നിശാ പ്രയാണം……!


isra

നബി(സ)യുടെ വിശുദ്ധ ജീവിതത്തിലെ അദ്ഭുതം നിറഞ്ഞതും മഹത്തരവുമായ പ്രയാണമായിരുന്നു ഇസ്റാഉം മിഅ്റാജും. തിരുനബി(സ) യുടെ വിശിഷ്ടതയും അസാധാരണത്വവും മനുഷ്യലോകത്തെ ബോധ്യപ്പെടുത്തുന്നതിനും അദൃശ്യ ലോകങ്ങളുടെ സ്ഥിരീകരണം നബിയിലൂടെ വ്യക്തമാക്കുന്നതിനും മറ്റും ഉദ്ദേശിച്ച് അള്ളാഹു ഒരുക്കിയ ഈ നിശാ പ്രയാണം പ്രവാചക സ്നേഹികളായ വിശ്വാസികള്‍ക്ക് ഒട്ടേറെ സന്ദേശവും സന്തോഷങ്ങളും സമ്മാനിക്കുന്ന ഒന്നാണ്. ഇസ്‍ലാമിക വിശ്വാസങ്ങളുടെ കാതലായ വശങ്ങള്‍ ചര്‍ച്ചാവേദിയാകുന്ന ഇസ്റാഅ്-മിഅ്റാജിന്‍റെ സ്മരണകള്‍ ലോകമൊട്ടും വിശ്വാസികള്‍ പുതുക്കി വരുന്നു.

ayah_isra'

പരിശുദ്ധ ഖുര്‍ആനും ഹദീസും ഈ പ്രയാണത്തെപ്പറ്റി വ്യംഗ്യവും വ്യക്തവുമായി പരാമര്‍ശിക്കുന്നുണ്ട്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സാ വരെയുള്ള യാത്രയാണ് ഇസ്റാഅ്. അവിടെ നിന്ന് ഏഴാകാശങ്ങള്‍ അടക്കമുള്ള അദൃശ്യ ലോകങ്ങള്‍ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണമാണ് മിഅ്റാജ്. മിഅ്റാജും നബിമാരുടെ സംഗമവുമൊന്നും കേവലം റൂഹ്പരമായിരുന്നില്ല. മറിച്ച് ശാരീരികം തന്നെയായിരുന്നു. ഓരോ ആകാശത്തും ചെല്ലുമ്പോള്‍ നബി (സ്വ) തിരുമേനിയെ സ്വീകരിക്കാന്‍ അവിടെ നബിമാര്‍ ഉണ്ടായിരുന്നു. ഒന്നാം ആകാശത്ത് സ്വീകരിക്കാന്‍ ഒന്നാം പിതാവ് ആദം നബി തന്നെയാണ് ഉണ്ടായിരുന്നത്. രണ്ടാം ആകാശത്ത് നബി(സ്വ)യെ എതിരേല്‍ക്കുന്നത് യഹ്യാ(അ), ഈസാ(അ) എന്നിവരാണ്. മൂന്നാം ആകാശത്ത് നബി(സ്വ)യെ സ്വീകരിക്കുന്നത് യൂസുഫ്(അ) ആണ്. ഇദ്രീസ് നബി(അ) ആണ് നാലാം ആകാശത്തെ സ്വീകരണ പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത്. അഞ്ചാം ആകാശത്ത് ഹാറൂന്‍ നബിയാണ്. ആറാം ആകാശത്തുള്ളത് മൂസാ(അ) ആണ്. ആദ്യം സ്വീകരണം ഒന്നാം പിതാവിന്റെ വകയായിരുന്നുവെങ്കില്‍ അവസാന സ്വീകരണം മറ്റൊരു പിതാവിന്റെ വകയുമായിരുന്നു, അതെ ഏഴാം ആകാശത്തില്‍ നബി(സ്വ) എതിരേല്‍ക്കുന്നത് ഇബ്രാഹിം നബി(അ)ആയിരുന്നു.

മഹാന്മാരായ ഒട്ടേറെ പ്രവാചകന്മാരുടെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടുള്ള ഈ ആരോഹണം സ്പെയിസില്‍ നിന്ന് സൂപ്പര്‍ സ്പെയ്സിലേക്ക് കടക്കാന്‍ പോകുന്നു. ഇബ്രാഹിം നബി(അ)യുമായി വിടപറഞ്ഞ ശേഷം നബി(സ്വ) ഉച്ചിയിലുള്ള ‘സിദ്റതുല്‍ മുന്‍തഹ’ എന്ന വൃക്ഷത്തിനരികിലേക്ക് ആനയിക്കപ്പെട്ടു. ഇതിനെ കുറിച്ച് മഹാനായ ഉമര്‍ ഖാളി(റ) വിന്റെ വരികളില്‍: “അദൃശ്യ ലോകാത്ഭുതങ്ങള്‍ക്ക് അവിടുന്ന് ദൃക്സാക്ഷിയായി. നാസൂത്ത്, ജബറൂത്ത് രഹസ്യങ്ങളുടെ കലവറ അവിടുന്നിന്റെ മുമ്പില്‍ തുറക്കപ്പെട്ടു.” സ്വര്‍ഗ നരകങ്ങള്‍ പ്രത്യക്ഷമാക്കപ്പെട്ടു. അനുഗ്രഹങ്ങളും ശിക്ഷകളും ഏത് രൂപത്തിലായിരിക്കുമെന്ന് കാണാറായി……”

ലോക ചരിത്രത്തില്‍ അതുല്യമായ ഒരു രംഗം ഇതാ പിറക്കുകയാണ്. സ്രഷ്ടാവ് തന്റെ സൃഷ്ടികളില്‍ ഏറ്റവും പ്രിയങ്കരനുമായി സ്ഥലത്തില്‍ നിന്നും കാലത്തില്‍ നിന്നും മുക്തമായി നിന്നു തന്നെ സംസാരിക്കുന്നു. നബി(സ്വ)യും അല്ലാഹുവുമായുള്ള സംഭാഷണത്തില്‍ നബി(സ്വ) അല്ലാഹുവിനെ കണ്ടതായി ഇബ്നു അബ്ബാസ്(റ) രേഖപ്പെടുത്തുന്നു. “എന്റെ റബ്ബിനെ ഞാന്‍ കണ്ടു” എന്ന് നബി(സ്വ) പറഞ്ഞതായി ഹദീസില്‍ കാണാം. ആ സംഭാഷണത്തിന്‍റെ തെളിവെന്നോണം നമുക്ക് ലഭ്യമായതാണ് അഞ്ച് നേരത്തെ നിസ്കാരം. അതെ, മിഅ്റാജിന്‍റെ മുഖ്യമായ സന്ദേശമാകുന്നു നിസ്കാരം. ബൃഹത്തായ യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി(സ) സന്ധിക്കുകയുണ്ടായി. പ്രത്യേകമായ ആശംസകള്‍ക്കും പ്രശംസകള്‍ക്കും ശേഷം തന്‍റെ സമുദായത്തിന് അള്ളാഹു സമ്മാനിച്ച അമ്പതു വഖ്ത് നിസ്കാരവുമായിട്ടാണ് നബി(സ) പോന്നത്. വഴിയില്‍ വെച്ച് മൂസാനബി(അ) ഇടപെട്ടാണ് അത് അഞ്ച് വഖ്താക്കി ചുരുക്കിയത്. (ബുഖാരി 1/51)

നൂറ്റാണ്ട് മുമ്പ് മരണപ്പെട്ട മൂസാനബി(അ) സത്യത്തില്‍ നബി(സ) മുഖേന നമ്മെ സഹായിക്കുകയാണ് ചെയ്തതെന്ന് വ്യക്തം. മരണാനന്തരവും ആത്മീയ ശക്തികൊണ്ട് സഹായഹസ്തം നീട്ടാന്‍ മഹാന്‍മാര്‍ക്ക് അള്ളാഹു അവസരം നല്‍കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇക്കാര്യത്തില്‍ തര്‍ക്കിക്കുയും ശിര്‍ക്കാരോപിക്കുകയും ചെയ്ത് സമയം കൊല്ലുന്നത് വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്ന് കൂട്ടത്തില്‍ പറയട്ടെ.

മിഅ്റാജ് ദിനം തിരുനബി(സ)യെ സ്നേഹിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം  അനുഗ്രഹപൂരിതമാകുന്നു. പ്രസ്തുത അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പുണ്യ കര്‍മ്മങ്ങള്‍ ചെയ്ത് ഈ ദിനത്തെ ധന്യമാക്കുകയും തെറ്റുകള്‍ വെടിഞ്ഞ് ശുദ്ധമാക്കുകയുമാണ് നന്ദിപ്രകാശനത്തിന്‍റെ കാതല്‍. മിഅ്റാജ് നല്‍കുന്ന മുന്നറിയിപ്പുകളും സുവിശേഷങ്ങളും അറിഞ്ഞും ആലോചിച്ചും പ്രസ്തുത ദിനം സജീവമാക്കണം. തിരുനബി(സ)യോടുള്ള സ്നേഹവും ബന്ധവും ശക്തമാക്കുവാനും പ്രാര്‍ത്ഥനാനിര്‍ഭരമാവാനും ഈ അവസരം നാം ഉപയോഗപ്പെടുത്തണം.

മിഅ്റാജ് ദിനത്തിലെ നോമ്പിന് വളരെയേറെ മഹത്വമുണ്ട്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും സൂഫിലോകത്തെ അതികായനുമായ ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നു. – അബൂമൂസാ(റ) ല്‍ നിന്ന് നിവേദനം, – റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തുല്യമാകുന്നു. (ഇഹ്‍യാഅ് 1/361). അനസ് (റ) വില്‍ നിന്ന് നിവേദനം – നബി(സ) പറഞ്ഞു – റജബ് ഇരുപത്തേഴിന് നോമ്പനുഷ്ടിക്കുകയും നോമ്പ് തുറക്കുന്ന സമയം പ്രാര്‍ത്ഥനാ നിരതനാവുകയും ചെയ്താല്‍ ഇരുപത് കൊല്ലത്തെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം – റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോമ്പ് നോറ്റും രാത്രി നിസ്കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നു (ഗുന്‍യത്ത്)

അള്ളാഹുവേ, റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് നീ ബറകത്ത് ചൊരിയേണമേ, പരിശുദ്ധ റമളാനിനെ അതിന്‍റെ ഹഖ് പ്രകാരം വരവേല്‍ക്കാന്‍ ഞങ്ങള്‍ക്ക് നീ തൌഫീഖ് ചെയ്യേണമേ . . .

വാര്‍ത്ത സൌദി അധികൃതര്‍ നിഷേധിച്ചു


പ്രവാചകന്‍റെ ഖബറിടം സ്ഥാനം മാറ്റുമെന്ന വാര്‍ത്ത സൌദി അധികൃതര്‍ നിഷേധിച്ചു

സൌദി പള്ളി

പ്രവാചകര്‍മുഹമ്മദ് നബി(സ)യുടെ വിശുദ്ധ ഖബറിടം സ്ഥലംമാറ്റാന്‍ശ്രമിക്കുന്നുവെന്ന വാര്‍ത്ത സൌദി ഗവണ്‍മെന്‍റു നിഷേധിച്ചു. ഹറം അധികാരികളെ ഉദ്ധരിച്ച് അല്‍ജസീറ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച ബ്രിട്ടനിലെ ‘ദി ഇന്‍ഡിപെന്‍ഡന്‍റ്’ പത്രമാണ് സൌദി ഗവണ്‍മെന്‍റ് വിശുദ്ധ ഖബറിടം നിലവിലെ സ്ഥലത്തു നിന്നു നീക്കി അജ്ഞാത സ്ഥലത്തേക്കു മാറ്റാന്‍ആലോചിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വിട്ടത്. ഒരു സൌദി അക്കാദമീഷ്യന്‍ ഖബറിടം പൊളിച്ചുനീക്കാനുള്ള പ്ലാന്‍സര്‍ക്കാരിനു സമര്‍പ്പിച്ചുവെന്നായിരുന്നു പത്രം റിപ്പോര്‍ട്ട് ചെയ്തത്.

അക്കാദമീഷ്യന്‍സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍സര്‍ക്കാരിന്‍റെ ഔദ്യോഗിക നിലപാടുകളല്ല, അതു അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായമാണെന്നും സൌദി വക്താവ് പറഞ്ഞു.

അതേസമയം, പ്രവാചകന്‍റെ ഖബറിട സംബന്ധമായ വാര്‍ത്ത ആദ്യം  പ്രസിദ്ധികരിച്ച സൌദിയിലെ ‘മക്ക’ ദിനപത്രം ദി ഇന്‍റിപെന്‍ഡന്‍റിനെതിരെ ലേഖന മേഷണം നടത്തിയെന്നും തങ്ങളുടെ പത്രത്തില്‍ ആഗസ്റ്റ് 25-നു വന്ന വാര്‍ത്ത തെറ്റായി തര്‍ജമ ചെയ്തുവെന്നുമുള്ള ആരോപണവുമായി രംഗത്തെത്തി.

ഇന്‍ഡിപെന്‍ഡന്‍റില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സൌദിയിലടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സൌദി സര്‍ക്കാരിനെതിരെ പ്രതിഷേധം വന്നിരുന്നു.

സൌദിയുടെ വാര്‍ത്താ നിഷേധം അത്ര പെട്ടന്ന് മുസ്‍ലിം ലോകത്തെ തൃപ്തിപ്പെടുത്താനിടയില്ല. ചരിത്ര സ്മാരകങ്ങളോടും തിരുശേഷിപ്പുകളോടും പൊതുവെ ശത്രുത പുലര്‍ത്തുന്ന സലഫി-വഹ്ഹാബി ചിന്താഗതിയുടെ ഫലമെന്നോണം നിലവില്‍ തന്നെ ഒട്ടേറെ ചരിത്ര സ്മാരകങ്ങള്‍ സഊദിയില്‍ നാമാവശേഷമക്കപ്പെട്ടിട്ടുണ്ട്.

(മക്ക’ പത്രം റിപ്പോര്‍ട്ട് ചെയ്തു വാര്‍ത്ത താഴെ:)

വിവാദ ആവശ്യവുമായി സുഊദി ഗവേഷകന്‍

പുണ്യ മദീനയില്‍ മസ്ജിദുന്നബവിയുടെ വിപുലമായ വിപുലീകരണത്തിനു തുടക്കം കുറിച്ചുകഴിഞ്ഞു. മസ്ജിദുന്നബവി വിപുലീകരിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അത്യാവശ്യമായിരിക്കാം. എന്നാല്‍ മസ്ജിദുന്നബവിയുടെ വിപുലീകരണത്തിന്റെ മറവില്‍ പ്രവാചകന്റെ ഖബറിടവും മറ്റു ചരിത്ര സ്മാരകങ്ങളും ഇല്ലായ്മ ചെയ്യാന്‍ ഇടം വരുത്തും വിധം വിപുലീകരണത്തെ കുറിച്ച് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു, അത് പ്രവാചക സ്നേഹികളെ ഏറെ വേദനിപ്പിച്ചിരുന്നു. ഇതിനെതിരെ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് സുഊദി ഭരണകൂടത്തിനെതിരെ  എതിര്‍പ്പുകള്‍ ശക്തമായിരുന്നു. ആള്‍ഇന്ത്യ ഉലമാ ആന്‍റ് മശാഇഖ് ബോഡ്, മുസ്ലിം സ്റ്റുഡന്റെ ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇന്ത്യ(MSO) തുടങ്ങിയ സംഘടനകള്‍ ആശങ്കയും പ്രതിഷേധവുമായി രംഗത്ത്‌ വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ പ്രവാചകന്റെ ഖബറിടവും മറ്റു ചരിത്ര സ്മാരകങ്ങള്‍ക്കും അതേപടി നിലനിര്‍ത്തികൊണ്ടുള്ള വിപുലീകരണ മാത്രമെന്ന് അന്ന് ബന്ധപെട്ടവര്‍ വെളിപെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സുഊദി ഗവേഷകരുടെ പുതിയ വിവാദ പ്രസ്താവന പ്രവാചക സ്നേഹികളെ വീണ്ടും ആശങ്കലുരാക്കിയിരിക്കുന്നു. 

പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യുടെ ഖബറിടം ഉള്‍കൊള്ളുന്ന സ്ഥലം മസ്ജിദ് നബവിക്ക് പുറത്താക്കണമെന്നും അതിനോട് ചേര്‍ന്നുള്ള തൂണുകളിലും മറ്റും എഴുതപ്പെട്ട പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ , സഹാബിമാരുടെ പേരുകള്‍ തുടങ്ങിയവ നീക്കം ചെയ്യണമെന്നും തിരുനബിയുടെ വിശുദ്ധ ഖബ്റിന്റെ അടയാളമായ പച്ചകുബ്ബയുടെ പെയിന്റ് പുതുക്കരുതെന്നും നിര്‍ദ്ദേശിക്കുന്ന പഠനവുമായി സുഊദി അക്കാദമിക് ഗവേഷകന്‍. ഇമാം മുഹമ്മദ്‌ ബിന്‍ സുഊദു ഇസ്‌ലാമിക് സര്‍വകലാശാലയിലെ ഫാക്കല്‍റ്റി മെമ്പറായ ഡോ. അലി ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍-ശിബ്ല്‍ ആണ് മുസ്‌ലിം ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചത്. ‘പ്രവാചകന്റെ മസ്ജിദും തിരുനബിയുടെ വീടുകളും: വിശ്വാസപരമായ പഠനം’ എന്ന പേരില്‍ഇരു ഹറമുകളുടെയും മേല്‍നോട്ടകാര്യ സമിതിയുടെ കീഴില്‍ പുറത്തിറങ്ങുന്ന മാഗസിനില്‍ പഠനം പ്രസിദ്ധീകരിച്ചത്.


നബി (സ) തന്റെ ഭാര്യമാരോടൊത്ത് താമസിച്ചിരുന്ന ഹുജ്റാത്ത് (വീടുകള്‍/മുറികള്‍) മസ്ജിദിന്റെ പുറത്താക്കുകയും ഇപ്പോള്‍ നിലവിലുള്ള ഉത്മാനി–മജീദി ചുമര്‍ പൊളിച്ചു ആ മുറികള്‍ നില്‍ക്കുന്നതിന്റെ ഭാഗങ്ങള്‍ കിഴക്ക്–വടക്ക് ഭാഗങ്ങളിലായി പുതിയ ചുമര്‍ നിര്‍മിച്ചു അവ പള്ളിയുടെ പുറത്താക്കണമെന്നുമാണ് അലി അല്‍-ശിബ്ല്‍ ആവശ്യപ്പെടുന്നത്. അമവി ഭരണാധികാരിയായിരുന്ന വലീദ് ബിന്‍ അബ്ദുല്‍ മാലിക്കാണ് ആ ഭാഗം പള്ളിയുടെ ഉള്ളില്‍ പെടുത്തിയതെന്നും ഖബറിടങ്ങള്‍ക്ക് മേല്‍ പള്ളി നിര്‍മിക്കരുതെന്ന ഇസ്ലാമിക നിര്‍ദ്ദേശത്തിനെതിരാണിതെന്നുമാണ്‌ ഗവേഷകന്റെ വാദം.

ഗവേഷകന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണെന്ന് സുഊദി പത്രമായ “മക്ക” റിപ്പോര്‍ട്ട് ചെയ്യുന്നു.

  1. മസ്ജിദ് നബവിയുടെ മുന്‍ ഭാഗത്തെ ചുമര്‍ (ഉത്മാനി-മജീദി)പൊളിക്കുക്കയും പള്ളിയുടെ മുന്‍ഭാഗം തെക്കോട്ട്‌ വികസിപ്പിക്കുകയും ചെയ്യുക.

  2. പ്രവാചക ഖബറിടം ഉള്‍ക്കൊള്ളുന്ന ഹുജ്റത്തുല്‍ ശരീഫക്കും ചുറ്റുമായും വിവിധ തൂണുകളിലും രേഖപ്പെടുത്തപ്പെട്ട പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ മായ്ച്ചുകളയുകളും അവയൊന്നും മാര്‍ബിള്‍ ഉപയോഗിച്ച് പുതുക്കാതിരിക്കുകയും ചെയ്യുക. മരണപ്പെട്ടു കിടക്കുന്ന തിരു നബി(സ)യോട് ജനങ്ങള്‍ തവസ്സുല്‍, ഇസ്തിഗാസ എന്നിവ നടത്താതിരിക്കാനും തൌഹീദ് സംരക്ഷിക്കാനും ഇത് വേണമെന്ന് ഗവേഷകന്‍.

  3. സഹാബാക്കളുടെയും 12 ഇമാമുമാരുടെയും പേരുകള്‍ മായ്ച്ചു കളയുക.

  4. ഏറ്റവും ചുരുങ്ങിയത് പ്രവാചക ഹുജ്റത്തുല്‍ ശരീഫയെ അടയാളപ്പെടുത്തുന്ന പച്ച ഖുബ്ബയുടെ പെയിന്റു പുതുക്കരുത്. അതിന്റെ മുകളിലുള്ള ചെമ്പ് നിര്‍മിത അടയാളം ഒഴിവാക്കുക.
    ചരിത്ര സ്മാരകങ്ങളോടും തിരുശേഷിപ്പുകളോടും പൊതുവെ ശത്രുത പുലര്‍ത്തുന്ന സലഫി-വഹ്ഹാബി ചിന്താഗതിയുടെ നിലവില്‍ തന്നെ ഒട്ടേറെ ചരിത്ര സ്മാരകങ്ങള്‍ സഊദിയില്‍ നാമാവശേഷമക്കപ്പെട്ടിട്ടുണ്ട്. സഊദിയില്‍ തന്നെ ഒട്ടേറെപ്പേര്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു. മസ്ജിദ് നബവിയുടെ ചരിത്രം കൃതമായി അറിയാത്ത് കൊണ്ടാണ് ഗവേഷകന്‍ ഈ വാദങ്ങള്‍ ഉന്നയിക്കുന്നതെന്നും ഉസ്മാന്‍ (റ) കാലം മുതല്‍ നിലനില്‍ക്കുന്ന ചുമര്‍ തൊടാന്‍ ആരും ഇതുവരെ തയ്യാറായിട്ടില്ലെന്നും മദീന മുനവ്വറയുടെ ചരിത്രത്തിലും ഇസ്‌ലാമിക് ആര്‍ക്കിടെക്റ്റിലും ഗവേഷണം നടത്തുന്ന ആര്‍ക്കിടെക്റ്റ്. അബ്ദുല്‍ ഹഖ് അല്‍-അഖബി പറഞ്ഞാതായി ‘മക്ക’ പത്രം റിപ്പോര്‍ട്ട് ചെയ്തു.

525667_370968952989423_479120100_n

Please Read Below Link:

അക്രമിക്കപെടുന്ന ഇസ്ലാമിക പൈതൃകങ്ങള്‍ !

 

ദുല്‍ ഖഅദ മാസത്തിന്‍റെ പ്രാധാന്യം


ഖന്‍ദഖ് (അഹ്സാബ്)യുദ്ധം, ഹുദൈബിയ സന്ധി, നബി (സ)തങ്ങളും അനുചരന്മാരും ഉംറ നിര്‍വ്വഹിക്കാനായി മക്കയിലേക്ക് തിരിച്ചത്….തുടങ്ങിയ സംഭവങ്ങള്‍ ദുല്‍ഖഅദ മാസത്തിലായിരുന്നു 

ഖന്‍ദഖ് (അഹ്സാബ്) യുദ്ധം

ഹിജ്‌റ വര്‍ഷം അഞ്ച്; ശവ്വാല്‍ മാസം അരങ്ങേറിയ ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന യുദ്ധങ്ങളിലൊന്നാണ് ഖന്ദഖ് യുദ്ധം. ഒരു മാസക്കാലം ശത്രുക്കള്‍ മുസ്ലിംകളെ ഉപരോധിച്ചു. ശവ്വാലില്‍ ആരംഭിച്ചു ദുല്‍ഖഅദയില്‍ അവസാനിച്ചു. ഇബ്നു സഅദ് രേഖപ്പെടുത്തിയതനുസരിച്ച് ദുല്‍ഖഅദയില്‍ ഏഴു ദിവസം ബാക്കിനില്ക്കെ ബുധനാഴ്ചയാണ് പ്രവാചകന്‍ ഖന്‍ദഖ് വിട്ടത്. ശത്രുക്കളെ പ്രതിരോധിക്കാന്‍ മുസ്‌ലിംകള്‍ കിടങ്ങ് കുഴിച്ചിരുന്നതിനാലാണ് യുദ്ധത്തിന് ഖന്ദഖ് എന്ന പേര് വന്നത്. വിവിധ വിഭാഗങ്ങള്‍ പങ്കെടുത്തതിനാല്‍ ഇത് അഹാസാബ് എന്ന പേരിലും അറിയപ്പെട്ടു. ദിവസങ്ങള്‍ നീണ്ടുനിന്ന ഉപരോധം കാരണം ശക്തമായ പരീക്ഷണങ്ങള്‍ക്കു വിധേയമായെങ്കിലും ഒടുവില്‍ മുസ്‌ലിംകള്‍ക്ക് വിജയം വന്നെത്തുകയായിരുന്നു.

ജൂതന്മാര്‍ നടത്തുന്ന പുതിയ യുദ്ധ സന്നാഹങ്ങളെക്കുറിച്ച് പ്രവാചകന് വിവരം ലഭിച്ചു.  പ്രശ്നത്തിന്റെ ഗൌരവാവസ്ഥ മനസ്സിലാക്കി അടിയന്തിരയോഗം വിളിച്ചുചേര്‍ത്തു. കൂടിയാലോചനയില്‍ പ്രതിരോധം എവ്വിധമായിരിക്കണമെന്നു ഗൌരവപൂര്‍വം ചര്‍ച്ച ചെയ്തു. അവസാനം ബുദ്ധിമാനായ സ്വഹാബി പേര്‍ഷ്യക്കാരന്‍ സല്‍മാന്‍ നിര്‍ദേശിച്ച അഭിപ്രായം നടപ്പാക്കാന്‍ ഏകകണ്ഠമായി തീരുമാനമെടുത്തു. സല്‍മാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ പേര്‍ഷ്യയില്‍ ചുറ്റുഭാഗത്തും കിടങ്ങുകുഴിച്ചുകൊണ്ടാണ് പ്രതിരോധിക്കാറുള്ളത്, ഇത് അറബികള്‍ക്ക് അപരിചിതമായിരുന്ന ഒരു പദ്ധതിയായിരുന്നു.

പ്രവാചകത്വത്തിന്റെ നിദര്‍ശനങ്ങളെന്നോണം ചില അത്ഭുതങ്ങളും ഇത്തരുണത്തില്‍ സംഭവിക്കുകയുണ്ടായി. പ്രവാചകന് കഠിനമായ വിശപ്പനുഭവപ്പെടുന്നതുകണ്ട ജാബിര്‍ബിന്‍ അബ്ദുല്ല ഒരു ആടിന്‍ കുട്ടിയെ അറുത്ത് ഒരു സ്വാഅ് തൊലിക്കോതമ്പുകൊണ്ട് ഭക്ഷണവും പാകം ചെയ്ത് പ്രവാചകനെ അത് കഴിക്കാന്‍ രഹസ്യമായി ക്ഷണിച്ചു. പ്രവാചക തിരുമേനി ആയിരം വരുന്ന അനുയായികളുമായി അങ്ങോട്ടു പുറപ്പെട്ടു. അവരെയെല്ലാം വയറുനിറയെ ഊട്ടിയിട്ടും മാംസവും മാവും പാത്രത്തില്‍ അതേപോലെ ബാക്കിനില്ക്കുന്നു! നുഅ്മാനുബിന്‍ ബശീറിന്റെ സഹോദരി കൊണ്ടുവന്ന ഈത്തപ്പഴവും അവിടുന്നു ഇതുപോലെ പെരുപ്പിച്ച് ഖന്‍ദഖിലുള്ള എല്ലാവര്‍ക്കും വിതരണം ചെയ്യുകയുണ്ടായി. ഇതിലും അത്ഭുതകരമായിരുന്നു ജാബിറില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്ന സംഭവം: ഖന്‍ദഖ് ദിവസം കിടങ്ങു കുഴിക്കുമ്പോള്‍ ഒരു വലിയ പാറപ്രത്യക്ഷപ്പെട്ടു. അവര്‍ പ്രവാചകനെ സമീപിച്ചു പ്രശ്നം അദ്ദേഹത്തോടു പറഞ്ഞു അവിടുന്നു പറഞ്ഞു: അത് ഞാന്‍ ഇളക്കിത്തരാം എന്നുപറഞ്ഞുകൊണ്ട് പിക്കാസെടുത്ത് ആഞ്ഞുവെട്ടിയപ്പോള്‍ അത് വെറും മണല്‍ തരികളായിമാറി!’

ഖന്‍ദഖ്, ശക്തിയായ ഏറ്റുമുട്ടലുകളൊന്നുമില്ലാതെ മുസ്ലിംകള്‍ വിജയം കൊയ്ത യുദ്ധമാണ്. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന യുദ്ധം. ഇത്, അറബികളുടെ ഏത് വന്‍ ശക്തിക്കും മദീനയില്‍ വേരുപിടിച്ചുവരുന്ന നവ ശക്തിയെ പിഴുതെറിയാന്‍ ഒരു വിധേനയും സാധ്യമാവുകയില്ലായെന്ന് തെളിയിക്കുന്നതായിരുന്നു. കാരണം ഇതിലും വലിയ ഒരു സന്നാഹം അറബികള്‍ക്ക് ഇനി ഒരുക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് യുദ്ധാനന്തരം പ്രവാചകന്‍ പ്രഖ്യാപിച്ചത്: ‘ഇനി നാം അവരോടു യുദ്ധം ചെയ്യും അവര്‍ ഇങ്ങോട്ട് യുദ്ധം ചെയ്യില്ല. നാം അവരിലേക്ക് അങ്ങോട്ട് ചെല്ലുകയായിരിക്കും ഇനി.” 

ഖന്തക്ക് യുദ്ധസമയത്ത് കിടങ്ങ് കുഴിക്കവേ നബി മൂന്നു കാര്യങ്ങള്‍ പ്രവചിക്കുകയുണ്ടായി:-“ മുസ്ലിംകള്‍ സിറിയ കീഴടക്കും. മുസ്ലിംകള്‍ പേര്‍ഷ്യ കീഴടക്കും.മുസ്ലിംകള്‍ യെമന്‍ കീഴടക്കും.” (നസാഇ 2: 56) സ്വന്തം നാട്ടില്‍ പോലും സുരക്ഷിതന്‍ അല്ലാത്ത സമയത്താണ് ഈ പ്രവചനം എന്നോര്‍ക്കുക.. പേര്‍ഷ്യ കീഴടക്കും എന്ന് പലപ്പോഴും, അതും അനുയായികളായി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമുള്ള കാലത്തും നബി പ്രവചിച്ചതായി ചരിത്രങ്ങളില്‍ കാണാം.. അന്നത്തെ ലോകശക്തികള്‍ ആയിരുന്നു പേര്‍ഷ്യയും സിറിയയും. ചരിത്രത്തെ ഞെട്ടിച്ചു കൊണ്ട് ആ പ്രവചനങ്ങള്‍ സത്യമാകുന്നതു ലോകം കണ്ടു..

ഹുദൈബിയ സന്ധി

ഹിജ്റ ആറാം വര്‍ഷത്തില്‍ നബി(സ്വ) സ്വഹാബികളൊന്നിച്ച് ഉംറ നിര്‍വഹിക്കാനായി മദീനയില്‍ നിന്നു മക്കയിലേക്കു പുറപ്പെട്ടു. വിവരമറിഞ്ഞ ഖുറൈശികള്‍ മക്കയില്‍ സമ്മേളിച്ച് നബി(സ്വ)യെ ഏതുവിധേനയും തടയാന്‍ തീരുമാനിച്ചു. നബി(സ്വ) ആ രംഗത്തെ ശാന്തവും ഗംഭീരവുമായി കൈകാര്യം ചെയ്തു. അങ്ങനെയാണ് ഹുദൈബിയ സന്ധിയുണ്ടായത്. സന്ധി വ്യവസ്ഥയനുസരിച്ച് നബി(സ്വ)യും സ്വഹാബികളും യാത്ര അവസാനിപ്പിച്ച് മദീനയിലേക്ക് തിരിച്ചുപോന്നു.
മദീനയിലെത്തിയ ശേഷം നബി(സ്വ) പ്രബോധന വഴിയില്‍ ശ്രദ്ധേയമായ ചില കാര്യങ്ങളിലേര്‍പ്പെട്ടു. അയല്‍രാജ്യങ്ങളിലേക്ക് കത്തുമായി ദൂതന്മാരെ അയച്ചു. അനുഭാവ പൂര്‍വമായ പ്രതികരണങ്ങളുണ്ടായി. വ്യത്യസ്ത നാടുകളില്‍ നബി(സ്വ)യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിന് ഇതു കാരണമായി. ഹിജ്റയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന ദുര്‍ബലരായ പലരും മദീനയിലേക്ക് വരികയും അതിനെ തുടര്‍ന്നു ഇരുപക്ഷത്തുമുണ്ടായ ചില പ്രയാസങ്ങളുടെ പേരില്‍ ഇടക്ക് സന്ധി വ്യവസ്ഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. അതു സത്യവിശ്വാസികള്‍ക്ക് ഗുണകരവുമായിരുന്നു.

Impotant days of this Month

Impotant days of this Month