നിശാ പ്രയാണം……!


isra

നബി(സ)യുടെ വിശുദ്ധ ജീവിതത്തിലെ അദ്ഭുതം നിറഞ്ഞതും മഹത്തരവുമായ പ്രയാണമായിരുന്നു ഇസ്റാഉം മിഅ്റാജും. തിരുനബി(സ) യുടെ വിശിഷ്ടതയും അസാധാരണത്വവും മനുഷ്യലോകത്തെ ബോധ്യപ്പെടുത്തുന്നതിനും അദൃശ്യ ലോകങ്ങളുടെ സ്ഥിരീകരണം നബിയിലൂടെ വ്യക്തമാക്കുന്നതിനും മറ്റും ഉദ്ദേശിച്ച് അള്ളാഹു ഒരുക്കിയ ഈ നിശാ പ്രയാണം പ്രവാചക സ്നേഹികളായ വിശ്വാസികള്‍ക്ക് ഒട്ടേറെ സന്ദേശവും സന്തോഷങ്ങളും സമ്മാനിക്കുന്ന ഒന്നാണ്. ഇസ്‍ലാമിക വിശ്വാസങ്ങളുടെ കാതലായ വശങ്ങള്‍ ചര്‍ച്ചാവേദിയാകുന്ന ഇസ്റാഅ്-മിഅ്റാജിന്‍റെ സ്മരണകള്‍ ലോകമൊട്ടും വിശ്വാസികള്‍ പുതുക്കി വരുന്നു.

ayah_isra'

പരിശുദ്ധ ഖുര്‍ആനും ഹദീസും ഈ പ്രയാണത്തെപ്പറ്റി വ്യംഗ്യവും വ്യക്തവുമായി പരാമര്‍ശിക്കുന്നുണ്ട്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സാ വരെയുള്ള യാത്രയാണ് ഇസ്റാഅ്. അവിടെ നിന്ന് ഏഴാകാശങ്ങള്‍ അടക്കമുള്ള അദൃശ്യ ലോകങ്ങള്‍ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണമാണ് മിഅ്റാജ്. മിഅ്റാജും നബിമാരുടെ സംഗമവുമൊന്നും കേവലം റൂഹ്പരമായിരുന്നില്ല. മറിച്ച് ശാരീരികം തന്നെയായിരുന്നു. ഓരോ ആകാശത്തും ചെല്ലുമ്പോള്‍ നബി (സ്വ) തിരുമേനിയെ സ്വീകരിക്കാന്‍ അവിടെ നബിമാര്‍ ഉണ്ടായിരുന്നു. ഒന്നാം ആകാശത്ത് സ്വീകരിക്കാന്‍ ഒന്നാം പിതാവ് ആദം നബി തന്നെയാണ് ഉണ്ടായിരുന്നത്. രണ്ടാം ആകാശത്ത് നബി(സ്വ)യെ എതിരേല്‍ക്കുന്നത് യഹ്യാ(അ), ഈസാ(അ) എന്നിവരാണ്. മൂന്നാം ആകാശത്ത് നബി(സ്വ)യെ സ്വീകരിക്കുന്നത് യൂസുഫ്(അ) ആണ്. ഇദ്രീസ് നബി(അ) ആണ് നാലാം ആകാശത്തെ സ്വീകരണ പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത്. അഞ്ചാം ആകാശത്ത് ഹാറൂന്‍ നബിയാണ്. ആറാം ആകാശത്തുള്ളത് മൂസാ(അ) ആണ്. ആദ്യം സ്വീകരണം ഒന്നാം പിതാവിന്റെ വകയായിരുന്നുവെങ്കില്‍ അവസാന സ്വീകരണം മറ്റൊരു പിതാവിന്റെ വകയുമായിരുന്നു, അതെ ഏഴാം ആകാശത്തില്‍ നബി(സ്വ) എതിരേല്‍ക്കുന്നത് ഇബ്രാഹിം നബി(അ)ആയിരുന്നു.

മഹാന്മാരായ ഒട്ടേറെ പ്രവാചകന്മാരുടെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടുള്ള ഈ ആരോഹണം സ്പെയിസില്‍ നിന്ന് സൂപ്പര്‍ സ്പെയ്സിലേക്ക് കടക്കാന്‍ പോകുന്നു. ഇബ്രാഹിം നബി(അ)യുമായി വിടപറഞ്ഞ ശേഷം നബി(സ്വ) ഉച്ചിയിലുള്ള ‘സിദ്റതുല്‍ മുന്‍തഹ’ എന്ന വൃക്ഷത്തിനരികിലേക്ക് ആനയിക്കപ്പെട്ടു. ഇതിനെ കുറിച്ച് മഹാനായ ഉമര്‍ ഖാളി(റ) വിന്റെ വരികളില്‍: “അദൃശ്യ ലോകാത്ഭുതങ്ങള്‍ക്ക് അവിടുന്ന് ദൃക്സാക്ഷിയായി. നാസൂത്ത്, ജബറൂത്ത് രഹസ്യങ്ങളുടെ കലവറ അവിടുന്നിന്റെ മുമ്പില്‍ തുറക്കപ്പെട്ടു.” സ്വര്‍ഗ നരകങ്ങള്‍ പ്രത്യക്ഷമാക്കപ്പെട്ടു. അനുഗ്രഹങ്ങളും ശിക്ഷകളും ഏത് രൂപത്തിലായിരിക്കുമെന്ന് കാണാറായി……”

ലോക ചരിത്രത്തില്‍ അതുല്യമായ ഒരു രംഗം ഇതാ പിറക്കുകയാണ്. സ്രഷ്ടാവ് തന്റെ സൃഷ്ടികളില്‍ ഏറ്റവും പ്രിയങ്കരനുമായി സ്ഥലത്തില്‍ നിന്നും കാലത്തില്‍ നിന്നും മുക്തമായി നിന്നു തന്നെ സംസാരിക്കുന്നു. നബി(സ്വ)യും അല്ലാഹുവുമായുള്ള സംഭാഷണത്തില്‍ നബി(സ്വ) അല്ലാഹുവിനെ കണ്ടതായി ഇബ്നു അബ്ബാസ്(റ) രേഖപ്പെടുത്തുന്നു. “എന്റെ റബ്ബിനെ ഞാന്‍ കണ്ടു” എന്ന് നബി(സ്വ) പറഞ്ഞതായി ഹദീസില്‍ കാണാം. ആ സംഭാഷണത്തിന്‍റെ തെളിവെന്നോണം നമുക്ക് ലഭ്യമായതാണ് അഞ്ച് നേരത്തെ നിസ്കാരം. അതെ, മിഅ്റാജിന്‍റെ മുഖ്യമായ സന്ദേശമാകുന്നു നിസ്കാരം. ബൃഹത്തായ യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി(സ) സന്ധിക്കുകയുണ്ടായി. പ്രത്യേകമായ ആശംസകള്‍ക്കും പ്രശംസകള്‍ക്കും ശേഷം തന്‍റെ സമുദായത്തിന് അള്ളാഹു സമ്മാനിച്ച അമ്പതു വഖ്ത് നിസ്കാരവുമായിട്ടാണ് നബി(സ) പോന്നത്. വഴിയില്‍ വെച്ച് മൂസാനബി(അ) ഇടപെട്ടാണ് അത് അഞ്ച് വഖ്താക്കി ചുരുക്കിയത്. (ബുഖാരി 1/51)

നൂറ്റാണ്ട് മുമ്പ് മരണപ്പെട്ട മൂസാനബി(അ) സത്യത്തില്‍ നബി(സ) മുഖേന നമ്മെ സഹായിക്കുകയാണ് ചെയ്തതെന്ന് വ്യക്തം. മരണാനന്തരവും ആത്മീയ ശക്തികൊണ്ട് സഹായഹസ്തം നീട്ടാന്‍ മഹാന്‍മാര്‍ക്ക് അള്ളാഹു അവസരം നല്‍കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇക്കാര്യത്തില്‍ തര്‍ക്കിക്കുയും ശിര്‍ക്കാരോപിക്കുകയും ചെയ്ത് സമയം കൊല്ലുന്നത് വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്ന് കൂട്ടത്തില്‍ പറയട്ടെ.

മിഅ്റാജ് ദിനം തിരുനബി(സ)യെ സ്നേഹിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം  അനുഗ്രഹപൂരിതമാകുന്നു. പ്രസ്തുത അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പുണ്യ കര്‍മ്മങ്ങള്‍ ചെയ്ത് ഈ ദിനത്തെ ധന്യമാക്കുകയും തെറ്റുകള്‍ വെടിഞ്ഞ് ശുദ്ധമാക്കുകയുമാണ് നന്ദിപ്രകാശനത്തിന്‍റെ കാതല്‍. മിഅ്റാജ് നല്‍കുന്ന മുന്നറിയിപ്പുകളും സുവിശേഷങ്ങളും അറിഞ്ഞും ആലോചിച്ചും പ്രസ്തുത ദിനം സജീവമാക്കണം. തിരുനബി(സ)യോടുള്ള സ്നേഹവും ബന്ധവും ശക്തമാക്കുവാനും പ്രാര്‍ത്ഥനാനിര്‍ഭരമാവാനും ഈ അവസരം നാം ഉപയോഗപ്പെടുത്തണം.

മിഅ്റാജ് ദിനത്തിലെ നോമ്പിന് വളരെയേറെ മഹത്വമുണ്ട്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും സൂഫിലോകത്തെ അതികായനുമായ ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നു. – അബൂമൂസാ(റ) ല്‍ നിന്ന് നിവേദനം, – റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തുല്യമാകുന്നു. (ഇഹ്‍യാഅ് 1/361). അനസ് (റ) വില്‍ നിന്ന് നിവേദനം – നബി(സ) പറഞ്ഞു – റജബ് ഇരുപത്തേഴിന് നോമ്പനുഷ്ടിക്കുകയും നോമ്പ് തുറക്കുന്ന സമയം പ്രാര്‍ത്ഥനാ നിരതനാവുകയും ചെയ്താല്‍ ഇരുപത് കൊല്ലത്തെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം – റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോമ്പ് നോറ്റും രാത്രി നിസ്കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നു (ഗുന്‍യത്ത്)

അള്ളാഹുവേ, റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് നീ ബറകത്ത് ചൊരിയേണമേ, പരിശുദ്ധ റമളാനിനെ അതിന്‍റെ ഹഖ് പ്രകാരം വരവേല്‍ക്കാന്‍ ഞങ്ങള്‍ക്ക് നീ തൌഫീഖ് ചെയ്യേണമേ . . .

പവിത്ര മാസം റജബ് വന്നെത്തുകയായ്..!


 أللهم بارك لنا في رجب وشعبان وبلّغنا رمضان

അനവധി സംഭവങ്ങള്‍ക്കും നിരവധി വിചിനതനങ്ങള്‍ക്കും ഉണര്‍ത്തുപാട്ടായി ഒരിക്കല്‍കൂടി റജബ് മാസം കടന്നു വരികയായ്.  റജബ് നിശാപ്രയാണത്തിന്‍റെ വാര്‍ഷികം കൊണ്ട് അനുഗ്രഹീതമായ മാസം കൂടിയാണ്. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ പൂമാലയിട്ട് വരവേല്‍ക്കാനുള്ള അടങ്ങാത്ത അഭിനിവേശത്തോടെ വിശ്വാസികള്‍ രണ്ട്‌ മാസം മുമ്പേ തന്നെ റമളാനിനെ വരവേല്‍ക്കാന്‍ മുന്നൊരുക്കം നടത്തിവരുന്നു.  റജബ് എന്നാല്‍ മഹത്വം എന്നര്‍ത്ഥം.  മറ്റേത് മാസങ്ങളിലും തിങ്കള്‍, വ്യാഴം എന്നീ ദിവസളില്‍ മാത്രം തുറന്നിരുന്ന കഅ്ബയുടെ വാതില്‍ അറബികള്‍ റജബ് മാസം മുഴുവന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു.

പരിശുദ്ധ റമളാന്‍റെ ആഗമനത്തെ അറിയിച്ചുകൊണ്ടാണ് ഓരോ റജബ് മാസവും കടന്നു വരുന്നത്. ചരിത്ര പ്രസിദ്ധമായ നിശാപ്രയാണം കൊണ്ടും ഇതര മാസങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന മാസമാണ് പവിത്രമായ റജബ്.  ഓരോ റജബ് ഇരുപത്തിയേഴും നിസ്കാരത്തിന്‍റെ വാര്‍ഷിക ദിനം കൂടിയാണ്.

ഇസ്റാഅ് വല്‍ മിഅറാജ് , തബൂക്യുദ്ദം(9-A.H.) , ഒന്നാം അകബാ ഉടമ്പടി(12-A.H.) , ഹസ്രത്ത് അലി () ജനനം , ഉമര്‍ ഇബ്നു അബ്ദുല്‍ അസീസ്‌ വഫാത്ത് (111-A.H.) …..തുടങ്ങീ  സംഭവങ്ങള്‍  ഈ മാസത്തിലായിരുന്നു.

 ഈ ദുആ റജബില്‍ എല്ലാവരും വര്‍ദ്ദിപ്പിക്കുക.

أللهم بارك لنا في رجب وشعبان وبلّغنا رمضان 

അധികരിച്ച ദുആ താഴെ:

 “അള്ളാഹുവെ റജബിലും ഷഹ്ബാനിലും നീ ഞങള്‍ക്ക് ബര്‍ക്കത്ത് നല്‍കണേ.., റമളാനില്‍ നീ ഞങളെ എത്തിപ്പിക്കുകയും നോമ്പും പിടിക്കാനും, രാത്രി നിന്നു  നിസ്കരിക്കാനും, ഖുര്‍ആന്‍ പാരായണം ചെയ്യാനും നീ ഭാഗ്യം നല്‍കണേ…” (ആമീന്‍)

ഈ ദുആ റജബില്‍ എല്ലാവരും വര്‍ദ്ദിപ്പിക്കുക.

സയ്യിദ് അബ്ബാസ്‌ ബിൻ അലവി മാലികി വഫാത്തായി


സയ്യിദ് അബ്ബാസ്‌ ബിൻ അലവി മാലികി

maliki

ലോക പ്രശസ്തനായ ആഷിഖു റസൂൽ മക്കയിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ സയ്യിദ് അബ്ബാസ്‌ ബിൻ അലവി മാലികി അൽ ഹസനി മക്കി നമ്മോട് വിട പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന് 71 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അബ്ബാസ് മാലിക്കി നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഹിജ്‌റ വര്‍ഷം 1368ല്‍ വിശ്രുത പണ്ഡിതനായിരുന്ന സയ്യിദ് അലവി അല്‍ മാലിക്കിയുടെ മകനായാണ് അബ്ബാസ് മാലിക്കി ജനിച്ചത്.

അള്ളാഹു അവരുടെ ദറജ ഉയര്‍ത്തി കൊടുക്കട്ടെ(ആമീന്‍) അള്ളാഹു മുത്ത് നബിയുടെ കൂടെ അവരെയും നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ (ആമീൻ)

By Muslim Ummath Posted in Islamic