അസ്സലാമു അലൈകും യാ ശഹ്രു റമളാന്‍


السلام عليكم يا شهر رمضان

പരിശുദ്ധ റമളാന്‍ നമ്മോടു വിട പറയുകയാണ്‌, അള്ളാഹു കണകറ്റ   അനുഗ്രഹങ്ങള്‍  വാരിചൊരിഞ്ഞു  തന്ന   ഈ ദിന രാത്രങ്ങള്‍ വിട ചോല്ലുംമ്പോള്‍ സത്യവിശ്വാസി കളുടെ ഹൃദയം എങ്ങനെ വേദനിക്കാതിരിക്കും, കഴിഞ്ഞ റമളാനില്‍ നമ്മുടെ കൂടെ ഉണ്ടായിരുന്ന പലരും ഇന്ന് ആറടി മണ്ണിനടിയിലാണ്. അടുത്ത റമളാനില്‍ നമ്മില്‍ ആരെല്ലാം പുണ്യ മാസത്തെ വരവേല്‍ക്കാന്‍ ഉണ്ടാകുമെന്ന് ഒരു ഗ്യാരണ്ടിയുമില്ല,  ഇനിയും ഒരുപാട് റമളാന്‍ മാസത്തെ സ്വീകരിക്കാന്‍ അള്ളാഹു നമുക്കാല്ലാവക്കും തൌഫീക്ക് ചൊരിഞ്ഞു തരട്ടെ (ആമീന്‍ ) ഈ റമളാന്‍ മാസം അനുകൂലമായി സാക്ഷി നില്‍ക്കാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ (ആമീന്‍ )

അസ്സലാമു അലൈകും യാ ശഹ്രു റമളാന്‍ … പുണ്യ മാസത്തെ വിശ്വാസികള്‍ നിറകണ്ണുകളോടെ വിട ചൊല്ലുകയാണ്, ഒരു മാസക്കാലം അല്ലാഹുവിന്റെ പ്രീതിക്കൊത്ത് അന്നവും വെള്ളവും വെടിഞ്ഞു പൂര്‍ണമായും അല്ലാഹുവിനു സമര്‍പ്പിച്ച തന്‍റെ ദാസന്മാര്‍ക്ക്‌ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും പൊന്‍‌വെട്ടവുമായി ഈദുല്‍ ഫിതര്‍ അഥവാ ചെറിയ പെരുന്നാള്‍ ആഘോഷ ദിനമായി അവന്‍ സമ്മാനിച്ചതാണ്, വ്രതസമാപ്തിയുടെ വിജയാഘോഷം എന്നാണ് ചെറിയ പെരുന്നാള്‍ കൊണ്ട് അര്‍ഥമാക്കുന്നത്.

മാനവ എൈക്യത്തിന്‍റെയും സഹോദര സ്നേഹത്തിന്‍റെയും ഉദാത്തമായ സന്ദേശമാണ് ഈദ് നല്കുന്നത്…..സകാത്തുല് ഫിത്൪ തന്നെ ഇതിന്‍റെ പ്രത്യേകതയാണ്. മറ്റു മതങ്ങളില് ഈ ആഘോഷത്തിന് സമാനതകളില്ലതാനും….റമളാനില് നേടിയെടുത്ത ആത്മ വിശുദ്ധിയുടെ പ്രകടനവും അത് ജീവിത്തില് പക൪ത്തുവാനുള്ള പ്രതിജ്ഞ കൂടിയാണ് ഈദ്….

പാവങ്ങളായ നമ്മുടെ സഹോദരന്മാരെ ഈ ദിവസം നമ്മുടെ ഫിത്ര്‍ സക്കാത്ത്‌ അരിക്ക് വേണ്ടി നമ്മുടെ വീട്ടിലേക്ക്‌ വരുത്താതെ നമ്മള്‍ അത് അവരുടെ വീട്ടില്‍ എത്തിച്ചു കൊടുക്കണം. ഫിത്വര്‍ സക്കാത്ത് കമ്മിറ്റിയെയോ മഹല്ലിനെയോ ഏല്പിച്ചാല്‍ നമ്മുടെ ഇബാദത്ത് ബാത്വില്‍ ആയിപോകും. അത് ഒരു ദീനിന്‍റെ അമല്‍ ആണ്. അരിക്ക് പകരം ചോര്‍ ഉണ്ടാക്കി കൊടുത്താല്‍ ഫിതര്‍ സക്കാതാവുകയില്ല. മതത്തില്‍ പുതിയത് ഉണ്ടാക്കി വിശ്വാസം തെറ്റിപ്പോകാതിരിക്കാന്‍ നാം ഇപ്പോഴും ശ്രദ്ധ വെക്കണം. ഫിതര്‍ സകാത്ത് അവകാശികള്‍ക്ക് എത്തിച്ചു കൊടുക്കുക.

പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ഒരു മുസ്ലിം സഹോദരനും തന്‍റെ അറിവില്‍ ഈ പെരുന്നാള്‍ ദിനത്തില്‍ പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പ്‌ വരുത്തണം. ശവ്വാല്‍ മാസപിറവി കണ്ടാല്‍ ഉടനെ തന്നെ ചെയ്യേണ്ട കാര്യവും ഇത്‌ തന്നെ. അത് കൊണ്ടാണ് അള്ളാഹു ഫിതര്‍ സക്കാത്ത്‌ നമുക്ക് നിര്‍ബദ്ധമാക്കിയത്. അയല്‍വാസി പട്ടിണി കിടക്കുമ്പോള് വയറ് നിറച്ചുണ്ണുന്നവ൯ നമ്മില്പെട്ടവരല്ലെന്ന് പഠിപ്പിച്ചവരാണ് പ്രവാചക൪.

ഒരു പെരുന്നാള് ദിവസം പ്രവാചക൪ നടക്കാനിറങ്ങി…കുട്ടികള് കളിക്കുകയാണ്, ഒരു  ബാല൯ വിഷണ്ണനായി ഇരിക്കുന്നു…പുതു വസ്ത്രമില്ല….കളിക്കുന്നുമില്ല   പ്രവാചക൯ അവനെ അടുത്തേക്ക് വിളിച്ചു….. അവന്‍റെ  പിതാവ് യുദ്ധത്തില് മരിച്ചിരുന്നു….പ്രവാചക൯ അവനെ വീട്ടിലേക്ക് വിളിച്ച് ഭക്ഷണവും പുതുവസ്ത്രവും നല്കി സന്തോഷിപ്പിച്ചു.,,ഇന്ന് മുതല് മുഹമ്മദ്‌ നബി നിന്‍റെ പിതാവും ആഇഷ നിന്‍റെ മാതാവുമാണ്…..,,,,ഈ വിശുദ്ധദിനത്തില് പ്രവാചക മാതൃക നാം മുറുകെപ്പിടിക്കണം….

വളരെ പ്രഭലമായ സുന്നത്തുള്ള നിസ്കാരമാണ് സ്വലാത്തുല്‍ ഈദ്‌, അത് എല്ലാവരും നഷ്ടപെടാതെ കുട്ടികളും വലിയവരുമായി പള്ളിയില്‍ പോയി നിസ്കരിക്കാന്‍ ശ്രദ്ദിക്കണം നിസ്കാരത്തിനു ശേഷമുള്ള ഖുതുബയും കഴിഞ്ഞു മാത്രമേ പിരിയാവൂ , നിസ്കാരത്തിനു ശ്രേഷ്ടമായത് പള്ളികളാണ് എന്ന് പുണ്യ റസൂല്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളതിനാല്‍ ഈദ്‌ ഗാഹുകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ എല്ലാവരും ശ്രദ്ദിക്കണം പെരുന്നാള്‍ നമസ്ക്കാരത്തിനു ശേഷം പരസ്പരം ആലിംഗനം ചെയ്യുന്നതും ഈദ്‌ സന്ദേശം കൈമാറുന്നതും നല്ലതാണ്, നമ്മില്‍  നിന്ന്  മരിച്ചുപോയ സഹോദരങ്ങളുടെ കബര്‍ സിയാറത്ത്‌ ചെയ്യുന്നതും  കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാനുള്ള ഗ്രഹ സന്ദര്‍ശനങ്ങളും വളരെ പുണ്യമാക്കപെട്ടതാണ് ഒരിക്കലും ആഘോഷങ്ങള്‍ അനിസ്ലാമികമാവാതിരിക്കാന്‍ ശ്രദ്ധിക്കണം. പെരുന്നാള്‍ നമസ്ക്കാരത്തിനു ശേഷവും തുടര്‍ന്നുള്ള ഫര്ള് നമ്സ്ക്കരങ്ങള്‍ക്ക് ശേഷവും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. ആഘോഷത്തിനിടയില്‍ ഫര്ള് നമസ്ക്കാരങ്ങള്‍ കളാ ആവാതെയും നഷ്ടപെടാതെയും സൂക്ഷിക്കണം.

ആഘോഷങ്ങല് ഇസ്ലാമികമാകണം. ആ൪ഭാടങ്ങളും ഫാഷ൯ഭ്രമങ്ങളും അനിസ്ലാമിക പ്രവണതകളും നമ്മുടെ ആഘോഷങ്ങളെ പേക്കൂത്തുകളായി മാറ്റുന്നു….ഒരു മാസം നീണ്ട വൃതാനുഷ്ടാനത്തിന്റെ പകലുകള്‍.പ്രാര്‍ത്ഥനകളാല്‍ സജീവമായിരുന്ന രാവുകള്‍… സൌഹൃദത്തിന്റേയും സ്നേഹത്തിന്റേയും ഭാഗമായ ഇഫ്ത്താറുകള്‍… നമ്മുക്ക്‌ നേടി തന്ന സൌഭാഗ്യങ്ങള്‍ ഒരു ആഘോഷത്തിന്‍റെ പേരില്‍ തട്ടിത്തെറുപ്പിക്കാതിരിക്കാ൯ വിശ്വാസികള്‍ ശ്രദ്ധിക്കണം……..പെരുന്നാള്‍ ആഘോഷത്തിന്‍റെ പേരില്‍ നടക്കുന്ന അനിസ്ലാമികമായ ഗാനമേള, അറേബ്യന്‍ ഒപ്പന, സംഗീത നിശ…തുടങ്ങിയവയില്‍ നിന്ന് വിശ്വാസികള്‍ വിട്ടുനില്‍ക്കുക, കുടുംബത്തോടൊപ്പം ബീച്ചുകളില്‍ പോയി അന്യരുമായി കൂടി കലര്‍ന്നുള്ള ആഘോഷങ്ങളും, പാര്‍ക്കുകളില്‍ ഔറത്തു വെളിവാക്കിയുള്ള അഴിഞ്ഞാട്ടങ്ങളും നിര്‍ത്തിയേ മതിയാകൂ. പെരുന്നാലാഘോഷത്തിന്റെ ഭാഗമായി കുടുംബത്തോടൊപ്പം ബീച്ചിലോ പാര്‍ക്കിലോ എവിടെയായാളും പോകുമ്പോള്‍ അത് ഇസ്ലാമിക മര്യാദകള്‍ പാലിച്ചുവേണമെന്നു മാത്രം.

വാക്കും നോക്കും പ്രഭാതവും പ്രദോഷവും… ജീവിതമഖിലം ഈ പുണ്യ മാസത്തിന്റെ സാന്നിധ്യം കൊണ്ട് പ്രഭാ പൂരിതമായിരുന്നു, ആത്മാവും ശരീരവും സമ്പത്തും സംസ്കരിപ്പെട്ട പുണ്യ ദിനരാത്രങ്ങള്‍ പോയ്‌ മറയുകയാണ്… ഇനിയും ഒരുപാട്  റമളാന്‍ മാസങ്ങളെ   ആതിഥേയനാവാനുള്ള ആയുസ്സിനായുള്ള‍ പ്രാര്‍ത്ഥനയോടെ ഈ പുണ്യങ്ങളുടെ പൂക്കാലത്തെ നമ്മുക്ക് യാത്രയാക്കാം……!

Eid Mubarak

പരിശുദ്ദ റമളാന്‍ മാസത്തില്‍ ആര്‍ജിച്ച ആത്മീയ ചൈതന്യം നിലനിര്‍ത്തി സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും ഈദുല്‍ ഫിതറിന്‍റെ ഒരായിരം പൂക്കള്‍ വിരിയട്ടെ…….ഏവ൪ക്കും ആത്മ ഹ൪ഷത്തിന്റ്റെ ഒരായിരം ഈദുല്‍ ഫിത്തര്‍ ആശംസകള്‍…

ബദരീങ്ങളെ സ്മരിക്കുമ്പോള്‍ …….!


എ.ഡി 624 ല്‍, ഹിജ്‌റയുടെ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിനാണ് ബദര്‍ യുദ്ധം നടന്നത്. മുഹമ്മദ് നബി (സ.അ) യും 313 സഹാബിമാരും ഒരു സത്യവിശ്വാസത്തിന്റെ ഭാഗത്തും മക്കയിലെ പ്രമുഖനായ അബുജഹ് ലിന്റെ കീഴില്‍ ആയിരത്തോളം പടയാളികളും മറുപക്ഷത്തും നിരന്ന ഇസ്ലാം ചരിത്രത്തിലെ ശത്രുക്കളുമായി നടത്തിയ ആദ്യത്തെ യുദ്ധം. അതിന്റെ ഫലം വളരെ നിര്‍ണ്ണായകമായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായാണ് ചരിത്ര കാരന്മാര്‍ ഈ യുദ്ധത്തെ കാണുന്നത്. 

ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു ബദ്‌ര്‍ യുദ്ധം.ആയിരത്തോളം വരുന്ന സര്‍വ്വായുധസജ്ജരാ‍യ ശത്രുക്കള്‍ക്കെതിരേ വെറും മുന്നൂറ്റിപ്പതിമൂന്ന് പോരാളികള്‍ വിജയം നേടിയത് ആയുധ ബലം കൊണ്ടോ യുദ്ധനൈപുണ്യം കൊണ്ടോ അല്ല. വിശ്വാസദാര്‍ഢ്യവും സത്യമാര്‍ഗ്ഗത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കാനുള്ള സന്നദ്ധതയും അനുസരണയും ഒത്തൊരുമയാണ് ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് വിജയം നേടികൊടുത്തത്. അതു തന്നെയാണ് ബദ്‌ര്‍ എക്കാലത്തേക്കും നല്‍കുന്ന സന്ദേശം

റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിയതിനു തൊട്ടു പിറകിലായാണ് ബദര്‍ യുദ്ധം ഉണ്ടായത്. ബദറില്‍ നബിയും അനുചരന്മാരും സര്‍വ്വായുധ സജ്ജരായ ശത്രു സൈന്യത്തെ നേരിട്ടത് തികച്ചും നിരായുധരായിട്ടായിരുന്നു. മാത്രമല്ല അവര്‍ക്ക് അത്യാവശ്യ ഭക്ഷണം പോലും അപ്പോള്‍ ലഭിച്ചിരുന്നില്ല. എന്നിട്ടും വിജയം കൊണ്ട് നബിയെയും അനുചരന്മാരെയും അല്ലാഹു അനുഗ്രഹിച്ചു. 

റമളാന്‍ പതിനേഴ് വെള്ളിയാഴ്ച ദിവസം പ്രഭാതമായതോടെ ഇരുസൈന്യവും ബദ്ര്‍ താഴ്‌വരയില്‍ മുഖാമുഖം നിന്നു. നബി(സ) അണികളെ ക്രമീകരിച്ചു നിര്‍ത്തിയ ശേഷം ശത്രുസൈന്യത്തെ വീക്ഷിച്ചു. മുസ്‌ലിംകളുടെ മൂന്നിരട്ടി വലുപ്പമുള്ള ശത്രുസൈന്യം. ഒരു ഭാഗം നിറയെ അവരുടെ കുതിരകളും, ഒട്ടകങ്ങളുമാണ്. പടക്കോപ്പുകളുടെ വമ്പിച്ച ശേഖരം. ആര്‍പ്പുവിളികളും അട്ടഹാസങ്ങളും മുഴക്കുകയാണവര്‍. എണ്ണത്തിന്റെയും വണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയം നിശ്ചയിക്കുന്നതെങ്കില്‍, ഇന്ന് വിജയം മക്കക്കാര്‍ക്കു തന്നെ! സംശയമില്ല. പക്ഷേ, കാര്യം അങ്ങനെയല്ല. വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് അല്ലാഹുവിന്റെ കരങ്ങളാണ്! 

അവിടുന്ന് അനുചരരിലേക്ക് നോക്കി. നിരായുധരെന്നു പറയാവുന്ന വിധത്തിലുള്ള ഒരുപിടി ആളുകള്‍! മൈതാനത്തിലൊരിടത്ത് അവരുടെ രണ്ടു കുതിരകളും ഒട്ടകങ്ങളുമുണ്ട്. ഒരു ഭാഗത്ത് കൂറ്റന്‍ പട! മറുഭാഗത്ത് ഒരു കൊച്ചുസംഘം. ആ കൊച്ചു സംഘത്തെ നോക്കുന്തോറും അവിടുത്തെ മുഖം വിവര്‍ണ്ണമായി! തിരുനയനങ്ങള്‍ നിറഞ്ഞു! അവിടുന്ന് തമ്പിലേക്ക് മടങ്ങി. റസൂല്‍(സ)യുടെ ഭാവപ്പകര്‍ച്ച കണ്ട് അബൂബക്കര്‍ (റ)ഉം പിന്നാലെ തമ്പിലേക്ക് കയറി. തമ്പിലേക്ക് കയറിയ റസൂല്‍ (സ) കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി അല്ലാഹുവിന്റെ മുന്നില്‍ നിറകണ്ണുകളോടെ അവിടുന്ന് പ്രാര്‍ത്ഥിച്ചു. കണ്ണു നിറഞ്ഞ പ്രാര്‍ഥന: ”അല്ലാഹുവേ…. ഒരു പിടി മാത്രമുള്ള ഈ ചെറുസംഘത്തെ ഈ ദിവസം നീ നശിപ്പിക്കുകയാണെങ്കില്‍ പിന്നെ, ഈ ഭൂമുഖത്ത് നിന്നെ ആരാധിക്കുന്നവരായി ആരുമുണ്ടായിരിക്കുന്നതല്ല. അല്ലാഹുവേ… നീ എനിക്കു നല്‍കിയ വാഗ്ദാനം പൂര്‍ത്തിയാക്കിത്തരേണമേ…. നിന്റെ സഹായം ആവശ്യമുള്ള സമയമാണിത്. നിരായുധരായ എന്റെ സംഘത്തെ നീ സഹായിക്കേണമേ…….” 

ഈമാനിക ശക്തിക്കു മുന്നില്‍ താഗൂത്തിന്റെ ശക്തിക്കു പിടിച്ചുനില്‍ക്കാനായില്ല. മുന്‍നിരയിലുണ്ടായിരുന്ന ശത്രുക്കളെ മുസ്‌ലിംകള്‍ തുരത്തിയോടിച്ചുവിട്ടപ്പോള്‍ പരിഭ്രമിച്ച പിന്‍നിരക്കാരും പിന്തിരിഞ്ഞോടാന്‍ തുടങ്ങി. ഹംസ(റ)യും അലി(റ)യും മുസ്അബ്(റ)മെല്ലാം ജീവന്‍ മറന്നു പൊരുതി. മുസ്‌ലിംകളുടെ ശക്തമായ ചെറുത്തുനില്‍പ്പ് പ്രവാചക(സ)നെപ്പോലും വിസ്മയിപ്പിച്ചു. അവിടുത്തെ മുഖം പ്രഭാപൂരിതമായി. ഇത് അല്ലാഹുവിന്റെ സഹായമല്ലാതെ മറ്റൊന്നുമല്ല! നന്ദിയോടെ അവിടുന്ന് ദൃഷ്ടികള്‍ മോലോട്ടുയര്‍ത്തി. പെട്ടെന്ന് തിരുവദനം സന്തോഷം കൊണ്ട് വികസിച്ചു. അവിടുന്ന് വിളിച്ചു പറഞ്ഞു: ”ഇതാ…. അല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു… അല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു…..”  ജിബ്‌രീല്‍ (അ)ന്റെ നേതൃത്വത്തില്‍ ഒരു സംഘം മലക്കുകള്‍ അപ്പോള്‍ ആകാശത്തു നിന്നു ഇറങ്ങുകയായിരുന്നു!

ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക യുദ്ധത്തെ വിശ്വാസികള്‍ എന്നും ഓര്‍ത്തുവെക്കുന്നു. റമദാനില്‍ ബദര്‍ ദിനാചരണവും ബദ്‌രീങ്ങളുടെ മഹത്വം വാ‍ഴ്തി പാടലും നടക്കുന്നു. ഈ സ്മരണയിലൂടെ നാം വിശ്വാസത്തിന്റെ വിജയത്തെ ഒന്നു കൂടി മനസ്സിലാക്കുന്നു. ബദ്‌ര്‍ പോരാളികളെ മുസ്‌ലിം ലോകം എക്കാലവും ആദരവോടെയാണ് കണ്ടിട്ടുള്ളത്. പ്രവാചക തിരുമേനിയുടെ കാലം മുതല്‍ ഖലീഫമാരുടെ കാലഘട്ടത്തിലും ബദ്‌ര്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് ഏറ്റം മുന്തിയ പരിഗണനയാണ് നല്‍കപ്പെട്ടിരുന്നത്.

ഒരിക്കല്‍ നബി തിരുമേനി (സ) മദീനയിലെ ഒരു വീട്ടിലെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനായി വന്നപ്പോള്‍ ചില പെണ്‍കുട്ടികള്‍ ബദര്‍ രക്തസാക്ഷികളുടെ അപദാനം വാഴ്ത്തിപ്പാടുന്നത് ശ്രദ്ധിച്ചു. നബി(സ)കണ്ടപ്പോള്‍ സ്വാഭാവികമായും പെണ്‍കുട്ടികള്‍ നബിയെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. ഉടന്‍ നബി(സ) അവരോട് ഇങ്ങനെ പറഞ്ഞു: “ഇത് നിര്‍ത്തി നിങ്ങള്‍ മുമ്പ് പാടിയതു തന്നെ പാടുവിന്‍…” (സ്വഹീഹുല്‍ ബുഖാരി 4/1496. നമ്പര്‍ 3779).

ബദ്‌ര്‍ പോരാളികളെ നബി(സ)യും അനുചരന്മാരും ആദരിച്ച, പ്രകീര്‍ത്തിച്ച നിരവധി സംഭവങ്ങള്‍ ഹദീസില്‍ കാണാം. ബദ്‌റില്‍ പോരാടിയ ഈ 313 പേരെ അല്ലാഹുവും റസൂലും(സ) പൂര്‍ണ്ണമായി തൃപ്തിപ്പെടുകയും, മുഹമ്മദ് (സ)യുടെ സമുദായത്തിലെ അതുല്യരായി അവരെ വാഴ്ത്തുകയും ചെയ്തു. അവരുടെ തെറ്റുകള്‍ അല്ലാഹു പൊറുക്കുമെന്ന് വാഗ്ദത്തം ചെയ്യപ്പെട്ടു. സമുദായത്തില്‍ അവരെ ഏറ്റവും ശ്രേഷ്ടരാക്കിയ പോലെ, ബദ്‌റില്‍ പങ്കെടുത്ത മലക്കുകളെയും, അല്ലാഹു ശ്രേഷ്ഠരാക്കിയിട്ടുണ്ടെന്നും ജിബ്‌രീല്‍(അ) അറിയിച്ചു. വാനലോകത്തും, ഭൂമിയിലും ബദ്ര്‍ പോരാളികള്‍ ഒരു പോലെ വാഴ്ത്തപ്പെട്ടു. സദസ്സുകളില്‍ നബി(സ) അവരെ പ്രത്യേകം പരിഗണിക്കുകയും, മറ്റു സ്വഹാബാക്കള്‍ അവരെ പ്രത്യേകമായി ആദരിക്കുകയും ചെയ്തിരുന്നു.

മഹാത്മാക്കളുടെ ഈ പാരമ്പര്യം ഇന്നും മുസ്‌ലിംകള്‍ കൈവിടാതെ സൂക്ഷിക്കുന്നു. റമദാന്‍ പതിനേഴാം രാവില്‍ അവര്‍ ബദ്‌ര്‍ രക്തസാക്ഷികളുടെയും പോരാളികളുടെയും മഹത്വം ഘോഷിക്കുന്നു, അപദാനങ്ങള്‍ പാടുന്നു, ഭക്ഷണം ദാനം ചെയ്യുന്നു. ഇസ്‌ലാമിക പാരമ്പര്യത്തിലെ ഏറ്റവും ചൈതന്യവത്തായ ഒരു മഹാസംഭവത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ബദ്‌ര്‍ ദിനം ജീവിതം സംശുദ്ധവും സുധീരവുമാക്കാന്‍ നമുക്ക് പ്രേരണ ആകേണ്ടതാ‍ണ്.

ബദറില്‍ പങ്കെടുത്ത 313 സഹാബികളുടെ പേരുകള്‍ കോര്‍ത്ത മൌലൂദിലെ ഈരടികള്‍ പ്രായമായവര്‍ക്കൊക്കെ മനപാഠമായിരുന്നു. ആ പേരുകളുടെ ഈണത്തിലുള്ള വായന എല്ലാ വീടുകളില്‍ സജീവമായിരുന്നു. ബദരീങ്ങളുടെ പേരുകള്‍ക്കു എന്തു മാത്രം പോരിശകള്‍… അതെല്ലാം അനുഭവത്തില്‍ അറിഞ്ഞവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍, ആ പേരുകള്‍ പോലും കാവല്‍, വാതില്‍ക്കലവ‍ എഴുതിത്തൂക്കി ദൂരയാത്ര പോയ ബഗ്ദാദിലെ കച്ചവടക്കാരന്‍റെ വീട് കുത്തിത്തുറന്ന കള്ളന്‍മാര്‍ തട്ടിന്‍ പുറത്തെ തട്ടും മുട്ടും കേട്ട് തടിയെടുത്ത കഥ ഇമാം ഹദീസില്‍ വായിക്കാന്‍ നമുക്ക് കഴിയും. ഇന്നത്തെ തലമുറ അതെല്ലാം വിസ്മരിക്കുന്ന കാഴ്ച ഇന്ന് ജീവിച്ചിരിക്കുന്ന ആ പ്രായമായവരുടെ ഹൃദയം ഒരുപാട് വേദനിപ്പിക്കുന്നു,

ബദരീങ്ങള്‍ക്ക് ഒരു പ്രാഥാന്യവും നല്‍കാതെ അവരെ അവമതിക്കുന്ന കക്ഷികള്‍ ഇന്നും നമ്മുക്കിടയിലുണ്ട്, ഖവാരിജുകളുടെയും മുഅതലിസത്തുകാരുടെയും പിന്‍ തലമുറക്കാരായ ഈ ബിദഈകക്ഷികളെ നാം അകറ്റി നിര്‍ത്തുകയും, നമ്മുടെ തലമുറയെ അവരുടെ ശര്‍റില്‍ നിന്ന് കാത്തു കൊള്ളാന്‍ വളരെ ഗൌരവമായി എല്ലാവരും ശ്രദ്ദ വെക്കുകയും വേണം.

അള്ളാഹു നമ്മുടെ ജീവിതത്തില്‍,  നമ്മുടെ കുടുംബത്തില്‍,  നമ്മുടെ സമുദായത്തില്‍….    ബദരീങ്ങളുടെ കാവല്‍ എല്ലായിപ്പോഴും സദാ വര്‍ഷിക്കുമാറാകട്ടെ (ആമീന്‍ )

യാ റസൂലള്ളാഹ്…. അങ്ങേക്ക് സലാം!


‘യാ നബി സലാം അലൈക്കും’ 

യാ റസൂലള്ളാഹ്…. അങ്ങേക്ക് സലാം!

  അങ്ങയെ  ഞങ്ങള്‍ സ്നേഹിക്കുന്നു,  ഞങ്ങളുടെ   സന്താനങ്ങലേക്കാള്‍    സമ്പത്തിനേക്കാള്‍ , സ്വശരീരത്തേക്കാള്‍ അങ്ങാണ് ഞങ്ങളുടെ നായകന്‍!!, അങ്ങയിലാണ് ഞങ്ങളുടെ രക്ഷകന്‍ ! അങ്ങ് ഞങ്ങക്ക് വേണ്ടി എന്തല്ലാം സഹിച്ചു…….. ബദ് റില്‍  ഉഹുദില്‍ ഖന്‍ന്തഖില്‍  ഹുനൈനില്‍ …. 

കത്തിജ്ജ്വലിക്കുന്ന  നരകാഗ്നിയെ  ഊതികെടുത്താന്‍ നിയോഗിതരായ  സൃഷ്ടി ശ്രേഷ്ടരില്‍  ഉത്തമനാണങ്ങ്, ഇരുപത്തിമൂന്ന് വര്‍ഷത്തെ അങ്ങയുടെ സംഭവബഹുലമായ ജീവിതം അതിന്റെ മുമ്പുള്ള നാല്പതു വര്‍ഷത്തെ അത്ഭുതങ്ങളുടെ കലവറയായ നീവിതം ഞങ്ങള്‍ ഓര്‍ക്കുമ്പോള്‍ അഭിമാനം! ഹോ !  ഞങ്ങള്‍ എത്ര ഭാഗ്യവന്മാര്‍.,… തലമുറകള്‍ കാത്തിരുന്ന അങ്ങയെ ഞങ്ങള്‍ക്ക് ലഭിച്ചു എത്രയെത്ര പ്രവാചകര്‍, ഗ്രന്ഥങ്ങള്‍, അങ്ങയുടെ വരവിനെ പ്രവചിച്ചു… എന്നിട്ടും അങ്ങയുടെ വില മനസ്സിലാക്കാത്തവര്‍, അങ്ങയുടെ അധ്യാപനത്തിനെതിരെ  പുറം തിരിഞ്ഞു നില്‍ക്കുന്നവര്‍…!

ഈ പുണ്യ റബീഉല്‍ അവ്വല്‍ ! അങ്ങയുടെ ജന്മം കൊണ്ടനുഗ്രഹീത മാസം ഞങ്ങള്‍ക്ക് സന്തോഷം ! ആഹ്ളാദം ! അഭിമാനം !      സുകൃതങ്ങളുടെ പ്രതീകമല്ലെയങ്ങ്! കാരുണ്യത്തിന്‍റെ  നിറകുടവുംറഹ്മത്തുല്‍ ആലമീന്‍ എന്നല്ലാഹു  പ്രകീര്‍ത്തിച്ചതിനെ അങ്ങ് പൂര്‍ണ്ണമായി അന്യര്‍ത്ഥമാക്കിഅങ്ങയുടെ കാരുണ്യം ലഭിക്കാത്ത ജീവജാലങ്ങളുണ്ടോമനുഷ്യര്‍മൃഗങ്ങ.ള്‍പറവകള്‍സകലര്‍ക്കും….  ഞങ്ങളോര്‍ക്കുന്നു.. ശൈത്യശമനത്തിനായി കത്തിക്കപെട്ട തീയില്‍ ഉറുമ്പ്‌ വീഴുമോയെന്നോര്‍ത്തു അതണച്ചു വെറുങ്ങലിച്ചുനിന്നയങ്ങുഉടമസ്ഥന്‍റെ അനാസ്ഥമൂലം മെലിഞ്ഞോട്ടിയ ഒട്ടകത്തിന്‍റെ ഉടമയെ ശാസിച്ചയങ്ങു എത്ര കാരുണ്യവാന്‍!

അങ്ങയുടെ പിതൃവ്യന്‍ ഹംസ (റ) നിഷ്ടൂരമായി   വധിക്കുകയും അങ്ങയെ വധിക്കാന്‍ ഉറപ്പിക്കുകയും ചെയ്തവഹ്ശിക്ക്ഹിന്ദിന്ന്  മാപ്പ് നല്‍കിയ അങ്ങെത്ര ക്ഷമാശീലന്‍,  ശത്രു സൈന്യത്തിലെ കുട്ടികള്‍ മരിച്ചതിനു വിതുമ്പിയ താങ്കള്‍ , ബദ് ര്‍  യുദ്ദത്തിലെ  ബദ്ദശത്രു  അല്‍ഹാദയുടെ  പുത്രിയുടെ കണ്ണീരോടൊപ്പം കണ്ണീര്  പൊഴിച്ചയങ്ങ് , അങ്ങെത്ര  ദയാലു !

 കുഴിച്ച്‌ മൂടപ്പെട്ടിരുന്ന   പെണ്‍ കുട്ടികളുടെ രക്ഷകന്‍ അല്ലയോ. അടിച്ചമര്‍ത്തപ്പെട്ട അടിമവര്‍ഗ്ഗത്തിന് ശാന്തിയായി അങ്ങ് വന്നത് ഞങ്ങളോര്‍ക്കുന്നുവിയര്‍പ്പ് വറ്റും  മുമ്പ് തൊഴിലാളിക്ക്  വേതനം  നല്‍കണമെന്ന്  പഠിപ്പിച്ചതും അങ്ങല്ലോ..! അങ്ങയുടെ വിടവാങ്ങല്‍ പ്രഭാക്ഷണത്തില്‍ പോലും സ്ത്രീ മോചനത്തിന്റെ കാഹളം മുഴങ്ങിയത്  ഞങ്ങള്‍ അഭിമാനത്തോടെ സ്മരിക്കുന്നു!

പലിശക്കെതിരെ  പടവാളുമായി അങ്ങ് നയിച്ച സാമ്പത്തിക വിപ്ളവം എത്ര മനോഹരംഅങ്ങയെ ആക്രമിച്ചു മക്കയില്‍ നിന്ന് പുറത്താക്കിയ മക്കക്കാര്‍ അങ്ങയുടെ കാല്‍ക്കീഴില്‍ വന്നണഞ്ഞപ്പോള്‍ അവര്‍ക്ക് ശിക്ഷയായി അക്ഷരധ്യാപനം കല്കിയ അങ്ങയുടെ അക്ഷര സ്നേഹം ഞങ്ങളെങ്ങിനെ  മറക്കും! അല്ലലില്ലാതെ  അലട്ടലില്ലാതെ അങ്ങ് നയിച്ച കുടുംബജീവിതംഅതെത്ര തൃപ്തികരം.

 മദ്യത്തിനെതിരെചൂതാട്ടത്തിനെതിരെകൊലക്കും കൊള്ളക്കുമെതിരില്‍,  വ്യഭിചാരത്തിനെതിരില്‍ അനീതിക്കെതിരില്‍അങ്ങ് കാഴ്ചവെച്ച ധാര്‍മ്മിക വിപ്ലവം,    അതെത്ര  പ്രായോഗികം ! ലക്ഷത്തില്‍പരം അനുചരരെ നക്ഷത്ര തുല്യരാക്കിയ ഹ്രസ്വകാല പ്രബോധനം എത്ര ശാസ്ത്രീയം.  

യാ ഹബീബള്ളാഹ്!    യാ റസൂലള്ളാഹ്! അങ്ങയുടെ ശഫാഅത്തിന്  ഞങ്ങള്‍ കൊതിക്കുന്നു, അങ്ങയുടെ ഹൗളുല്‍കൗസറിന്  ഞങ്ങള്‍ ആഗ്രഹിക്കുന്നു, അങ്ങ് ഞങ്ങളെ കൈ വിടരുതേ! ഞങ്ങള്‍ അര്‍ഹരല്ലയെങ്കിലും…. യാ നബി സലാം അലൈക്കും യാ റസൂല്‍  സലാം അലൈക്കും

ആമീന്‍ …. ആമീന്‍ …. യാ റബ്ബല്‍  ആലമീന്‍

images

വിശ്വ മാനവികതയുടെ പ്രവാചകർ മുഹമ്മദ്‌ നബി (സ) യുടെ ജന്മദിനം ലോകമൊട്ടാകെ സമുചിതമായി ആഘോഷിക്കുന്ന ഈ പൊന്‍ സുദിനങ്ങളിൽ ഓരോ വിശ്വാസിയും പുണ്യ പ്രവാചകന്‍ (സ) തങ്ങള്‍ പഠിപ്പിക്കുകയും ഊന്നിപ്പറയുകയും ചെയ്ത വിശ്വാസികള്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ട പരസ്പരം സ്നേഹവും സഹോദര്യവും അത് വീണ്ടെടുക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യേണ്ട സമയം കൂടിയാണ്. “അനസില്‍(റ)നിന്ന്: നബി(സ്വ) പറഞ്ഞു: നിങ്ങള്‍ പരസ്പരം ദേഷ്യപ്പെടുകയോ അസൂയ കാണിക്കുകയോ അന്യോന്യം പുറംതിരിഞ്ഞ് (പിണങ്ങി) നില്‍ക്കുകയോ ചെയ്യരുത്. അല്ലാഹുവിന്റെ അടിയാറുകളേ, നിങ്ങള്‍ സഹോദരങ്ങളാവുക. മൂന്ന് ദിവസത്തിലധികം തന്റെ സഹോദരനുമായി (മുസ്ലിമുമായി) പിണങ്ങിനില്‍ക്കല്‍ മുസ്ലിമിന് അനുവദനീയമല്ല”. ലോകത്തിനാകമാനം അനുഗ്രഹമായി കാരുണ്യത്തിന്റെ പ്രതീകമായ തിരു ദൂതരുടെ അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്താനും സ്നേഹവും സഹോദര്യവും നിലനിര്‍ത്തുവാനും ഈ പുണ്യ റബീഅ നമുക്ക് തുണയാകട്ടെ (ആമീന്‍) എന്ന പ്രാര്‍ത്ഥനയോടെ…

നേരുന്നു ഏവര്‍ക്കും ‘മുസ്ലിം ഉമ്മത്തിന്റ് ‘ ഒരായിരം നബിദിനാശംസകള്‍

വരവേല്‍ക്കാം പുണ്യ റബീഉല്‍ അവ്വല്‍ മാസത്തെ..!


വരവേല്ക്കാം് പുണ്യ റബീഉല്‍ അവ്വല്‍ മാസത്തെ..!

ഹിജ്റ പുതുവര്‍ഷത്തിന്‍റെ പ്രാരംഭ മാസം മുഹറം വിടചൊല്ലി പുണ്യ റബീഅയെ തൊട്ടുരുമ്മി നില്‍ക്കുന്ന സഫര്‍ മാസം ഏതാനും ദിനങ്ങള്‍ കഴിഞ്ഞാല്‍ നമ്മോടു വിടപറയുകയാണ്, പരിശുദ്ദ റബീഉല്‍ അവ്വല്‍ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ മനസാ വാചാ കര്‍മ്മണ ഒരുങ്ങി കഴിഞ്ഞു.

റബീഉല്‍ അവ്വല്‍ എന്നാല്‍ ‘വസന്തത്തിന്‍റെ ആദ്യ മാസം’ എന്നാണ്, വസന്തകാലം കടുത്ത ചൂടോ തണുപ്പോ ഇല്ലാത്ത, ഏറ്റവും സുന്ദരവും സൌമ്യവുമായ കാലമാണ്. എന്തു കൊണ്ടാണ് നബി(സ)യുടെ ജനനം ആ മാസത്തിലായത്? ഒരു പക്ഷെ പ്രവാചക പ്രവരന്‍ റമദാനിലോ ശഅ്ബാനിലോ മറ്റ് വിശുദ്ധ മാസങ്ങളില്‍ ഏതെങ്കിലുമൊന്നിലോ ആയിരുന്നു പിറന്നിരുന്നതെങ്കില്‍, ആ മാസങ്ങളുടെ പവിത്രത കൊണ്ട് തിരുനബി മഹത്വവത്കരിക്കപ്പെടുന്നതായി ആളുകള്‍ ചിന്തിക്കാവുന്നതാണ്. പക്ഷേ, മുത്ത്‌ നബി(സ) തങ്ങള്‍ റബീഉല്‍ അവ്വലില്‍ ജനിക്കുന്നതോടെ ആ ഒരൊറ്റക്കാരണം കൊണ്ട് ആ മാസമാണ് പവിത്രീകരിക്കപ്പെടുന്നത്. അതെ ലോക ഗുരുവിന്റെ ജന്മദിനത്തിന് സാന്നിധ്യം നല്‍കിയത് കൊണ്ടാണ് വിശുദ്ധ റബീഉല്‍ അവ്വല്‍ വിശ്വാസികളില്‍ ആവേശമുയരുന്നത്. വിശ്വാസിയുടെ ഹൃദയം സന്തോഷത്താല്‍ ആനന്ദപൂരിതമാകും, മസ്ജിദുകളില്‍ നിന്നുയരുന്ന മദ്ഹു ഗീതങ്ങള്, സ്വലാത്ത് ധ്വനികള്, ഓത്തു പള്ളികളില്‍ കുട്ടികള്‍ ആവേശത്താല്‍ മുഴക്കുന്ന “യാ നബി സലാം ………” ഈരടികള്, അതെ അവിടത്തേക്ക് സ്വലാത്തുകള്‍ വര്‍ദ്ധിപ്പിച്ചും, അവിടത്തെ മദ്ഹു ആലപിച്ചും ആ പുണ്യ മാസത്തെ വരവേല്‍ക്കാന്‍ ലോകത്തിലെ എല്ലാ വിശ്വാസികളും തയ്യാറെടുക്കുകയാണ്.

ആത്മീയ ആവേശത്തോടെ പുണ്യ റബീഇനെ വാരിപ്പുണരാന്‍ വെമ്പല്‍ കൊള്ളുന്ന ഓരോ വിശ്വാസിയും പുണ്യ പ്രവാചകന്‍ (സ) തങ്ങള്‍ പഠിപ്പിക്കുകയും ഊന്നിപ്പറയുകയും ചെയ്ത വിശ്വാസികള്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ട പരസ്പരം സ്നേഹവും സഹോദര്യവും അത് വീണ്ടെടുക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യേണ്ട സമയം കൂടിയാണ്. “അനസില്‍(റ)നിന്ന്: നബി(സ്വ) പറഞ്ഞു: നിങ്ങള്‍ പരസ്പരം ദേഷ്യപ്പെടുകയോ അസൂയ കാണിക്കുകയോ അന്യോന്യം പുറംതിരിഞ്ഞ് (പിണങ്ങി) നില്‍ക്കുകയോ ചെയ്യരുത്. അല്ലാഹുവിന്റെ അടിയാറുകളേ, നിങ്ങള്‍ സഹോദരങ്ങളാവുക. മൂന്ന് ദിവസത്തിലധികം തന്റെ സഹോദരനുമായി (മുസ്ലിമുമായി) പിണങ്ങിനില്‍ക്കല്‍ മുസ്ലിമിന് അനുവദനീയമല്ല”. പരസ്പരം സഹോദരങ്ങളാവണമെന്ന് വിശ്വാസികളെ ശക്തമായി ഉപദേശിച്ചുകൊണ്ട് അവിടെന്ന് പ്രവാചകന്‍(സ്വ) പറയുകയുണ്ടായി “അല്ലാഹുവിന്റെ ദാസന്‍മാരേ, നിങ്ങള്‍ സഹോദരങ്ങളാവുക. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. അവനോട് അക്രമം കാണിക്കുകയില്ല; അവനെ കൈവെടിയുകയില്ല; അവനെ നിസ്സാരനായി കാണുകയില്ല. എന്നിട്ട് മൂന്ന് തവണ നെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് പ്രവാചകന്‍(സ്വ) പറഞ്ഞു: ഇവിടെയാണ് തഖ് വ, തന്റെ സഹോദരനായ മുസ്ലിമിനെ നിന്ദിക്കുന്നതുതന്നെ തിന്മയായി ഒരാള്‍ക്ക് മതി. തന്റെ സഹോദരന്റെ രക്തവും സമ്പത്തും അഭിമാനവുമെല്ലാം ഓരോ മുസ്ലിമിനും നിഷിദ്ധമാണ്” ഈ പ്രവാചക വചനം ഉള്‍ക്കൊണ്ട്‌ വര്‍ത്തിക്കാന്‍ പുണ്യ റബീഅ നമ്മുക്ക് പ്രചോദനം നല്‍കുന്നതാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

എല്ലാവര്‍ഷവും, റബിഉല്‍ അവ്വല്‍ മാസം വന്നണയുമ്പോള്‍ ദൈവത്തിന്റെ മഹാനായ പ്രവാചകന്റെ തിരുപ്പിറവിയുടെ സ്മരണ സര്‍വ പ്രപഞ്ചങ്ങളെയും സൌരഭ്യമണിയിക്കുകയാണ്, തിരുമേനിയുടെ ജീവചരിത്ര ഗ്രന്ഥങ്ങള്‍ വായിച്ചുകൊണ്ടും അതില്‍ നിന്ന് അനര്‍ഘമായ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടും കോടിക്കണക്കിന് മുസ്ലിംകള്‍ ലോകമെമ്പാടും ആ മഹാസുദിനം ആഘോഷിക്കുന്നു. തിരുമേനിയുടെ ജീവിതഗാഥ ചൊല്ലുകയും ആബാലവൃദ്ധം ജനങ്ങളിലേക്കും അതു വഴി മഹാഗുരുവിന്റെ സന്ദേശമെത്തിക്കുകയും ചെയ്യുന്നു.

പ്രവാചക സ്നേഹവും തിരുനാളിനോടും ജീവിത ദൌത്യത്തോടുമുള്ള ആദരവും ഏതൊരു മനുഷ്യനും എല്ലാ നന്മയും പ്രദാനം ചെയ്യും. മുസ്ലിമിന്‍റെ സ്നേഹം ജഢികമല്ല. ആത്മീയമാണ്. അവന്‍ മുത്ത്‌ നബിയെ ഹൃദയം നിറഞ്ഞ് സ്നേഹിക്കുന്നു, ആ സ്നേഹം സ്വലാത്തായി, ദിക്ക്റായി മൗലിദായി, വിളിയായി ഒഴുകുന്നു.

എന്നിട്ടും നമ്മുടെ കൂട്ടത്തില്‍ ചിലരുണ്ട് മുത്ത്‌ നബിയുടെ വില മനസ്സിലാക്കാത്തവര്‍…., റബിഉല്‍ അവ്വല്‍ മാസം ആഗതമാകുമ്പോള്‍ അവര്‍ക്ക് നെഞ്ചിടിപ്പ് കൂടുന്നു..! വായ്‌ തുറക്കുമ്പോള്‍ പരിഹാസം ചൊരിയുന്നവര്‍, പ്രവാചക ശ്രേഷ്ടരെ ആക്ഷേപിക്കാനായി തൂലിക ചലിപ്പിക്കുന്നവര്‍, അവിടത്തെ പൊന്നുപ്പയേയും പൊന്നുമ്മയേയും കുടുംബത്തെയും കുടുംബ പരമ്പരയില്‍പെട്ട സെയ്യിദന്മാരെയും പരിഹസിക്കാനും അവഹേളിക്കാനും സമയം കണ്ടെത്തുന്നവര്‍, ഇന്നവര്‍ അനുഭവിക്കുകയാണ്, അള്ളാഹു അവരെ സമൂഹത്തിന് മുമ്പില്‍ പരിഹാസരാക്കി, പരസ്പരം ശിര്‍ക്കാരോപിച്ചു തമ്മില്‍ കലഹിക്കുന്ന കാഴ്ച. ഇത്തരം നവീന വാദികളുടെ ശര്‍റില്‍ നിന്നും റബ്ബിനോട് കാവല്‍ തേടുക. അള്ളാഹു നമ്മുടെ ജീവിതവും മരണവും സുന്നത്ത്‌ ജമാഅത്തിന്‍റെ മര്ഗ്ഗത്തിലാക്കി തരട്ടെ (ആമീന്‍ )

‘ലോകര്‍ക്ക് മുഴുവന്‍ കാരുണ്യമായി’ അയക്കപ്പെട്ടിട്ടുള്ള പുണ്യ പ്രവാചകനെക്കാളും വലിയ എന്തനുഗ്രഹമാണ് നമുക്ക്..? എവിടേയും അരാചകത്വവും അധാര്‍മ്മികതയും നടമാടുന്ന ഇക്കാലത്ത് മദ്യത്തിനെതിരെ, ചൂതാട്ടത്തിനെതിരെ, കൊലക്കും കൊള്ളക്കുമെതിരില്‍, വ്യഭിചാരത്തിനെതിരില്‍, അനീതിക്കെതിരില്‍ പ്രവാചക (സ) കാഴ്ചവെച്ച പ്രായോഗികമായ ധാര്‍മ്മിക വിപ്ലവത്തിനു വേണ്ടി ഇന്നത്തെ ലോകം ദാഹിക്കുകയാണ്.

സ്വലാത്തുകള്‍ വര്‍ദ്ധിപ്പിച്ചും അവിടെത്തെ മദ്ഹു ഗീതങ്ങള്‍ ആലപിച്ചും അവിടെത്തെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും….നമ്മുക്കും വരവേല്‍ക്കാം ആ പുണ്യ റബീഉല്‍ അവ്വല്‍ മാസത്തെ..! നാഥന്‍ തുണക്കട്ടെ (ആമീന്‍ )