ഇസ്തിഹാളത്ത് (രോഗ രക്തം )

3) ഇസ്തിഹാളത്ത് (രോഗ രക്തം )

രോഗം കാരണത്താ സ്ത്രീകക്കുണ്ടാകുന്ന രക്തമാണ് ഇസ്തിഹാളത്ത് (രോഗ രക്തം )വളരെ ശ്രദ്ധാപൂവ്വം വായിച്ച് മനസിലാക്കേണ്ട വിഷയമണത്.

ആർത്തവം അതിന്റെ പരമാവധി ദിവസമായ 15 വിട്ട് കടന്ന് നിലകൊള്ളുന്നതിന് ഇസ്തിഹാളത്ത് എന്നു പറയുന്നു. രക്തസ്രാവം, രക്തം പോക്ക്, ബ്ലീഡിംഗ് എന്നൊക്കെ സാധാരണ പറയപ്പെടുന്നു.

മൂത്രവാർച്ചപോലുള്ള ഒരു നിത്യ അശുദ്ധിയാണിത്. അല്ലാഹു അത്തരം രോഗങ്ങളിൽ നിന്ന് നമ്മുടെ കുടുംബത്തെയും ,സഹോദരിമാരെയും കാത്തു രക്ഷിക്കട്ടെ.. ആമീൻ.

രക്തം നിൽക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്ന ഈ രോഗത്തിന് ചികിത്സ അനിവാര്യമാണ്. അതോടൊപ്പം മതപരമായ നിയമങ്ങൾ പാലിക്കുകയും വേണം.

വേറെ നിവൃത്തിയില്ലാത്തതിനാൽ നോമ്പിനും നിസ്കാരത്തിനും ഇത് തടസ്സമല്ല. സമയം ആഗതമായിട്ടേ നിസ്കാരങ്ങൾക്ക് വുളൂ എടുക്കാൻ പാടുള്ളൂ. അത് തന്നെ ഗുഹ്യഭാഗം നല്ലവണ്ണം കഴുകിയ ശേഷം അവിടെ പഞ്ഞി നിറച്ച് ഒരു തുണികൊണ്ട് നീങ്ങിപ്പോകാത്ത വിധത്തിൽ കെട്ടിയശേഷം മാത്രമേ വുളൂഅ് ചെയ്യാവൂ.

ഇങ്ങിനെ ചെയ്തിട്ടും രക്തം നിലച്ചില്ലെങ്കിൽ അതിനു കുഴപ്പമില്ല. ഓരോ വഖ്ത്തിലും ഇങ്ങനെ ചെയ്യണം. നോമ്പുള്ളവർ ഇങ്ങിനെ യോനി (പഞ്ഞിവെച്ച് )നിറക്കരുത്. നോമ്പ് മുറിയും. പകരം പുറമെ കെട്ടിയാൽ മതി. കെട്ടുന്നത് കൊണ്ടോ പഞ്ഞിപോലുള്ളവ വെക്കുന്നത്കൊണ്ടോ സഹിക്കാനാകാത്ത വിധം വിഷമമുണ്ടായാൽ ഇക്കാര്യങ്ങൾ നിർബന്ധമില്ല. കെട്ടിയ ശേഷം ഉടൻ വുളു ചെയ്ത് നിസ്കരിക്കണം.

കെട്ടുന്നതിലോ, പഞ്ഞിപോലുള്ളവ നിറയ്ക്കുന്നതിലോ വീഴ്ച വന്നത്‌ കൊണ്ടോ തൽ‌സ്ഥാനത്ത്നിന്ന് നീങ്ങിപ്പോയത് കൊണ്ടോ രക്‌തവും മറ്റും വന്നാൽ വുളൂ‌അ് ബാത്വിലാകുന്നതാണ്.

ശൌച്യം ചെയ്യുന്നതിനും പഞ്ഞി, തുണിക്കഷ്ണം പോലുള്ളവ വെക്കുന്നതിനിടയ്ക്കും, വുളൂഅ് ചെയ്യുന്നതിനിടയ്ക്കും ,വുളൂഇന്റെ പ്രവർത്തനങ്ങൾക്കിടയിലും അത്കഴിഞ്ഞ് നിസ്കരിക്കുന്നതിനിടയിലും അനാവശ്യമായ ഇടവേള ഉണ്ടാവാൻ പാടില്ല. എല്ലാം പെട്ടെന്ന് ചെയ്യണം. അപ്പോൾ തിന്നുക, കുടിക്കുക, സംസാരിക്കുക തുടങ്ങിയ കാര്യങ്ങൾകൊണ്ട് ഇവക്കിടയിൽ താമസം വന്നാൽ വുളൂഅ് ബാത്വിലാകും. കഴുകലും പങ്ങിവെച്ച് കെട്ടലും വുളൂ‍ഉമെല്ലാം ആവർത്തിക്കേണ്ടതാണ്.

ഇരുന്ന് നിസ്കരിച്ചാൽ രക്ത വാർച്ച നിലക്കുമെങ്കിൽ ഇരുന്നു തന്നെ നിസ്കരിക്കൽ നിർബന്ധമാണ്. അത് പിന്നീറ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. തുണിക്കഷ്ണം കൊണ്ട് കെട്ടുന്നതിനു പകരം ട്യൂബുകളോ മറ്റോ ഉപയോഗിച്ചുകൂടാ. കാരണം ആ ട്യൂബിൽ നജസ് വന്ന് നിൽക്കുകയും നിസ്കാരട്ടിൽ അത് ചുമക്കാൻ നിർബന്ധിതരാകുകയും ചെയ്യും.

ഇസ്തിഹാളത്തുകാരി വുളൂ ചെയ്യുമ്പോ ശുദ്ധി വരുത്തുന്നുവെന്നോ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവുന്നുവെന്നോ മാത്രം കരുതിയാൽ പോരാ.(അവളുടെ അശുദ്ധി ഇപ്പോഴും നിലനിൽക്കുന്നുണ്ടന്നതാണ് കാരണം.) പകരം വുളൂ ചെയ്യാൻ കരുതി എന്നോ ,വുളൂഇന്റെ ഫർളിനെ വീട്ടാൻ ഞാൻ കരുതി എന്നോ , നിസ്കാരത്തെ ഹലാലാക്കാൻ ഞാൻ കരുതി എന്നോ കരുതണം. അശുദ്ധിയുയർത്തുന്നു എന്നും, മേൽപറഞ്ഞവയിലേതെങ്കിലുമൊന്നും ഒന്നിച്ചു കരുതലാണ് കൂടുതലുത്തമം. ഈ വുളൂ മുഖേനെ ഇവൾക്ക് ഒരു ഫർള് നിസ്കാരമേ അനുവദനീയമാകൂ. സുന്നത്ത് നിസ്കാരങ്ങൾ എത്രയുമാവാം.

ഇവൾ ഗുഹ്യഭാഗങ്ങളും മറ്റും കഴുകി വൃത്തിയാക്കി പഞ്ഞിവെച്ചു തുണിക്കഷ്ണം കൊണ്ടോ മറ്റോ ഭദ്രമായി കെട്ടിയതിനു ശേഷം രക്തം പുറത്തുവരുന്നത് വുളുഇനു മുമ്പായാലും മുമ്പായാലും ശേഷമായാലും നിസ്കാരത്തിലായാലും കുഴപ്പമില്ല. ഇതിനു വസ്ത്രത്തിലും ശരീരത്തിലും വിട്ടുവീഴ്ച നൽകപ്പെടും. പക്ഷെ ഇത് ആ നിസ്കാരത്തിന് മാത്രമാണ്. അടുത്ത നിസ്കാരത്തിനായി ശരീരവും വസ്ത്രവും കഴുകണം. അമിത സ്രാവമുള്ള സ്ത്രീക്ക് പഞ്ഞിവെച്ച് കെട്ടുന്നതിന് തടസ്സം നേരിട്ടത് കൊണ്ട് അതൊഴിവാക്കിയാൽ അവളുടെ രക്തത്തിൽ നിന്ന് അധികമുള്ളതിനും വിട്ടുവീഴ്ചയുണ്ട്.

ഇനി ഇസ്തിഹാളത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം. ഹൈളിന്റെ പ്രായത്തില്‍ കാണുന്ന രക്തങ്ങള്‍ ഒരു രാപകല്‍ പിന്നിട്ടു , പതിനഞ്ചു ദിവസമാകാതിരിക്കുമ്പോള്‍ അവയെല്ലാം ഹയ്‌ള് തന്നെ. നിറമോ രൂക്ഷഗന്ധമോ കട്ടി കൂടുതലോ കുറവോ ആകുന്നത് അത് ആര്‍ത്തവ രക്തമാകുന്നതിന് തടസ്സമല്ല.

എന്നാല്‍ ശുദ്ധികാലം ബാക്കിനില്‍ക്കുമ്പോള്‍ കണ്ട രക്തം ആര്‍ത്തവമല്ല, രോഗ രക്തമാണ്. ഉദാ : ഒരു സ്ത്രീക്ക് മൂന്ന് ദിവസം രക്തമുണ്ടായി. അനന്തരം 12 ദിവസം രക്തം ഉണ്ടായില്ല. പിന്നീട് മുന്ന് ദിവസം രക്തം ഉണ്ടായി എങ്കില്‍ ഒടുവിലെ മൂന്ന് ദിവസം കണ്ടത് ആര്‍ത്തവമല്ല, ഇസ്തിഹാളത്താണ്.

ആര്‍ത്തവമുണ്ടാ‍യ സ്ത്രീക്ക് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും രക്തം നിലക്കാതെ വന്നാല്‍ ആദ്യത്തെ പതിനഞ്ച് ദിവസം തീര്‍ത്തും ഹയ്‌ളാകണമെന്നില്ല. അത്തരം ഘട്ടത്തില്‍ താഴെ പറയുന്ന വിശദീകരണത്തോടെ അത് ഹയ്‌ളും ഇസ്തിഹാളത്തും ആകും.

രക്തം വ്യത്യസ്ത രൂപത്തിലുള്ളതാണെങ്കില്‍ ശക്തിയുള്ള രക്തവും ശക്തി കുറഞ്ഞ രക്തവും വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതാണ്. നിറം , മണം , കട്ടി എന്നിവയെല്ലാം ശക്തിയുടെ മാനദണ്ഡങ്ങളാണ്. ക്രമപ്രകാരം കറുപ്പ്, ചുമപ്പ്, തവിട്ടുനിറം , മഞ്ഞ കലര്‍ന്നത് എന്നിവ ശക്തിയുള്ളതാണ്. കട്ടിയുള്ളത് ഇല്ലാത്തതിനേക്കാള്‍ ശക്തം. ദുര്‍ഗന്ധമുള്ളത് ഇല്ലാത്തതിനേക്കാള്‍ ശക്തം.

ഇസ്തിഹാളത്തിന്റെ വിവിധ രൂപങ്ങള്‍

1. പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും രക്തം നിലക്കാത്ത സ്ത്രീ. മുമ്പും ആര്‍ത്തവമുണ്ടായവളും രക്തത്തിന്റെ മുമ്പു പറഞ്ഞ വ്യത്യസ്ത രൂപങ്ങള്‍ വേര്‍തിരിച്ച് മനസ്സിലാക്കിയവളുമാണെങ്കില്‍ ഇവള്‍ മുമ്പ് രക്തം തിരിച്ചറിയാന്‍ സ്വീകരിച്ചിരുന്ന മാനദണ്ഡം തന്നെയാണ് ക്രമം തെറ്റി പുറപ്പെടുന്ന രക്തത്തിന്റെ വിഷയത്തിലും സ്വീകരിക്കേണ്ടത്. ശക്തിയുള്ള രക്തങ്ങള്‍ സ്രവിച്ച ദിവസമത്രെയും ഹ‌യ്‌ളും ശക്തി ക്ഷയിച്ചു സ്രവിച്ച ദിവസമത്രെയും ഇസ്തിഹാളത്തുമാണ്. (തുടരും .ഇൻശാ അല്ലാഹ്)

ഇനി അവളുടെ പതിവ് രക്തവും വകതിരിവും പരസ്‌പരം വിരുദ്ധമായാല്‍ വകതിരിവിന് സ്ഥാനം നല്‍കണം. ഉദാഹരണമായി, ഒരു സ്ത്രീയുടെ പതിവ്, മാസത്തില്‍ ആദ്യത്തെ അഞ്ചു ദിവസം ആര്‍ത്തവവും , ബാക്കി ശുദ്ധിയുമാണ്. പിന്നീട് ഈ ക്രമം തെറ്റി. അഥവാ ആദ്യം അഞ്ചു ദിവസം ചുവപ്പ് നിറത്തിലും തുടര്‍ന്നു അഞ്ചു ദിവസം കറുപ്പ് നിറത്തിലും രക്തം വന്നു. പിന്നെയും ചുവപ്പ് തന്നെ തുടര്‍ന്നു. എന്നാല്‍ കറുപ്പ് രക്തം പുറപ്പെട്ട ദിവസം ഹ‌യ്‌ളും ചുകപ്പ് രക്തം കണ്ട ദിവസം ശുദ്ധിയുമാകുന്നു. പതിവ് ഇവിടെ സ്വീകരിക്കില്ല.

2. ആര്‍ത്തവം ആദ്യമാണ്. അതുതന്നെ ക്രമം തെറ്റിക്കാണുകയും ശക്തമായ രക്തവും ബലഹീനമായ രക്തവും തമ്മില്‍ തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നവളാണ്. രക്തമെല്ലാം സമാന സ്വഭാവത്തിലായിരുന്നു. ഒന്നുകില്‍ തീര്‍ത്തും ദുര്‍ഗന്ധമുള്ളത്, അല്ലെങ്കില്‍ തീര്‍ത്തും കട്ടിയില്ലാത്തത്. അതുമല്ലെങ്കില്‍ ഒരേ നിറത്തിലുള്ളത്, എന്നിങ്ങനെ സമാനതയുണ്ടായതുകൊണ്ടോ വ്യത്യസ്ത രൂപങ്ങളുണ്ടായിരുന്നെങ്കിലും അതു തിരിച്ചറിയാത്തത് കൊണ്ടോ ഈ ആര്‍ത്തവകാരി വിവേചിച്ചറിഞ്ഞില്ല. അതു തന്നെ പതിനഞ്ചു ദിവസം കഴിഞ്ഞിട്ടും നിലച്ചിട്ടുമില്ല. അത്തരം ഘട്ടത്തില്‍ ഒരു രാപകല്‍ മാത്രം ഹയ്‌ളായും മറ്റു ദിനങ്ങളത്രയും ശുദ്ധിയായും ഗണിക്കണം.

അപ്പോള്‍ ഇവള്‍ മാസത്തിലെ പ്രഥമ ദിവസം ആര്‍ത്തവമാണെന്ന് വച്ച് കുളിച്ച് ശുദ്ധിയായി ബാക്കി ദിവസങ്ങളിലെല്ലാം നിസ്കാരം പോലുള്ള ആരാധനകള്‍ നിര്‍വ്വഹിക്കേണ്ടതാണ്. പതിനഞ്ച് ദിവസം കഴിയാന്‍ കാത്തിരിക്കേണ്ടതില്ല. ആദ്യമായി ആര്‍ത്തവമുണ്ടാകുന്ന അവസരത്തിലൊഴികെ. അപ്പോളവള്‍ നിസ്കാരവും മറ്റുമുപേക്ഷിച്ച് പതിനഞ്ച് ദിവസം വരെ കാത്തിരിക്കണം. പതിനാറാമത്തെ ദിവസത്തിലേക്ക് രക്തം വിട്ടുകടന്നാല്‍ ആദ്യത്തെ ഒരു ദിവസമല്ലാത്ത ദിവസങ്ങളിലെ എല്ലാ നിസ്കാരങ്ങളും അവള്‍ ഖളാ‌അ വീട്ടണം. രക്തം ഒരേ രൂപത്തില്‍ തുടരുകയാണെങ്കില്‍ മുപ്പത്തി ഒന്നാമത്തെ ദിവസം മറ്റൊരു ആര്‍ത്തവവും പിന്നീടുള്ള ഇരുപത്തിയൊമ്പത് ദിവസം ശുദ്ധികാലവുമായി പരിഗണിക്കും.

3. പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും രക്തം നിലക്കാത്ത സ്ത്രീ , മുമ്പ് ആര്‍ത്തവമുണ്ടാകാത്തവളും എന്നാല്‍ ശക്തിയുള്ളതും അല്ലാത്തതും വേര്‍തിരിച്ചറിഞ്ഞവളുമാണെങ്കില്‍ , അവള്‍ ശക്തിയുള്ളത് ഹയ്‌ളും അല്ലാത്തത് ഇസ്തിഹാളത്തുമായി ഗണിക്കണം. പക്ഷേ അതിന് നാല് നിബന്ധനകളുണ്ട്.

  1. ശക്തിയുള്ളത് ഒരു ദിവസത്തില്‍ – ഇരുപത്തിനാല് മണിക്കൂറില്‍ – ചുരുങ്ങാതിരിക്കുക

  2. ശക്തിയുള്ളത് പതിനഞ്ച് ദിവസത്തേക്കാള്‍ കൂടാതിരിക്കുക

  3. ബലഹീനമായ രക്തം ഏറ്റവും കുറഞ്ഞ ശൂദ്ധ കാലത്തേക്കാള്‍ ( 15 ദിവസത്തേക്കാള്‍ ) കുറയാ‍തിരിക്കുക.

  4. ബലഹീനമായ രക്തം പതിനഞ്ച് ദിവസം ഇടവിടാതെ ഉണ്ടാകുക.

ശക്തിയായ രക്തം ആദ്യമായാലും മധ്യത്തിലായാലും അവസാനത്തിലായാലും ഉപര്യുക്ത നിബന്ധനകള്‍ ഉള്ളപ്പോള്‍ എല്ലാം ആര്‍ത്തവം തന്നെ. ബലഹീനമായ രക്തം വര്‍ഷങ്ങളോളം നീണ്ടു നിന്നാലു, ശുദ്ധി തന്നെ.

ഉദാഹരണമായി ഒരു സ്ത്രീക്ക് നാല് ദിവസം കറുത്ത രക്തവും , പിന്നെ മാസാവസാനം വരെ മുഴുവനും ചുവപ്പു രക്തവും കണ്ടു. അല്ലെങ്കില്‍ പതിനഞ്ച് ദിവസം ചുവപ്പ് രക്തവും പിന്നെ പിന്നെ പതിനഞ്ച് ദിവസം കുറുപ്പ് രക്തവും കണ്ടു. അതുമല്ലെങ്കില്‍ അഞ്ചു ദിവസം ചുകപ്പും പിന്നെ അഞ്ചു ദിവ്സം കറുപ്പും പിന്നെ മാസത്തിലെ ബാക്കി ദിവസം മുഴുവന്‍ ചുകപ്പും കാണുക. ഇപ്പറഞ്ഞ രീതിയില്‍ പുറപ്പെട്ട കറുപ്പ് രക്തങ്ങളെല്ലാം ഹയ്‌ളും ചുകപ്പ് രക്തങ്ങള്‍ ഇസ്തിഹാളത്തുമാണ്.

മുന്‍ വിവരിച്ച നാല് നിബന്ധനകളില്‍ ഒന്ന് ഇല്ലാതെയായാ‍ല്‍ അവളുടെ ആര്‍ത്തവം മാസത്തിൽ ഒരു ദിവസമാണെന്നും ബാക്കി ശുദ്ധി ദിവസമാണെന്നും വെക്കണം. ആ ദിവസങ്ങളില്‍ സ്രവിക്കുന്ന രക്തം ആര്‍ത്തവമല്ല, ഇസ്തിഹാളത്താണ്.

4. മുമ്പും ഹയ്‌ളുണ്ടായിട്ടുള്ള സ്ത്രീ, രക്തത്തിന്റെ നിറവും മറ്റും വിവേചിച്ചറിയാത്തവള്‍ , എന്നാല്‍ പതിവു പ്രകാരമുള്ള ആര്‍ത്തവത്തിന്റെ കണക്കും സമയവും ഓര്‍മയുണ്ട് താനും. എങ്കില്‍ അവളുടെ മുന്‍ പതിവനുസരിച്ച് ഹയ്‌ളും ശുദ്ധിയും കണക്കാക്കണം. ഏഴ് ദിവസമാണ് ഹയ്‌ളുണ്ടാകാറുള്ളതെങ്കില്‍ ഏഴ് ദിവസം ഹയ്‌ളായും ബാക്കി ദിനങ്ങള്‍ ഇസ്തിഹാളത്തായും ഗണിക്കണം

5. ഇനി മുന്‍‌പതിവുള്ള സ്ത്രീ തന്നെ പതിനഞ്ചു ദിവസത്തിലധികം രക്തം വന്നപ്പോള്‍ അതു വിവേചിച്ചറിയാത്തവള്‍. മാത്രമല്ല, പതിവുപ്രകാരമുള്ള ആര്‍ത്തവത്തിന്റെ കണക്കും സമയവും മറന്നു പോകുകയും ചെയുതു. അവള്‍ ‘മുതഹയ്യിറത്താ’ണ്.

മുതഹയ്യിറത്തെന്നാല്‍ ഭാഷാര്‍ത്ഥത്തില്‍ പരിഭ്രാന്തയെന്നാണ്. മുമ്പ് ആര്‍ത്തവമുണ്ടായിട്ടുള്ള സ്ത്രീക്ക് ഒരു തവണ 15 ദിവസത്തിലധികം രക്തം വന്നു. രക്തനിറങ്ങളോ മറ്റോ അവള്‍ വിവേചിച്ചറിഞ്ഞതുമില്ല. മുന്‍ ആര്‍ത്തവ ദിനങ്ങളോ അതിന്റെ സമയമോ വേണ്ടപോലെ ഓര്‍ക്കുന്നുമില്ല. ഇത്തരം സ്തീകള്‍ക്ക് പറയുന്ന സാ‍ങ്കേതിക നാമമാണ് ‘മുതഹയ്യിറത്ത് ‘ .

ഇവള്‍ ത്വലാഖ്, നിസ്കാരം, നോമ്പ്, ത്വവാഫ് പോലുള്ളവയില്‍ ശുദ്ധിയുള്ളവളെപ്പോലെയും ഇവയല്ലാത്ത എല്ലാ വിഷയത്തിലും ഹയ്‌ളുകാരിയെപ്പോലെയുമാണ്. അപ്പോള്‍ സം‌യോഗം, മുട്ടുപൊക്കിളിനിടയിലുള്ള സുഖാസ്വാദനം , ഖുര്‍‌ആന്‍ തൊടലും ചുമക്കലും , നിസ്കാരത്തിലല്ലാതെ ഖുര്‍‌ആന്‍ ഓതല്‍ എന്നിവ നിഷിദ്ധങ്ങളാണ്. ഓരോ ഫര്‍ള് നിസ്കാരത്തിനും സമയമായ ശേഷം കുളിക്കല്‍ നിര്‍ബന്ധമാണ്.

ഏത് നിസ്സാര രോഗങ്ങളും നിസ്കാരാദി ആരാധനകള്‍ ഒഴിവാക്കാനുള്ള ലൈസന്‍സായി കാണുന്നവരാണ് നാം. സ്ത്രീകളതില്‍ മുന്‍‌പന്തിയിലുമാണ്. ആശുപത്രിയിലെ നിസ്കാരം ആര്‍ക്കും ഓര്‍മ്മ പോലുമില്ല. ബ്‌ളീഡിം‌ഗ് പോലുള്ള വിപല്‍കര രോഗകാലത്തെ നിസ്കാരം നമ്മുടെ സ്ത്രീകള്‍ക്ക് പുതുമയായിരിക്കും. എന്നാല്‍ ഇവര്‍ക്ക് നിസ്കരിക്കല്‍ നിര്‍ബന്ധവും ഒഴിവാക്കല്‍ ഹറാമുമാണ്. പൂര്‍വ്വിക വനിതകളുടെ മാതൃക ഇക്കാര്യത്തിലും നമ്മുടെ വനിതകള്‍ സ്വീകരിക്കേണ്ടതുണ്ട്.

റമദാന്‍ വ്രതത്തിന് ഇത്തരക്കാരികള്‍ക്ക് പ്രത്യേക രീതിയുണ്ട്. റമദാന്‍ മാസം തീര്‍ത്തും നോമ്പ് പിടിക്കുന്നതോടൊപ്പം മറ്റൊരു മാസവും കൂടി തീര്‍ത്തും നോമ്പ് പിടിക്കണം. അപ്പോള്‍ മാസത്തില്‍ 15 ദിവസം ആര്‍ത്തവമാകുന്ന സങ്കല്‍പ്പ പ്രകാരം തന്നെ 14 ദിവസം ശുദ്ധി ലഭിക്കും. അതിനാല്‍ രണ്ട് മാസത്തിലും കൂടി 28 ദിവസത്തെ നോമ്പ് കരസ്ഥമാകും. രണ്ട് മാസം കഴിഞ്ഞതിന്റെ ശേഷം തുടരെയുള്ള പതിനെട്ട് ദിവസം തെരെഞ്ഞെടുത്ത് അതിലെ ആദ്യത്തെ മൂന്ന് ദിവസവും അവസാനത്തെ മൂന്ന് ദിവസവും നോമ്പ് അനുഷ്ഠിക്കണം. എന്നാല്‍ 18 ലെ ഒന്നാം ദിവസം ആര്‍ത്തവം തുടങ്ങി എന്ന നിഗമന പ്രകാരം തന്നെ 16 ന് അവസാനിക്കും. അപ്പോള്‍ 17, 18 നോമ്പ് സാധുവാകും. മൂന്നാം ദിവസം തുടങ്ങിയാല്‍ ഒന്നും രണ്ടും സ്വഹീഹാ‍കും. ഏത് സാധ്യതകള്‍ വകയിരുത്തിയാലും 18 ല്‍ രണ്ട് ദിനം ലഭിക്കുകയും അവളുടെ നോമ്പ് മുപ്പത് തികയുകയും ചെയ്യുന്നു.

6) മുതഹയ്യിറത്ത് തന്നെ പക്ഷെ, മുൻ ആർത്തവ സമയം അറിയാം, എത്ര ദിവസമായിരുന്നു എന്നറിയാത്തവൾ. ഉദാഹരണമായി, ആർത്തവം തുടങ്ങിയത് മാസാദ്യമാണെന്ന് അറിയാം. അതെത്ര ദിവസമുണ്ടായിരുന്നുവെന്നറിയില്ല. അങ്ങനെയെങ്കിൽ ഈ മാസത്തിലെ ആദ്യദിവസം ഉറപ്പായും ഹയ്‌ള് തന്നെ. മാസത്തിന്റെ രണ്ടാം പാതി ഇസ്തിഹാളത്താണെന്നുറപ്പാണ്. അഥവാ ശുദ്ധയാണ്. അതല്ലാത്ത ദിനങ്ങൾ അഥവാ മാസത്തിലെ രണ്ട് മുതൽ പതിനഞ്ചുവരെയുള്ള ദിവസങ്ങൾ ആർത്തവഘടകമാവാനും അത് നിലയ്ക്കാനും ഇസ്തിഹാളത്തിന്റേതാകാനും സാധ്യതയുണ്ട്. ഇവൾ ഈ ദിവസങ്ങളിൽ ആരാധനകളുടെ കാര്യത്തിൽ ഋതുമതിയല്ലാത്തവളും, ഭർത്താവുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വിഷയത്തിൽ, ആർത്തവകാരിയുമായിട്ടാ‍ണ് വർത്തിക്കേണ്ടത്. ഈ ദിവസങ്ങളിൽ ( 2-15 വരെയുള്ള ദിവസങ്ങളിൽ ) ഫർള് നിസ്കരിക്കാൻ വേണ്ടി കുളിക്കൽ നിർബന്ധമാണ്. മാസത്തിന്റെ രണ്ടാം പകുതിക്ക് ശേഷമുള്ള ദിവസങ്ങളിൽ സംഭോഗം അടക്കമുള്ള എല്ലാ വിഷയങ്ങളിലും അവൾ ശുദ്ധികാരിയെപ്പോലെയാകുന്നു.

7. മുത്തഹയ്യിറത്ത് തന്നെ പക്ഷെ മുൻ ആർത്തവത്തിന്റെ തിയ്യതി ഓർമ്മയില്ലാതിരിക്കലോട് കൂടി ദിവസത്തിന്റെ എണ്ണം ഓർമ്മയുള്ളവൾ. ഇവളെ സംബന്ധിച്ചിടത്തോളം ഹൈളാണെന്നുറപ്പുള്ളതിന് അതിന്റെ വിധിയും ഹൈളല്ലെന്നുറപ്പുള്ളതിന് അതിന്റെ വിധിയും ബാധകമാണ്. രണ്ടിനു സാധ്യതയുള്ളതിന് സൂക്ഷമത പാലിക്കുകയും വേണം. ഉദാഹരണമായി, ഒരു സ്ത്രീയുടെ ആർത്തവം മാസത്തിലെ ആദ്യത്തെ പത്തിൽ 5 ദിവസമായിരുന്നു എന്നറിയാം. പക്ഷെ എന്നാണ് തുടങ്ങാറുള്ളത് എന്നറിഞ്ഞുകൂടാ. ഒന്നാം തിയ്യതി ശുദ്ധിയായിരുന്നു എന്നും ഓർമ്മയുണ്ട് എന്നാൽ ആറാം തിയ്യതി അവൾക്ക് ആർത്തവമാണെന്നും ഒന്നാം തിയ്യതിയും ഒടുവിലത്തെ രണ്ട് പത്തും ശുദ്ധിദിവസങ്ങളാണെന്നും അവൾക്ക് ഉറപ്പിക്കാം. രണ്ട് മുതൽ അഞ്ച്കൂടിയ ദിവസങ്ങളിൽ ആർത്തവകാരിയാകാനും അല്ലാതിരിക്കാനും സാധ്യതയുണ്ട്. ആയതിനാൽ ഈ ദിവസങ്ങളിൽ ഓരോ ഫർള് നിസ്കാരത്തിനും വുളു എടുക്കണം. കുളിക്കണമെന്നില്ല. ഏഴ് മുതൽ പത്ത് വരെയുള്ള ദിവസങ്ങൾ ഓരോന്നും ആർത്തവം, ശുദ്ധി, ആർത്തവം അവസാനിക്കൽ എന്നിവക്കെല്ലാം സാധ്യതയുള്ളതിനാൽ പ്രസ്തുത ദിവസങ്ങളിൽ ഓരോ ഫർളിനും കുളിക്കൽ നിർബന്ധമാകുന്നു.

വെള്ളപോക്ക്

(സ്ത്രീ‍ ര‌ക്തങ്ങളെക്കുറിച്ചുള്ള വിശദീകരണം കഴിഞ്ഞ ബുള്ളറ്റിനോടെ കഴിഞ്ഞു .ഇത് പോലെ ഒട്ടുമിക്ക സ്ത്രീകക്കുമുണ്ടാകുന്ന മറ്റൊരു രോഗമാണ് യോനിസ്രവം (വെള്ളാപോക്ക് ) ഈ ബുള്ളറ്റി അതിനെ കുറിച്ചാണ് )

സ്തീകൾക്കുണ്ടാകുന്ന മറ്റൊരു രോഗമാണ് യോനീസ്രവം .ഒട്ടുമിക്ക സ്ത്രീകളെയും ശാരീരികമായും മാനസികമായും അലട്ടികൊണ്ടിരിക്കുന്ന പ്രശ്നമാണ് വെള്ളപോക്ക്. ചില പ്രത്യേകതരം രോഗാണുക്കൾ യോനീനാളത്തിലോ പുരുഷലിംഗാഗ്രത്തിലോ വസിച്ചാണ് ഈ രോഗം പരസ്പരം കൈമാറുന്നത്.

സ്ത്രീകൾ മരുന്ന് കഴിക്കുമ്പോൾ പുരുഷന്മാർക്കും ചില മരുന്നുകൾ ആവശ്യമായി വരും. കാരണം ഔഷധം വഴി സ്ത്രീ രോഗമുക്തി നേടിയാലും ലൈംഗിംഗ ബന്ധത്തിലേർപ്പെടുമ്പോൾ ഭർത്താവ് വീണ്ടും ഭാര്യയ്ക്ക് രോഗം സമ്മാനിക്കുന്നു.

എരിവും പുളിയും അധികരിച്ച ഭക്ഷണ രീതി, ശുചിത്വമില്ലായ്മ, വിരശല്യം, അണുബാധ, ആർത്തവത്തിന്റെ ക്രമക്കേടുകൾ മുതലായ പലകാരണങ്ങൾ കൊണ്ട് സ്ത്രീകളുടെ ജനനേന്ദ്രിയത്തിൽ നിന്ന് വെളുപ്പ്, മഞ്ഞ, ഇളം‌പച്ച, ഇളം ചുവപ്പ് എന്നിങ്ങനെയുള്ള നിറത്തിൽ നേർത്തോ കുറുകിയോ നൂലുപോലെയോ ഉണ്ടാകുന്ന സ്രാവത്തിനാണ് ‘വെള്ളപോക്ക്’ എന്ന് പറയുന്നത്. തുടക്കത്തിൽ കഞ്ഞിതെളിപോലെയുള്ള നിറത്തിലും പിന്നീറ്റ് മഞ്ഞ നിറത്തിലുമായിരിക്കും.

ഇത് നജസാണ്. നിസ്കരിക്കാനും ത്വവാഫിനും മറ്റ് ശുദ്ധി നിർബന്ധമായ എല്ലാ ഇബാദത്തുകൾക്കും കഴുകൽ നിർബന്ധമാണ്.

ഇന്ദ്രിയമല്ലാത്ത ,ഗുഹ്യസ്ഥാനത്തിലൂടെ വരുന്ന എല്ലാ ദ്രാവകവും നജസാണെന്നാണ് വിധി. 

രക്തസ്രാവവും വിധികളും

രക്‌ത സ്രാവവും അതുമായി ബന്ധപ്പെട്ട വിധികളും മനസ്സിലാക്കാൻ പ്രയാസമേറിയതായതിനാൽ ചുരുക്കി ഒന്നുകൂടെ വിശദീകരിക്കാം.

1) രക്തത്തിന്റെ വർണ്ണം കൊണ്ടോ മറ്റോ ശക്തി കൂടിയതും കുറഞ്ഞതും വിവേചിച്ചറിയുന്നവൾ : ഇവൾ ശക്തിയായി കണ്ട രക്തം ആർത്തവമാണെന്നും ശക്തി കുറഞ്ഞ് കണ്ടത് ഇസ്തിഹാളത്താണെന്നും കണക്കാക്കണം.

2) രക്തം ഒരേ രൂപത്തിലായതിനാൽ വിവേചിച്ചറിയാത്തവൾ : ഇവൾ മാസത്തിലൊരു ദിവസം ആർത്തവമായും ബാക്കിയുള്ള ദിവസങ്ങൾ ഇസ്തിഹാളത്തായും പരിഗണിക്കണം.

3) രക്തം പല രൂപത്തിലായതിനാൽ ശക്തിയുള്ളതും അല്ലാത്തതും വകതിരിച്ച് അറിയുന്നവൾ : ഇവൾ ശക്തിയായി കണ്ട രക്തം ആർത്തവമാണെന്നും ശക്തി കുറഞ്ഞ് കണ്ടത് ഇസ്തിഹാളത്താണെന്നും കരുതണം.

4) ശക്തമായ രക്തവും അല്ലാത്ത രക്തവും വേർതിരിച്ചറിയാൻ സാധിക്കാതിരിക്കലോടു കൂടി മുൻ ആർത്തവത്തിന്റെ കണക്കും സമയവും ഓർമ്മയുള്ളവൾ. ഇവൾ പതിവനുസരിച്ച് ആർത്തവമുണ്ടാകാറുള്ള അത്രയും ദിവസം ആർത്തവമായും ബാക്കി രോഗ രക്തമായും പരിഗണിക്കണം.

5) കണക്കും സമയവും മറന്നവൾ. ഇവൾ ഒരേ ഫർള് നിസ്കാരത്തിനു വേണ്ടിയും സമയമായ ശേഷം കുളിക്കൽ നിർബന്ധമാണ്.

6) സമയം അറിയാമെങ്കിലും കണക്ക് മറന്നവൾ

7) കണക്ക് ഓർമ്മയുണ്ടെങ്കിലും സമയം മറന്നവൾ. ഈ രണ്ട് ( 6,7 ) വിഭാഗത്തിൽ‌പെട്ട സ്ത്രീകളും ഹൈളാണെന്ന് ഉറപ്പുള്ളതിന് അതിന്റെ വിധി നൽകുകയും രണ്ടിനും സാധ്യതയുള്ളതിനാൽ ഹിതമുള്ളതിന് സൂക്ഷമത പാലിക്കുകയും വേണം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s