പണ്ഡിത തേജസ്സിന് പ്രാര്‍ത്ഥനാനിര്‍ഭരമായ യാത്രാമൊഴി


സയ്യിദ് വംശത്തിലെ കാരണവരും പണ്ഡിതവര്യരുമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് അബ്ദുര്‍റഹിമാന്‍ അല്‍ബുഖാരിയുടെ നിര്യാണത്തില്‍ ലോത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് പണ്ഡിതന്മാരും സെയ്യിദന്മാരും നേതാക്കളും ഉള്‍പെടെ നിരവധിപേര്‍ അനുശോചനം അറിയിച്ചു.

വിദേശ പണ്ഡിത പ്രമുഖരും ദേശീയ നേതാക്കളുമുള്‍പ്പെടെ നിരവധി പേര്‍ അനുശോചനം അറിയിചവരില്‍പെടുന്നു. സയ്യിദ് അബ്ബാസ് മാലികി, (മക്ക), സയ്യിദ് ഉമര്‍ ജീലാനി (മക്ക), ഡോ. ഉമര്‍ കാമില്‍ (ജിദ്ദ), ഡോ. ഫരീദ് മൈമനി (മദീന), സയ്യിദ് ഹാഷിം അല്‍ സീനി (മദീന), സയ്യിദ് സ്വബാഹ് റിഫാഈ (ഇസ്താംബൂള്‍, തുര്‍ക്കി) സയ്യിദ് അലിയ്യുല്‍ ഹാശിമി (അബൂദബി), ഡോ. അഹ്മദ് ഖസ്‌റജി (അബൂദബി), ഡോ. അഹ്മദ് ശൈബാനി (ദുബൈ), അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അല്ലാമാ ളിയാഉല്‍ മുസ്ത്വഫ (യു പി), അബ്ദുസ്സത്താര്‍ ഹമദാനി (ഗുജറാത്ത്), എം കെ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസുഫലി, ഡോ. മുഹമ്മദലി (ഗള്‍ഫാര്‍), ഡോ. കാസിം (ദുബൈ) തുടങ്ങിയ മത സാമൂഹിക നേതാക്കളും അനുശോചനമറിയിച്ചു.

പണ്ഡിത തേജസ്സിന് പ്രാര്‍ത്ഥനാനിര്‍ഭരമായ യാത്രാമൊഴി

ഏഴ് പതിറ്റാണ്ടിലേറെക്കാലം മുസ്ലിം ഇന്ത്യയെ നേര്‍വഴിയിലേക്ക് നയിച്ച പണ്ഡിത തേജസ്സിന് ജനലക്ഷങ്ങളായ വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ യാത്രാമൊഴി. ഇന്നലെ വഫാത്തായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ ജനാസ ജനലക്ഷങ്ങളുടെ സാന്നിധ്യത്തിലാണ് എട്ടിക്കുളത്ത് ഖബറടക്കിയത്.

SEYYID-1

ആദ്യ മയ്യിത്ത് നിസ്‌ക്കാരത്തിന് മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കുന്നു.

രാവിലെ 7 മണിക്ക് തുടങ്ങിയ മയ്യിത്ത് നിസ്‌ക്കാരം പല ഘട്ടങ്ങളിലായി മണിക്കൂറുകള്‍ നീണ്ടു. ആദ്യ മയ്യിത്ത് നിസ്‌ക്കാരത്തിന് മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കി. ഖബറടക്കത്തിന് ശേഷം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് തല്‍ഖീന്‍ ചൊല്ലിക്കൊടുത്തത്. മന്ത്രിമാരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു.

SEYYID-2

തങ്ങളവര്‍കളുടെ വിയോഗവാര്‍ത്ത അറിഞ്ഞത് മുതല്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് എട്ടിക്കുളത്തെ വസതിയിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. രാത്രിയും പകലും വ്യത്യാസമില്ലാതെ അന്ത്യ ചടങ്ങുകള്‍ നടക്കുമ്പോഴും അത് തുടര്‍ന്നു. ജനത്തിരക്ക് മൂലം പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് പോലും കാണാനാകാതെ പതിനായിരങ്ങള്‍ക്ക് കിലോമീറ്ററുകള്‍ അപ്പുറത്ത് തന്നെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു.

സുന്നി പ്രസ്ഥാനത്തിന്റെ പകരം വെക്കാനില്ലാത്ത അമരക്കാരനായിരുന്ന ഉള്ളാള്‍ തങ്ങളുടെ ദേഹവിയോഗ വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്റെ ഭൗതികശരീരം ഒരുനോക്ക് കാണാനും മയ്യിത്ത് നിസ്‌കരിക്കാനുമായി എട്ടിക്കുളത്തേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്ക് കുടിവെള്ളവും ഭക്ഷണവും ഒരുക്കി നാട്ടുകാരുടെ കൂട്ടായ്മ.

വിവിധ മുസ്‌ലിം സംഘടനകളുടെയും ക്ലബ്ബുകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഒരുക്കിയ അഞ്ഞൂറിലധികം തണ്ണീര്‍ പന്തലുകള്‍ ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്ക് ആശ്വാസമായി. ഒരു ഭാഗത്ത് പാപ്പിനിശ്ശേരി മുതലും മറുഭാഗത്ത് രാമന്തളി മുതലും എട്ടിക്കുളം വരെ അവിടവിടെയായി തണ്ണീര്‍ പന്തലുകള്‍ ഒരുക്കിയിരുന്നു.

ഉള്ളാള്‍ തങ്ങള്‍ ഈ ലോകത്തുനിന്നും വിടപറഞ്ഞ ശനിയാഴ്ച രാത്രി മുതല്‍ക്കെ എട്ടിക്കുളത്തേക്ക് എത്തിക്കൊണ്ടിരുന്ന ജനപ്രവാഹത്തിന് ഭക്ഷണവും വെള്ളവും നല്‍കാന്‍ നാട്ടുകാരും സംഘടനകളും കാണിച്ച സുമനസ്സ് മാതൃകയായി. രാത്രി മുതല്‍ എട്ടിക്കുളത്ത് തടിച്ചുകൂടിയ മുസ്‌ലിം സഹോദരങ്ങള്‍ക്ക് പ്രഭാത നിസ്‌കാരത്തിനും അംഗശുദ്ധി വരുത്താനും അമുസ്‌ലിം വീടുകളിലും ഭജനമഠങ്ങളിലും സൗകര്യമൊരുക്കി ഉള്ളാള്‍ തങ്ങളോടുള്ള നാടിന്റെ ആദരവ് മതസൗഹാര്‍ദത്തിനും വഴിയൊരുക്കി.

SEYYID-3

കേരളത്തിന്റെ മത-സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങള്‍ ഒരു ഗ്രാമത്തിലേക്ക് ചുരുങ്ങിയ കാഴ്ചയായിരുന്നു, ഇസ്‌ലാമിക കര്‍മ മണ്ഡലത്തില്‍ ഒരു സൂര്യതേജസ്സായി തിളങ്ങിയ ഉള്ളാള്‍ തങ്ങളുടെ ദേഹവിയോഗ വാര്‍ത്തയറിഞ്ഞ് ഒഴുകിയെത്തിയ പതിനായിരങ്ങളിലൂടെ എട്ടിക്കുളം ഗ്രാമം സാക്ഷ്യം വഹിച്ചത്. ചരിത്രം ഉറങ്ങുന്ന എട്ടിക്കുളത്തിന്റെ മണ്ണില്‍ മറ്റൊരു ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. മത-രാഷ്ട്രീയ-സാമൂഹിക രംഗത്തുള്ള മഹദ് വ്യക്തികള്‍ എത്തിച്ചേര്‍ന്നതോടെ ശനിയാഴ്ച ഉള്ളാള്‍ തങ്ങള്‍ ഈ ലോകത്തു നിന്നും വിടപറഞ്ഞ സമയം മുതല്‍ ഇന്നലെ രാത്രി വരെയും അണമുറിയാത്ത ജനപ്രവാഹമായിരുന്നു എട്ടിക്കുളത്തേക്ക് ഒഴുകിയെത്തിയത്.

ജാതിമത ഭഭേദമന്യേ ജനങ്ങളെ സ്‌നേഹിച്ച മഹാപണ്ഡിതന് യാത്രാമൊഴിയേകാന്‍ ദക്ഷിണ കന്നടയും ഒന്നടങ്കം പയ്യന്നൂരിലേക്ക് ഒഴുകിയെത്തി. ദക്ഷിണ കന്നടയുടെ പ്രധാന കേന്ദ്രമായ മംഗലാപുരത്ത് നിന്നും കുടക്, മൈസൂര്‍, ഷിമോഗ, ചിക്മംഗ്ലൂര്‍ ജില്ലകളില്‍ നിന്നുമെല്ലാം നൂറുകണക്കിനാളുകളാണ് ഇന്നലെ പുലരുമ്പോഴേക്കും എട്ടിക്കുളത്തെത്തിയത്. പണ്ഡിതകുലത്തിന്റെ പ്രൗഢിയും നീതിബോധവും എന്നും കാത്തുസൂക്ഷിച്ച വിശ്വാസി സമൂഹത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നയിച്ച പണ്ഡിതശ്രേഷ്ഠനെ അവസാനമായി ഒരുനോക്ക് കാണാന്‍ കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടി പിന്നീട് വാഹനം പിടിച്ചും ട്രെയിന്‍മാര്‍ഗവുമെല്ലാമാണ് ആളുകള്‍ എത്തിക്കൊണ്ടിരുന്നത്. രാജ്യത്തെ പ്രമുഖ ഇസ്‌ലാമിക തീര്‍ഥാടന കേന്ദ്രമായ ഉള്ളാള്‍ ദര്‍ഗയില്‍ ഒരു തവണയെങ്കിലും സന്ദര്‍ശനത്തിനെത്തിയ ഒരാള്‍ക്കും ഉള്ളാള്‍ തങ്ങളെ മറക്കാനാകില്ലെന്ന് മറ്റ് മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു.

തിരുനബി കുടുംബത്തിലെ സമുന്നതനായ നേതാവും കര്‍മനിരതനായ പണ്ഡിതവര്യരുമായിരുന്നു താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹിമാന്‍ അല്‍ ബുഖാരിയെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന ആയിരക്കണക്കിന് ശിഷ്യസമ്പത്തുള്ള പണ്ഡിത കാരണവരായിരുന്ന അദ്ദേഹത്തിന്റെ വിയോഗം മുഴുവന്‍ ജനങ്ങള്‍ക്കും തീരാനഷ്ടമാണ്. തങ്ങളുടെ കുടുംബത്തെയും പ്രസ്ഥാന ബന്ധുക്കളെയും മുഹിബ്ബീങ്ങളെയും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടങ്ങളുടെയും അനുശോചനമറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. പുരുഷായുസ്സ് ദീനിനും സുന്നത്ത് ജമാഅത്തിനും നേതൃത്വം നല്‍കിയ ഉള്ളാള്‍ തങ്ങള്‍ പ്രസ്ഥാന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്നും ആവേശമായിരുന്നു. ആദര്‍ശ പ്രതിബദ്ധതയും ഇച്ഛാശക്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള പണ്ഡിത ശ്രേഷ്ടനായിരുന്നു അദ്ദേഹം. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ അനുസ്മരിച്ച്‌.

SEYYID-5

പാണ്ഡിത്യത്തിന്റെ കീരീടമണിഞ്ഞ ഉള്ളാള്‍ തങ്ങളുടെ അന്ത്യവിശ്രമം ഒരുക്കിയത് എട്ടിക്കുളത്തെ തഖ്‌വാ മസ്ജിദിന് മുന്നില്‍. മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച തഖ്‌വാ മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്താണ് താജുല്‍ ഉലമയുടെ ഖബര്‍ ഒരുക്കിയത്. ചരിത്രമുറങ്ങുന്ന എട്ടിക്കുളത്തിന് പുതുചരിതം തീര്‍ത്താണ് താജുല്‍ ഉലമയുടെ അന്ത്രനിദ്ര. ചുരുങ്ങിയ കാലം കൊണ്ട് പ്രസിദ്ധി നേടിയ തഖ്‌വാ മസ്ജിദില്‍ നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് തങ്ങളും നേതൃത്വം നല്‍കിയിരുന്നു. പള്ളിക്ക് തൊട്ടരികില്‍ താജുല്‍ ഉലമയുടെ പേരില്‍ തുടങ്ങിയ ദഅ്‌വാ കോളജിന്റെ പണി പുരോഗമിക്കുകയാണ്. വിജ്ഞാനം സ്ഫുരിക്കുന്ന മഹാഗുരുവിന്റെ അന്ത്യനിദ്രക്ക് ശാന്തിയേകുന്നതാകും ഈ പ്രാര്‍ഥനാലയം.

By Muslim Ummath Posted in Islamic

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s