ചുവന്ന മാണിക്യം

ചുവന്ന മാണിക്യം

ചുട്ടുപൊള്ളുന്ന കണ്ണെത്താത്ത ദൂരത്തോളം നീണ്ടുകിടക്കുന്ന മരുഭൂമി. എവിടെയും ജനവാസത്തിന്റെ ലക്ഷണമൊന്നും കാണുന്നില്ല. കുറെ നേരമായി ശൈഖ് സുലൈമാ­ന്‍ ജസൂലി(റ)വും ശിഷ്യന്മാരും യാത്ര തുടങ്ങിയിട്ട്. അസഹ്യമായ ദാഹത്താ­ല്‍ എല്ലാവരും ക്ഷീണിതരാണ്. കുന്നുകളും താഴ്വരകളും കുറേ കടന്നുപോയി. എവിടെയും ജലത്തിന്റെ ഒരംശം പോലും കിട്ടാനില്ല. ഇപ്പോഴിതാ നിസ്­കാരസമയവും ആഗതമായിരിക്കുന്നു. ഇനിയെന്ത് ചെയ്യും  ലക്ഷ്യസ്ഥാനത്തേക്കിനിയും നാഴികകളുണ്ട്. ഓരോരുത്തരും ഓരോ ദിക്കിലേക്ക് പോകുക തന്നെ. ആരെങ്കിലും വെള്ളം കണ്ടെത്തുകയാണെങ്കി­ല്‍ കാര്യം നടക്കുമല്ലോ… താമസിയാതെ ശിഷ്യന്മാരെല്ലാം ഓരോ ഭാഗത്തേക്കും വെള്ളമന്വേഷിച്ച് യാത്രയായി.

സമയം കടന്ന് പോയിക്കൊണ്ടിരിക്കുന്നു. ഓരോരുത്തരായി നിരാശരായി മടങ്ങി വരുകയാണ്. ആരുടെ മുഖത്തും പ്രതീക്ഷ കാണുന്നില്ല. പെട്ടെന്ന് അതാ സംഘത്തിലൊരാ­ള്‍ സന്തോഷത്തോടെ ഓടിക്കിതച്ച് വരുന്നു. അദ്ദേഹം ആഹ്ലാദഭരിതരായി തിരിച്ചെത്തി ശൈഖ് ജസൂലി(റ)വിനോട് പ്രതീക്ഷയുടെ നാമ്പ് കണ്ടെത്തിയതായി അറിയിച്ചു. അങ്ങകലെ ഒരു കിണറുണ്ടത്രെ… നിറയെ ജലവും ഉണ്ട്. എല്ലാവ­ര്‍ക്കും ആവശ്യാനുസരണം വെള്ളം ഉപയാഗിക്കാം. താമസിച്ചില്ല ശൈഖ്(റ)വും ശിഷ്യന്മാരും അങ്ങോട്ടേക്ക് യാത്രയായി. കുറച്ച് കുന്നുകളുടെ നടുവിലേക്കാണ് അവരെല്ലാവരും നീങ്ങിയത്. പക്ഷെ അവിടെയെത്തിയപ്പോഴേക്കും എല്ലാവരും കൂടുത­ല്‍ നിരാശരായി മാറി. കിണറി­ല്‍ നല്ലതുപോലെ ശുദ്ധജലമുണ്ട്. പക്ഷെ വല്ലാത്ത ആഴമാണ്. ആ­ര്‍ക്കും ഇറങ്ങാനാകില്ല. വെള്ളം കണ്ടെത്തിയ സന്തോഷത്താല്‍ ഇക്കാര്യം ആ പാവം ശ്രദ്ധിക്കാതെ പോയതാണ്. ഇനിയെന്ത് ചെയ്യും. നേരത്തെ ദാഹവും ക്ഷീണവും മാത്രമേ ഉണ്ടായിരുന്നുള്ളൂ… ഇപ്പോഴിതാ വല്ലാത്ത നിരാശയും സങ്കടവും തോന്നുന്നു. ജലമുണ്ടായിട്ടെന്ത് ഗുണം. എങ്ങനെ അതുപയോഗിക്കും. എല്ലാവരും മ്ലാനമുഖത്തോടെ പരസ്­പരം നോക്കുകയാണ്. ശൈഖവ­ര്‍കളോട് ചോദിക്കാനെന്ന് വെച്ചാ­ല്‍ അവിടുന്ന് മുഖപ്രസന്നതയോടെ ശാന്തനായി ഒരക്ഷരം പോലും ഉരിയാടാതെ നി­ല്‍ക്കുകയാണല്ലോ. എന്തിനെയോ പ്രതീക്ഷിക്കുന്നത് പോലെ തോന്നും ആ മുഖം കണ്ടാ­ല്‍… ആ മഹാത്മാവിന് ഇതൊന്നും ഒരു വിഷയമേ അല്ല. ഇതിലും വലിയ പരീക്ഷണങ്ങള്‍ നേരിട്ട മഹാത്മാവാണ്.

എല്ലാവരും ദുഖഃത്തോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു……. 

എല്ലാവരും വളരെ സങ്കടത്തോടെയും നിരാശയോടെയും പരസ്­പരം നോക്കുകയാണ്. വളരെ ആവേശത്തോടെയാണ് വന്നത്. പക്ഷെ… ഇപ്പോഴിതാ നിരാശ കൂടിയെന്നല്ലാതെ മറ്റൊരു ഗുണവും ഉണ്ടായില്ല. എല്ലാവരും ഇനിയെന്ത് എന്ന് ചിന്തിച്ച് കൊണ്ട് മഹാനായ ഇമാം ജസൂലി(റ)വിനെ നോക്കി. മഹാത്മാവാകട്ടെ… ഒരു കൂസലുമില്ലാതെ അങ്ങനെ നി­ല്‍ക്കുകയാണ്. ചോദിക്കാമെന്ന് വെച്ചാ­ല്‍ അതൊരു പക്ഷെ മര്യാദകേടാണെങ്കിലോ… എല്ലാവരും ആകെ വിഷമിച്ച് നി­ല്‍ക്കുകയാണ്. പെട്ടന്ന് സകലരുടെയും ശ്രദ്ധ മലമുകളിലേക്ക് തിരിഞ്ഞു. അവിടെ നിന്നാരോ നമ്മുടെ ഭാഗത്തേക്ക് നടന്ന് വരികയാണ്. ഇനിയെങ്ങാനും അദ്ദേഹത്തിന് ഞങ്ങളെ സഹായിക്കാനാകുമോ… ഇതായി എല്ലാവരുടെയും മനസ്സിലിരിപ്പ്. കുറച്ച് കഴിഞ്ഞപ്പോ­ള്‍ ആളെ വ്യക്തമായി കാണാമെന്നായി. എന്നാ­ല്‍ വരുന്ന ആളെ കണ്ടതോടെ എല്ലാവരുടെയും മുഖം കൂടുതല്‍ മ്ലാനമായി. കാരണം അത് ചെറിയൊരു പെ­ണ്‍കുട്ടിയായിരുന്നു. അവളെങ്ങനെ സഹായിക്കും. അവളുടെ കൈവശമാണെങ്കി­ല്‍ ഒന്നും കാണുന്നുമില്ല. ഒരു പക്ഷെ അവളും നമ്മളെപ്പോലെ ദാഹം കൊണ്ട് അലഞ്ഞ് തടഞ്ഞ് എത്തിയതായിരിക്കാം. 

താമസിയാതെ ആ പെ­ണ്‍കൊടി അവരുടെ അടുത്തെത്തി. എന്നിട്ട് എല്ലാവരുടെ മുഖത്തേക്കും നോക്കി. ശേഷം നേരെ ശൈഖ് ജസൂലി(റ)വിന്റെ അടുത്തെത്തി. എന്നിട്ട് ഇങ്ങനെ ചോദിച്ചു. “നിങ്ങ­ള്‍ വലിയ മഹാത്മാവായിട്ട് ഈ കിണറ്റിലെ ജലം ആവശ്യത്തിനുപയോഗിക്കാ­ന്‍ സാധിച്ചില്ലല്ലോ.” എല്ലാവരും അത്ഭുതപരതന്ത്രരായി പരസ്­പരം നോക്കിപ്പോയി. ഈ ചെറിയ കുട്ടിയെങ്ങനെ ഞങ്ങളുടെ പ്രശ്­നം മനസ്സിലാക്കി. ശൈഖവര്‍ക­ളാകട്ടെ പുഞ്ചിരിയോടെ അവളെ നോക്കിയതല്ലാതെ ഒരു മറുപടിയും പറഞ്ഞില്ല. ആ കുട്ടിയാകട്ടെ അതിന് ശേഷം നേരെ കിണറിനടുത്തേക്ക് നീങ്ങി. എന്നിട്ട് എന്തോ ഉരുവിട്ട് കൊണ്ട് കിണറ്റിലേക്ക് തുപ്പി. അത്ഭുതം അതാ ആഴമുള്ള ആ കിണറ്റിലെ ജലം തനിയെ പൊങ്ങിവരുന്നു. താമസിയാതെ അത് കിണറിന്റെ മുക­ള്‍വശം വരെ എത്തി. ഇനി ആ­ര്‍­ക്കും അതി­ല്‍ നിന്നും വെള്ളം കൈ കൊണ്ട് കോരിയെടുക്കാ­ന്‍ നിഷ്­പ്രയാസം സാധിക്കും. താമസിയാതെ സകലരും അതിശയഭരിതരായി വെള്ളം കോരിയെടുത്ത് കുടിക്കാനും വുളുവെടുത്ത് നിസ്­കരിക്കാനും തുടങ്ങി. ആവശ്യത്തിന് വെള്ളം സംഭരിക്കുകയും ചെയ്­തു. പെ­ണ്‍കുട്ടിയാകട്ടെ ഇതെല്ലാം പുഞ്ചിരിയോടെ നോക്കിക്കണ്ടു. 

എല്ലാവരും തങ്ങളുടെ ആരാധനകളും ആവശ്യങ്ങളും നി­ര്‍വ്വഹിച്ചു കഴിഞ്ഞു. വിഷമഘട്ടത്തി­ല്‍ തങ്ങളെ സഹായിച്ച ആ കൊച്ചു പെ­ണ്‍കുട്ടിയെ സംബന്ധിച്ച് കൂടുതലറിയാന്‍ എല്ലാവ­ര്‍ക്കും തിടുക്കമായി. താമസിയാതെ എല്ലാവരും അവളുടെ അടുത്തേക്ക് നീങ്ങി. ഇത്ര ചെറുപ്രായത്തിലെ ഈ മഹത്തായ സ്ഥാനം എങ്ങനെ കൈവരിച്ചുവെന്നറിയാനായിരുന്നു ഓരുോരുത്തരുടെയും ആഗ്രഹം. പക്ഷെ മഹാനായ ഇമാം ജസൂലി(റ)വിന് മുമ്പി­ല്‍ വെച്ചത് ചോദിക്കാ­ന്‍ ആരും ധൈര്യം കാട്ടിയില്ല. എന്നാ­ല്‍ ശിഷ്യന്മാരുടെ മനോഗതം മനസ്സിലാക്കിയ ശൈഖവര്‍ക­ള്‍ പെ­ണ്‍കുട്ടിയുടെ സമീപത്തേക്ക് നീങ്ങി. 

മഹാനായ ഇമാം സുലൈമാ­ന്‍ ജസൂലി(റ) ആരാധന നി­ര്‍വ്വഹിച്ച ശേഷം നേരെ ആ പെ­ണ്‍കുട്ടിയുടെ ഭാഗത്തേക്ക് നീങ്ങി. എന്നിട്ട് ആ അനുഗ്രഹീത ബാലികയോട് ചോദിച്ചു. അല്ലയോ മകളേ… ഇത്ര ചെറുപ്രായത്തി­ല്‍ എങ്ങനെയാണ് ഈ മഹത്തായ സ്ഥാനം കൈവരിച്ചത്. അപ്പോ­ള്‍ ബാലിക പ്രതിവചിച്ചു. ശൈഖവ­ര്‍കളേ… മുത്തുനബിയുടെ മേലുള്ള സ്വലാത്ത് മുഖേനയാണ് എനിക്കീ അനുഗ്രഹം അല്ലാഹു സുബ്ഹാനഹുവതആല ന­ല്‍കിയത്. ഇത് കേട്ട് അതിശയം പൂണ്ട ജസൂലി(റ) വീണ്ടും ചോദിച്ചു. ഏത് സ്വലാത്തിന്റെ വചനമാണ്  അതിനുപയോഗിക്കുന്നത്. അതൊന്നെനിക്ക് പറഞ്ഞു തരാമോ… ശൈഖവ­ര്‍ക­ള്‍ വളരെ ആഗ്രഹത്തോടെയായിരുന്നു ഇത് ചോദിച്ചത്. കൂടെയുള്ള ശിഷ്യന്മാരുടെ മനോഗതവും മറ്റൊന്നായിരുന്നില്ല. പക്ഷെ അവരെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട് ബാലിക പറഞ്ഞു. ആ സ്വലാത്തിന്റെ വചനം എന്നോട് ചോദിക്കരുത് ഞാനത് നിങ്ങ­ള്‍ക്ക് പറഞ്ഞു തരില്ല. സത്യത്തി­ല്‍ ബാലികയുടെ ഈ പ്രതികരണം ആരും പ്രതീക്ഷിച്ചതായിരുന്നില്ല. ഓരോരുത്തരും ആ സ്വലാത്ത് മുഖേന എത്രയും വേഗം അല്ലാഹു സുബ്ഹാനഹു വതആലയുമായി അടുക്കാനായിരുന്നു ആഗ്രഹം. പക്ഷെ മഹതിയായ ആ പെ­ണ്‍കുട്ടിയുടെ നിരാസം അവരെയെല്ലാം നിരാശയുള്ളവരാക്കി മാറ്റുകയായിരുന്നു. എങ്കിലും ഇമാം ജസൂലി(റ) പി­ന്‍മാറാ­ന്‍ തയ്യാറായില്ല. മഹാനവ­ര്‍ക­ള്‍ വീണ്ടും ആരാഞ്ഞു. എവിടെ നിന്നാണ് നിനക്കത് ലഭിച്ചതെന്നെങ്കിലും പറഞ്ഞ് തന്ന് കൂടേ… ബാലിക അല്­പനേരം മൗനവതിയായി നിന്നതിന് ശേഷം മറുപടി പറഞ്ഞു. എനിക്കീ സ്വലാത്ത് ലഭിച്ചത് മുത്തുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹദീസി­ല്‍ നിന്നാണ്. അതിലന്വേഷിച്ചാല്‍ നിങ്ങള്‍ക്കത് ലഭിക്കുന്നതായിരിക്കും… ഇമാം ജസൂലി(റ) ആ അനുഗ്രഹീത ബാലികയുടെ മൊഴികളെ സശ്രദ്ധം ശ്രവിച്ച ശേഷം ഒരു കാര്യം തീരുമാനിച്ചു. എന്ത് വന്നാലും അതിന്റെ പുണ്യം തനിക്കും ലഭിക്കുക തന്നെ വേണം. മാത്രമല്ല മുസ്­ലിം ലോകത്തിന് ഈ മഹത്തായ സ്വലാത്ത് എത്തിച്ചേ തീരൂ… അതിന് എത്ര കഷ്­ടപ്പെട്ടാലും സാരമില്ല. താമസിച്ചില്ല. ശൈഖ്(റ) അന്ന് മുത­ല്‍ ആ സ്വലാത്ത് കണ്ടെത്താനായി ആശ്രാന്തപരിശ്രമം തുടങ്ങി. അതിനായി മഹാനവ­ര്‍ക­ള്‍ കണ്ടെത്തിയ മാ­ര്‍ഗ്ഗം മറ്റൊന്നുമായിരുന്നില്ല. അന്ന് ലഭിച്ചിരുന്ന മുഴുവ­ന്‍ ഹദീസുകളി­ല്‍ നിന്നും മുത്തുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മേ­ലുള്ള വ്യത്യസ്ഥങ്ങളായ ഒരുപാട് സ്വലാത്തിന്റെ വചനങ്ങളെ ഒരുമിച്ച് കൂട്ടാ­ന്‍ തുടങ്ങി. താമസിയാതെ അതൊരു ഗ്രന്ഥമായി മാറിപ്പോയി. ശൈഖവ­ര്‍ക­ള്‍ ഈ ഗ്രന്ഥവുമായി ആ അനുഗ്രഹീത ബാലികയെ സമീപിച്ചു. എന്നിട്ട് തന്റെ ഗ്രന്ഥം കാണിക്കുകയും ആ സ്വലാത്ത് ഇതി­ല്‍ ഉ­ള്‍പ്പെട്ടിട്ടുണ്ടോ എന്നന്വേഷിക്കുകയും ചെയ്­തു. പെ­ണ്‍കുട്ടി അത് മുഴുവനും ഒരു പ്രാവശ്യം ഓതിയതിന് ശേഷം പുഞ്ചിരിയോടെ ആ സ്വലാത്ത് ഈ ഗ്രന്ഥത്തിലുണ്ടെന്ന് സമ്മതിക്കുകയും ചെയ്­തു.

ശൈഖ് ജസൂലി(റ)വിന് സമാധാനമായി. ഒരു മഹത്തായ സ്വലാത്തിനായി നടത്തിയ പരിശ്രമം ഇപ്പോഴിതാ ഒരു മഹത്പ്രവ­ര്‍ത്തനമായി മാറിയിരിക്കുന്നു. ഹദീസുകളി­ല്‍ വ്യക്തമാക്കപ്പെട്ട, മുത്തുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളുടെ മേലുള്ള വ്യത്യസ്ഥമായി നിരവധി സ്വലാത്തുകളുടെ വചനങ്ങളിതാ തനിക്ക് ഒരുമിച്ച് കൂട്ടാ­ന്‍ സാധിച്ചിരിക്കുന്നു. അതോടൊപ്പം ആ അനുഗ്രഹീത ബാലിക ഉപയോഗിക്കുന്ന അത്ഭുതവചനവും ഇതിലു­ള്‍പെട്ടിട്ടുണ്ട്. എന്തായാലും ഇത് മുസ്­ലിം ലോകത്തിന് സമ­ര്‍പ്പിക്കുക തന്നെ. മഹാനായ ഇമാം ജസൂലി(റ) പിന്നെ ചെയ്­തത് ഈ മഹത്തായ ഗ്രന്ഥത്തെ ഏഴ് ഖാണ്ഡങ്ങളായി തിരിച്ചു. അവയിലോരോ ഖാണ്ഡവും ആഴ്­ചയിലെ ഓരോ ദിവസവും ചൊല്ലാനുള്ള ഹിസ്ബാക്കി മാറ്റി. അങ്ങനെ ആഴ്­ചയിലൊരിക്ക­ല്‍ വളരെയെളുപ്പം ചൊല്ലിത്തീ­ര്‍ക്കാനുള്ള ഒരു ഗ്രന്ഥമായി ഇത് മാറി. താമസിയാതെ ലോകം മുഴുവനും ഈ മഹത്ഗ്രന്ഥം പ്രസിദ്ധമാകാ­ന്‍ തുടങ്ങി. ആയിരക്കണക്കിന് മുസ്­ലിമീങ്ങ­ള്‍ ഇത് ചൊല്ലാ­ന്‍ തുടങ്ങി. ഇന്നും അത് തുട­ര്‍ന്നു പോകുന്നു. ഇമാം ജസൂലി(റ) മഖാമി­ല്‍ ഇത് മുടങ്ങാതെ ചൊല്ലിപ്പോരുന്നുണ്ട്. ചില മഹത്തുക്ക­ള്‍ ഒരൊറ്റ ദിവസം തന്നെ പലതവണ ഈ ഗ്രന്ഥം മുഴുവനും പാരായണം ചെയ്യാറുണ്ട്. എന്റെ സഹോദരങ്ങളേ… ഈ ഗ്രന്ഥത്തിന്റെ പേരാണ് ദലാഇലു­ല്‍ ഖൈറാത്ത്. ഇന്നീ ഗ്രന്ഥം നമുക്ക് ഇന്റ­ര്‍നെറ്റിലും ലഭിക്കും. മാത്രമല്ല നമ്മുടെ പള്ളികളിലൊക്കെ വെള്ളിയാഴ്­ച ദിവസം സൂറത്തു­ല്‍ കഹ്ഫിനും ശേഷം പരായാണം ചെയ്യാപ്പെടാറുള്ള സ്വലാത്തിന്റെ ഏട് ഈ ഗ്രന്ഥത്തിന്റെ ഒരു ഭാഗമാണെന്ന് പ്രത്യേകം നാം മനസ്സിലാക്കേണ്ടതുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s