മയ്യിത്ത് പരിപാലനം

മയ്യിത്ത് പരിപാലനം

ഏറെ പുണ്യമുള്ള കാര്യമാണ്‌ മയ്യിത്ത് പരിപാലനം. മുസ്ലിംകള്‍ പരസ്പരമുള്ള ബാധ്യതകളെ എണ്ണിപ്പറഞ്ഞ കൂട്ടത്തില്‍ മയ്യിത്ത് സംസ്കരണത്തെയും നബി(സ) പറഞ്ഞതായി കാണാം. മയ്യിത്തിനെ അനുഗമിക്കല്‍, നിസ്ക്കരിക്കല്‍, മറമാടല്‍ തുടങ്ങിയവ ഏറെ പ്രതിഫലമുള്ളവയായി പ്രവാചകന്‍ പഠിപ്പിച്ചു. അങ്ങനെ ചെയ്യുന്ന ഒരാള്‍ക്ക് രണ്ട് ഖിറാത്ത് പ്രതിഫലമുണ്ടെന്നാണ്‌ അവിടന്ന് പഠിപ്പിച്ചത്. ഉഹ്‌ദ് മലയോളം വരും ഒരു ഖിറാത്തെന്ന് അവിടെന്ന് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. മയ്യിത്ത് സംസ്കരണത്തിനു സ്വന്തക്കാര്‍ തന്നെയാണ്‌ മുന്‍‌കൈയെടുക്കേണ്ടത്.

പരിപാലനം

1. ഒരാളുടെ മരണം സംഭവിച്ചാല്‍ അയാളുടെ കണ്ണുകള്‍ അടയ്ക്കുക, താടി കെട്ടുക.

2. കുളിപ്പിക്കുക

കുളിപ്പിക്കല്‍

മരിച്ചത് ആണോ പെണ്ണോ കുട്ടിയോ വൃദ്ധനോ ആരുമാകട്ടെ അവരെ കുളിപ്പിക്കല്‍ നിര്‍ബന്ധമാണ്‌ (അല്ലഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്ത് ശഹീദായവര്‍ ഒഴികെ).

കുളിയുടെ രൂപം താഴെ കൊടുക്കുന്നു:

1. മയ്യിത്തിന്റെ നഗ്നത മറക്കുക.

2. മയ്യിത്തിന്റെ തല ഭാഗം അല്പം ഉയര്‍ത്തിവെച്ച് വയറ്റത്ത് ലോലമായി തടവുക. കുളിപ്പിക്കുന്നവന്‍ കൈയില്‍ ശീലയോ മറ്റോ കെട്ടുന്നത് നല്ലതാണ്‌.

3. ശൗച്യം ചെയ്തു കൊടുക്കുക.

4. നമസ്ക്കാരത്തിനെന്ന പോലെ വുദു ഉണ്ടാക്കുക.

5. തല, താടി എന്നിവ വെള്ളവും താളിയും ഉപയോഗിച്ച് കഴുകുക.

6. വലതു വശവും തുടര്‍ന്ന് ഇടതു വശവും കഴുകുക. മൂന്ന് പ്രാവശ്യം ഇങ്ങനെ കഴുകണം. ഓരോ തവണയും കൈ വയറ്റത്തു കൂടി നടത്തണം. അപ്പോള്‍ വല്ലതും പുറത്തുവന്നാല്‍ ശുദ്ധീകരിച്ച് വുദു പുതുക്കണം. പിന്‍‌ദ്വാരം പരുത്തി പോലുള്ള വസ്തുക്കള്‍ കൊണ്ട് അടയ്ക്കുക. വീണ്ടും വല്ലതും പുറപ്പെട്ടിട്ടുണ്ടെങ്കില്‍ ശുദ്ധീകരിച്ച് വീണ്ടും വുദു ചെയ്യിക്കുക.

7. മൂന്നു പ്രാവശ്യം കൊണ്ടും കുളി ശുദ്ധിയായില്ലെങ്കില്‍ അഞ്ച്, ഏഴ് തവണ കുളിപ്പിക്കാം.

8. വസ്ത്രം കൊണ്ട് തുടക്കുക.

9. സുജൂദിന്റെ സ്ഥാനത്തും ഗുഹ്യസ്ഥാനത്തും കക്ഷത്തിലും സുഗന്ധം പുരട്ടുക. ശരീരം മുഴുവന്‍ പുരട്ടുന്നത് നല്ലതാണ്‌.

10. കഫന്‍ പുടവയില്‍ സുഗന്ധം പുകപ്പിക്കണം.

11. മീശ, നഖം എന്നിവ വലുതാണെങ്കില്‍ വെട്ടിക്കളയണം. മുടി ചീകേണ്ടതില്ല.

12. സ്ത്രീയുടെ മുടി മൂന്നായി ഭാഗിച്ച് പിന്‍‌‌‌ഭാഗത്തേക്കിടുക.

പുരുഷനെ പുരുഷനാണ്‌ കുളിപ്പിക്കേണ്ടത്. എന്നാല്‍ ഭര്‍ത്താവിനെ ഭാര്യക്ക് കുളിപ്പിക്കാം. അതുപോലെ സ്ത്രീയെ സ്ത്രീ തന്നെയാണ്‌ കുളിപ്പിക്കേണ്ടത്. എന്നാല്‍ ഭര്‍ത്താവിന്‌ ഭാര്യയെ കുളിപ്പിക്കാം.

കഫന്‍ ചെയ്യല്‍

പുരുഷനെ മൂന്ന് വെള്ള തുണിയില്‍ കഫന്‍ ചെയ്യലാണ്‌ ഏറ്റവും ഉത്തമം. കുപ്പായം, തലപ്പാവ് എന്നിവയില്ല. തുണികള്‍ ഒന്ന് ഒന്നിന്റെ മീതെയായി ചുറ്റണം. സ്ത്രീയെ അഞ്ച് വസ്ത്രങ്ങളിലാണ്‌ കഫന്‍ ചെയ്യേണ്ടത്. ഒരു നിസ്ക്കാരക്കുപ്പായം, മക്കന, തുണി, ചുറ്റാനുള്ള രണ്ട് തുണികള്‍ എന്നിവയാണവ.
ആണ്‍കുട്ടിയെ ഒന്നുമുതല്‍ മൂന്നുവരെ തുണികളില്‍ കഫന്‍ ചെയ്യാം. പെണ്‍കുട്ടിയാണെങ്കില്‍ ഒരു കുപ്പായവും ചുറ്റാനുള്ള രണ്ട് തുണികളും.

ജനാസ നിസ്ക്കാരം (മയ്യിത്ത് നിസ്ക്കാരം)

ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ പേരില്‍ അല്ലാഹുവിന്‌ വേണ്ടി നിര്‍വ്വഹിക്കുന്ന നിസ്ക്കാരത്തിന്നാണ്‌ ജനാസ നിസ്ക്കാരം എന്നു പറയുന്നത്.

മയ്യിത്ത് നിസ്ക്കാരം നിയമമാക്കപ്പെട്ടത് മദീനയില്‍ വെച്ചാണ്‌. രക്തസാക്ഷിയായി മരിച്ചവര്‍ ഒഴികെ മുസ്ലിം മയ്യിത്തിന്റെ മേല്‍ നിസ്ക്കരിക്കല്‍ ഫര്‍‌ള്‌ കിഫായയാണ്‌.

ഒരു മുസ്ലിം മരണപ്പെട്ടു കഴിഞ്ഞാല്‍ മറ്റു മുസ്ലിംകളെ സംബന്ധിച്ചേടത്തോളം നിര്‍ബന്ധമായ ചില കാര്യങ്ങളുണ്ട്. മയ്യിത്തിനെ കുളിപ്പിക്കുക, കഫന്‍ ചെയ്യുക, ജഢം മറവ് ചെയ്യുക തുടങ്ങിയവ. ഇതൊന്നും മയ്യിത്തിന്റെ വീട്ടുകാരുടെ മാത്രം കടമയല്ല. സമൂഹത്തിന്റെ ഒന്നാകെയുള്ള ബാധ്യതയാണ്‌. ഇത്തരം കടമകളില്‍ പെട്ടതാണ്‌ ജനാസ നിസ്ക്കാരം.

ജനാസ നിസ്ക്കാരം ‘ഫര്‍ള്‌ ഐന്‍'(വ്യക്തിഗത നിര്‍ബന്ധം) അല്ല. സുന്നത്ത്(ഐഛികം) കര്‍മ്മവുമല്ല. മറിച്ച്, അത് സമൂഹത്തെ ആകമാനം ബാധിക്കുന്ന ബാധ്യതയാണ്‌. സമൂഹത്തില്‍ ഏതെങ്കിലും ഒരു വ്യക്തി അതു നി‌ര്‍വ്വഹിച്ചാല്‍ എല്ലാവരുടെയും ബാധ്യത തീരും. ആരും നിര്‍വ്വഹിച്ചില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരായിത്തീരുകയും ചെയ്യും. എന്നിരുന്നാലും കഴിയുന്ന‌ത്ര ആളുകള്‍ ജനാസ നിസ്ക്കാരത്തിലും മറ്റു മയ്യിത്ത് സംസ്കരണത്തിലും പങ്കെടുക്കാന്‍ ശ്രമിക്കണം. ഒരു വിഭാഗം ചെയ്താലും നമ്മുടെ ബാധ്യത തീരും എന്നു കരുതി ആരും മാറി നില്‍കരുത്. കൂടുതല്‍ പേര്‍ ജനാസ നിസ്ക്കാരത്തില്‍ പങ്കെടുക്കുന്നത് മയ്യിത്തിന്‌ ഗുണകരമാണ്‌.

ജനാസ നിസ്ക്കാരത്തിന്റെ ശര്‍ഥുകള്‍

 ജനാസ നിസ്ക്കാരത്തിന്‌ 6 ശര്‍ഥുകള്‍ ഉണ്ട്.

1) നിസ്‌കരിക്കുന്നവൻ ചെറിയ അശുദ്ധിയിൽ നിന്നും വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയായിരിക്കുക.

2) നജസിൽ നിന്ന് ശുദ്ധിയായിരിക്കുക.

3) ഔറത്ത് മറക്കുക.

4) ഖിബ്‌ലക്ക് മുന്നിടുക

5) ജനാസ നിസ്ക്കാരത്തിന്‌ മയ്യിത്തിനെ കുളിപ്പിച്ച് ശുദ്ധിയാക്കണം. കുളിപ്പിക്കുന്നതിനു മുമ്പ് ജനാസ നിസ്ക്കാരം നിര്‍വ്വഹിച്ചാല്‍ അത് സ്വഹീഹാവുകയില്ല. മയ്യിത്തിനെ കഫന്‍ ചെയ്യുന്നതിനു മുമ്പ് ജനാസ നിസ്ക്കാരം നിര്‍വ്വഹിക്കുന്നതിന്‌ വിരോധമില്ല. എന്നാല്‍ അത് കറാഹത്താണ്‌.

6) സ്ഥലത്തുള്ള മയ്യിത്തിന്റെ പേരില്‍ ജനാസ നിസ്ക്കരിക്കുമ്പോള്‍ മയ്യിത്തിനെ മറികടന്ന് നില്‍ക്കാതിരിക്കുക. മയ്യിത്തിനെ മറികടന്നു നിന്ന് നിസ്ക്കരിച്ചാല്‍ ആ ജനാസ നിസ്ക്കാരം സ്വഹീഹാവുകയില്ല.

ജനാസ നിസ്ക്കാരത്തിന്റെ ഫര്‍‌ളുകള്‍

നിസ്ക്കാരത്തിന്റെ ഫര്‍‌ളുകള്‍ 14 എണ്ണമാണ്‌. എന്നാല്‍ ജനാസ നിസ്ക്കാരത്തിന്‌ അത് ബാധകമല്ല. എന്നാല്‍ ജനാസ നിസ്ക്കാരത്തിന്‌ ഏഴ് ഫര്‍ളുകളാണുള്ളത്.

1. നിയ്യത്ത്. നിയ്യത്ത് ഏതൊരു ആരാധനാ കര്‍മ്മത്തിന്റെയും ഫര്‍ളാണ്‌. മറ്റു നിസ്ക്കരങ്ങളിലെ പോലെ നിയ്യത്ത് തക്ബീറതുല്‍ ഇഹ്‌റാമിനോട് ചേര്‍ന്ന് വരണം. ഹാജറുള്ള മയ്യിത്തിനു വേണ്ടിയോ ഖബ്‌റിന്നരികത്തു വെച്ചോ നിസ്ക്കരിക്കുമ്പോള്‍ “ഈ മയ്യിത്തിന്റെ പേരില്‍ ഫര്‍ളാക്കപ്പെട്ട നിസ്ക്കാരം ഞാന്‍ നിര്‍വ്വഹിക്കുന്നു” എന്നോ “ഈ മയ്യിത്തിന്റെ പേരില്‍ ജനാസ നിസ്ക്കരിക്കുന്നു” എന്നോ കരുതണം. ജമാഅത്തായി നിസ്ക്കരിക്കുന്നെങ്കില്‍ അതും കൂടി കരുതണം.

സ്ഥലത്തില്ലാത്ത മയ്യിത്തിന്റെ പേരിലാണ്‌ ജനാസ നിസ്ക്കരിക്കുന്നതെങ്കില്‍, പേര്‌ കൊണ്ടോ മറ്റോ മയ്യിത്തിനെ നിജപ്പെടുത്തണം. ഇമാം നിസ്ക്കരിക്കുന്ന മയ്യിത്തിന്റെ പേരില്‍ ഞാനും നിസ്ക്കരിക്കുന്നു എന്ന് കരുതിയാലും മതി.

2. നില്‍ക്കാന്‍ കഴിവുള്ളവന്‍ നില്‍‌ക്കല്‍. കഴിയില്ലെങ്കില്‍ ഇരുന്നോ കിടന്നോ നിസ്ക്കരിക്കം.

3. തക്ബീറത്തുല്‍ ഇഹ്‌റാം ഉ‌ള്‍പ്പെടെ നാല്‌ തക്‌ബീര്‍ ചൊല്ലല്‍.

4. ഫാത്തിഹ ഓതല്‍. ആദ്യത്തെ തക്ബീറിനു ശേഷം ഫാത്തിഹ ഓതുക. ഫാത്തിഹക്കു മുമ്പായി ‘അഊദു ബില്ലാഹി മിനശ്ശൈഥാനിര്‍‌റജീം’ എന്നു ചൊല്ലലും അവസാനം ‘ആമീന്‍’ എന്നു ചൊല്ലലും സുന്നത്താണ്‌. എന്നാല്‍ ദുആഉല്‍ ഇഫ്ത്തിതാഹ്(പ്രാരംഭ പ്രാര്‍ത്ഥന) സുന്നത്തില്ല. സൂറത്ത് ഓതലും സുന്നത്തില്ല.

5. രണ്ടാമത്തെ തക്ബീറിനു ശേഷം നബി(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലുക. മറ്റേതെങ്കിലും തക്ബീറിനു ശേഷം സ്വലാത്ത് ചൊല്ലിയാല്‍ പോരാ. സാധാരണ നിസ്ക്കാരങ്ങളില്‍ അത്തഹിയ്യാത്തിനു ശേഷം ചൊല്ലാറുള്ള പൂര്‍ണ്ണമായ സ്വലാത്താണ്‌ ഇവിടെയും ചൊല്ലേണ്ടത്.

6. മൂന്നാം തക്ബീറിനു ശേഷം മയ്യിത്തിനു വേണ്ടി പ്രത്യേകം ദുആ ചെയ്യല്‍. മരിച്ചത് ശിഷുവാണെങ്കിലും. ഇമാം മുസ്ലിം റിപ്പേര്‍ട് ചെയ്ത ദുആ ഇതാണ്‌:

اَللّهُمَّ اغْفِرْ لَهُ وَارْحَمْهُ وَاعْفُ عَنْهُ وَ عَافِهِ وَ اَكْرِمْ نُزُلَهُ وَ وَسِّعْ مَدْخَلَهُ وَ اغْسِلْهُ بِا لْمَاءِ وَ الثَلْجِ وَالْبَرَدِ وَ نَقِّهِ مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الاَبْيَضُ مِنَ الدَّنَسِ وَ اَبْدِلْهُ دارًا خَيْرًا مِنْ دَارِهِ وَ اَهْلاً خَيْرًا مِنْ اَهْلِهِ وَ زَوْجًا خَيْرًا مِنْ زَوْجِهِ وَ اَدْخِلْهُ الْجَنَّةَ وَ اَعِذْهُ مِنْ عَذَابِ الْقَبْرِ وَ فِتْنَتِهِ  وَ مِنْ عَذَابِ النَّارِ

“അല്ലാഹുമ്മഗ്വ്ഫിര്‍ ലഹു വര്‍ഹംഹു വഅ്‌ഫു അന്‍‌ഹു വ‌അക്‌രിം നുസുലഹു വ വസ്സിഅ്‌ മദ്‌ഖലഹു വഗ്വ്‌സില്‍ഹു ബില്‍ മാ‌ഇ വസ്സല്‍ജി വല്‍ ബറദി വ നഖ്ഖിഹി മിനല്‍ ഖഥായാ കമാ യുനഖ്ഖ‌സ്സൗബുല്‍ അബ്‌യളു മിനദ്ദനസി വ അബ്ദില്‍ഹു ദാറന്‍ ഖൈറന്‍ മിന്‍ ദാരിഹി വ അഹ്‌ലന്‍ ഖൈറന്‍ മിന്‍ അഹ്‌ലിഹി വ സൗജന്‍ ഖൈറന്‍ മിന്‍ സൗജിഹി വ ജീറാനന്‍ ഖൈറന്‍ മിന്‍ ജീറാനിഹി വ അദ്ഖില്‍ഹുല്‍ ജന്നത്ത വ അ‌ഇ‌ദ്‌ഹു മിന്‍ അദാബില്‍ ഖബ്‌രി വ ഫിത്ത്നത്തിഹി വമിന്‍ അദാബിന്നാ‌ര്‍”

അര്‍ത്ഥം: അല്ലാഹുവേ, ഈ മയ്യിത്തിന്‌ നീ പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ. ഇവന്ന് നീ മാന്യമായ സ്വീകരണം നല്‍കുകയും ഇവന്റെ പ്രവേശന മാര്‍ഗ്ഗം വിശാലമാക്കുകയും ചെയ്യേണമേ. ഇവനെ വെള്ളം കൊണ്ടും മഞ്ഞ് കൊണ്ടും തണുപ്പ് വെള്ളം കൊണ്ടും നീ കഴുകി ശുദ്ധിയാക്കേണമേ. വെള്ള വസ്ത്രം അഴുക്ക് കള‌ഞ്ഞ് വൃത്തിയാക്കുന്നതു പോലെ തെറ്റുകുറ്റങ്ങളില്‍ നിന്നും ഇവനെ നീ ശുദ്ധിയാക്കേണമേ. ഈ മയ്യിത്തിന്‌ ഇവിടെത്തേക്കാള്‍ നല്ല വീടും കുടുംബവും ഇണയും അയല്‍ക്കാരും നീ പകരമായി നല്‍കേണമേ. ഇവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശി‌പ്പിക്കുകയും ഖബ്‌റിലെ ശിക്ഷയില്‍ നിന്നും പരീക്ഷണത്തില്‍ നിന്നും നരക ശിക്ഷയില്‍ നിന്നും ഇവന്‌ മോചനം നല്‍കുകയും ചെയ്യേണമേ.

ഇതിനു പുറമെ ഇനി പറയുന്ന പ്രാര്‍ത്ഥന കൂടി സുന്നത്തുണ്ട്.

اللّهُمَّ اغْفِرْ لِحَيِّنَا وَ مَيِّتِنَا وَ شَاهِدِنَا وَ غَائِبِنَا وَ صَغِيرِنَا وَ كَبِيرِنَا وَ ذَكَرِنَا وَ اُنْثَانَا اَللّهُمَّ مَنْ اَحْيَيْتَهُ مِنَّا فَاَحْيِهِ عَلَى الإسْلاَمِ وَ مَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الإيمَانِ

(അല്ലാഹുവേ, ഞങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും സ്ഥലത്തുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ചെറിയവര്‍ക്കും വലിയവര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നീ പൊറുക്കണേ. അല്ലാഹുവേ നീ ഞങ്ങളില്‍ ജീവിപ്പിക്കുന്നവരെ ഇസ്‌ലാമില്‍ തന്നെ ജീവിപ്പിക്കുകയും മരിപ്പിക്കുന്നവരെ ഈമാനോടെ മരിപ്പിക്കുകയും ചെയ്യണേ)

7. നാലാമത്തെ തക്ബീറിനു ശേഷം സലാം ചൊല്ലുക. മറ്റു നിസ്ക്കാരങ്ങളിലെന്ന പോലെ ഒരു സലാം ചൊല്ലുന്നതേ നിര്‍ബന്ധമുള്ളൂ. രണ്ടാമത് സലാം ചൊല്ലുന്നത് സുന്നത്താണ്‌. ആദ്യത്തെ സലാം പറയുമ്പോള്‍ വലതു ഭാഗത്തേക്കും രണ്ടാമത്തെ സലാം പറയുമ്പോള്‍ ഇടതു ഭാഗത്തേക്കും മുഖം തിരിക്കല്‍ സുന്നത്താണ്‌. സലാം പറയുമ്പോള്‍ ‘വറഹ്‌മത്തുല്ലാഹി വബറകാത്തുഹു’ എന്നു പറയുന്നതും സുന്നത്താണ്‌.

നാലാം തക്ബീറിനു ശേഷം സലാം ചൊല്ലുന്നതിനു മുമ്പായി ഈ പ്രാര്‍ത്ഥന ചൊല്ലുന്നതും സുന്നത്താണ്‌.

 اَللّهُمَّ لاَ تَحْرِمْنَا اَجْرَهُ وَلاَ تَفْتِنَّا بَعْدَهُ وَ اغْفِرْ لَنَا وَلَهُ

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِيالآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

അല്ലാഹുമ്മ ലാ തുഹര്‍‌രിംനാ അജ്‌റഹു വലാ തഫ്‌ത്തിന്നാ ബ‌അ്‌ദഹു വഗ്വ്‌ഫിര്‍ ലനാ വലഹു, റബ്ബനാ ആത്തിനാ ഫിദ്ദുന്‍‌യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വഖിനാ അദാബന്നാര്‍.

അര്‍ത്ഥം: അല്ലാഹുവേ, ഇതിന്റെ പ്രതിഫലം ഞങ്ങള്‍ക്ക് നീ നിഷേധിക്കരുത്. ഇതിനു ശേഷം ഞങ്ങളെ നീ പരീക്ഷിക്കുകയുമരുത്. ഈ മയ്യിത്തിനും ഞങ്ങള്‍ക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ നാഥാ, ഇഹലോകത്തും പരലോകത്തും ഞങ്ങ‌ള്‍ക്ക് നീ നന്മ പ്രദാനം ചെയ്യുകയും നരക ശിക്ഷയില്‍നിന്ന് ഞങ്ങളെ നീ കാത്തു രക്ഷിക്കുകയും ചെയ്യേണമേ.

സുന്നത്തുകൾ

പ്രാരംഭ പ്രാർത്ഥന (വജ്ജഹ്തു ) ഒഴിവാക്കുക. പതുക്കെയോതുക. ഇമാം തക്‌ബീറും സലാമും ഉറക്കെ പറയുക. സ്വലാത്ത് ഇബ്‌റാഹീമിയ്യ ഓതുക. സ്വലാത്തിന്റെ ആദ്യം ഹംദും, അവസാനം മുഅ്മിനീങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയും കൊണ്ട് വരിക. നാലാം തക്‌ബീറിനു ശേഷം ‘ അല്ലാഹുമ്മ ലാ തഹ് രിം നാം അജ്റഹു …. എന്ന പ്രാർത്ഥന ചൊല്ലുക. രണ്ട് സലാമും വീട്ടുക .( പൂർണ്ണ രൂപം السلام عليكم ورحمة الله وبركاته ) . നിസ്‌കാരം പള്ളിയിൽ വെച്ചായിരിക്കൽ. ജമാഅത്തായി നിസ്‌കരിക്കൽ, ഇമാമും ഒറ്റക്ക് നിസ്‌കരിക്കുന്നവനും പുരുഷന്റെ (മയ്യിത്തിന്റെ ) തലയുടെ അടുത്ത് നിൽക്കലും , സ്തീയുടെ (മയ്യിത്തിന്റെ ) അരക്കെട്ടിന്റെ ഭാഗത്ത് നിൽക്കലും

മയ്യിത്ത് നിസ്‌കാരത്തിൽ പിന്തി തുടർന്നാൽ :

മയ്യിത്ത് നിസ്കാരത്തിൽ പിന്തിത്തുടർന്നവൻ തന്റെ ക്രമമനുസരിച്ച് ദിക്‌ർ ചൊല്ലണം. ഇമാം അടുത്ത തക്‌ബീറിലേക്ക് പ്രവേശിച്ചാൽ അവനും അടുത്ത തക്‌ബീറിലേക്ക് പോവണം. ഫാത്തിഹ പൂർത്തീകരിക്കേണ്ടതില്ല. ഇമാം സലാം വീട്ടിയാൽ ബാക്കിയുള്ള തക്‌ബീറുകൾ ദിക്‌റുകൾ സഹിതം ചെയ്ത് നിസ്‌കാരത്തെ പൂർത്തിയാക്കണം.

മയ്യിത്ത് നിസ്‌കാരത്തിന് ഇമാ‍മാവാൻ ബന്ധപ്പെട്ടവർ :

യഥാക്രമം മയ്യിത്തിന്റെ (മരണപ്പെട്ട ആളുടെ )പിതാവ്, പിതാമഹൻ, മകൻ, മകന്റെ മകൻ, സഹോദരൻ, സഹോദരന്റെ മകൻ, പിതൃവ്യൻ, പിതൃവ്യന്റെ മകൻ എന്നിവരാ‍ണവർ

വിശദമായ മയ്യിത്ത്‌ പരിപാലനത്തിന്  താഴെ:

മയ്യിത്ത് പരിപാലനം കിട്ടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

3 comments on “മയ്യിത്ത് പരിപാലനം

 1. Pingback: ഇസ്‌ലാമിക അഭിവാദനം എങ്ങനെയായിരിക്കണം? | Muslim Ummath

 2. 11. മീശ, നഖം എന്നിവ വലുതാണെങ്കില്‍ വെട്ടിക്കളയണം.??

  • മീശ, നഖം എന്നിവ വലുതാണെങ്കില്‍ വെട്ടിക്കളയണം
   കൈനഖം മുറിക്കേണ്ടത് വലതു കയ്യിന്റെ ചൂണ്ടുവിരല്‍ കൊണ്ട് തുടങ്ങി ക്രമപ്രകാരം ചെറുവിരല്‍ വരെയും പിന്നെ തള്ളവിരലും അനന്തരം ഇടതുകയ്യിന്റെ ചെറുവിരല്‍ മുതല്‍ അതിന്റെ തള്ള വിരല്‍ വരെയും എന്ന ക്രമത്തിലാണ്. കാല്‍നഖം മുറിക്കേണ്ടത് വലതു കാലിന്റെ ചെറുവിരല്‍ കൊണ്ട് തുടങ്ങി ഇടതുകാലിന്റെ ചെറുവിരല്‍ കൊണ്ട് അവസാനിപ്പിക്കുന്ന വിധത്തിലുമാണ്. (തുഹ്ഫ 2/476)
   നഖം വെട്ടിയ ഭാഗം വേഗം കഴുകേണ്ടതാണ്. കഴുകുന്നതിന് മുമ്പ് അവിടം കൊണ്ട് ചൊറിഞ്ഞാല്‍ പാണ്ഡ് രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. (തുഹ്ഫ 2/476) നഖം വെട്ടിയ ശേഷം വിരലുകളുടെ തലകള്‍ കഴുകല്‍ സുന്നത്താണ്. (ബാജൂരി 1/328)
   വ്യാഴം, വെള്ളിയാഴ്ച പകല്‍, തിങ്കളാഴ്ച പകല്‍ എന്നീ ദിവസങ്ങളില്‍ നഖം വെട്ടല്‍ വളരെ നല്ലതാണ്. (തുഹ്ഫ 2/476, ജമല്‍ 2/47)
   രാത്രി നഖം വെട്ടല്‍ കറാഹത്തില്ല. അതു അപലക്ഷണവും അല്ല. നഖം കുഴിച്ചുമൂടലാണ് സുന്നത്ത്. (നിഹായ 2/341)
   വൂളൂ ഉള്ളവന്‍ നഖം മുറിച്ചാല്‍ വുളൂ പുതുക്കല്‍ സുന്നത്തുണ്ട്. (ബുഷ്‌റല്‍ കരീം 2/10) രണ്ടു കയ്യില്‍ ഒന്നിന്റെയോ രണ്ടു കാലില്‍ ഒന്നിന്റെയോ മാത്രം നഖം നീക്കല്‍ കറാഹത്താണ്. രണ്ട് കയ്യിന്റെയും നഖം മുറിക്കുക, കാലിലെ നഖം മുറിക്കാതിരിക്കുക, അല്ലെങ്കില്‍ രണ്ടു കാലിലെയും നഖം മുറിക്കുക, കയ്യിന്റെ നഖം മുറിക്കാതിരിക്കുക എന്ന രീതി കറാഹത്തില്ല. (തുഹ്ഫ : ശര്‍വാനി 2/475)
   ചുണ്ടിന്റെ ചുകപ്പ് വെളിവാകും വിധത്തില്‍ മീശ വെട്ടല്‍ സുന്നതാണ്. മീശ പൂര്‍ണമായി വടിച്ചുകളയല്‍ കറാഹത്താണ്. (തുഹ്ഫ 2/476) തലമുടി കളയല്‍ നിരുപാധികം സുന്നത്തില്ല. എന്നാല്‍ കളയാധിരിക്കല്‍ കൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയോ മുടി പരിപാലിച്ചു നിര്‍ത്താന്‍ പ്രയാസകരമാവുകയോ ചെയ്താല്‍ കളയല്‍ സുന്നത്താണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s