാലോചനാ യോഗത്തിലാണ് ഹിജ്‌റ വര്‍ഷത്തിന് തുടക്കമായത്. നബിജീവിതത്തിലെ ജനനം, പ്രവാചകലബ്ധി, ഹിജ്‌റ, വഫാത്ത് തുടങ്ങി നിരവധി കാര്യങ്ങള്‍ അവലംബിക്കുവാന്‍ ചര്‍ച്ചകള്‍ വന്നെങ്കിലും നബിജീവിതത്തിലെ ഏറ്റവും സുപ്രധാന സംഭവവും ഇസ്‌ലാമിക പ്രബോധന പ്രചാരണരംഗത്ത് ഒരു വഴിത്തിരിവുമായ ഹിജ്‌റ തന്നെയാണ് അനുസ്മരിക്കാന്‍ ഏറ്റവും അഭികാമ്യമെന്ന നിലയിലാണ് അവര്‍ ഏകോപിതരായി ഹിജ്‌റയെ തിരഞ്ഞെടുത്തത്.

നബി(സ)യും സ്വഹാബത്തും മക്കയില്‍ നിന്ന്‌ മദീനയിലേക്ക്‌ നടത്തിയ പാലായനത്തെ അനുസ്മരിപ്പിക്കുകയാണ് ഓരോ ഹിജ്‌റ വര്‍ഷവും. ഇസ്ലാമിക ചരിത്രത്തില്‍ വിശിഷ്യാ പ്രവാചകര്‍ (സ)യുടെ ജീവിത യാത്രയില്‍ ഒരു നാഴിക ക്കല്ലാണ്‌ ഹിജ്‌റ. ഇസ്ലാമിക പ്രബോധന പ്രവര്‍ത്തന രംഗത്തുണ്ടായ ഒരു വഴിത്തിരിവു കൂടിയാണ്‌ ഹിജ്‌റ. ജനിച്ച്‌ വളര്‍ന്ന മക്കയോട്‌ യാത്ര പറഞ്ഞ്‌ നബി(സ)യും സ്വഹാബത്തും 400 കിലോമീറ്റര്‍ അകലെയുള്ള യസ്‌രിബ്‌ (ഇന്നത്തെ മദീന) തിരഞ്ഞെടുത്തു. ഹിജ്‌റ ഒരു ഒളിച്ചോട്ട മല്ലായിരുന്നു. പ്രത്യുത അല്ലാഹുവിന്റെ കല്‍പനയായിരുന്നു. അങ്ങിനെ ഒരു പ്രവാസ ജീവിതത്തിന്റെ തുടക്കം കുറിക്കലായിരുന്നു ഹിജ്‌റ. സ്വന്തം നാടും വീടും ഉപേക്ഷിച്ച്‌ അന്യ നാട്ടിനെ സ്വീകരിക്കു മ്പോഴുണ്ടാവുന്ന മനോവേദനയും പ്രയാസവും ആര്‍ക്കും അസഹ്യമായിരിക്കും. അല്ലാഹുവിനോടുള്ള അനുസരണക്കും ഇസ്ലാമിക പുരോഗതിക്കും, വളര്‍ച്ചക്കും മുമ്പില്‍ എല്ലാം ക്ഷമിക്കുകയും സഹിക്കുക യുമായിരുന്നു നബിയും സ്വഹാബത്തും.

ഹിജ്‌റ വര്‍ഷത്തിലെ പ്രഥമ മാസമാണ് മുഹറം. പുതുവര്‍ഷാരംഭം അമിതമായ ആഹ്‌ളാദപ്രകടനത്തിനല്ല നാം ഉപയോഗിക്കേണ്ടത്. മറിച്ച് മുന്‍വര്‍ഷങ്ങളിലെ ജയപരാജയങ്ങള്‍ വിലയിരുത്തുകയും അതിനെ ചവിട്ടുപടിയായി കണ്ട് വരുംവര്‍ഷത്തില്‍ വിജയത്തിലേക്ക് മുന്നേറുകയുമാണ് നാം ചെയ്യേണ്ടത്.

മുഹറം  മാസത്തിലെ പ്രാധാന്യം 

നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയാണ് മുഹറം മാസത്തിലെ പത്താം ദിവസം. ആദം (അ) സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗപ്രവേശിതനായതും ഈ ദിനത്തിലാണ്. ദൈവിക സിംഹാസനമായ അര്‍ശും ആകാശഭൂമികളും സൂര്യചന്ദ്രാദികളും സൃഷ്ടിക്കപ്പെട്ടതും ഈ ദിനത്തില്‍ തന്നെയാണ്. ഇബ്‌റാഹിം നബിയുടെയും ഈസാ നബിയുടെയും ജന്മദിനം മുഹറം 10 നു തന്നെ. നൂഹ് നബിയുടെ കപ്പല്‍ ഇടിച്ച് പര്‍വ്വതത്തില്‍ നങ്കൂരമിട്ടതും ദൈവമാണെന്ന് വാദിച്ച് ഈജിപ്തിലെ ഫറോവ ചക്രവര്‍ത്തി ചെങ്കടലില്‍ മുങ്ങിമരിച്ചതും മൂസാ നബിയും അനുനായികളും ഫറോവ യുടെ ആക്രമണത്തില്‍ നിന്ന് ചെങ്കടല്‍ മുറിച്ചുകടന്ന് രക്ഷപ്പെട്ടതും ഈസാ നബിയും ഇദ്‌രരീസ് നബിയും ആകാശാരോഹണം നടത്തിയതും സുലൈമാന്‍ നബിക്ക് രാജാധികാരം ലഭിച്ചതും യഅ്ഖൂബ് നബിക്കും അയ്യൂബ് നബിക്കും പൂര്‍ണാരോഗ്യം തിരിച്ചുകിട്ടിയതും യൂസുഫ് നബി കിണറില്‍ നിന്ന് രക്ഷപ്പെട്ടതും ഭമിയില്‍ ആദ്യത്തെ മഴ ലഭിച്ചതും അന്നുതന്നെയാണ്.

മുഹറം മാസത്തിലെ പ്രധാന സംഭവങ്ങള്‍

ഇങ്ങിനെ അല്ലാഹുവിന്റെ ഇഷ്ടദാസന്‍മാര്‍ക്ക് നിരവധി ജയങ്ങളും ധിക്കാരികള്‍ക്ക് കടുത്ത ശിക്ഷയും ലഭിച്ച, അല്ലാഹുവിന്റെ പ്രധാന സൃഷ്ടിപ്പുകളൊക്കെ നടന്ന ഒരു വിശുദ്ധ ദിനമാണ് മുഹറം പത്ത്. അതുകൊണ്ടുതന്നെ മുസ്‌ലിം ലോകം ഈ ദിനത്തെ ആദരപൂര്‍വം വരവേല്‍ക്കുകയും നിരവധി അനുഷ്ഠാനകര്‍മ്മങ്ങളാല്‍ ധന്യമാക്കുകയും ചെയ്യുന്നു.

താസൂആഅ്ആശുറാഅ്

നബിതങ്ങള്‍ മക്കയില്‍നിന്ന് മദീനയിലേക്ക് വന്നപ്പോള്‍ അവിടുത്തെ ജൂതന്മാര്‍ മുഹറം പത്തിന് നോമ്പനുഷ്ഠിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. അതിന്നവര്‍ കാരണം പറഞ്ഞത് മൂസാനബിയും ഇസ്രായീല്യരും ഫറോവയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുകയും ഫറോവയും അനുയായികളും നശിക്കുകയും ചെയ്ത ദിനമാണെന്നാണ്. അപ്പോള്‍ നബി തങ്ങള്‍ പറഞ്ഞു: മൂസാനബിയുടെ വിജയത്തില്‍ സന്തോഷിക്കാന്‍ ഏറ്റവും അര്‍ഹര്‍ നമ്മളാണല്ലോ?

അന്ന് നബിതങ്ങള്‍ നോമ്പനുഷ്ഠിക്കുകയും അതിനു കല്‍പിക്കുകയും ചെയ്തു. പിന്നീടൊരിക്കല്‍ നബിതങ്ങള്‍ പറഞ്ഞു: അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹറം ഒമ്പതിനുകൂടി നോമ്പനുഷ്ഠിക്കും. പക്ഷെ അന്നേക്ക് നബിതങ്ങള്‍ ജീവിച്ചിരുന്നില്ല. ഈ ഒമ്പത്, പത്ത് ദിവസങ്ങളെ യഥാക്രമം താസൂആഅ്, ആശുറാഅ് എന്നിങ്ങനെ വിളിക്കുന്നു. ഈ രണ്ടു ദിനങ്ങളിലെയും നോമ്പ് വളരെ പ്രബലമായസുന്നത്താണ്. മുഹറം ഒന്നുമുതല്‍ പത്തുവരെയും നോമ്പ് സുന്നത്തുണ്ട്.

ആശുറാഅ് ദിവസം (മുഹറം 10) കുടുംബബന്ധങ്ങള്‍ ചേര്‍ക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ആശുറാഅ് ദിവസം ആശ്രിതര്‍ക്ക് വിശാലത ചെയ്താല്‍ അവന് വര്‍ഷം മുഴുവന്‍ അല്ലാഹു ഐശ്വര്യം നല്‍കുമെന്ന് നബിതങ്ങള്‍ പറഞ്ഞിട്ടുണ്ട്. (ത്വബറാനി, ബൈഹഖി). ഇത് നിരവധി വര്‍ഷങ്ങള്‍ പരീക്ഷിച്ച് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുണെ്ടന്ന് സുഫ്‌യാനുബ്‌നു ഉയൈന (റ) വിനെ പോലുള്ള മഹാന്‍മാര്‍ പറയുന്നുണ്ട്

ഹിജ്‌റ നമുക്ക്‌ ധാരാളം പാഠങ്ങള്‍ നല്‍കുന്നു. സമൂഹത്തിന്റെ സുരക്ഷിതത്വവും സമാധാന സംരക്ഷണവുമാണ്‌ ഏറ്റവും പ്രധാനം. ഇസ്ലാമിന്റെ നിലനില്‍പ്പും വിശ്വാസികളുടെ ജീവിത സുരക്ഷിത ത്വവുമാണ്‌ മറ്റൊന്ന്. മത പ്രബോധനവും ആദര്‍ശ പ്രചാരവും ഏത്‌ പ്രതിസന്ധി ഘട്ടത്തിലും കയ്യൊഴി യരുതെന്നും, അതും സമാധാന പൂര്‍ണ്ണമായിരിക്കണമെന്നതും ഹിജ്‌റ നല്‍കുന്ന പാഠമാണ്‌. ഭീകരതയും, തീവ്രവാദവും വളര്‍ത്തി നാട്ടില്‍ പ്രക്ഷുബ്ദത സൃഷ്ടിക്കുന്നതിനെതിരെ താക്കിതാണ്‌ ഹിജ്‌റ നല്‍കുന്ന സന്ദേശം. ദൃഢ വിശ്വാസം, ക്ഷമ, സഹനം, സാഹോദര്യം തുടങ്ങി ധാരാളം പാഠങ്ങളാണ്‌ ഹിജ്‌റ എന്ന മഹത്തായ പാലായനം നമുക്ക്‌ നല്‍കുന്നത്‌.

ഹിജ്‌റ നല്‍കുന്ന പാഠം ഉള്‍കൊണ്ട്‌ ജീവിതം ചിട്ടപ്പെടുത്താനും സാഹോദര്യവും സമാധാനവും ഊട്ടി ഉറപ്പിക്കാനും  സര്‍വ്വ ശക്തന്‍ തുണക്കട്ടെ(ആമീന്‍ ).

By Muslim Ummath Posted in Islamic

ശഹ്റു റമളാനിനു ശേഷം ആത്മീയ നിര്‍വൃതിയില്‍ പരിശുദ്ധ ഹജ്ജ്‌ മാസം


Hajj Head

പരിശുദ്ധ റമളാന്‍ മാസത്തിനു ശേഷം  ആത്മീയ നിര്‍വൃതിയില്‍ പരിശുദ്ധ ഹജ്ജ്‌  മാസം വരവായി. പരീക്ഷണത്തിന്‍റെയും  ബലി അര്‍പ്പണത്തിന്‍റെയും സ്മരണകള്‍ പുതുക്കി ലോക മുസ്ലിം വിശ്വാസികള്‍ ഹജ്ജ്‌  മാസത്തെ സ്വീകരിക്കാന്‍ ഒരുങ്ങി കഴിഞ്ഞു. പരിശുദ്ധ റംസാന്‍ കഴിഞ്ഞാല്‍ പിന്നെ ഹജ്ജിന്റെ ക്രമീകരണങ്ങള്‍ തുടങ്ങുകയായി. ഇസ്‌ലാമിന്റെ പഞ്ചസ്തംബങ്ങളില് ഒന്നാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മം. അതിനായി  ലോകത്തിന്‍റെ നാനാ ദിക്കില്‍ നിന്ന് വിശ്വാസികള്‍ ആ പുണ്യകര്‍മ്മം നിര്‍വ്വഹിക്കുന്നതിനായി വിശുദ്ധ മക്കയിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു. വര്‍ഷംതോറും ലോകടിസ്ഥനത്തില്‍ നടക്കുന്ന ഏറ്റം വലിയ സംഗമം. മുസ്ലിമാണെങ്കില്‍, ലോകത്തിന്റെ ഏത് ഭാഗത്തുള്ളവനയാലും ജീവിതത്തില്‍ ഒരു തവണ പരിശുദ്ധ കഅബയെ സമീപിക്കല്‍ നിര്‍ബന്ധമാണ്. ഭൂമിയില്‍ അല്ലാഹു ആദ്യമായി നിര്‍മിച്ച ഭവനം, അതാണ് വിശുദ്ധ കഅബ. ഭൂമിയുടെ കേന്ദ്രബിന്ധുവിലാണ് വിശുദ്ധ കഅബ നിലകൊള്ളുന്നത്. മനുഷ്യനെ പടക്കുന്നതിനു മുമ്പാണ് അതിന്റെ നിര്‍മാണം നടന്നത്. മലക്കുകളാണ് അതിനു അസ്ഥിവരമിട്ടത്. പ്രവാചകന്‍ ഇബ്രാഹീമും നബി(അ), മുഹമ്മദ് മുസ്തഫ (സ്വ)മയും അതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആ കഅബയിലേക്ക് തിരിഞ്ഞാണ് മുസ്ലിംകള്‍ അഞ്ചുനേരം നിസ്‌കരിക്കുന്നത്. ഐക്യത്തിന്റെ വലിയ പാഠം പരിശുദ്ധ ഹജ്ജില്‍ നിന്നും നമുക്ക് വായിചെടുക്കന്‍ കഴിയും.

Hajj-2

ഹജ്ജിന്‍റെ സന്ദേശം.

മാനവീകതയാണ് ഹജ്ജ് നല്‍കുന്ന സന്ദേശം. സമൂഹത്തില്‍ അവന്‍ ഏതു സ്ഥാനത്താണെങ്കിലും ഹജ്ജിനെത്തുന്നവന്റെ സ്ഥാനം ഒന്നാണ്. ഒരേ വേഷം, ഒരേ ഉച്ഛാരണം, ഒരേ ലക്ഷ്യം. കറുത്തവന്‍ വെളുത്തവന്‍ മുതലാളി തൊഴിലാളി പണ്ഡിതന്‍ പാമരന്‍ യാതോരുവിധത്തിലുള്ള വിവേചനവും അവിടെയില്ല. لبيك اللهم لبيك لآشريك لك لبيك إن الحمد والنعمة لك والملك لآشريك لك لبيك……അല്ലാഹുവേ, നിന്റെ വിളിക്ക് ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു…എന്ന തല്‍ബിയത്തു മന്ത്രം ഉരവിട്ടുകൊണ്ട് സൃഷ്ട്ടാവായ റബ്ബിന്റെ മുമ്പില്‍ എല്ലാം സമര്‍പ്പിച്ചു വിശ്വാസികളുടെ ആ സംഗമം ലോകം മുഴക്കെ ആത്മീയ അലകടലായി തക്ബീര്‍ ധ്വനികളാല്‍ അലയടിക്കുകയാണ്.

പ്രവാചകന്‍ ഇബ്രാഹീം നബിയുടെയും ഭാര്യ ഹാജറ ബീവിയുടെയും മകന്‍ ഇസ്മാഇല് നബിയുടെയും സ്മരണകളാണ് ഹജ്ജിലുടനീളം നമുക്ക് ദര്‍ശിക്കാനാകുക. അറേബിയയിലെ ബാബിലോണിലായിരുന്നു ഇബ്രാഹിം പ്രവാചകന്‍റെ ജനനം, ഇന്നത് ഇറാഖിലാണ്. മക്കളില്ലാതെ വിഷമിച്ച അദ്ദേഹത്തിന് വയസ്സുകാലത്ത് അല്ലാഹു വരദാനമെന്നോണം ഒരു മകനെ നല്‍കി. രണ്ടാം ഭാര്യ ഹാജിറയില്‍ ജനിച്ച മകന്‍ ഇസ്മായില്‍. ജീവനേക്കാളുപരി ഇബ്രാഹീം മകനെ സ്നേഹിച്ചു. മക്കാ മരുഭൂമിയില്‍ ഹാജിറയും കുഞ്ഞു ഇസ്മായിലും ഒരിക്കല്‍ ഒറ്റപ്പെട്ടുപോയി. കുഞ്ഞ് ദാഹിച്ചു കരഞ്ഞപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ഹാജിറ അല്ലാഹുവിനെ ധ്യാനിച്ച് സഫ മാര്‍വ എന്നീ കുന്നുകളിലൂടെ ഓടിക്കയറി അത്ഭുതം കുഞ്ഞിനെ കിടത്തിയ സ്ഥലത്ത് ഒരു ഉറവ പൊട്ടിയൊഴുകുന്നു. അതാണ് ‘സംസം എന്ന ദിവ്യതീര്‍ത്ഥം, ഇത് ഇന്നും മക്കയിലെത്തുന്ന തീര്‍ഥാടകരുടെ ദാഹം ശമിപ്പിക്കുന്നു. സഹനത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രതീകമായി സംസം കിണറിനേയും ഹാജിറയേയും ഹജ്ജ് കര്‍മ്മത്തിന് എത്തുന്നവര്‍ ഓര്‍ക്കുന്നു. മക്കയില്‍ ഹജ്ജ് തീര്‍ഥാടനത്തിനെത്തുന്നവര്‍ സഫയില്‍നിന്ന് മാര്‍വയിലേയ്ക്കും തിരിച്ചും ഏഴുതവണ നടക്കുന്നു. ഹാജിറയുടെ സഫ-മാര്‍വ ഓട്ടം അനുസ്മരിച്ചാണ് ഈ ചടങ്ങ്.

Hajj-1

ഇസ്മയില്‍ ബാല്യം വിട്ടപ്പോള്‍ ദൈവം സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് പുത്രനെ ബലിയര്‍പ്പിക്കാന്‍ ഇബ്രാഹീം നബി (അ)മിനോട് ആവശ്യപ്പെട്ടു. അദ്ദേഹം നടുങ്ങിപ്പോയി, ഒരിക്കലും ചെയ്യാനാവത്ത കര്‍മ്മം, പക്ഷേ ദൈവവചനം തെറ്റിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇബ്രാഹിമിനെയും ഹാജിറയെയും സമാശ്വസിപ്പിച്ച്, അവര്‍ക്ക് ധൈര്യം പകര്‍ന്ന് ഇസ്മായില്‍ പിതാവിനൊപ്പം ബലിയര്‍പ്പണത്തിനു തയ്യാറായി. മരുഭൂമിയില്‍ തീര്‍ത്ത ബലിക്കല്ലില്‍ കൈകാലുകള്‍ ബന്ധിച്ച് ഇസ്മായിലിനെ കിടത്തിയശേഷം വെട്ടാന്‍ വാളുയര്‍ത്തിയപ്പോള്‍ അല്ലാഹുവിന്‍റെ ദൂതന്‍ ഇബ്രാഹിമിനെ തടയുകയും ഇസ്മയിലിനെ മോചിപ്പിച്ച് പകരം ബലിമൃഗത്തെ ബലിയര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.  ഇബ്രാഹിം നബി(അ)ന്‍റെ ദൃഢമായ വിശ്വാസത്തില്‍ അല്ലാഹു സമ്പ്രീതനായി. അല്ലാഹുവിന്റെ ഉറ്റമിത്രമെന്ന പദവി അരക്കിട്ടുറപ്പിച്ചു. ഇതൊരു മാതൃകാ പ്രവര്‍ത്തനമാണ്. ഇതിന്റെ അലയടി അന്ത്യനാള്‍ വരെ ഭൂമുഖത്തുണ്ടാകണമെന്നത് അല്ലാഹുവിന്റെ തീരുമാനമാണ്. അങ്ങനെയാണ് മറ്റൊരു പ്രവാചകന്റെ അനുസ്മരണം മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തില്‍ വരുന്നത്. ഇബ്രാഹിം നബി(അ) മാതൃകാ പുരുഷനാണ്. അവര്‍ കാണിച്ച മാതൃകാ പ്രവര്‍ത്തനം എക്കാലത്തും അനുസ്മരിക്കപ്പെടണം. അത് പ്രപഞ്ചനാഥന്റെ തീരുമാനമത്രെ. നാം അത് നടപ്പാക്കുന്നു.

Hajj-3

ഹജ്ജിന്‍റെ പ്രതിഫലം 

സ്വീകാര്യയോഗ്യമായ ഹജ്ജിനു സ്വര്‍ഗ്ഗമാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. ഒരു ഉംറ മുതല്‍ അടുത്ത ഉംറവരെ അവയ്‌ക്കിടയിലുള്ളതിന്റെ പ്രായശ്ചിത്തമാണ്‌, പുണ്യകരമായ ഹജ്ജിന്‌ സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല.” (ബുഖാരി, മുസ്‌ലിം) ഉമ്മ പെറ്റ കുഞ്ഞിന്റെ പരിശുദ്ധതയാണ് ഹജ്ജ് ചെയ്തവരുടെ പ്രതിഫലം. പ്രവാചകന്‍ നബി കരീം (സ്വ) യുടെ ഹജ്ജത്തുല്‍ വധാഉ പ്രസിദ്ധമാണ്. ഇസ്ലാമിന്റെ സമ്പൂര്‍ണതയുടെ പ്രക്യാപനമായിരുന്നു അതിലെ പ്രത്യേകത.(അന്ന് തങ്ങള്‍ മുടി കളഞ്ഞു,  വിതരണം നടത്തിയ ആ മുടി ഇന്നും ലോകത്തിന്റെ പല ഭാഗത്തും ആദരവോടെ സൂക്ഷിച്ചു പോരുന്നു) ആയിശ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: അറഫാ ദിനത്തേക്കാൾ ഏറ്റവും കൂടുതൽ ആളുകളെ നരകാഗ്‌നിയിൽ നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല(മുസ്‌ലിം). ഹജ്ജ് കഴിഞ്ഞാല്‍ അന്ത്യപ്രവാചകരുടെ റൌളാശരീഫ് സന്ദര്‍ശനം നടത്തല്‍ പ്രത്യേകം സുന്നത്താണെന്നതിന് പ്രവാചക വചനങ്ങള്‍ തെളിവായിക്കാണാം. മഹാനായ റസൂല്‍ (സ) പറഞ്ഞു: ഹജ്ജ് ചെയ്തിട്ട് എന്റെ ഖബര്‍ സന്ദര്‍ശിക്കാത്തവന്‍ എന്നോട് പിണങ്ങിയിരിക്കുന്നു.

അറഫാ നോമ്പ്

അറഫാ ദിനത്തിലെ നോമ്പ്: ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാത്തവര്‍ക്കാണ്. അറഫാ ദിനത്തില്‍ ദുല്‍ഹിജ്ജ ഒമ്പതിന് നോമ്പനുഷ്ഠിക്കല്‍ ശക്തമായ സുന്നത്താണ്. കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കുന്നതാണ് ഈ സുന്നത്ത് നോമ്പ്. നബി (സ) പറഞ്ഞു: അറഫ ദിനത്തിലെ നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കും. (മുസ്‌ലിം 2/819)

ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെ എട്ടു ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കലും സുന്നത്തുള്ളതാണ്. റമളാനിലെ അവസാന പത്തുദിനത്തേക്കാളേറെ പവിത്രത ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെ പത്തുദിനങ്ങള്‍ക്കുണെ്ടന്ന് സ്വഹീഹായ ഹദീസുകകളില്‍ വന്നിട്ടുള്ളതാണ്. സഹോദരിമാര്‍ നിങ്ങളുടെ വിട്ടുപോയ ഫര്‍ള് നോമ്പുകള്‍ ഈ ഒമ്പത് ദിനങ്ങളില്‍ എടുത്തു വീട്ടുവാന്‍ പരമാവധി ശ്രമിക്കുക. ദുല്‍ഹിജ്ജ പത്തിന് (പെരുന്നാള്‍ ദിനത്തില്‍ ) നോമ്പ് എടുക്കല്‍ ഹറാമാണ്

Arafa Fast-f

ബലി കര്‍മ്മം.

അതി ശ്രേഷ്ടമായ പുണ്യ കര്‍മ്മമാണ് ബലി കര്‍മ്മം. അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും ത്യജിക്കാന്‍ ഒരുക്കമാണെന്ന ഇസ്മാഈല്‍ നബിയുടെ സന്ദേശം പ്രാവര്‍ത്തികമാക്കുകയാണ് ബിലകര്‍മ്മത്തിലൂടെ ലോകമുസ്ലിംകള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. പ്രവാചകര്‍ (സ) അരുളുന്നു.”പെരുന്നാള്‍ ദിവസം ആദം സന്തതി രക്തം പൊഴിക്കല്‍( ഉളുഹിയത്ത് അറുക്കല്‍) നേക്കാള്‍ അല്ലാഹുവിലേക്ക് ഇഷ്ടപ്പെട്ട ഒരു സല്‍കര്‍മ്മവും ചെയ്തിട്ടില്ല. നിശ്ചയമായും അന്ത്യനാളില്‍ അറവു മൃഗത്തിന്റെ കൊമ്പുകളും നഖങ്ങളും രോമങ്ങളും കൊണ്ട് വരപ്പെടും”

 “ബലിമൃഗങ്ങളെ നിങ്ങള്‍ ബഹുമാനിക്കുക. കാരണം അവ സ്വിറാത്തു പാലത്തില്‍ നിങ്ങളുടെ വാഹനങ്ങളാകുന്നു”(ഹദീസ്) “ബലിയറുക്കുന്നവന് മൃഗത്തിന്റെ രോമങ്ങളുടെ കണക്കനുസരിച്ച് നന്മകള്‍ രേഖപ്പെടുത്തപ്പെടും”(ഹദീസ്) “ബലിമൃഗത്തിന്റെ ആദ്യരക്തത്തുള്ളിക്ക് പകരമായിത്തന്നെ അറക്കുന്നവന്റെ മുന്‍കഴിഞ്ഞ മുഴുവന്‍ പാപങ്ങളും അല്ലാഹു പൊറുത്ത് തരും”(ഹദീസ്) ഒട്ടകം, കാള, പശു, എരുമ, പോത്ത് എന്നിവയില്‍ ഏഴുപേര്‍ക്ക് വരെ ഷെയറാവാം. ഒന്നിലധികം മൃഗങ്ങളുണ്ടാകുമ്പോള്‍ തന്റെ ഷെയറുള്ള മൃഗം ഏതാണെന്ന് അറവിന് മുമ്പ് ഷെയറുടമ അറിഞ്ഞിരിക്കേണ്ടതാണ്. മൃഗത്തെ വാങ്ങലും അറുക്കലും വിതരണം ചെയ്യലും ഉടമകള്‍ നേരിട്ട് ചെയ്യുന്നില്ലെങ്കില്‍ സംഘടിത ഉളുഹിയ്യത്തിന് നേതൃത്വം നല്‍കുന്നവരെ വകാലത്ത് ആക്കേണ്ടതാണ്. “സുന്നത്തായ ഉളുഹിയ്യത്തിനെ ഞാന്‍ അറുക്കുന്നു” എന്ന് ഉടമ നിയ്യത്ത് ചെയ്യുകയോ ചെയ്യാന്‍ മറ്റൊരാളെ ഏല്‍പിക്കുകയോ ചെയ്യേണ്ടതാണ്.

ഉളുഹിയ്യത്ത് ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ബലിയറുക്കുന്നത് വരെ തന്റെ നഖം, മുടി,എന്നിവ നീക്കാതിരിക്കുക. അറവുസമയം തന്റെ മൃഗത്തിന്റെയടുത്ത് ഹാജറാവുക. അറവു സമയം ബിസ്മി ചൊല്ലുന്നതിന്റെ മുമ്പും ശേഷവും മൂന്ന് തവണ തക്ബീര്‍ ചൊല്ലുക. തന്റെ വിഹിതത്തില്‍ നിന്നും ബറക്കത്തിന് വേണ്ടി അല്‍പം മാംസം എടുക്കേണ്ടതും അത് കരള്‍ഭാഗ മായിരിക്കേണ്ടതുമാണ്. ദുല്‍ഹിജ്ജ് പത്താം ദിനത്തില്‍ സൂര്യപൊന്‍കിരണങ്ങള്‍ ഭൂമിയില്‍ പതിഞ്ഞ് രണ്ട് റക്അത്ത് നിസ്കരിക്കാനും ഖുത്ബ നിര്‍വഹിക്കാനും മതിയായത്ര സമയം കഴിഞ്ഞാല്‍ ബലികര്‍മ്മത്തിന് സമയമാകുന്നതാണ്. ദുല്‍ഹിജ്ജ പതിമൂന്നിന് സൂര്യന്‍ അസ്തമിക്കുന്നത് വരെ അത് നീണ്ട് നില്‍ക്കും. അള്ളാഹു നമ്മുടെ എല്ലാ സല്‍കര്‍മ്മങ്ങളും സ്വീകരിക്കട്ടെ, പരിശുദ്ധ ഹജ്ജു കര്‍മ്മം നിര്‍വ്വഹിക്കാന്‍ നാഥന്‍ നമ്മെ തുണക്കട്ടെ.(ആമീന്‍ )

ദുല്‍ ഹജ്ജ്‌ മാസത്തിലെ പ്രധാന സംഭവങ്ങള്‍

പ്രവാചകന്‍ (സ) തങ്ങളുടെ ഖബ്ര്‍ സന്ദര്‍ശനം