പാചകം

1:  ആദ്യം മസാലപ്പൊടി തയ്യാറാക്കാം ..

ആവശ്യസാധനങ്ങള്‍ :
മല്ലി :300gm
ഉണക്ക്മുളക് :50gm
കുരുമുളക് :ഒരു ടേബിള്‍ സ്പൂണ്‍
ഉലുവ :ഒരുടീസ്സ്പൂണ്‍
കറിവേപ്പില :രണ്ടുതണ്ട്
മഞ്ഞള്‍പ്പൊടി :ഒരു ടീസ്പൂണ്‍
ജീരകം :അര സ്പൂണ്‍

തയ്യാറാക്കാം :വറുക്കാന്‍ പാകമുള്ള പാത്രംചൂടായാല്‍ മല്ലി ,മുളക് ,കുരുമുളക് ,കറിവേപ്പില ഇതിലിട്ട്ചെറുതീയില്‍ വറുക്കുക ഇവ ഏതാണ്ട് മൂത്തുവരുമ്പോള്‍ ഉലുവ
.ജീരകം ചേര്‍ക്കുക ഇവപൊട്ടാന്‍തുടങ്ങുമ്പോള്‍ ഇറക്കിവെച്ചു മഞ്ഞള്‍പ്പൊടി ചേര്‍ത്തു ഇളക്കി തണുപ്പിച്ചു മിക്സിയില്‍നല്ല മിനുസമായ്‌ പൊടിക്കുക .ഈമാസാലപ്പൊടി ഒരു ബോട്ടലില്‍സൂക്ഷിക്കുക .ആവശ്യാനുസരണം കറികള്‍ക്കുവേണ്ടി ഉപയോഗിക്കാം ..കടലക്കറി ,കൂട്ടുകറി,സാമ്പാറിനാണെങ്കില്‍അല്‍പ്പം കായം ,മുട്ടക്കറിയാണെങ്കിലും ഇറച്ചിക്കറി യാണെങ്കിലും അല്പം കുരുമുളക് പൊടി .ഇങ്ങിനെ പല കറികളും എളുപ്പം തയ്യാറാക്കാന്‍ ഈ മസാലപ്പൊടി ഉപകരിക്കും .

2 : ഷോപ്പില്‍ കിട്ടുന്ന ഉണക്കു തേങ്ങാപ്പൊടി (പാല്‍പ്പൊടിയല്ല ):250gm
കറിവേപ്പില :രണ്ടുതണ്ട്
ഉപ്പ് :ഒരുനുള്ള്
ഇനി തയ്യാറാക്കാം :പാത്രം ചൂടായാല്‍ ഉപ്പ്,സവോള രണ്ടു മിനുട്ട് വഴറ്റുക ശേഷം തേങ്ങാപ്പൊടി ,കറിവേപ്പില ചേര്‍ത്തു ചെറുതീയ്യില്‍ കരിഞ്ഞു പോവാതെ ഗോള്‍ഡന്‍ നിറമാവുമ്പോള്‍ ഇറക്കി തണുക്കുമ്പോള്‍ ബോട്ടലില്‍ സൂക്ഷിക്കുക ..ഇത് സാമ്പാറിനും .കടലക്കറി ,മുട്ടക്കറി ഇവയ്ക്കെല്ലാം അരക്കാന്‍ എളുപ്പമാകും .
3 : ഉണക്ക മുളക് :നൂറു ഗ്രാം
ഇത് വറുത്ത് പൊടിച്ച് ബോട്ടലില്‍ സൂക്ഷിക്കുക
മിക്സിയില്‍ ചമ്മന്തി ഉണ്ടാക്കുമ്പോള്‍ ജോലി എളുപ്പമാകും പിന്നെ സാമ്പാറിലുംമറ്റും എരുവ് കുറഞ്ഞുപോയാല്‍ ചേര്‍ക്കാം

4 : കുരുമുളക് :നൂറുഗ്രാം
ഇതും വറുത്ത്പൊടിച്ചു സൂക്ഷിക്കുക..
ഈ വക ജോലികളെല്ലാം ഒരുദിവസം ചെയ്തുവെച്ചാല്‍ കുറെ ദിവസങ്ങള്‍ ജോലി എളുപ്പമാക്കാം . വറുക്കാന്‍ ഒന്നിനും ഓയില്‍ ചേര്‍ക്കേണ്ടതില്ല

സ്വാദിഷ്ടമായ നാലുമണി പലഹാരം

ഈന്തപ്പഴം കുരുകളഞ്ഞ് നീളത്തിലരിഞ്ഞത് :എട്ടെണ്ണം
കിസ്മിസ്സ് :രണ്ടു ടേബിള്‍ സ്പൂണ്‍
അണ്ടി പരിപ്പ് :നുറുക്കിയത് ::ഒരു ടേബിള്‍ സ്പൂണ്‍
തേങ്ങാ പൂള്‍ നുറുക്കിയത് : രണ്ടു ടേബിള്‍ സ്പൂണ്‍
പഴം റോബസ്റ്റ :രണ്ടെണ്ണം
(മൈസൂര്‍ പഴം ആയാലും നല്ലത് എങ്കില്‍ എണ്ണം കൂട്ടേണ്ടിവരും )
പഞ്ചസാര :ഒരു ടേബിള്‍സ്പൂണ്‍
നെയ്യ് ഒരു ടേബിള്‍സ്പൂണ്‍
ബ്രെഡ്‌ :എട്ടു പീസ്‌ ( അല്ലെങ്കില്‍ കുബൂസ്‌ ചെറുത്‌ നാല് )
ഇവയില്‍ ഏതെങ്കിലും ഒരെണ്ണം മുറിച്ചിട്ട് മിക്സിയില്‍ തരുതരുപ്പായ്‌ പൊടിച്ചെടുക്കുക
പാല്‍ :അര ടീ കപ്പ്‌ ( മിശ്രണം കുഴച്ചെടുക്കാന്‍ പാകത്തിന് )
തയ്യാറാക്കുന്ന വിധം :
ഒരു പാത്രത്തില്‍ ഈന്തപഴം മുതല്‍ നെയ്യ് വരെയുള്ള ചേരുവകള്‍ നന്നായി ഞെരടി ഇതിലേക്ക് പൊടിച്ചു വെച്ചിരിക്കുന്ന ബ്രെഡ്‌(കുബ്ബൂസ്) ചേര്‍ക്കുക ..കുഴയ്ക്കാന്‍ ആവശ്യാനുസരണം പാല്‍ ചേര്‍ക്കാം ……..റെഡിയായ കൂട്ട് കയ്യില്‍ നെയ്മയംപുരട്ടി ചെറു ഉരുളകള്‍ ആക്കി വട രൂപത്തില്‍ പരത്തി ചൂടായ തവയില്‍ തിരിച്ചും മറിച്ചു മിട്ടു കരിഞ്ഞു പോകാതെ ചുട്ടെടുക്കുക .
കുറിപ്പ് :”മൈക്രോവേവ് അവന്‍” ഉണ്ടെങ്കില്‍ ജോലി എളുപ്പം കഴിയും ..നെയ്മയം പുരട്ടിയ ട്രെയില്‍ നിരത്തി അവനില്‍ വെച്ച് മൂന്നു മിനുട്ടില്‍ സെറ്റ് ചെയ്തു ഓണ്‍ ചെയ്യുക .ഇനി മറിച്ചിട്ട് രണ്ടു മിനുട്ട് കൂടി …സ്വാദിഷ്ടവും പോഷകപ്രദവു മായ പലഹാരം തയ്യാര്‍ ..ഇത് കുട്ടികള്‍ക്കും വലിയവര്‍ക്കും വൈകുന്നേരം ചായക്കൊപ്പം കഴിക്കാന്‍ ഇഷ്ടപ്പെടും

പാനീയങ്ങള്‍ 

ചെറുനാരങ്ങ പാനീയം

മണ്‍കൂജയിലോ മണ്‍കലത്തിലോ വെച്ച് തണുപ്പിച്ച വെള്ളം ഒരു ഗ്ലാസ് എടുത്ത് ഒരു ചെറുനാരങ്ങയുടെ നീരും കാല്‍ ടീസ്പൂണ്‍ ഇഞ്ചിനീരും രണ്ട് ഏലക്കായയും പൊടിച്ചിട്ട് മധുരം

പാകത്തിന് ശര്‍ക്കരയും ചേര്‍ക്കാം.

കുമ്പളങ്ങ പാനീയം

കുമ്പളങ്ങ: 250 ഗ്രാം, തേങ്ങ: 1 മുറി, ജീരകം: 1 ടീസ്പൂണ്‍, ഏലക്കായ: 2, ഉപ്പ്: പാകത്തിന്

കുമ്പളങ്ങയും നാളികേരവും ചിരവി വെള്ളം ചേര്‍ത്തരച്ച് പിഴിഞ്ഞ് നീരെടുത്ത് ഏലക്കായയും ജീരകവും പൊടിച്ചിട്ട് ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

തക്കാളി പാനീയം

പഴുത്ത തക്കാളി: 100 ഗ്രാം, വെള്ളം: 1 കപ്പ്, ഏലക്കായ: 4, ചെറുനാരങ്ങ നീര്: 2 ടീസ്പൂണ്‍, ശര്‍ക്കര: മധുരം പാകത്തിന്

തക്കാളി വെള്ളം ഒഴിച്ച് പിഴിഞ്ഞ് ചാറെടുത്ത് ചെറുനാരങ്ങനീരും ചേര്‍ത്തിളക്കി ഏലക്കായയും ശര്‍ക്കരയും പൊടിച്ചിട്ട് അരിച്ചെടുത്ത് ഉപയോഗിക്കാം.

നെല്ലിക്ക പാനീയം

ഉണക്ക നെല്ലിക്ക പത്ത് എണ്ണം കഴുകി തലേദിവസംതന്നെ വെള്ളത്തിലിട്ടുവെക്കണം. പിറ്റേന്ന് നെല്ലിക്ക പിഴിഞ്ഞ് ചണ്ടി ഒഴിവാക്കി നേര്‍ത്ത അരിപ്പയില്‍ അരിച്ചെടുത്ത് ചെറുനാരങ്ങനീരും മധുരം പാകത്തിന്  ശര്‍ക്കര ചേര്‍ത്ത് കഴിക്കാം.

നെല്ലിക്ക സംഭാരം

പച്ചനെല്ലിക്ക: 10, ഇഞ്ചി: 1 കഷ്ണം, ചെറുനാരങ്ങ: 2, കറിവേപ്പില: 1 ഞെട്ട്, വെള്ളം: 5 ഗ്ലാസ്, ഉപ്പ്: പാകത്തിന്

നെല്ലിക്ക കുരുകളഞ്ഞ് ഇഞ്ചിയും കറിവേപ്പിലയും കൂട്ടി നന്നായി അരച്ച് വെള്ളത്തില്‍ കലര്‍ത്തി ചെറുനാരങ്ങനീരും ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

മാങ്ങ സംഭാരം

പച്ചമാങ്ങ: 1, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 1 ഞെട്ട്, പച്ചമുളക്: 1, വെള്ളം: 5 ഗ്ലാസ്, ഉപ്പ്: പാകത്തിന്

മാങ്ങ തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് ചതച്ചെടുക്കുക. ഇഞ്ചി നന്നായി അരച്ച് ഉപ്പും ചതച്ചെടുത്ത മാങ്ങയും വെള്ളത്തില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

കാരറ്റ് പാനീയം

കാരറ്റ്: 2, തേങ്ങ: 1 മുറി, ഏലക്കായ: 2, ശര്‍ക്കര: മധുരം പാകത്തിന്

കേരറ്റും നാളികേരവും ചിരകി മിക്‌സിയില്‍ ഇട്ട് വെള്ളം ചേര്‍ത്തടിച്ച് അരിച്ചെടുത്ത് ശര്‍ക്കരയിട്ട് ചൂടാക്കുക. കുടിക്കാന്‍ പാകത്തിന് ചൂടാവുമ്പോള്‍ ഏലക്കായയും പൊടിച്ചുചേര്‍ത്ത് ഇറക്കിവെച്ച് ഉപയോഗിക്കാം.

നാളികേര പാനീയം

തേങ്ങ: 1, ശര്‍ക്കര: 2 അച്ച്, ഏലക്കായ: 2 എണ്ണം

തേങ്ങ ചിരകി വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചോ അല്ലെങ്കില്‍ കൈകൊണ്ട് പിഴിഞ്ഞോ പാലെടുത്ത് അതില്‍ ശര്‍ക്കരയും ഏലക്കായയും ഇട്ട് ചൂടാക്കിയതിനുശേഷം ഉപയോഗിക്കാം. (കുറിപ്പ്: തേങ്ങാപ്പാല്‍ തിളയ്ക്കാന്‍ പാടില്ല.)

തുളസി പാനീയം

ആവശ്യത്തിന് വെള്ളത്തില്‍ മധുരം പാകത്തിന് ശര്‍ക്കരയിട്ട് തിളപ്പിക്കുക. തിളച്ചാല്‍ അല്‍പം തുളസിക്കതിര് (ഇലയും പൂവും) ഇട്ട് ഇറക്കിവച്ച് അരിച്ചെടുത്ത് തേങ്ങാപ്പാല്‍ ചേര്‍ത്തോ അല്ലാതെയോ ഉപയോഗിക്കാം

ജീരക കപ്പി

ആവശ്യത്തിന് വെള്ളത്തില്‍ ജീരകം പൊടിച്ചിട്ട് മധുരം പാകത്തിന് ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിച്ച് അരിച്ചെടുത്താല്‍ ജീരക കാപ്പിയായി. (കുറിപ്പ്: തേങ്ങാപ്പാല്‍ ചേര്‍ത്താല്‍ നല്ല രുചിയായി.)

മല്ലിക്കാപ്പി (ജാപ്പി)

മല്ലി: 100 ഗ്രാം, ജീരകം: 100 ഗ്രാം, ഉലുവ: 50 ഗ്രാം , ചുക്ക്: 1 കഷ്ണം, ഏലക്കായ: 5, ശര്‍ക്കര: മധുരം പാകത്തിന്

മല്ലി, ഉലുവ, ജീരകം, ഏലക്കായ, ചുക്ക് എന്നിവ ചട്ടിയില്‍ ഇട്ട് വേറെ വേറെ ചൂടാക്കുക. എല്ലാ ചേരുവകളും ചേര്‍ത്ത് അമ്മിയിലോ മിക്‌സിയിലോ ഇട്ട് പൊടിച്ച് കാറ്റ് കടക്കാതെ സൂക്ഷിക്കുക. മധുരം പാകത്തിന് ശര്‍ക്കരയിട്ട് വെള്ളം തിളപ്പിച്ച് പാകത്തിന് പൊടിയിട്ട് അരിച്ചെടുത്ത് ഉപയോഗിക്കാം. (കുറിപ്പ്: തേങ്ങാപ്പാല്‍ ചേര്‍ത്താല്‍ നല്ല രുചിയായി.)

പച്ചക്കറി സൂപ്പ് 1

പച്ചക്കറികള്‍ തൊലി ചെത്തുന്നതിനുമുമ്പേ ഉരച്ച് കഴുകി വൃത്തിയാക്കണം. കുമ്പളങ്ങയുടെയും വെള്ളരിക്കയുടെയും മത്തങ്ങയുടെയും ചോറും തൊലിയും വെണ്ടക്ക, കാരറ്റ് ഇവയുടെ തുമ്പും കടയും മല്ലിച്ചപ്പ്, പൊതീനയില, കറിവേപ്പില, തക്കാളി ഇവയെല്ലാം പാകത്തിന് വെള്ളമൊഴിച്ച് അടുപ്പത്ത് വയ്ക്കുക. നന്നായി തിളച്ചശേഷം വെളുത്തുള്ളി, കുരുമുളക്, ജീരകം എന്നിവ ചതച്ചിട്ട് ഇറക്കിവെക്കാന്‍നേരം ഒരു തുണ്ട് ബീറ്റ്‌റൂട്ടും അരിഞ്ഞിട്ട് ഇറക്കി മൂടിവെക്കുക. അഞ്ച് മിനുട്ടിനുശേഷം അരിച്ചെടുത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് ഉപയോഗിക്കാം.

പച്ചക്കറി സൂപ്പ് 2

വെണ്ടക്ക, തക്കാളി, കാരറ്റ്, ബീറ്റ്‌റൂട്ട്, കുമ്പളങ്ങ, വെള്ളരിക്ക, പടവലങ്ങ, കാബേജ്, ബീന്‍സ് എന്നീ പച്ചക്കറികളും മല്ലിച്ചപ്പ്, പൊതീനയില, കറിവേപ്പില എന്നിവയും കഴുകി വൃത്തിയാക്കി മുറിച്ച് പാകത്തിന് വെള്ളം ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. വെന്താല്‍ പാകത്തിന് ഉപ്പ് ചേര്‍ത്തിറക്കി ചൂടാറിയാല്‍ നന്നായി തിരുമ്മി പിഴിഞ്ഞരിച്ച് നാളികേരപ്പാല്‍ ചേര്‍ത്ത് ചൂടാക്കി ഉപയോഗിക്കാം.

തക്കാളി സൂപ്പ്

തക്കാളി: 100 ഗ്രാം, ബീറ്റ്‌റൂട്ട്: 1, ജീരകം: 1 ടീസ്പൂണ്‍, മല്ലിയില: അല്‍പം, പൊതീനയില: അല്‍പം, വെളുത്തുള്ളി: 3 അല്ലി, കുരുമുളക്: 1 ടീസ്പൂണ്‍, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്

പാകത്തിന് വെള്ളത്തില്‍ തക്കാളിയും മല്ലിയിലയും പൊതീനയിലയും കറിവേപ്പിലയും ഇട്ട് തിളച്ചാല്‍ ജീരകവും കുരുമുളകും വെളുത്തുള്ളിയും ചതച്ചിട്ട് ഉപ്പുചേര്‍ത്ത് ഇറക്കാന്‍നേരം ബീറ്റ്‌റൂട്ട് ചെറുതായരിഞ്ഞിട്ട് അല്‍പസമയത്തിനുശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം

.

വെണ്ടക്ക സൂപ്പ്

വെണ്ടക്ക: 100 ഗ്രാം, വെള്ളം: 6 ഗ്ലാസ്, തേങ്ങാപ്പാല്‍: ഒരൗണ്‍സ്, ഉപ്പ്: പാകത്തിന്

വെണ്ടക്ക ചെറുതാക്കി നുറുക്കി വെള്ളവും ചേര്‍ത്ത് വേവിക്കുക. വെന്താല്‍ ഉപ്പ് ചേര്‍ത്ത് ഇറക്കിവെച്ച് അരിച്ച് തേങ്ങാപ്പാലും ചേര്‍ത്ത് ചെറുചൂടോടെ കഴിക്കാം.

മുരിങ്ങാക്കായ സൂപ്പ്

മുരിങ്ങാക്കായ ചെറിയ കഷ്ണങ്ങളാക്കി നന്നായി വേവിച്ച് സത്ത് പിഴിഞ്ഞെടുക്കുക. മറ്റൊരു പാത്രത്തില്‍ മല്ലിച്ചപ്പ്, പൊതീനയില, കറിവേപ്പില എന്നിവ അല്‍പാല്‍പം എടുത്ത് തക്കാളിയോടൊപ്പം വേവിക്കുക. വെന്താല്‍ അതിലേക്ക് കുറച്ച് ജീരകവും കുരുമുളകും പൊടിച്ചിടുക. ഒരല്ലി വെളുത്തുള്ളിയും ചതച്ചിടുക. അല്‍പം ഉപ്പും ഒരു ബീറ്റ്‌റൂട്ട് ചിരകിയതും മുരിങ്ങാക്കായ സത്തും അതിലേക്ക് ചേര്‍ത്ത് നന്നായിളക്കി 10 മിനിറ്റിനുശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.

സാലഡുകള്‍

ഗ്രീന്‍ സാലഡ്

കക്കിരി: 1 കിലോ, തക്കാളി: 1/2 കിലോ, മല്ലിയില: 25 ഗ്രാം, പൊതീനയില: 25 ഗ്രാം

കക്കിരി തൊലിചെത്തി വട്ടത്തില്‍ കനം കുറച്ച് മുറിക്കുക. (ബനാന ചിപ്‌സറില്‍ വട്ടത്തില്‍ ചീവിയെടുക്കുക.) തക്കാളി വട്ടത്തില്‍ മുറിക്കുക. മല്ലിയിലയും പൊതീനയിലയും നുള്ളിയെടുക്കുക. കാരറ്റും തക്കാളിയും പ്ലേറ്റില്‍ നിരത്തിവെച്ച് മീതെയായി അരിഞ്ഞ ഇലകളുമിട്ടാല്‍ സാലഡ് തയ്യാറായി.

കാരറ്റ് സാലഡ്

കാരറ്റ്: 250 ഗ്രാം, തേങ്ങ: 1 മുറി, ചുവന്നുള്ളി: 5, പച്ചമുളക്: 2, ഇഞ്ചി: 1 കഷ്ണം, മല്ലിയില: അല്‍പം, നിലക്കടല: 1/2 കപ്പ്, ഉപ്പ്: പാകത്തിന്

നിലക്കടല മുളപ്പിച്ച് വയ്ക്കണം. കാരറ്റ് ചീവിയെടുക്കുക. തേങ്ങ ചിരകിയെടുക്കുക. ഉള്ളിയും മല്ലിയിലയും പച്ചമുളകും അരിഞ്ഞുവയ്ക്കുക. ഇഞ്ചി നന്നേ പൊടിയാക്കി അരിഞ്ഞ് എല്ലാ ചേരുവകളും ചേര്‍ത്തിളക്കി പാകത്തിന് ഉപ്പും ചേര്‍ത്ത് ഉപയോഗിക്കാം.

പപ്പായ സാലഡ്

പച്ചപപ്പായ: 1, സവാള: 1, പച്ചമുളക്: 2, ചെറുനാരങ്ങ: 1, മല്ലിയില: അല്‍പം, നിലക്കടല മുളപ്പിച്ചത്: 1/4 കപ്പ്, ഉപ്പ്: പാകത്തിന്

പപ്പായ ചിരകിയെടുക്കുക. സവാള, പച്ചമുളക് എന്നിവ കഴിയുന്നത്ര കനം കുറച്ചരിയുക. മല്ലിയിലയരിഞ്ഞെടുത്ത് ചേരുവകളെല്ലാം ചേര്‍ത്ത് ചെറുനാരങ്ങ പിഴിഞ്ഞ് നീരൊഴിച്ച് ഇളക്കി യോജിപ്പിച്ച് ഉപയോഗിക്കാം.

പേരക്ക സാലഡ്

പേരക്ക: 5, ഏലക്കായ: 5, തേങ്ങ: 1 മുറി, ശര്‍ക്കര: 5 അച്ച് , നിലക്കടല: 1/2 കപ്പ്.

പേരക്ക നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഏലക്കായയും ശര്‍ക്കരയും പൊടിച്ച് ചേരുവകളെല്ലാം ചേര്‍ത്തിളക്കി ഉപയോഗിക്കാം.

തോരനുകള്‍

മുതിര തോരന്‍

മുതിര: 100 ഗ്രാം, പച്ചമുളക്: 2, ചുവന്നുള്ളി: 5, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

മുതിര നനച്ച് തുണിയില്‍ കെട്ടി മുളപ്പിച്ചുവെയ്ക്കുക. ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞ് മുതിരയില്‍ ഇട്ട് വേവിക്കുക. വെന്താല്‍ തേങ്ങ ചിരകി ചേര്‍ത്ത് ഉപ്പും ഇട്ട് നന്നായി ചേര്‍ത്തിളക്കി ഇറക്കി മൂടിവെയ്ക്കുക.

വന്‍പയര്‍ തോരന്‍

വന്‍പയര്‍: 250 ഗ്രാം, തേങ്ങ: 1 മുറി, പച്ചമുളക്: 2, ചുവന്നുള്ളി: 5, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

പയര്‍ മുളപ്പിച്ച് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക. വേവുമ്പോള്‍ ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞിട്ട് നന്നായി വെന്താല്‍ നാളികേരവും ചിരകിയിട്ട് ഒടുവില്‍ ഉപ്പും ചേര്‍ത്തിളക്കി ഇറക്കിവെച്ച് ഉപയോഗിക്കാം.

പട്ടാണിക്കടല തോരന്‍

പട്ടാണിക്കടല: 250 ഗ്രാം, സവാള: 1, പച്ചമുളക്: 2, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

പട്ടാണിക്കടല ഒരു ദിവസം മുഴുവന്‍ കുതിര്‍ത്തണം. സവാള, കറിവേപ്പില, പച്ചമുളക് ഇവയെല്ലാം ചെറുതാക്കി അരിഞ്ഞ് കുതിര്‍ത്ത കടലയില്‍ ഇട്ട് വേവാന്‍ പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്തതിനുശേഷം തേങ്ങ ചിരകിയിട്ട് ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

മണിക്കടല തോരന്‍

മണിക്കടല: 250 ഗ്രാം, ചുവന്നുള്ളി: 10, പച്ചമുളക്: 2, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

മണിക്കടല മുളപ്പിച്ചുവെക്കുക. ചുവന്നുള്ളിയും പച്ചമുളകും ചെറുതാക്കി അരിഞ്ഞുവെക്കുക. കടല പാകത്തിന് വെള്ളംവെച്ച് വേവിക്കുക. വെന്തുവരുമ്പോള്‍ ഉള്ളിയും പച്ചമുളകും ചേര്‍ക്കുക. നല്ലവണ്ണം വെന്താല്‍ തേങ്ങ ചിരകി ഉപ്പും കറിവേപ്പിലയും ചേര്‍ത്തിളക്കി ഇറക്കി മൂടിവെയ്ക്കുക.

ചെറുപയര്‍ തോരന്‍

ചെറുപയര്‍: 250 ഗ്രാം, തേങ്ങ: 1 മുറി, പച്ചമുളക്: 2, ചുവന്നുള്ളി: 5, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

ചെറുപയര്‍ മുളപ്പിച്ച് പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വെന്താല്‍ ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞിടുക. ഇറക്കാന്‍ നേരം നാളികേരം ചിരകി ഉപ്പും ചേര്‍ത്ത് ഇറക്കിവെച്ച് ഉപയോഗിക്കാം.

വാഴക്ക തോരന്‍

വാഴക്ക: 1/2 കിലോ, തേങ്ങ: 1 മുറി, പച്ചമുളക്: 2, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

വാഴക്ക ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വെന്താല്‍ പച്ചമുളക് അരിഞ്ഞിട്ട് കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി ഇറക്കാന്‍നേരം തേങ്ങ ചിരകി ഉപയോഗിക്കാം.

പാവക്ക തോരന്‍

പാവക്ക: 3, ചുവന്നുള്ളി: 5, പച്ചമുളക്: 3, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

പാവക്ക വട്ടത്തില്‍ മുറിച്ചെടുത്ത് കുരു കളയുക. ചുവന്നുള്ളിയും പച്ചമുളകും അരച്ച് പാവക്കയില്‍ ഇട്ട് ഉപ്പും ചേര്‍ത്ത് തിരുമ്മി പാകത്തിന് വെള്ളം തളിച്ച് വേവിക്കുക. വെന്താല്‍ തേങ്ങ ചിരകിയിട്ട് കറിവേപ്പിലയുമിട്ട് അടച്ചുവെയ്ക്കുക. അല്‍പം കഴിഞ്ഞ് ഇറക്കിവെച്ച് ഉപയോഗിക്കാം.

മുരിങ്ങാക്കായ തോരന്‍

മുരിങ്ങാക്കായ: 10, പച്ചമുളക്: 2, ചുവന്നുള്ളി: 5, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

മുരിങ്ങാക്കായ നെടുകെ പൊളിച്ച് ഉള്ളിലെ കഴമ്പ് അടര്‍ത്തിയെടുക്കുക. തേങ്ങ ചിരകി പച്ചമുളക്, ചുവന്നുള്ളി, കറിവേപ്പില, ഉപ്പ് എന്നിവയോടൊപ്പം ചതച്ച് മുരിങ്ങാക്കായയില്‍ ചേര്‍ത്ത് അടുപ്പത്തുവെച്ച് വേവിച്ച് ഉപയോഗിക്കാം.

ഇടിച്ചക്ക തോരന്‍

ഇളയ ചക്ക: 1, തേങ്ങ: 1, പച്ചമുളക്: 2, ചുവന്നുള്ളി: 5, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

ചക്ക തൊലിചെത്തി കഷ്ണങ്ങളാക്കി പാകത്തിന് വെള്ളത്തില്‍ പുഴുങ്ങി ഉരലിലോ അമ്മിയിലോ വെച്ച് ചതക്കുക. തേങ്ങ ചിരകി പച്ചമുളകും ഉള്ളിയും കറിവേപ്പിലയും ഉപ്പും കൂട്ടി ചതച്ചൊതുക്കി ചക്കയിലിട്ട് ഒന്നുകൂടി ചൂടാക്കി ഉപയോഗിക്കാം.

കടച്ചക്ക തോരന്‍

കടച്ചക്ക: 1, പച്ചമുളക്: 2, തേങ്ങ: 1, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

കടച്ചക്ക തൊലികളഞ്ഞ് കൊത്തിയരിഞ്ഞ് പാകത്തിന് വെള്ളത്തില്‍ ഉപ്പിട്ട് വേവിക്കുക. വെന്താല്‍ അതിലേക്ക് നാളികേരവും പച്ചമുളകും ചതച്ചിട്ട് കറിവേപ്പിലയും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

മുളപ്പിച്ച നിലക്കടല തോരന്‍

നിലക്കടല: 1 കപ്പ്, തേങ്ങ: 1 മുറി, ചുവന്നുള്ളി: 1/4 കപ്പ്, പച്ചമുളക്: 2, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

നിലക്കടല വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത് മുളപ്പിക്കുക. ഉള്ളി നീളത്തിലും പച്ചമുളക് വട്ടത്തിലും അരിയുക. ഉള്ളിയും കടലയും പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വെന്തുവരുമ്പോള്‍ തേങ്ങ ചിരകിയെടുത്ത് ബാക്കി ചേരുവകളെല്ലാം ചേര്‍ത്തിളക്കി ഉപയോഗിക്കാം.

ഉള്ളിത്തോരന്‍

സവാള: 4, തേങ്ങ: 1, പച്ചത്തക്കാളി: 2, ചെനച്ച മാങ്ങ: 1, പച്ചമുളക്: 3, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

സവാളയും തക്കാളിയും മാങ്ങയും നീളത്തില്‍ കനംകുറച്ചരിഞ്ഞ് ഉപ്പുചേര്‍ത്ത് വേവിക്കുക. തേങ്ങ ചിരകി പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് ചതച്ച് ചേര്‍ത്ത് ചെറുതീയില്‍ കുഴഞ്ഞുപോവാതെ വെള്ളം വറ്റിച്ചെടുത്ത് ഉപയോഗിക്കാം.

പപ്പായ പയര്‍ തോരന്‍

പപ്പായ: 1, തേങ്ങ: 1, പച്ചമുളക്: 2, ചുവന്നുള്ളി: 5, വന്‍പയര്‍: 1 കപ്പ്, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്

പയര്‍ മുളപ്പിച്ചു വയ്ക്കണം. പപ്പായ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. പയറില്‍ പാകത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തുവരുമ്പോള്‍ നുറുക്കിവെച്ച പപ്പായ കഷ്ണങ്ങളും ഉപ്പും ഇടണം. വെന്താല്‍ തേങ്ങ ചിരകി പച്ചമുളകും ഉള്ളിയും കറിവേപ്പിലയും ചതച്ചിട്ട് ഇളക്കി ഇറക്കിവെച്ച് ഉപയോഗിക്കാം.

വെണ്ടക്ക തോരന്‍

വെണ്ടക്ക: 1/2 കിലോ, തേങ്ങ: 1 മുറി, പച്ചമുളക്: 2, ചുവന്നുള്ളി: 4, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്

തേങ്ങ ചിരകിയെടുത്ത് ഉള്ളിയും കറിവേപ്പിലയും പച്ചമുളകും കൂട്ടി ഒന്നിച്ച് ചതച്ചെടുക്കുക. വെണ്ടക്ക വട്ടത്തില്‍ അരിഞ്ഞ് പാകത്തിന് ഉപ്പ് തിരുമ്മി ചേരുവകളെല്ലാം ചേര്‍ത്ത് അല്‍പം വെള്ളം കുടഞ്ഞ് അടുപ്പത്ത് വച്ച് വേവിച്ച് ഉപയോഗിക്കാം.

വാഴപ്പിണ്ടി തോരന്‍

വാഴപ്പിണ്ടി: 1 കഷ്ണം, തേങ്ങ: 1 മുറി, ചുവന്നുള്ളി: 5, പച്ചമുളക്: 3, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്

വാഴപ്പിണ്ടി കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞ് നാരുകളഞ്ഞ് ചെറുതാക്കിയരിഞ്ഞ് ഉപ്പുചേര്‍ത്ത് വേവിക്കുക. നന്നായി വെന്ത് വെള്ളം വറ്റിവരുമ്പോള്‍ നാളികേരം ചിരകിയെടുത്ത് ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും കൂടി ചതച്ചുചേര്‍ത്തിളക്കി ഉപയോഗിക്കാം.

ചേനത്തോരന്‍

ചേന: 1/2 കിലോ, തേങ്ങ: 1 മുറി, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, ചുവന്നുള്ളി: 5, പച്ചമുളക്: 2, ഉപ്പ്: പാകത്തിന്

ചേന തൊലിചെത്തി കഴുകി ചെറിയ കഷ്ണങ്ങളാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് മഞ്ഞള്‍പ്പൊടിയിട്ട് വേവിക്കുക. വെന്തുവരുമ്പോള്‍ ഉപ്പ് ചേര്‍ക്കുക. വെള്ളം വറ്റിയാല്‍ നാളികേരവും ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചതച്ച് ചേര്‍ത്തിളക്കി ഉപയോഗിക്കാം.

വാഴക്കൂമ്പ് തോരന്‍

വാഴക്കൂമ്പ്: 2, തേങ്ങ: 1, പച്ചമുളക്: 3, ചുവന്നുള്ളി: 8, കറിവേപ്പില: 2 ഞെട്ട്, മമ്പയര്‍: 50 ഗ്രാം, ഉപ്പ്: പാകത്തിന്

വാഴക്കൂമ്പിന്റെ (കൊടപ്പന്‍) ഏറ്റവും പുറമെയുള്ള മൂന്നു നാലു പോളകള്‍ ഒഴിവാക്കി വളരെ ചെറുതാക്കി കൊത്തിയരിഞ്ഞെടുക്കണം. മമ്പയര്‍ പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വെന്താല്‍ അതിലേക്ക് വാഴത്തട്ടയും ഉപ്പും ചേര്‍ത്തുവേവിച്ച് ഒടുവില്‍ തേങ്ങ, ഉള്ളി, പച്ചമുളക് എന്നിവ ചതച്ചിട്ട് കറിവേപ്പിലയും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

ചീരയില തോരന്‍

ചീരയില: 1 കിലോ, ചുവന്നുള്ളി: 10, പച്ചമുളക്: 2, തേങ്ങ: 1, ഉപ്പ്: പാകത്തിന്

ചീര കഴുകി വൃത്തിയാക്കി അരിയുക. നാളികേരം ചിരകി ചുവന്നുള്ളി, പച്ചമുളക്, ഉപ്പ് എന്നിവയോടൊപ്പം ചതച്ച് ചീരയോടൊപ്പം ചേര്‍ത്ത് പാത്രം അടച്ചുവെച്ച് വേവിച്ച് ഉപയോഗിക്കാം.

മുരിങ്ങയില തോരന്‍

മുരിങ്ങയില നുള്ളിയെടുത്തത്: 2 കപ്പ്, നാ ളികേരം: 1 മുറി, പച്ചമുളക്: 2, ഉപ്പ്: പാകത്തിന്

മുരിങ്ങയില ഉപ്പും ചേര്‍ത്ത് ചട്ടിയിലിട്ട് വഴറ്റിയെടുത്ത് അതിലേക്ക് നാളികേരവും പച്ചമുളകും ചതച്ചൊതുക്കി ചേര്‍ത്തിളക്കി ഉപയോഗിക്കാം.

മിക്‌സഡ് ഇലത്തോരന്‍

തഴുതാമയില: 1/2 കപ്പ്, കുമ്പളത്തില: 1/2 കപ്പ്, മുരിങ്ങയില: 1/2 കപ്പ്, മത്തന്‍ ഇല: 1/2 കപ്പ്, പയറില: 1/2 കപ്പ്, മുരിക്കിന്‍ തളിരില:1/2 കപ്പ്, കഞ്ഞിത്തൂവയില: 1/2 കപ്പ്, മുള്ളന്‍ ചീരയില: 1/2 കപ്പ്, കോവക്കയുടെ തളിരില: 1/2 കപ്പ്, പൊന്നാങ്കണ്ണി ഇല: 1/2 കപ്പ്, നാളികേരം: 2, പച്ചമുളക്: 2, ഉപ്പ്: പാകത്തിന്

ഇലകള്‍ കഴുകി വൃത്തിയാക്കി നുള്ളിയെടുത്ത് ഉപ്പും ചേര്‍ത്ത് ചട്ടിയില്‍ ഇട്ട് വഴറ്റി അതിലേക്ക് നാളികേരവും പച്ചമുളകും ചതച്ചിട്ട് ചേര്‍ത്തിളക്കി ഉപയോഗിക്കാം.

ചേമ്പിന്‍താള് തോരന്‍

ചേമ്പിന്‍താള്: 10, പച്ചമുളക്: 2, ചുവന്നുള്ളി: 5, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

ചേമ്പിന്‍താള് കഴുകി വൃത്തിയാക്കി തൊലി ചീകിക്കളഞ്ഞ് വട്ടത്തില്‍ അരിഞ്ഞ് വെള്ളം ഒഴിക്കാതെ വേവിക്കുക. വെന്താല്‍ ഉപ്പും നാളികേരവും ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചതച്ച് ചേര്‍ത്തിളക്കി ഉപയോഗിക്കാം.

പയറിലത്തോരന്‍

പയറില: 4 കപ്പ്, തേങ്ങ: 1 മുറി, ചുവന്നുള്ളി: 10, പച്ചമുളക്: 3, ഉപ്പ്: പാകത്തിന്

പയറില കഴുകി വൃത്തിയാക്കി അരിഞ്ഞ് ഉപ്പുചേര്‍ത്ത് ഇഡ്ഡലിത്തട്ടില്‍ വെച്ച് ആവിയില്‍ വേവിക്കുക. പച്ചമുളക്, ചുവന്നുള്ളി, നാളികേരം എന്നിവ ചതച്ചെടുത്ത് അതോടൊപ്പം ചേര്‍ത്തിളക്കി ഒരു പരന്ന പാത്രത്തിലിട്ട് അടുപ്പത്തുവെച്ച് ഉലര്‍ത്തി ചെറുചൂടോടെ ഉപയോഗിക്കാം.

കറികള്‍

കോളിഫ്ലവര്‍ കറി

കോളിഫ്ലവര്‍: 1/2 കിലോ, തക്കാളി: 250 ഗ്രാം, സവാള: 250 ഗ്രാം, തേങ്ങ: 1, പച്ചമുളക്: 3, കറിവേപ്പില: 2 ഞെട്ട്, ഇഞ്ചി: 1 കഷ്ണം, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്

കോളിഫ്ലവര്‍, തക്കാളി, പച്ചമുളക്, സവാള എന്നിവ കഴുകി ചെറിയ കഷ്ണങ്ങളാക്കി അതില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് പാകത്തിന് വെള്ളം വെച്ച് വേവിക്കുക. വെന്താല്‍ തേങ്ങ ചിരകി ഇഞ്ചിയും ചേര്‍ത്തരച്ചിട്ട് തിളക്കുന്നതിനുമുമ്പ് കറിവേപ്പിലയുമിട്ട് ഇറക്കിവെച്ച് ഉപയോഗിക്കാം.

ചീരയിലക്കറി

ചീരയില: 2 കപ്പ്, തേങ്ങ: 1 മുറി, പച്ചമുളക്: 2, ചുവന്നുള്ളി: 10, ജീരകം: 1/2 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്

ചീരയില കഴുകിയരിഞ്ഞ് മഞ്ഞള്‍പ്പൊടിയും ഉപ്പുമിട്ട് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വെന്താല്‍ തേങ്ങയും പച്ചമുളകും ഉള്ളിയും ജീരകവും അരച്ചുചേര്‍ത്ത് തിളക്കുന്നതിനുമുമ്പ് ഇറക്കിവെച്ച് ഉപയോഗിക്കാം.

ചീരക്കൂട്ട്

ചീര: 1/4 കിലോ, കടലപ്പരിപ്പ്: 100 ഗ്രാം, തേങ്ങ: 1 മുറി, പച്ചമുളക്: 3, ജീരകം: 1/4 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി: 1/4 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്

കടലപ്പരിപ്പ് കഴുകി രണ്ട് കപ്പ് വെള്ളം ഒഴിച്ചുവേവിക്കുക. വെന്താല്‍ ചീരയിലയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഒന്നുകൂടെ വേവിക്കുക. വെന്താല്‍ തേങ്ങ ചിരകി ജീരകവും പച്ചമുളകും കൂടി അരച്ചുചേര്‍ത്ത് ഉപ്പുമിട്ട് ഇറക്കിവെച്ച് ഉപയോഗിക്കാം.

മുരിങ്ങാക്കായ കറി

മുരിങ്ങാക്കായ: 5, പച്ചമുളക്: 2, ചുവന്നുള്ളി: 5, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്

മുരിങ്ങാക്കായ രണ്ടരയിഞ്ച് നീളത്തില്‍ മുറിച്ചെടുത്ത് അതില്‍ പച്ചമുളക് നീളത്തില്‍ പൊളിച്ചിട്ട് മഞ്ഞള്‍പ്പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക. വെന്താല്‍ നാളികേരവും ഉള്ളിയും അരച്ചുചേര്‍ത്ത് കറിവേപ്പിലയുമിട്ട് തിളക്കുന്നതിനുമുമ്പ് ഇറക്കിവെച്ച് ഉപയോഗിക്കാം.

മുരിങ്ങയിലക്കറി

മുരിങ്ങയില നുള്ളിയെടുത്തത്: 2 കപ്പ്, തേങ്ങ: 1 മുറി, ചുവന്നുള്ളി: 10, പച്ചമുളക്: 2, നല്ല ജീരകം: 1/4 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്

പച്ചമുളക് നീളത്തില്‍ പൊളിച്ച് മഞ്ഞള്‍പ്പൊടിയിട്ട് വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളച്ചാല്‍ മുരിങ്ങയില ഇടുക. അഞ്ച് മിനുട്ടിനുശേഷം നാളികേരവും ജീരകവും ഉള്ളിയും അരച്ചുചേര്‍ത്ത് ഉപ്പിട്ട് ഇറക്കിവെക്കുക.

വഴുതനങ്ങ കറി

വഴുതനങ്ങ: 1/2 കിലോ, ചുവന്നുള്ളി: 8, തേങ്ങ: 1, പച്ചമുളക്: 3, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്

വഴുതനങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉപ്പിട്ട് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വെന്തുവരുമ്പോള്‍ തേങ്ങ ചിരകി പച്ചമുളകും ഇഞ്ചിയും ചുവന്നുള്ളിയും കൂടി അരച്ചുചേര്‍ത്ത് തിളക്കുന്നതിനു മുമ്പ് കറിവേപ്പിലയുമിട്ട് ഇറക്കിവെച്ച് ഉപയോഗിക്കാം.

മത്തന്‍ കറി

മത്തന്‍: 500 ഗ്രാം, തേങ്ങ: 1, ചുവന്നുള്ളി: 5, പച്ചമുളക്: 3, കറിവേപ്പില: 1 ഞെട്ട്, മഞ്ഞള്‍: 1 കഷ്ണം, ഇഞ്ചി: 1 കഷ്ണം, ഉപ്പ്: പാകത്തിന്

മത്തന്‍ തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് മഞ്ഞളരച്ചിട്ട് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. വെന്താല്‍ കഷ്ണങ്ങള്‍ ഇളക്കി ഉടക്കുക. മുഴുവനും ഉടയേ്ക്കണ്ട. ചിലത് ഉടയാതെ കിടക്കുന്നതും നല്ലതാണ്. ഏതാണ്ട് കുറുകിവരുമ്പോള്‍ നാളികേരവും ഉള്ളിയും അരച്ചിടുക. അതോടൊപ്പം തന്നെ പച്ചമുളകും ഇഞ്ചിയും ചെറുതാക്കി അരിഞ്ഞിടുക. ഇറക്കാന്‍നേരം കറിവേപ്പിലയുമിട്ട് ചേര്‍ത്തിളക്കുക.

പാവയ്ക്ക കറി

പാവയ്ക്ക: 2, മാങ്ങ: 1, തേങ്ങ: 1, പച്ചമുളക്: 2, ചുവന്നുള്ളി: 10, ഇഞ്ചി: 1 കഷ്ണം, തക്കാളി: 100 ഗ്രാം, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്

പാവയ്ക്ക ചെറുതാക്കി അരിഞ്ഞ് വെള്ളം ചേര്‍ത്ത് മഞ്ഞള്‍പ്പൊടിയിട്ട് അടുപ്പത്തുവയ്ക്കുക. മാങ്ങ തൊലി ചെത്തി ചെറിയ കഷ്ണങ്ങളാക്കി ഇതോടൊപ്പം ചേര്‍ക്കാം. തിളച്ചാല്‍ ചുവന്നുള്ളിയും ഇഞ്ചിയും പച്ചമുളകും ചതച്ചിടുക. അതോടൊപ്പം തക്കാളി ഓരോന്നും നാലാക്കി നുറുക്കി പാകത്തിന് ഉപ്പും കറിവേപ്പിലയും ഇട്ട് വേവിക്കുക. വെന്താല്‍ തേങ്ങ അരച്ചുചേര്‍ത്ത് തിളക്കുന്നതിനുമുമ്പ് ഇറക്കിവെക്കുക.

മാങ്ങാക്കറി

മാങ്ങ: 2, തേങ്ങ: 1, പച്ചമുളക്: 2, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

മാങ്ങ തൊലികളഞ്ഞ് ചെറുതാക്കി കൊത്തിയരിഞ്ഞ് മഞ്ഞള്‍പ്പൊടിയിട്ട് പാകത്തിന് വെള്ളമൊഴിച്ച്് അടുപ്പത്ത്‌വയ്ക്കുക. തിളക്കുമ്പോള്‍ തേങ്ങ, ഇഞ്ചി, പച്ചമുളക് എന്നിവ അരച്ചുചേര്‍ത്ത് കറിവേപ്പിലയും ഉപ്പും ഇട്ടിളക്കി യോജിപ്പിച്ച് ഇറക്കി വയ്ക്കുക.

കൂട്ടുകറി

ചേന: 150 ഗ്രാം, ഏത്തക്കായ: 100 ഗ്രാം, എളവന്‍: 100 ഗ്രാം, മുളപ്പിച്ച പയര്‍: 50 ഗ്രാം, തേങ്ങ: 1, കുരുമുളക്: 1 ടീസ്പൂണ്‍, പച്ചമുളക്: 5, ഇഞ്ചി: 1 കഷ്ണം, മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍, ജീരകം: 1/2 ടീസ്പൂണ്‍, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

ചേന, ഏത്തക്കായ, എളവന്‍ എന്നിവ തൊലി ചെത്തി കഴുകി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് മുളപ്പിച്ച പയറും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് വെള്ളവുമൊഴിച്ച് വേവിക്കുക. വെന്താല്‍ തേങ്ങ, പച്ചമുളക്, ഇഞ്ചി, കുരുമുളക്, ജീരകം എന്നിവ നന്നായി അരച്ചുചേര്‍ത്ത് ഒടുവില്‍ കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

തക്കാളിക്കറി

തക്കാളി: 500 ഗ്രാം, സവാള: 200 ഗ്രാം, തേങ്ങ: 1, പച്ചമുളക്: 3, മല്ലിപ്പൊടി: 1 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി: 1/4 ടീസ്പൂണ്‍, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 2 ഞെട്ട് , ഉപ്പ്: പാകത്തിന്

തക്കാളിയും സവാളയും ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അതില്‍ പച്ചമുളക് നെടുകെ കീറിയിട്ട് മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് വേവിക്കുക. വെന്താല്‍ നാളികേരവും ഇഞ്ചിയും അരച്ചുചേര്‍ത്ത് ഉപ്പും കറിവേപ്പിലയും ഇട്ട് ഉപയോഗിക്കാം.

പടവലങ്ങ കറി

പടവലങ്ങ: 1, തേങ്ങ: 1, ചുവന്നുള്ളി: 5, പച്ചമുളക്: 2, തക്കാളി: 100 ഗ്രാം, മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

പടവലങ്ങ കുരുകളഞ്ഞ് ചെറുതാക്കിയരിഞ്ഞ് അതില്‍ പച്ചമുളക് നീളത്തില്‍ പൊളിച്ചിട്ട് മഞ്ഞള്‍പ്പൊടിയും പാകത്തിന് വെള്ളവുമൊഴിച്ച് വേവിക്കുക. വേവുമ്പോള്‍ തക്കാളി മുറിച്ചിടുക. വെന്തുകഴിഞ്ഞാല്‍ തേങ്ങ ചിരകി ഉള്ളിയും ചേര്‍ത്തരച്ചിടുക. തിളക്കുന്നതിനുമുമ്പായി കറിവേപ്പിലയും ഉപ്പുമിട്ട് ഇറക്കിവെച്ച് ഉപയോഗിക്കാം.

വെണ്ടക്ക കറി

വെണ്ടക്ക: 250 ഗ്രാം, തക്കാളി: 100 ഗ്രാം, തേങ്ങ: 1, പച്ചമുളക്: 2, ചുവന്നുള്ളി: 4, കറിവേപ്പില: 2 ഞെട്ട്, മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്

തക്കാളിയും പച്ചമുളകും വെണ്ടക്കയും നീളത്തില്‍ അരിഞ്ഞ് മഞ്ഞള്‍പ്പൊടിയിട്ട് പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. വെന്താല്‍ തേങ്ങ ചിരകി ഉള്ളിയും ചേര്‍ത്തരച്ചെടുത്ത് പാകത്തിന് ഉപ്പും കറിവേപ്പിലയും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

കടലക്കറി

കടല മുളപ്പിച്ചത്: 200 ഗ്രാം, തേങ്ങ: 1, പച്ചമുളക്: 2, ഇഞ്ചി: 1 കഷ്ണം, മഞ്ഞള്‍പ്പൊടി: 1/4 ടീസ്പൂണ്‍, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

മുളപ്പിച്ച കടലയില്‍ മഞ്ഞള്‍പ്പൊടിയിട്ട് വെള്ളമൊഴിച്ച് നന്നായി വേവിക്കുക. വെന്തുകഴിഞ്ഞാല്‍ തേങ്ങ, പച്ചമുളക്, ഇഞ്ചി എന്നിവ അരച്ചുചേര്‍ത്ത് കറിവേപ്പിലയും ഉപ്പുമിട്ട് യോജിപ്പിച്ച് ഉപയോഗിക്കാം.

അവിയല്‍

ഇളവന്‍, പടവലങ്ങ, ചെരങ്ങ, വെള്ളരിക്ക, ചേന, ബീന്‍സ്, കൊത്തമര, അച്ചിങ്ങപയറ്, കാരറ്റ്, മത്തന്‍, നേന്ത്രക്കായ, മുരിങ്ങാക്കായ, വെണ്ടക്ക എന്നിവ 100 ഗ്രാം വീതം, തക്കാളി: 250 ഗ്രാം, തേങ്ങ: 2, പച്ചമുളക്: 4, ചുവന്നുള്ളി: 10, കറിവേപ്പില: 2 ഞെട്ട് , മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, ഇഞ്ചി: 1 കഷ്ണം, ഉപ്പ്: പാകത്തിന്

തക്കാളി ഒഴികെയുള്ള എല്ലാ പച്ചക്കറികളും രണ്ടരയിഞ്ച് നീളത്തില്‍ വളരെ കനം കുറച്ച് അരിയുക. പാകം ചെയ്യാനുള്ള പാത്രത്തില്‍ ആദ്യം ഇളവന്‍ ഇട്ടതിനുശേഷം വെണ്ടക്കയും തക്കാളിയും ഒഴികെ ബാക്കി എല്ലാ കഷ്ണങ്ങളും ഒരുമിച്ചിട്ട് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അടുപ്പത്തുവയ്ക്കുക. മുക്കാല്‍ ഭാഗം വേവാകുമ്പോള്‍ തക്കാളി മുറിച്ചിടുക. അതോടൊപ്പം തന്നെ വെണ്ടക്കയും കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കണം. വെന്താല്‍ നാളികേരം, ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചുചേര്‍ത്ത് ഇറക്കിവെച്ച് ഉപയോഗിക്കാം.

കോവക്ക കറി

കോവക്ക: 20, തക്കാളി: 4, പച്ചമുളക്: 2, ചുവന്നുള്ളി: 5, തേങ്ങ: 1 മുറി, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 2 ഞെട്ട്, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്

കോവക്ക കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞ് തക്കാളിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്താല്‍ തേങ്ങ, ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ അരച്ചിട്ട് കറിവേപ്പിലയും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

കുമ്പളങ്ങക്കറി

കുമ്പളങ്ങ: 200 ഗ്രാം, തുവരപ്പരിപ്പ്: 50 ഗ്രാം, തക്കാളി: 100 ഗ്രാം, തേങ്ങ: 1 മുറി, ജീരകം: 1/2 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, സവാള: 1, ചുവന്നുള്ളി: 5, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

പരിപ്പ് കഴുകി മഞ്ഞള്‍പ്പൊടിയിട്ട് പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വേവുമ്പോള്‍ കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയിടുക. ഒപ്പം സവാളയും നീളത്തില്‍ അരിഞ്ഞിടണം. ഒന്നു തിളച്ചാല്‍ തക്കാളിയും ഉപ്പും ചേര്‍ക്കാം. വെന്താല്‍ തേങ്ങ ചിരകി ചുവന്നുള്ളിയും ജീരകവും ചേര്‍ത്തരച്ച് കറിവേപ്പിലയും കൂടിയിട്ട് നന്നായി തിളക്കുന്നതിനു മുമ്പ് ഇറക്കിവെച്ച് ഉപയോഗിക്കാം.

വെള്ളരിക്ക കറി

വെള്ളരിക്ക: 1 കിലോ, പച്ചമാങ്ങ: 2, തേങ്ങ: 1, പച്ചമുളക്: 3, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, ജീരകം: 1/2 ടീസ്പൂണ്‍, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

വെള്ളരിക്ക കഴുകി തൊലി കളഞ്ഞ് മഞ്ഞള്‍പ്പൊടിയുമിട്ട് ആവശ്യത്തിന് വെള്ളത്തില്‍ വേവിക്കുക. വേവുമ്പോള്‍ മാങ്ങ ചെറുതാക്കി നുറുക്കിയിടണം. വെന്താല്‍ നാളികേരവും പച്ചമുളകും ജീരകവും അരച്ചുചേര്‍ത്ത് കറിവേപ്പിലയും പാകത്തിന് ഉപ്പും ഇട്ട് ഇളക്കി ഇറക്കിവെച്ച് ഉപയോഗിക്കാം.

ചേനക്കറി

ചേന: 200 ഗ്രാം, തുവരപ്പരിപ്പ്: 1/2 ഗ്ലാസ്, തേങ്ങ: 1 മുറി, ചുവന്നുള്ളി: 10, ജീരകം: 1 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, പച്ചമുളക്: 2, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

ചേന തൊലി ചെത്തി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി തുവരപ്പരിപ്പും മഞ്ഞള്‍പ്പൊടിയുമിട്ട് വേവിക്കുക. വെന്താല്‍ തേങ്ങയും പച്ചമുളകും ചുവന്നുള്ളിയും ജീരകവും ചേര്‍ത്തരച്ച് വെന്തകഷ്ണത്തില്‍ ചേര്‍ത്ത് നല്ലപോലെ തിളക്കുന്നതിനുമുമ്പ് ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് ഉപയോഗിക്കാം.

സാമ്പാര്‍

തക്കാളി, ചേന, ഏത്തക്കായ, ബീന്‍സ്, എളവന്‍, മുരിങ്ങാക്കായ, കാരറ്റ്, വഴുതനങ്ങ, മുളപ്പിച്ച ചെറുപയര്‍ എന്നിവ 100 ഗ്രാം വീതം, പച്ചമുളക്: 5, തേങ്ങ: 1, ഉലുവ പൊടിച്ചത്: 1/2 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, കറിവേപ്പില: 4 ഞെട്ട്, ഉപ്പ്: പാകത്തിന്

പച്ചക്കറികള്‍ കഴുകി തൊലികളഞ്ഞ് മുറിച്ച് മുളപ്പിച്ച ചെറുപയറും മഞ്ഞള്‍പ്പൊടിയും പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ഒപ്പം പച്ചമുളകും കീറിയിടണം. വേവുമ്പോള്‍ ഉലുവ പൊടിച്ചതും തക്കാളിയും ഇടുക. വെന്താല്‍ തേങ്ങ ചിരകി കറിവേപ്പിലയും ചേര്‍ത്തരച്ച് ഉപ്പും ചേര്‍ത്തിളക്കി ഇറക്കിവെച്ച് ഉപയോഗിക്കാം.

പരിപ്പ് കറി

തൊലികളയാത്ത തുവരപ്പരിപ്പ്: 1/2 കപ്പ്, ചുവന്നുള്ളി: 15, പച്ചമുളക്: 2, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, വെളുത്തുള്ളി: 3 അല്ലി, ജീരകം: 1/4 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി: 1/4 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്

പരിപ്പ് കഴുകി മഞ്ഞള്‍പ്പൊടിയിട്ട് ആവശ്യത്തിന് വെള്ളത്തില്‍ വേവിച്ചെടുക്കുക. വെ ന്താല്‍ തേങ്ങ, ചുവന്നുള്ളി, വെളുത്തുള്ളി, ജീരകം, പച്ചമുളക് എന്നിവ അരച്ചെടുത്ത് കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി ഇറക്കിവെച്ച് ഉപയോഗിക്കാം.

കയ്പക്ക സബ്ജി

കയ്പക്ക: 1, തക്കാളി: 4, തേങ്ങ: 1, പച്ചമുളക്: 3, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്.

കയ്പക്ക കുരുകളഞ്ഞ് അരിഞ്ഞ് ഉപ്പ് പുരട്ടി അല്‍പനേരം വയ്ക്കുക. പച്ചമുളകും തക്കാളിയും നീളത്തില്‍ അരിയുക. ഇഞ്ചി ചതച്ചുവയ്ക്കുക. തേങ്ങ അരച്ചുവെക്കുക. തക്കാളിയും കയ്പക്കയും ഇഞ്ചിയും പച്ചമുളകും ഒരുമിച്ചിട്ട് പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വെന്താല്‍ ഉപ്പും കറിവേപ്പിലയും തേങ്ങ അരച്ചതും ചേര്‍ത്ത് ഉപയോഗിക്കാം.

കാബേജ് കുറുമ

കാബേജ്: 1, തേങ്ങ: 1, തക്കാളി: 2, സവാള: 1, പച്ചമുളക്: 2, വെളുത്തുള്ളി: 4 അല്ലി, ഇഞ്ചി: 1 കഷ്ണം, ജീരകം: 1 ടീസ്പൂണ്‍, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

കേബേജും തക്കാളിയും സവാളയും ചെറുതാക്കി നുറുക്കി പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വെന്താല്‍ തേങ്ങ ചിരകി ജീരകം, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ഇവയെല്ലാം കൂടി അരച്ച് വെന്തകഷ്ണത്തിലിട്ടിളക്കി കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് തിളക്കുന്നതിനുമുമ്പ് ഇറക്കിവെച്ച് ചൂടോടുകൂടി ഉപയോഗിക്കാം.

ഏത്തക്കായ കുറുമ

ഏത്തക്കായ: 2, തക്കാളി: 3, സവാള: 1, പച്ചമുളക്: 2, തേങ്ങ: 1 മുറി, ജീരകം: 1 ടീസ്പൂണ്‍, ഇഞ്ചി: 1 കഷ്ണം, വെളുത്തുള്ളി: 4 അല്ലി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

ഏത്തക്കായയും തക്കാളിയും സവാളയും ചെറുതാക്കി നുറുക്കി പാകത്തിന് വെള്ളത്തില്‍ വേവിക്കുക. തേങ്ങ ചിരകി പച്ചമുളകും ജീരകവും ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്തരച്ച് വേവിച്ച കഷ്ണത്തിന്റെ കൂടെയിട്ട് കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി തിളക്കുന്നതിനുമുമ്പ് ഇറക്കിവെച്ച് ഉപയോഗിക്കാം.

പട്ടാണിക്കടല കുറുമ

പട്ടാണിക്കടല: 100 ഗ്രാം, തേങ്ങ: 1 മുറി, കാരറ്റ്: 2, തക്കാളി: 3, പച്ചമുളക്: 2, ജീരകം: 1 ടീസ്പൂണ്‍, ഇഞ്ചി: 1 കഷ്ണം, വെളുത്തുള്ളി: 4 അല്ലി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

കടല വെള്ളത്തിലിട്ട് കുതിര്‍ത്തുവയ്ക്കണം. കാരറ്റ് ചെറിയ കഷ്ണങ്ങളാക്കുക. തക്കാളി നീളത്തില്‍ മുറിക്കുക. പാകത്തിന് വെള്ളം വെച്ച് കടലയും അരിഞ്ഞ കഷ്ണങ്ങളുമിട്ട് വേവിക്കുക. തേങ്ങ ചിരകി ജീരകവും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്തരച്ചിട്ട് തിളക്കുന്നതിനുമുമ്പ് കറിവേപ്പിലയും ഉപ്പും ഇട്ട് ഇറക്കിവെച്ച് ഉപയോഗിക്കാം.

കോളിഫ്ലവര്‍ കുറുമ

കോളിഫ്ലവര്‍: 1, തേങ്ങ: 1, തക്കാളി: 2, പച്ചമുളക്: 2, പട്ടാണിക്കടല: 50 ഗ്രാം, ജീരകം: 1 ടീസ്പൂണ്‍, ഇഞ്ചി: 1 കഷ്ണം, വെളുത്തുള്ളി: 4 അല്ലി, കറിവേപ്പില: 2 ഞെട്ട് , ഉപ്പ്: പാകത്തിന്

പട്ടാണിക്കടല കുതിര്‍ത്ത് അതിലേക്ക് കോളിഫ്ലവര്‍, തക്കാളി എന്നിവ ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയിട്ട് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്താല്‍ തേങ്ങ, ജീരകം, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയെല്ലാം അരച്ചുചേര്‍ത്ത് കറിവേപ്പിലയും പാകത്തിന് ഉപ്പും ഇട്ട് തിളക്കുന്നതിനുമുമ്പ് ഇറക്കിവെച്ച് ഉപയോഗിക്കാം.

ഓലന്‍ 1

കുമ്പളങ്ങ: 1 കിലോ, തേങ്ങ: 2, പച്ചമുളക്: 2, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

തേങ്ങ ചിരകി വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞ് ഒന്നാം പാലെടുത്ത് വെക്കുക. അല്‍പം വെള്ളം ചേര്‍ത്ത് രണ്ടാംപാല്‍ പിഴിഞ്ഞെടുത്ത് അതില്‍ കുമ്പളങ്ങയും പച്ചമുളകും നീളത്തില്‍ മുറിച്ചിട്ട് അതോടൊപ്പം ഇഞ്ചിയും ചതച്ചിട്ട് ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്താല്‍ ഒന്നാംപാലും കറിവേപ്പിലയും ചേര്‍ത്ത് തിളക്കുന്നതിനുമുമ്പ് ഇറക്കിവെച്ച് ഉപയോഗിക്കാം.

ഓലന്‍ 2

കുമ്പളങ്ങ: 50 ഗ്രാം, വന്‍പയര്‍: 50 ഗ്രാം, തേങ്ങ: 2, പച്ചമുളക്: 3, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

തേങ്ങ ചിരവി വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞ് ഒന്നാം പാലും വെള്ളം ചേര്‍ത്ത് പിഴിഞ്ഞ് രണ്ടാംപാലും എടുത്തുവെക്കണം. കുമ്പളങ്ങ തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവെക്കണം. വന്‍പയര്‍ ആദ്യം അടുപ്പത്തുവെച്ച് വേവുമ്പോള്‍ അതിലേക്ക് മുറിച്ച കഷ്ണങ്ങളും രണ്ടാംപാലും പാകത്തിന് ഉപ്പും പച്ചമുളക് നെടുകെ പിളര്‍ത്തിയും ഇടുക. വെന്താല്‍ ഒന്നാംപാലും ഒഴിച്ച് കറിവേപ്പിലയുമിട്ട് ഇളക്കി തിളയ്ക്കുന്നതിനുമുമ്പ് ഇറക്കിവെച്ച് ഉപയോഗിക്കാം. (എളവന്‍ ഉപയോഗിച്ചുള്ള ഓലന്‍ പോലെ മത്തന്‍, ചിരങ്ങ, വെള്ളരി, പപ്പായ എന്നിവ ഉപയോഗിച്ചും ഓലനുണ്ടാക്കാം.)

ചെറുപയര്‍ പരിപ്പ് രസം

ചെറുപയര്‍ പരിപ്പ്: 1 കപ്പ്, തക്കാളി: 4, വെളുത്തുള്ളി: 5, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, കുരുമുളക്: 1 ടീസ്പൂണ്‍, ജീരകം: 1/2 ടീസ്പൂണ്‍, മല്ലിയില: അല്‍പം, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

ചെറുപയര്‍ വേവിച്ചുടച്ച് തക്കാളിയും മഞ്ഞള്‍പ്പൊടിയും ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. തിളക്കുമ്പോള്‍ വെളുത്തുള്ളി, കുരുമുളക്, ജീരകം, മല്ലിയില, കറിവേപ്പില എന്നിവ ചതച്ചിട്ട് തിളച്ചുവരുമ്പോള്‍ ഇറക്കിവെച്ച് ചൂടോടുകൂടി ഉപയോഗിക്കാം.

തക്കാളി രസം

തക്കാളി: 4, വെളുത്തുള്ളി: 5, പച്ചമുളക്: 3, മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍, ഉണക്കമല്ലി: 2 ടീസ്പൂണ്‍, കുരുമുളക്: 1/4 ടീസ്പൂണ്‍, ജീരകം: 1 ടീസ്പൂണ്‍, കറിവേപ്പില: 2 ഞെട്ട്, മല്ലിയില: അല്‍പം, ഉപ്പ്: പാകത്തിന്

തക്കാളിയും മഞ്ഞള്‍പ്പൊടിയും ഉപ്പും പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വേവുമ്പോള്‍ മല്ലി, കുരുമുളക്, ജീരകം, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവ ചതച്ചിട്ട് തിളപ്പിച്ച് അരിച്ചെടുത്ത് ഉപയോഗിക്കാം.

വെജിറ്റബിള്‍ ഉപ്പുമാവ്

ഗോതമ്പ് അരി (നുറുക്ക് ഗോതമ്പ്): 250 ഗ്രാം, അണ്ടിപ്പരിപ്പ്: 10 ഗ്രാം, സവാള: 2, കാരറ്റ്: 2, തക്കാളി: 2, പച്ചമുളക്: 4, കാബേജ്: 1 കഷ്ണം, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

സവാള, കാരറ്റ്, കാബേജ്, പച്ചമുളക്, ഇഞ്ചി, തക്കാളി എന്നിവ ചെറുതാക്കിയരിയുക. അണ്ടിപ്പരിപ്പ് ചെറിയ കഷ്ണങ്ങളാക്കുക. ഗോതമ്പ് അരി വേവാന്‍ പാകത്തിന് വെള്ളം ഒഴിച്ച് നുറുക്കിവെച്ച കഷ്ണങ്ങളും ചേര്‍ത്ത് വേവിക്കുക. വെന്താല്‍ കറിവേപ്പിലയും പാകത്തിന് ഉപ്പും അണ്ടിപ്പരിപ്പും ചേര്‍ത്തിളക്കി ഇറക്കിവെച്ച് ഉപയോഗിക്കാം.

ഗോതമ്പ് ഉപ്പുമാവ്

നുറുക്ക് ഗോതമ്പ്: 250 ഗ്രാം, തേങ്ങ: 1 മുറി, സവാള: 1, കാരറ്റ്: 1, പച്ചമുളക്: 2, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

ഗോതമ്പ് കരിയാതെ ചെറുതീയില്‍ ചൂടാക്കുക (ചുവക്കെ വറുത്തെടുക്കേണ്ടതില്ല). സവാള, കാരറ്റ്, ഇഞ്ചി, പച്ചമുളക് എന്നിവ വളരെ പൊടിയാക്കിയരിഞ്ഞ് ഗോതമ്പരിയും കറിവേപ്പിലയും ഉപ്പുമിട്ട് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വെന്താല്‍ തേങ്ങ ചിരകിയിട്ട് ചേര്‍ത്തിളക്കി ഇറക്കിവെച്ച് ഉപയോഗിക്കാം.

പച്ചക്കറി പുട്ട്

അരിപ്പൊടി: 1 കിലോ, കാരറ്റ്: 100 ഗ്രാം, ബീറ്റ്‌റൂട്ട്: 100 ഗ്രാം, തേങ്ങ: 2, ചീര: 1 കപ്പ്, ഉപ്പ്: പാകത്തിന്

കേരറ്റും ബീറ്റ്‌റൂട്ടും ചിപ്‌സറില്‍ ചീവിയെടുക്കുക. ചീര ചെറുതാക്കി അരിയുക. തേങ്ങ ചിരകിയെടുക്കുക. കേരറ്റും ബീറ്റ്‌റൂട്ടും ചീരയും അരിപ്പൊടിയില്‍ ചേര്‍ത്ത് ഉപ്പുവെള്ളം കുടഞ്ഞ് പുട്ടിന്റെ പാകത്തില്‍ നനക്കുക. പുട്ടുകുറ്റിയില്‍ പൊടി നിറക്കുമ്പോള്‍ അടിയിലും മുകളിലും ഇടക്കിടെയുമായി നാളികേരമിട്ട് ആവിയില്‍ വേവിച്ചെടുക്കുക.

കുറിപ്പ്: പുട്ടുകുറ്റിക്കുപകരം കണ്ണന്‍ ചിരട്ടയിലും ഉണ്ടാക്കാം. അപ്പോള്‍ തേങ്ങ അടിയിലും മുകളിലും മാത്രം ഇട്ടാല്‍ മതി.

ഗോതമ്പ് പുട്ട്

ഗോതമ്പുപൊടി: 3 ഗ്ലാസ്, തേങ്ങ: 2, ഉപ്പുവെള്ളം: പാകത്തിന്

ഗോതമ്പുപൊടിയില്‍ ഉപ്പുവെള്ളം കുടഞ്ഞ് പുട്ടിന്റെ പാകത്തില്‍ നനക്കുക. തേങ്ങ ചിരകി, പുട്ടുകുറ്റിയില്‍ പൊടിയിടുമ്പോള്‍ അടിയിലും ഇടക്കിടെയും നാളികേരമിട്ട് ആവിയില്‍ വേവിച്ചെടുത്ത് ഉപയോഗിക്കാം.

ഇടിയപ്പം (നൂല്‍പ്പുട്ട്)

അരിപ്പൊടി: 2 ഗ്ലാസ്, തേങ്ങ: 1, ഉപ്പ്: പാകത്തിന്

അരിപ്പൊടി ഉപ്പും തിളപ്പിച്ചവെള്ളവുമൊഴിച്ച് വെള്ളം കൂടുതലാവാതെ കുഴച്ചെടുക്കണം. ഈ മാവ് നൂല്‍പ്പുട്ടിന്റെ ചില്ലില്‍ പീച്ചിയെടുത്ത് തേങ്ങ ചിരകിയതും വിതറി ഇഡ്ഡലിത്തട്ടിലോ അപ്പച്ചെമ്പിലോ വെച്ച് ആവിയില്‍ വേവിച്ചെടുക്കാം.

കപ്പ (മരച്ചീനി) പുട്ട്

പച്ചക്കപ്പ: 1 കിലോ, തേങ്ങ: 2, ജീരകം: 1/2 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്

പച്ചക്കപ്പ തൊലികളഞ്ഞ് കഴുകി ചിരകി അതിലേക്ക് ജീരകം നല്ലതുപോലെ പൊടിച്ചിട്ട് പാകത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക. പുട്ടുകുറ്റിയില്‍ കപ്പ നിറക്കുമ്പോള്‍ അടിയിലും മുകളിലും ഇടക്കിടെയുമായി തേങ്ങ ചിരകിയിട്ട് ആവിവരുത്തി വേവിച്ച് ഉപയോഗിക്കാം.

വെള്ളപ്പം

പച്ചരി: 2 ഗ്ലാസ്, തേങ്ങ: 1, ഉപ്പ്: പാകത്തിന്

പച്ചരി വെള്ളത്തിലിട്ട് കുതിര്‍ത്ത് ഇടിച്ചു പൊടിയാക്കി തരിച്ചെടുക്കുക. കുറച്ച് അരിത്തരിയെടുത്ത് കുറുക്കി വെക്കുക. തേങ്ങ ചിരകി വെള്ളമൊഴിച്ചു പിഴിഞ്ഞ് പാലെടുക്കണം. അരിപ്പൊടിയും ഉപ്പും തരി കുറുക്കിയതും നാളികേരപ്പാലില്‍ നന്നായി കലക്കി ചീനച്ചട്ടിയില്‍ കോരിയൊഴിച്ച് അടച്ചുവെച്ച് ചുട്ടെടുത്ത് ഉപയോഗിക്കാം.

നാളികേരപ്പത്തിരി

പച്ചരി: 2 ഗ്ലാസ്, തേങ്ങ: 1, ഉപ്പ്: പാകത്തിന്

പച്ചരി കഴുകി കുതിര്‍ത്ത് പൊടിച്ച് തരിച്ചെടുക്കണം. തേങ്ങ ചിരവി അല്‍പം വെള്ളം ചേര്‍ത്തുപിഴിഞ്ഞ് പാലെടുത്ത് അത് അരിപ്പൊടിയില്‍ ചേര്‍ത്ത് ഉരുട്ടാവുന്ന പാകത്തില്‍ കുഴച്ച് ഉരുളകളാക്കുക. ഓരോ ഉരുളയെടുത്ത് ചപ്പാത്തി പരത്തുന്നതുപോലെ പരത്തി ചൂടാക്കിയ ചട്ടിയിലിട്ട് ഇരുവശവും മറിച്ചിട്ട് അടച്ചുവെച്ച് വേവിച്ചെടുക്കാം.

കുഴല്‍പ്പത്തിരി

പച്ചരി/ ഉണക്കലരി: 1 കിലോ, ഉപ്പ്: പാകത്തിന്

അരി കുതിര്‍ത്ത് ഇടിച്ചു പൊടിയാക്കി നേര്‍മ്മയായി തരിച്ചെടുത്ത് നന്നായി മൂപ്പാകുന്നതുവരെ (കരിയാതെ) വറുത്തെ ടുക്കുക. രണ്ട് കപ്പ് വെള്ളം അടുപ്പത്തുവെച്ച് പാകത്തിന് ഉപ്പിട്ട് തിളപ്പിക്കുക. തിളക്കുമ്പോള്‍ അരകപ്പ് വെള്ളം മാറ്റിവെച്ച് വറുത്ത അരിപ്പൊടി ഇതിലിട്ട് തിളക്കുമ്പോള്‍ ചട്ടുകത്തിന്റെ വാല്‍ഭാഗം കൊണ്ട് നല്ലതുപോലെ ഇളക്കുക. മാറ്റിവെച്ച വെള്ളം ആവശ്യമെങ്കില്‍ ഒഴിച്ചിളക്കി പൊടി വേവുമ്പോള്‍ ഇറക്കിവെക്കുക. ഇത് ഒരു പരന്ന പാത്രത്തിലിട്ട് നല്ല മയം വരുന്നതുവരെ കുഴച്ച് ഉരുളകളാക്കി അവ ഓരോന്നായി ചപ്പാത്തിപ്പലകയില്‍ വെച്ചുപരത്തി പത്തിരിച്ചട്ടിയിലിട്ട് തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുത്ത് ഉപയോഗിക്കാം.

കൈപ്പത്തിരി

പച്ചരി/ ഉണക്കലരി: 1 കിലോ, ജീരകം: 1 ടീസ്പൂണ്‍, തേങ്ങ: 1, ചുവന്നുള്ളി: 50 ഗ്രാം, ഉപ്പ്: പാകത്തിന്

അരി കുതിര്‍ത്ത് ഇടിച്ചു പൊടിയാക്കി നേര്‍മയായി അരിച്ചെടുത്ത് നല്ലവണ്ണം മൂപ്പാകുന്നതുവരെ വറുക്കുക. തേങ്ങ ചിരകി അതില്‍ ചുവന്നുള്ളി ചെറുതാക്കിയരിഞ്ഞിട്ട് ജീരകവും പൊടിച്ച് ചേര്‍ത്തുവെക്കുക. ഒരു പരന്ന പാത്രത്തില്‍ വറുത്തുവെച്ച അരിപ്പൊടിയും മേല്‍പ്പറഞ്ഞ ചേരുവകളും ചേര്‍ത്ത് യോജിപ്പിച്ച് വെക്കുക. വെള്ളത്തില്‍ ഉപ്പിട്ട് തിളപ്പിച്ച് ഇതിലേക്കൊഴിച്ച് ചട്ടകത്തിന്റെ വാല്‍കൊണ്ട് നന്നായിളക്കി കുഴച്ച് മയംവരുത്തി ഉരുളകളാക്കുക. പത്തിരിച്ചട്ടി അടുപ്പത്തുവെച്ച് ചൂടാക്കി ഉരുളകള്‍ ഓരോന്നായി ഉള്ളം കൈയില്‍ വെച്ച് തട്ടിപ്പരത്തി ചട്ടിയിലിട്ട് ഇരുപുറവും മറിച്ചിട്ട് ചുട്ടെടുത്ത് ഉപയോഗിക്കാം.

ഗോതമ്പ് ചപ്പാത്തി

ഗോതമ്പുപൊടി: 3 ഗ്ലാസ്, തേങ്ങ: 1, ഉപ്പ്: പാകത്തിന്

തേങ്ങ ചിരകി പിഴിഞ്ഞ് പാലെടുത്ത് ഗോതമ്പുപൊടിയിലൊഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കുക. ഓരോ ഉരുളയെടുത്ത് ചപ്പാത്തിപ്പലകയില്‍ വെച്ച് പരത്തി ചട്ടിയിലിട്ട് ചുട്ടെടുത്ത് ഉപയോഗിക്കാം. (തേങ്ങാപ്പാലിന് പകരം വെള്ളത്തില്‍ കുഴച്ചാല്‍ സാധാരണ ചപ്പാത്തിയായി.)

കൊഴുക്കട്ട

അരിപ്പൊടി: 3 ഗ്ലാസ്, തേങ്ങ: 1, ജീരകം: 1 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്

തേങ്ങ ചിരകി ജീരകം പൊടിച്ചുചേര്‍ത്ത് വയ്ക്കുക. അഞ്ച് ഗ്ലാസ് വെള്ളത്തില്‍ പാകത്തിന് ഉപ്പിട്ട് തിളപ്പിച്ച് അരിപ്പൊടി അതിലേക്കിട്ട് ഇളക്കി ഇറക്കിവെച്ച് നന്നായി കുഴച്ച് ഉരുളകളാക്കി വയ്ക്കുക. ഉരുളകള്‍ ഓരോന്നും ചെറുതാക്കി പരത്തി തേങ്ങ ചിരകിയതും വച്ച് വീണ്ടും ഉരുട്ടി ഇഡ്ഡലിത്തട്ടിലോ അപ്പച്ചെമ്പിലോ വെച്ച് ആവിയില്‍ വേവിച്ചെടുത്ത് ഉപയോഗിക്കാം.

പരിപ്പ് ദോശ

തുവരപ്പരിപ്പ്: 250 ഗ്രാം, അരി: 200 ഗ്രാം, ഇഞ്ചി: 1 കഷ്ണം, പച്ചമുളക്: 2, ചുവന്നുള്ളി: 10, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്

അരിയും തുവരപ്പരിപ്പും വെള്ളത്തിലിട്ട് കുതിര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്തരച്ച് അതില്‍ ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില എന്നിവ വളരെ ചെറുതാക്കിയരിഞ്ഞ് ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മാവ് ദോശയുണ്ടാക്കാന്‍ പാകത്തിലാക്കുക. ഇത് കനം കുറച്ച് പരത്തി ദോശയുണ്ടാക്കാം.

അരി ദോശ

അരി: 1/4 കിലോ, തേങ്ങ: 1, ചുവന്നുള്ളി: 10, പച്ചമുളക്: 1, ജീരകം: 1/2 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്

അരി കഴുകി അരിച്ച് കുതിര്‍ത്ത് തേങ്ങ ചിരവിയിട്ട് ഉപ്പും ചേര്‍ത്തരച്ചെടുക്കണം. ഈ മാവിലേക്ക് ഉള്ളിയും പച്ചമുളകും ചെറുതാക്കിയരിഞ്ഞിട്ട് ജീരകവും പാകത്തിന് വെള്ളവും ചേര്‍ത്തിളക്കണം. ഇത് എണ്ണയോ നെയ്യോ പുരട്ടാതെ തന്നെ കനംകുറച്ച് പരത്തി ദോശയുണ്ടാക്കാം.

കപ്പ ചീരയട

കപ്പ: 1/4 കിലോ, ചീരയില: 1 കപ്പ്, തേങ്ങ: 1 മുറി, പച്ചമുളക്: 2, സവാള: 1, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്

സവാളയും ചീരയും അരിഞ്ഞ് ഉപ്പുചേര്‍ത്ത് വെള്ളം കുടഞ്ഞ് വേവിച്ചെടുക്കുക. കപ്പ പുഴുങ്ങി നന്നായി കുത്തിപ്പൊടിച്ച് അതിലേക്ക് തേങ്ങ ചിരകിയിടുക. പച്ചമുളകും ഇഞ്ചിയും ചെറുതാക്കി അരിഞ്ഞിടുക. ഉപ്പ് പൊടിച്ചിടുക. വേവിച്ച ചേരുവയൊഴികെയുള്ളവയെല്ലാം കൂട്ടിച്ചേര്‍ത്ത് കുഴച്ച് ഉരുളകളാക്കുക. ഉരുളകള്‍ ഓരോന്നായി വാഴയിലയില്‍ വെച്ച് പരത്തി ഉള്ളില്‍ ചീരയും സവാളയും വേവിച്ചത് വെച്ച് അരികുകള്‍ മടക്കി കാഞ്ഞ ചട്ടിയിലിട്ട് മറിച്ചിട്ട് വേവിച്ചുപയോഗിക്കാം.

ഉള്ളിയട

പച്ചരി: 3 ഗ്ലാസ്, സവാള: 10, പച്ചമുളക്: 2, ജീരകം: 1 ടീസ്പൂണ്‍, ഇഞ്ചി: 1 ചെറിയ കഷ്ണം, ഉപ്പ്: പാകത്തിന്

അരി കുതിര്‍ത്ത് ഇടിച്ച് പൊടിയാക്കി തരിച്ചെടുത്ത് ചെറുതായി വറുക്കുക. ഇഞ്ചിയും പച്ചമുളകും സവാളയും ചെറുതാക്കിയ രിയുക. പാകത്തിന് ഉപ്പുകലക്കിയ ചെറുചൂടുവെള്ളത്തില്‍ അരിപ്പൊടി കുഴച്ച് ഇഞ്ചി, പച്ചമുളക്, സവാള എന്നിവയരിഞ്ഞതും ജീരകവും കൂട്ടിച്ചേര്‍ത്ത് ഉരുളകളാക്കിയെടുക്കുക. അല്‍പനേരം കഴിഞ്ഞ് ഇവയോരോന്നും വാഴയിലയില്‍ വെച്ച് പരത്തിയെടുത്ത് ദോശക്കല്ലിലിട്ട് ചുട്ടെടുത്ത് ഉപയോഗിക്കാം.

ഓട്ടട

പച്ചരി: 2 ഗ്ലാസ്, തേങ്ങ: 1, ജീരകം: 2 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്

പച്ചരി വെള്ളത്തിലിട്ട് കുതിര്‍ത്തെടുത്ത് തേങ്ങ ചിരകി ജീരകവും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായരച്ചെടുക്കുക. അരച്ച മാവില്‍ തിളച്ചവെള്ളം ചേര്‍ത്ത് പാകപ്പെടുത്തി പത്തിരിച്ചട്ടിയിലൊഴിച്ച് അടച്ചുവെച്ച് ചുട്ടെടുത്ത് ഉപയോഗിക്കാം.

സുഖിയന്‍

ചെറുപയര്‍: 1/2 കപ്പ്, തേങ്ങ: 1, ഏലക്കായ: 10, അരിപ്പൊടി: 1 കപ്പ്, ഉപ്പ്: പാകത്തിന്

തേങ്ങ ചിരകിവയ്ക്കുക. ഏലക്കായ പൊ ടിക്കുക. ചീനച്ചട്ടി അടുപ്പത്തുവെച്ച് കായുമ്പോള്‍ ചെറുപയര്‍ ഇട്ട് മണം വരുന്നതുവരെ മൂപ്പിക്കുക. ഒരു പാത്രത്തില്‍ പയര്‍ വേവാന്‍പാകത്തിന് വെള്ളം അടുപ്പത്തുവെച്ച് തിളക്കുമ്പോള്‍ ചെറുപയറിട്ട് കുഴഞ്ഞുപോവാതെ വേവിക്കുക. നാളികേരം ചിരകിയതും ഏലക്കായ പൊടിച്ചതും വെന്തപയറില്‍ ഇട്ട് പാകത്തിന് ഉപ്പും ചേര്‍ത്ത് ഉരുട്ടി ചെറിയ ഉരുളകളാക്കുക. അരിപ്പൊടി വല്ലാതെ വെള്ളം ചേര്‍ക്കാതെ മാവാക്കി അതില്‍ ചെറുപയര്‍ ഉരുളകള്‍ മുക്കിയെടുത്ത് ഇഡ്ഡലിത്തട്ടില്‍വെച്ച് ആവിയില്‍ വേവിച്ചെടുക്കാം.

അരിയട

അരിപ്പൊടി: 3 കപ്പ്, തേങ്ങ: 1, ഏലക്കായ: 5, ഉപ്പ്: പാകത്തിന്

പാകത്തിന് ഉപ്പ് ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ അരിപ്പൊടി നന്നായി കുഴയ്ക്കുക. തേങ്ങ ചിരകി ഏലക്കായയും പൊടിച്ച് കൂട്ടിച്ചേര്‍ത്ത് വയ്ക്കുക. കുഴച്ച പൊടി ഇലയില്‍ നേര്‍മ്മയായി പരത്തി നാളികേരമിട്ട് മടക്കി ഇഡ്ഡലിത്തട്ടില്‍വെച്ച് പുഴുങ്ങിയെടുത്തോ ചട്ടിയില്‍ ചുട്ടെടുത്തോ ഉപയോഗിക്കാം.

ഏത്തപ്പഴം ഹലുവ

പഴുത്ത ഏത്തപ്പഴം: 500 ഗ്രാം, ശര്‍ക്കര: 500 ഗ്രാം, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, ബദാം പരിപ്പ്: 10 ഗ്രാം വീതം, ഏലയ്ക്ക: 5 എണ്ണം

ഏത്തപ്പഴം പുഴുങ്ങി നാര് കളഞ്ഞ് ഉടയ് ക്കുക. ശര്‍ക്കര ഉരുക്കി അരിച്ച് വീണ്ടും അടുപ്പത്ത് വച്ച് നന്നായി തിളക്കുമ്പോള്‍ ഉടച്ചെടുത്ത പഴം ചേര്‍ക്കാം. ഇത് കുറുകിയാല്‍ അടുപ്പത്തു നിന്ന് ഇറക്കിവയ്ക്കുംമുമ്പ് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ബദാംപരിപ്പും ചേര്‍ത്തിളക്കി ഏലയ്ക്കയും പൊടിച്ചിട്ട് ഇറക്കിവെച്ച് ഉപയോഗിക്കാം.

ഇലയപ്പം

അരിപ്പൊടി: 2 കപ്പ്, വെള്ളം: 2 കപ്പ്, തേങ്ങ: 1, ഉപ്പ്: പാകത്തിന്

വെള്ളം ഉപ്പ് ചേര്‍ത്ത് അടുപ്പത്തുവെച്ച് തിളയ്ക്കുമ്പോള്‍ അരിപ്പൊടിയിട്ട് കട്ടപിടിക്കാതെ വാട്ടി നല്ല മയത്തില്‍ കുഴച്ചെടുക്കുക. തേങ്ങ ചിരകിവയ്ക്കുക. കുഴച്ച പൊടി ചെറിയ ഉരുളകളാക്കി വാഴയിലയില്‍ പരത്തി നടുക്ക് തേങ്ങ ചിരകിയതും വെച്ചുമടക്കി ആവിയില്‍ വേവിക്കുകയോ ചട്ടിയില്‍ ഓരോന്നായി ഇട്ട് ചുട്ടെടുക്കുകയോ ചെയ്യാം.

കുമ്പിള്‍ അപ്പം

അരിപ്പൊടി: 2 കപ്പ്, തേങ്ങ: 1, ഏലയ്ക്ക: 5, ഉപ്പ്: പാകത്തിന്

തേങ്ങ ചിരവിയെടുത്ത് അരിപ്പൊടിയിലിട്ട് പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് നനച്ച് ഒപ്പം ഏലയ്ക്കയും പൊടിച്ചിട്ട് നല്ലപോലെ കലര്‍ത്തിയെടുക്കുക. വാഴയില ത്രികോണാകൃതിയില്‍ മുറിച്ചെടുത്ത് കുമ്പിളാകൃതിയില്‍ മടക്കി ഈ കൂട്ട് കുറേശ്ശെ ഓരോന്നിലും വെച്ച് ഈര്‍ക്കിള്‍കൊണ്ട് കുത്തി ആവിയില്‍ പുഴുങ്ങിയെടുത്ത് ഉപയോഗിക്കാം.

തലശ്ശേരി ദം ബിരിയാണി
ബിരിയാണി എന്ന് കേട്ടാല്‍ വായില്‍ വെള്ളം ഊറുന്നവര്‍ക്ക് തലശ്ശേരി ബിരിയാണി എന്ന് കേട്ടാല്‍ വായില്‍ക്കൂടെ കപ്പല്‍ ഓടിക്കാം. നമ്മുക്ക് രുചികരമായ തലശ്ശേരി ബിരിയാണി ഇങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചെറിയ ബസ്മതി അരി – 1 1/2 Kg
ചിക്കന്‍ – 2 1/2 Kg
നാടന് നെയ്യ്- 250 ഗ്രാം
സവാള – 10 എണ്ണം, തക്കാളി – 10 എണ്ണം
പച്ചമുളക് – 10 -12 എണ്ണം
ഇഞ്ചി ചതച്ചത്- 1 ടേബിള്‍ സ്പൂണ്‍
വെളുത്തുളളി- 3-4 ചതച്ചത്
പൊതീനയില,മല്ലിയില
നാരങ്ങനീര്- 2 ടീ സ്പൂണ്‍
അണ്ടിപ്പരിപ്പ്-25 ഗ്രാം
ഉണക്കമുന്തിരി- 25 ഗ്രാം
ഗരം മസാല- 1 ടീ സ്പൂണ്‍
കറുവപ്പട്ട- 4, ഗ്രാമ്പൂ-4, ഏലയ്ക്കാ-5
റോസ് റോസ് വാട്ടര്‍- 1 1/2 ടീ സ്പൂണ്‍
കുങ്കുമപ്പൂ 1/4 പാലില്‍ കലക്കിയത്

തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തില് 50 ഗ്രാം നെയ്യൊഴിച്ച് ചൂടാക്കുക. ചെറുതായി അരിഞ്ഞ സവാള ഇതിലെക്കിട്ട് നന്നായി വഴറ്റുക. നല്ല ബ്രൌണ് കളറാകുമ്പോള് കോരി മാറ്റാം. ബിസ്ത റെഡി.ഇനി ഒരു പാത്രംത്തില്‍ അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി ഇട്ട് എണ്ണയില്ലാതെ നന്നായി വഴറ്റുക. തക്കാളി നന്നായി വാടിയ ശേഷം ചതച്ച പച്ചമുളകും ഇഞ്ചിയും വെളുള്ളിയും ഇട്ട് നന്നായി ഇളക്കുക. ഇത് മൂത്ത് വരുമ്പോള് അതിലേയ്ക്ക് ചിക്കന്‍ കഷണങ്ങള് ഇടാം. ഇറച്ചി വേവുന്നതിനാവശ്യമായ വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും, പൊതീനയും ഇട്ട് അടച്ച് വെച്ച് വേവിക്കുക. വേവാകും വരെ വെള്ളം വറ്റി പോവാതെ നോക്കണം. ആവശ്യമെങ്കില്‍ വീണ്ടും വെള്ളം ഒഴിക്കാം. ചിക്കന്‍ വെന്താല്‍ ഇതിലേക്ക് കുറേശെ ബിസ്ത ഇട്ടു കൊടുക്കുക. എന്നിട്ട് കുറച്ച് നേരം കൂടി അടച്ച് വയ്ക്കുക. അതിനു ശേഷം ഗരം മസാല, നാരങ്ങാ നീര് , ഒരു പിടി മല്ലിയില എന്നിവ ഇടുക. മല്ലിയില വാടുമ്പോള് ഇറച്ചി അടുപ്പില് നിന്നിറക്കാം.
ഇനി ബിരിയാണിക്കുള്ള അരി വേവിക്കലാണ്. രണ്ട് ലിറ്ററ് വെള്ളം ഒരു പാത്രത്തിലെടുത്ത് തീയില് വയ്ക്കുക. ചൂടാകുമ്പോള് അതിലേയ്ക്ക് കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ എന്നിവ ഇടുക. വെള്ളം നന്നായി തിളയ്ക്കുമ്പോള് അതിലേയ്ക്ക് ബാക്കിയുള്ള നെയ്യ് പകുതി ഒഴിക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം അരി നന്നായി കഴുകി വെള്ളത്തിലിടുക. 1 1/2 ടീ സ്പൂണ്‍ റോസ് വാട്ടറ് കൂടി ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. വെള്ളം വറ്റി കഴിഞ്ഞാല് പിന്നെ കുറച്ച് നേരം ആവിയില് വേവിക്കണം. ഏകദേശം എണ്പത് ശതമാനം വെന്ത് കഴിഞ്ഞാല് അത് തീയില് നിന്നും മാറ്റി വയ്ക്കുക. ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ഇറച്ചി അടുപ്പില് വയ്ക്കുക. ഇറച്ചിക്കു മുകളിലായി അല്പം ബിസ്തയും മല്ലിയിലയും ഇടുക. അതിന് മുകളിലായി വെന്ത അരി ഇട്ട് ഒന്ന് തട്ടി നിരത്തിയിടുക. അതിലേയ്ക്ക് പാലില് കലക്കി വച്ചിരിക്കുന്ന കുങ്കുമപ്പൂ തളിക്കുക. ബിരിയാണിക്ക് കളറ് വരാനാണ് ഇങ്ങനെ ചെയ്യുന്നത്. അണ്ടിപ്പരിപ്പും മുന്തിരിയും വറുക്കാതെ അതിന് മുകളില് നിരത്തുക. അതിന് മുകളിലായി ബാക്കിയുള്ള ബിസ്ത കൂടി വിതറുക.
മൈദാ മാവ് നനച്ച് പാത്രത്തിന്റെ മൂടിയും പാത്രവും ചേര്‍ത്ത് ആവി പോവാത്ത വിധം ഒട്ടിക്കുക. പാത്രത്തിന് മുകളില് കുറച്ചു കനല്‍ കൂടി വിതറിയാല്‍ നല്ലത്. ഭാരമുള്ള എന്തെങ്കിലും എടുത്ത് വയ്ക്കുക. പത്ത് മിനിറ്റ് വേവിച്ചാല് തലശ്ശേരി ദം ബിരിയാണി റെഡി.

 

മാതാവ്  അറിയാന്‍: ബുദ്ധിക്കും വിശക്കും…

കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യത്തില്‍ വലിയ ശ്രദ്ധചെലുത്തുന്ന ഉമ്മമാര്‍ അവര്‍ക്ക്‌ ഇഷ്‌ടമുള്ളതൊക്കെ തയ്യാറാക്കി കൊടുക്കാറുണ്ട്‌. എന്നാല്‍ അത്‌ കുട്ടിയുടെ വളര്‍ച്ചയെ എങ്ങനെ ബാധിക്കുന്നുവെന്ന്‌ അറിയാറില്ല. ബുദ്ധിവികാസത്തിനും
ശരീരവളര്‍ച്ചയ്‌ക്കും സഹായിക്കുന്ന ധാരാളം ഭക്ഷണപദാര്‍ത്ഥങ്ങളുണ്ട്‌ സ്‌കൂള്‍ കുട്ടികള്‍ക്കായി…

തലച്ചോറിനും ഭക്ഷണമോ എന്നുകേട്ട്‌ ഞെട്ടണ്ട.. ശരീരത്തിന്‌ ജീവിക്കാന്‍ ഭക്ഷണം ആവശ്യമായതുപോലെതന്നെ തലച്ചോറിനും ബുദ്ധിക്കും ഭക്ഷണം ആവശ്യമാണ്‌. ശരീരത്തിന്റെ മറ്റേതു കോശത്തിനും വേണ്ടുന്ന ഭക്ഷണത്തിന്റെ ഇരട്ടി ഭക്ഷണം വേണം തലച്ചോറിലെ കോശങ്ങള്‍ക്ക്‌. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാനും മാനസികസംഘര്‍ഷം കുറയ്‌ക്കാനും ശരിയായരീതിയില്‍ ഭക്ഷണം കഴിച്ചെങ്കിലേ സാധിക്കൂ. സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ബുദ്ധിയുപയോഗിക്കേണ്ട അവസരങ്ങള്‍ വളരെക്കൂടുതലാണ്‌. ശരിയായ ഭക്ഷണം തലച്ചോറിന്‌ നല്‍കിയില്ലെങ്കില്‍ ബുദ്ധിക്കുറവ്‌ അനുഭവപ്പെടാം. മത്സരങ്ങള്‍ നിറഞ്ഞ ഇന്നത്തെക്കാലത്ത്‌ അത്‌ നിങ്ങളുടെ കുട്ടിയെ മറ്റുള്ളവരില്‍നിന്ന്‌ പിറകിലാക്കിയെന്നും വരാം.

എന്താണ്‌ ബ്രെയിന്‍ ഫുഡ്‌?

ടിന്നിലോ പായ്‌ക്കറ്റിലോ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല ബ്രെയിന്‍ ഫുഡ്‌. ഓര്‍മ്മശക്‌തിക്കും ബുദ്ധിവളര്‍ച്ചയ്‌ക്കും സഹായിക്കുന്ന ആഹാരങ്ങളാണ്‌ ബ്രെയിന്‍ ഫുഡുകള്‍. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമെല്ലാം അടങ്ങുന്നതാണ്‌ ബ്രെയിന്‍ ഫുഡുകള്‍. സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ഇവ വളരെയാവശ്യമാണ്‌. ശാരീരിക- മാനസിക- ബൗദ്ധികവളര്‍ച്ചയ്‌ക്ക് ആഹാരക്രമത്തിന്‌ വളരെ പ്രാധാന്യമാണുള്ളത്‌.

പ്രധാനം പ്രഭാതഭക്ഷണം

ശരിയായ ബുദ്ധിവികാസത്തിന്‌ പ്രഭാതഭക്ഷണം കൂടിയേ തീരൂ. വെറുതേ എന്തെങ്കിലും വാരിവലിച്ചു കഴിക്കുന്നതാവരുത്‌ പ്രഭാതഭക്ഷണം. രാവിലെയും വൈകുന്നേരവും നിര്‍ബന്ധമായും കുട്ടികള്‍ക്ക്‌ ഓരോ ഗ്ലാസ്‌ പാല്‍ നല്‍കണം. വെള്ളം ചേര്‍ക്കാതെ കുറുക്കിയെടുക്കുന്ന പാലാണ്‌ കുട്ടികള്‍ക്ക്‌ നല്‍കേണ്ടത്‌ എന്ന്‌ മുത്തശ്ശിമാര്‍ പറയാറുണ്ടെങ്കിലും വെള്ളം ചേര്‍ത്ത്‌ നേര്‍പ്പിച്ച്‌ കൊടുക്കണമെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. ഒരു ഗ്ലാസ്‌ പാലില്‍ അത്രതന്നെ വെള്ളം ചേര്‍ത്തുവേണം നേര്‍പ്പിക്കാന്‍. പാലിലെ ‘സിസ്‌റ്റെയിന്‍ ടൊറീന്‍’ എന്ന അമിനോ ആസിഡാണ്‌ ബുദ്ധിശക്‌തി കൂട്ടുന്നതില്‍ പങ്കുവഹിക്കുന്നത്‌. ആവശ്യത്തിന്‌ പഞ്ചസാര ചേര്‍ത്തുവേണം കുട്ടികള്‍ക്ക്‌ രാവിലെ പാല്‍ കൊടുക്കാന്‍.
പ്രഭാതഭക്ഷണത്തില്‍ ഏതെങ്കിലുമൊക്കെ പഴങ്ങള്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏത്തപ്പഴം പുഴുങ്ങിയതോ മാങ്ങാപ്പഴമോ ഒക്കെ കൊടുക്കാം. ഇതിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്‌ ശരീരത്തിലെത്തി ഗ്ലൂക്കോസായി മാറി ബുദ്ധിയെ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.
ബ്രഡ്‌ ടോസ്‌റ്റ് ചെയ്‌തോ സാന്‍വിച്ചുകളോ കുട്ടികള്‍ക്ക്‌ പ്രഭാതഭക്ഷണത്തില്‍ നല്‍കിയാല്‍ സ്‌കൂളിലെത്തുമ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിക്കും. കൂടാതെ ധാന്യങ്ങളോ കോണ്‍ഫ്‌ളേക്‌സോ ഒക്കെ പ്രഭാതഭക്ഷണത്തിലുള്‍പ്പെടുത്താം. ഇവ ബുദ്ധിയെ പ്രചോദിപ്പിക്കാന്‍ സഹായിക്കുന്ന ആഹാരങ്ങളാണ്‌.

ഉച്ചഭക്ഷണം ഒഴിവാക്കരുതേ

പ്രഭാതഭക്ഷണംപോലെ തന്നെ പ്രധാനമാണ്‌ ഉച്ചഭക്ഷണവും. രാവിലെ കഴിച്ചതുതന്നെ ഉച്ചയ്‌ക്കും മതിയെന്ന്‌ കുഞ്ഞുങ്ങള്‍ പറയാറുണ്ടെങ്കിലും നമ്മുടെ ആഹാരരീതിയനുസരിച്ച്‌ ചോറും കറികളും തന്നെയാണ്‌ നല്ലത്‌. പച്ചക്കറികളും മുട്ടയും എല്ലാം ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കൊടുത്തുവിടാന്‍ അമ്മമാരും ഓര്‍ക്കണം. മുട്ടയുടെ മഞ്ഞയും ധാരാളം ധാന്യങ്ങളും ഉച്ചഭക്ഷണത്തിലുള്‍പ്പെടുത്തുക. രാത്രി ഭക്ഷണത്തേക്കാള്‍ അധികം ശ്രദ്ധിക്കേണ്ടത്‌ ഉച്ചഭക്ഷണത്തിലാണ്‌. ചില മാതാപിതാക്കള്‍ ഉച്ചയ്‌ക്ക് ബിസ്‌ക്കറ്റോ സ്‌നാക്‌സോ ഒക്കെ കൊടുത്തുവിട്ടശേഷം രാത്രിയില്‍ നന്നായി കഴിപ്പിക്കാം എന്ന ചിന്താഗതിയുള്ളവരാണ്‌. ഇതൊട്ടും നല്ലതല്ല. ഉച്ചഭക്ഷണം നന്നായി കഴിച്ചെങ്കില്‍ മാത്രമേ ഉച്ചകഴിഞ്ഞുള്ള ക്ലാസുകളില്‍ ക്ഷീണമുണ്ടാവാതെ ഇരിക്കാന്‍ സാധിക്കൂ. രാത്രിഭക്ഷണം എപ്പോഴും മിതമായിരിക്കണം. ഒരു ദിവസത്തെ കഠിനമായ ജോലികള്‍ക്കുശേഷം കട്ടിയില്‍ ആഹാരം കഴിച്ചാല്‍ അത്‌ ഉറക്കത്തെ ബാധിക്കും. 6- 8 മണിക്കൂറിനുശേഷമാണ്‌ രാവിലെ കഴിക്കുന്നതെന്ന പേരിലാണ്‌ മിക്കപ്പോഴും രാത്രിഭക്ഷണം കട്ടിയിലാക്കാന്‍ അമ്മമാരെ പ്രേരിപ്പിക്കുന്നത്‌. ചപ്പാത്തിയും കറിയുമോ പഴങ്ങളോ ഒക്കെ കുട്ടികള്‍ക്ക്‌ കൊടുക്കാം. രാത്രി കിടക്കുന്നതിനു മുമ്പ്‌ നിര്‍ബന്ധമായും ഒരു ഗ്ലാസ്‌ പാല്‍ കൊടുക്കണം. ഇത്‌ ഉറക്കത്തെ വളരെ സഹായിക്കും.

പാനീയങ്ങള്‍

ആഹാരം മാത്രമല്ല ശരീരത്തിന്‌ ആവശ്യം. വെള്ളവും മറ്റ്‌ പാനീയങ്ങളുമൊക്കെയുണ്ടെങ്കിലേ ബുദ്ധി ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കൂ. ശരിയായ രീതിയില്‍ വെള്ളം കുടിച്ചെങ്കില്‍ മാത്രമേ ബുദ്ധിയും നന്നായി പ്രവര്‍ത്തിക്കൂ. ജ്യൂസുകളിലും മറ്റുമുള്ള കാര്‍ബോ ഹൈഡ്രേറ്റ്‌ ഗ്ലൂക്കോസായി ബുദ്ധിയെ ഉത്തേജിപ്പിക്കും.

ബുദ്ധിയെ സഹായിക്കുന്ന ആഹാരങ്ങള്‍

1. സാമന്‍ മത്സ്യം

ബുദ്ധിയുടെ വളര്‍ച്ചയ്‌ക്കും ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്ന ഒമേഗ-3 ആസിഡിന്റെ വലിയ ഉറവിടമാണ്‌ സാമന്‍മത്സ്യങ്ങള്‍. ആഴ്‌ചയില്‍ രണ്ട്‌ തവണയെങ്കിലും സാമന്‍മത്സ്യം കഴിക്കുന്നവര്‍ കൂര്‍മ്മബുദ്ധിയുള്ളവരായിരിക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. കൂടാതെ ചൂര, അയല തുടങ്ങിയവയും ഒമേഗ-3 ആസിഡിന്റെ മികച്ച ഉറവിടങ്ങളാണ്‌. ഇത്‌ കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്‌ക്ക് വളരെയേറെ സഹായിക്കും.

2. മുട്ട

പ്രോട്ടീന്‍ ധാരാളമടങ്ങിയ മുട്ട ദിവസേന കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കണം. ദിവസം ഒന്ന്‌ എന്നതാണ്‌ കണക്ക്‌. മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന കൊളീന്‍ കുഞ്ഞുങ്ങളുടെ ബുദ്ധിവളര്‍ച്ചയ്‌ക്ക് വളരെ ആവശ്യമാണ്‌. ദിവസവും ഒരേപോലെ മുട്ട നല്‍കാതെ വിവിധരീതിയില്‍ മുട്ട വിഭവങ്ങള്‍ തയാറാക്കി നല്‍കുന്നത്‌ കുട്ടികളില്‍ മുട്ട കഴിക്കാനുള്ള താത്‌പര്യം കൂടും.

3. പീനട്ട്‌ ബട്ടര്‍

വിറ്റാമിന്‍ ഇ ധാരാളമടങ്ങിയിട്ടുണ്ട്‌ പീനട്ട്‌ ബട്ടറില്‍. കൂടാതെ നാഡീസ്‌തരങ്ങളെ സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റുകളുമുണ്ടതില്‍. ഗ്ലൂക്കോസിന്റെ എനര്‍ജിയാക്കി മാറ്റി ഉപയോഗിക്കാന്‍ തലച്ചോറിനെയും നാഡീവ്യവസ്‌ഥയെയും സഹായിക്കുന്നത്‌ ഇതിലടങ്ങിയിരിക്കുന്ന തൈമിനാണ്‌. ഇതുകൂടാതെ പീനട്ട്‌ പൊടിച്ച്‌ സാലഡിലോ ഐസ്‌ക്രീമിലോ ഒക്കെ ചേര്‍ത്ത്‌ കൊടുക്കാവുന്നതാണ്‌.

4. ധാന്യങ്ങള്‍

എല്ലാ ദിവസവും കൃത്യമായ അളവില്‍ തലച്ചോറിന്‌ ആഹാരം കിട്ടിയേ തീരൂ. ഇതിന്‌ ഏറ്റവും നല്ലത്‌ ധാന്യങ്ങളാണ്‌. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിയന്ത്രിക്കുന്നു. കൂടാതെ വൈറ്റമിന്‍ ബി കുട്ടികളുടെ നാഡീവ്യവസ്‌ഥ കൃത്യമായി വളരാന്‍ സഹായിക്കുന്നു.

5. ഓട്‌സ്

തലച്ചോറിനുള്ള ധാന്യം എന്നാണ്‌ ഓട്‌സ് അറിയപ്പെടുന്നത്‌. രാവിലെ പ്രഭാതഭക്ഷണമായി കുട്ടികള്‍ക്ക്‌ ഓട്‌സ് നല്‌കുന്നത്‌ വളരെ നല്ലതാണ്‌. ഓട്‌സിലടങ്ങിയിരിക്കുന്ന ഫൈബര്‍ കുട്ടികളെ ഉന്മേഷവാന്മാരാക്കും. കൂടാതെ വിറ്റാമിന്‍ ബി, ഇ, പൊട്ടാസ്യം, സിങ്ക്‌ തുടങ്ങിയവ ശരീരത്തിന്റെയും ബുദ്ധിയുടെയും ശരിയായ പ്രവര്‍ത്തനത്തിന്‌ സഹായിക്കുന്നു.

6. ബെറീസ്‌

സ്‌ട്രോബറി, ബ്ലൂബെറി, ചെറി തുടങ്ങിയവയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്‌. ഇവ കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്‌ക്ക് വളരെയേറെ സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി കാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ളവയാണ്‌. ദിവസേന ബെറി കഴിക്കുന്നത്‌ കുട്ടികളുടെ ബുദ്ധിശക്‌തി കൂട്ടുന്നു.

7. ബീന്‍സ്‌

ശരീരത്തിന്‌ ഊര്‍ജം പ്രദാനം ചെയ്യുന്നവയാണ്‌ ബീന്‍സുകള്‍. ധാരാളം പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ഫൈബറും വിറ്റാമിനുകളും ധാതുക്കളുമെല്ലാം ഇതിലടങ്ങിയിട്ടുണ്ട്‌. ബീന്‍സുകള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്‌ നല്ലത്‌.

8. പാലും തൈരും

പാലും തൈരും കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്‌ക്ക് വളരെയധികം ആവശ്യമാണ്‌. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനും വിറ്റാമിന്‍ ബിയും തലച്ചോറിലെ കോശങ്ങളുടെയും എന്‍സൈമുകളുടെയും വളര്‍ച്ചയ്‌ക്ക് സഹായിക്കുന്നു. കൂടാതെ പാലിലും തൈരിലുമുള്ള കാത്സ്യം കുട്ടികളുടെ എല്ലുകള്‍ക്ക്‌ ബലം നല്‍കുന്നു.

9. പച്ചക്കറികള്‍

പല നിറങ്ങളില്‍പ്പെട്ട ഫ്രഷ്‌ പച്ചക്കറികളാണ്‌ കുട്ടികള്‍ക്ക്‌ നല്‍കേണ്ടത്‌. ഇതില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്‌. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ കുട്ടികളിലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. പച്ചക്കറികള്‍ പാതിവേവിച്ചോ വേവിക്കാതെയോ കുട്ടികള്‍ക്ക്‌ കൊടുക്കാം. മാത്രമല്ല സൂപ്പുവച്ചോ സ്‌റ്റൂ ഉണ്ടാക്കിയോ നല്‍കുന്നത്‌ കുട്ടികള്‍ക്ക്‌ ഇതിനോടുള്ള താത്‌പര്യം വളര്‍ത്തും.

ബുദ്ധിയുടെ വളര്‍ച്ചയ്‌ക്ക്

ബനാന- ബെറി സ്‌മൂത്തി
ആവശ്യമുള്ള സാധനങ്ങള്‍
ഇടത്തരം ഏത്തപ്പഴം – 1
മിക്‌സഡ്‌ ബെറി – 1 കപ്പ്‌
പീനട്ട്‌ ബട്ടര്‍ – 1 ടേബിള്‍ സ്‌പൂണ്‍
പാല്‍ – 1/3 കപ്പ്‌
തൈര്‌ – 1 കപ്പ്‌
ഐസ്‌ക്യൂബ്‌ – 2-4 എണ്ണം

തയാറാക്കുന്ന വിധം
ചേരുവകളെല്ലാം കൂടി ബ്ലെന്‍സറിലിട്ട്‌ ബ്ലെന്‍സ്‌ ചെയ്‌തെടുക്കുക.

ബുദ്ധിയെ ഹനിക്കുന്നവ

ബുദ്ധിയെ സഹായിക്കുന്നതുപോലെതന്നെ ബുദ്ധിവളര്‍ച്ച തടയുന്ന ആഹാരങ്ങളുമുണ്ട്‌. മരച്ചീനി, ഉരുളക്കിഴങ്ങ്‌, ഇഞ്ചി, മുളക്‌ എന്നിവയൊക്കെ ബുദ്ധിക്ക്‌ ദോഷമുണ്ടാക്കുന്ന ആഹാരസാധനങ്ങളാണ്‌. എല്ലാനേരവും വയര്‍നിറച്ച്‌ ഭക്ഷണം കഴിക്കാതെ കാല്‍ഭാഗം ഒഴിച്ചിടണം. പൊട്ടറ്റോചിപ്‌സ്, ഫ്രഞ്ച്‌ഫൈസ്‌ തുടങ്ങിയവയൊക്കെ കഴിക്കാന്‍ നല്ലതാണെങ്കിലും പരീക്ഷാക്കാലത്ത്‌ ഇവ ഒഴിവാക്കണം.

 

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s