ഒരിക്കല്‍ …..തുടര്‍ന്നു വായിക്കുക

ഒരിക്കല്‍ .....തുടര്‍ന്നു   വായിക്കുക

വെളളത്തിലൂടെ നീന്തുന്ന കല്ല് 

ഒരിക്കല്‍ നബി(സ്വ) തങ്ങളും ഇക്രിമത്ബ്നു അബീജഹലും കൂടി ഒരു തടാകത്തിന്റെ അരികില്‍ നിന്നു. ഇക്രിമത് നബിയോട് പറഞ്ഞു: “നബിയേ അല്ലാഹുവിന്റെ ദൂതനും പ്രവാചകനുമാണല്ലോ അങ്ങ്. ഇത് സത്യമാണെങ്കില്‍ ഈ തടാകത്തിന്റെ അപ്പുറത്തെ കരയില്‍ നില്‍ക്കുന്ന ആ കല്ലിനോട് വെളളത്തിനു മുകളിലൂടെ ഇങ്ങോട്ട് വരാന്‍ ആവ ശ്യപ്പെട്ടാലും”.

റസുല്‍(സ്വ) കല്ലിനോട് നീന്തി വരാന്‍ ആംഗ്യം കാണിച്ചു. ആ കല്ല് നില്‍ക്കുന്നിടത്ത് നിന്ന് പറിഞ്ഞ് വെളളത്തിനു മുകളിലൂടെ ഉരുണ്ട് വന്ന് റസുലുല്ലാന്റെ മുമ്പില്‍ വന്നു നിന്നു. ഇതുകണ്ട ഇക്രിമത്ത് പറഞ്ഞു ഞാന്‍ നിങ്ങളുടെ പ്രവാചകത്വം അംഗീകരിച്ചു.

അപ്പോള്‍ നബിതങ്ങള്‍ ഇക്രിമയോട് ചോദിച്ചു: എന്റെ പ്രവാചകത്വത്തെ അംഗീകരിക്കാന്‍ താങ്കള്‍ക്ക് ഈ ഒരു അല്‍ഭുത കൃത്യം മാത്രം മതിയോ?

ഇക്രിമത്ത് പറഞ്ഞു: ഈ കല്ല് ഇങ്ങോട്ട് വന്നതുപോലെ വെളളത്തിലൂടെ നീന്തി അതി ന്റെ പഴയ സ്ഥാനത്തു തന്നെ പോയി നില്‍ക്കുകയും വേണം.”

നബി(സ്വ) ആ കല്ലിനോട് പറഞ്ഞു: “നീ തല്‍സ്ഥാനത്ത് പോയിനില്‍ക്കുക”. നബിയുടെ നിര്‍ദേശം കേട്ടയുടനെ ആ കല്ല് അതിന്റെ യഥാര്‍ഥ സ്ഥാനത്ത് തന്നെ പോയി നിന്നു (തഫ്സീറു റാസി 32-125).

വിട്ടുമാറാത്ത തലവേദന

ഖലീഫ ഉമറിന്റെ ഭരണകാലം. കൈസര്‍ ചക്രവര്‍ത്തിക്കു വിട്ടുമാറാത്ത തലവേദന. പ്രശസ്തരായ വൈദ്യന്മാര്‍ പലരും ചികിത്സിച്ചു. പക്ഷേ, തലവേദന കുറയുന്നില്ല. അവസാനം ചക്രവര്‍ത്തി തന്റെ ദൂതനെ മദീനയിലേക്ക് അയച്ചു; ഖലീഫ ഉമര്‍(റ)വിനെ കണ്ടു രോഗവിവരം പറയാന്‍. ദൂതന്‍ ഉമര്‍(റ)വിന്റെ അടുക്കല്‍ എത്തി. വിവരം പറഞ്ഞു.

ഉമര്‍(റ) ആ ദൂതന്റെ കൈയില്‍ ഒരു തൊപ്പി കൊടുത്തയച്ചു. ഈ തൊപ്പി തലയില്‍ വെക്കാനാവശ്യപ്പെട്ടു. ചക്രവര്‍ത്തി തൊപ്പി തലയില്‍ വെച്ചു. അത്ഭുതം. തലവേദന സുഖപ്പെട്ടു. പക്ഷേ, തൊപ്പി എടുത്താല്‍ വീണ്ടും തലവേദന തന്നെ. ഇതെന്തു കഥ? ചക്രവര്‍ത്തിക്ക് അതിശയമായി. അദ്ദേഹം തൊപ്പി പരിശോധിച്ചു. അതില്‍ ‘ബിസ്മി‘ എന്നെഴുതിയ ഒരു തുണ്ട്. ഖുര്‍ആന്‍ എഴുതിയ പേപ്പറിന്റെ മഹത്വം കണ്ട് അവിടെ കൂടി നിന്നവര്‍ അത്ഭുതപ്പെട്ടു.

ആഴിക്കടിയിലെ ഖുബ്ബ

ആഴിക്കടിയിലെ ഖുബ്ബ

ഒരു ദിവസം സുലൈമാന്‍ നബിയും പരിവാരങ്ങളും കടല്‍ക്കരയിലൂടെ നടക്കുകയായിരുന്നു. വഴിമധ്യേ സുലൈമാന്‍ നബി(അ) അവരോട് പറഞ്ഞു. “നിങ്ങള്‍ ഈ കടലില്‍ മുങ്ങിനോക്കുക”. അവരെല്ലാവരും മുങ്ങിനോക്കി. അല്‍പം കഴിഞ്ഞു എല്ലാവരും തിരിച്ചുവന്നു. നബി ചോദി ച്ചു. “നിങ്ങള്‍ക്ക് വല്ലതും കാണാന്‍ സാധിച്ചുവോ?”

അവര്‍ പറഞ്ഞു: “ഇല്ല.” നബി അവരുടെ കൂട്ടത്തില്‍പെട്ട ഇഫ്രീത് എന്ന ജിന്നിനോട് പറഞ്ഞു: “ഇഫ്രീത് താങ്കള്‍ ഇതിന്റെ അടിയില്‍ മുങ്ങിനോക്കുക”. ഇഫ്രീത് മുങ്ങി. മനോഹരമായ ഒരു ഖുബ്ബ കണ്ടു. ജിന്ന് നബിയുടെ അടുത്ത് വന്ന് പറഞ്ഞു: “ഞാന്‍ ഒരു ഖുബ്ബ കണ്ടു.’‘

അതു എടുത്തുകൊണ്ടുവരാന്‍ നബി നിര്‍ദ്ദേശിച്ചു. ഇഫ്രീത് വീണ്ടും മുങ്ങി ഖുബ്ബ കരക്കെത്തിച്ചു. മനോഹരമായ ആ ഖുബ്ബ എല്ലാവരേയും അത്ഭുതപ്പെടുത്തി. അതിന് ഒരു വാതിലുണ്ടായിരുന്നു. വാതിലില്‍ നബി മുട്ടിനോക്കി. വാതില്‍ തുറന്നു. അതിനകത്ത് ഒരു മനുഷ്യന്‍ നിസ്കരിക്കുന്നതാണ് നബിയും കൂട്ടരും കണ്ടത്. നബി അദ്ദേഹത്തോട് ചോദിച്ചു: “എങ്ങനെയാണ് നിങ്ങള്‍ ഇതിനുള്ളില്‍ എത്തിപ്പെട്ടത്.”

അപ്പോള്‍ അയാള്‍ പറയാന്‍ തുടങ്ങി. എനിക്ക് വൃദ്ധരായ മാതാപിതാക്കളുണ്ടായിരുന്നു. എന്റെ ഉപ്പ മരിക്കുന്നത് വരെ ഉപ്പയ ഞാന്‍ ശുശ്രൂഷിച്ചു. ഉപ്പ മരിക്കുന്നതിന് മുമ്പ് ദുആ ചെയ്തു: അല്ലാഹുവേ, എന്റെ മകനെ നല്ലനിലയില്‍ നീ ഏറ്റെടുക്കേണമേ. ഉമ്മയെയും ഞാന്‍ അവര്‍ മരിക്കുന്നത് വരെ ശുശ്രൂഷിച്ചു. ഉമ്മയും മരിക്കുന്നതിന് മുമ്പ് ദുആ ചെയ്തു. അല്ലാഹുവേ, ഈ എന്റെ ഓമനമകനെ പിശാച് സ്പര്‍ശിക്കാത്ത സ്ഥലത്ത് ജീവിക്കാന്‍ തൗഫീഖ് ചെയ്യേണമേ.

യുവാവ് തുടര്‍ന്നു: ഒരു ദിവസം ഞാന്‍ കടല്‍ക്കരയിലൂടെ നടക്കവെ ഒരു ഖുബ്ബ കണ്ടു. അതിന്റെ സമീപത്തേക്ക് ചെന്നപ്പോള്‍ അതിന്റെ വാതില്‍ തുറക്കുകയും എന്റെ പിന്നില്‍ നിന്ന് ആരോ എന്നെ അതിനകത്തേക്ക് തളളുകയും ചെയ്തു. ഞാന്‍ അതിനകത്തായി. എന്നെ വഹിച്ച് ആ ഖുബ്ബ ആഴിയിലേക്ക് താണു.

സുലെമാന്‍ നബി ചോദിച്ചു: നിങ്ങളുടെ ഭക്ഷണം എന്താണ്? എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നത്? ഇതിന്റെ ഉളളില്‍ ആരാണ് നിങ്ങള്‍ക്ക് ഭക്ഷണം തരുന്നത്?

യുവാവ് പറഞ്ഞു: ഇതില്‍ ഒരു തളികയുണ്ട്. ഭക്ഷണസമയമായാല്‍ തളികയില്‍ വിഭവസമൃദ്ധമായ ഭക്ഷണം പ്രത്യക്ഷപ്പെടും. ഇങ്ങനെയാണ് ഇതുവരെയും ഞാന്‍ കഴിച്ചത്.

നബി വീണ്ടും ചോദിച്ചു: “താങ്കള്‍ ഞങ്ങളുടെ കൂടെ വരുന്നോ?” യുവാവ് പറഞ്ഞു: “ഇല്ല. എന്നെ ആഴിക്കടിയില്‍ തന്നെ വെച്ചാല്‍ മതി.” നബിയുടെ നിര്‍ദ്ദേശ പ്രകാരം ഇഫ്രീത് ഖുബ്ബ വീണ്ടും ആഴിക്കടിയില്‍ കൊണ്ടു വെച്ചു.

മാതാപിതാക്കള്‍ക്ക് നന്മചെയ്യുന്നവര്‍ക്കുളള പ്രതിഫലം എത്ര മഹത്തരമാണെന്ന് കൂട്ടുകാര്‍ക്ക് ബോദ്ധ്യമായില്ലേ!.

മാതാവിന്റെ തൃപ്തി അല്ലാഹുവിന്റെ തൃപ്തി

മാതാവിന്റെ തൃപ്തി അല്ലാഹുവിന്റെ തൃപ്തി

ബനൂ ഇസ്റാഈലില്‍ ഒരു യുവാവുണ്ടായിരുന്നു. അയാള്‍ക്ക് നന്നായി തൗറാത്ത് പാരായണം ചെയ്യാന്‍ അറിയുമായിരുന്നു. അദ്ദേഹം തൗറാത്ത് പാരായണം ആരംഭിച്ചാല്‍ വീട്ടുമുറ്റത്ത് ജനങ്ങള്‍ തടിച്ചുകൂടും. ഇങ്ങനെയെല്ലാമാണെങ്കിലും അയാള്‍ മദ്യപിക്കുമായിരുന്നു. ഒരിക്കല്‍ ആ യുവാവ് മദ്യപിച്ച് വന്ന് തൗറാത്ത് പാരായണം ചെയ്യാന്‍ തുടങ്ങി. ഇതു കണ്ട് മടുത്ത മാതാവ് പറഞ്ഞു.

“നീ പോയി വുളൂഅ് എടുത്തു വരിക. എന്നിട്ട് തൗറാത്ത് ഓതുക”

മദ്യപിച്ച് ലക്കുകെട്ട അയാള്‍ക്ക് ഈ വാക്കുകള്‍ പിടിച്ചില്ല. അയാള്‍ മാതാവിന്റെ മുഖത്ത് ആഞ്ഞടിച്ചു. ആ അടിയുടെ ശക്തിയില്‍ ആ ഉമ്മയുടെ രണ്ടു കണ്ണുകളും പൊട്ടി. പല്ലുകളും കൊഴിഞ്ഞു. ഇതൊന്നും യുവാവ് അറിഞ്ഞതേയില്ല. യുവാവിന് ബോധം വീണ്ടുകിട്ടിയപ്പോള്‍ സങ്കടം സഹിക്കവയ്യാതെയായി. അയാള്‍ എവിടേക്കെന്നില്ലാതെ കുറെ നടന്നു. ഒടുവില്‍ ഒരു കാട്ടില്‍ എത്തിപ്പെട്ടു. വന്യമൃഗങ്ങള്‍ നിറഞ്ഞ ആ കാട്ടില്‍ തനിച്ച് ജിവിച്ചു.

നാല്‍പതു വര്‍ഷം അയാള്‍ അല്ലാഹുവിലേക്ക് രണ്ടുകയ്യും ഉയര്‍ത്തി പ്രാര്‍ഥിച്ചു. “സര്‍വ്വശക്തനായ റബ്ബേ, ഞാന്‍ പാപിയാണ്. എന്റെ പാപം പൊറുത്തിട്ടുണ്ടെങ്കില്‍ അത് ഈ സമയം തന്നെ നീ എന്നെ അറിയിക്കേണമേ’‘ പെട്ടെന്ന് ഒരു അശരീരി മുഴങ്ങി. “ഹേ, മനുഷ്യാ, നീ എന്നെ എത്രകാലം ആരാധിച്ചിട്ടും കാര്യമില്ല. മറിച്ച് നിന്റെ മാതാവിന്റെ തൃപ്തിയാണ് എന്റെ തൃപ്തി.”

നിരാശനായ യുവാവ് തന്റെ മാതാവിന്റെ അടുക്കലേക്ക് ചെന്നു.

ഉമ്മാ, അയാള്‍ വിളിച്ചു. ആ ശബ്ദം തിരിച്ചറിഞ്ഞ ഉമ്മ പറഞ്ഞു”നിനക്ക് അല്ലാഹു മാപ്പ് തരില്ല”. ഇത് കേട്ട് യുവാവിന് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ തന്റെ കൈ വാളുകാണ്ട് മുറിച്ചു മാറ്റി. മകന്‍ കൈ മുറിച്ച വിവരം ഉമ്മയറിഞ്ഞു. അവര്‍ക്ക് സങ്കടമായി. അവര്‍ പറഞ്ഞു “മകനേ നീ അങ്ങനെ ചെയ്യരുതായിരുന്നു. ഞാന്‍ നിനക്ക് പൊറുത്തു തന്നിരിക്കുന്നു. ഉടനെതന്നെ ജിബ്രീല്‍ വന്ന് യുവാവിനോട് പറഞ്ഞു. “നിനക്ക് അല്ലാഹു പൊറുത്ത് തന്നിരിക്കുന്നു. നിന്റെ എല്ലാ ഇബാദത്തുകളും സ്വീകരിച്ച് നിന്നെ അല്ലാഹു ഒരു വലിയ്യാക്കിയിരിക്കുന്നു.”

ഇരുവരേയും ജിബ്രീല്‍(അ)തടവിയപ്പോള്‍ ആ ഉമ്മയും മകനും പൂര്‍വ്വസ്ഥിതി പ്രാപിച്ചു.

ഗുണപാഠം.: മാതാപിതാക്കളെ വേദനിപ്പിക്കുന്നവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിഷ്ഫമാകും. മാതാവിന്റെ കാലിന്നടിയിലാണ് സ്വര്‍ഗം എന്ന നബി വചനം ഇതൊടൊപ്പം ചേര്‍ത്തുവായിക്കുക.

സത്യസന്ധതയുടെ വില

പട്ടണത്തില്‍ തുണിക്കട നടത്തുകയാണ് അക്ബര്‍. ഒരു ദിവസം അക്ബറിന്റെ കടയില്‍ ഒരു ചെറുപ്പക്കാരന്‍ ജോലിയന്വേഷിച്ചെത്തി. എന്റെ പേര് ജമാല്‍ ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടി വന്നതാണ്. വല്ലജോലിയും തന്നാല്‍ ഉപകാരമായി.

“ങാ, ജോലി തരാം. പക്ഷേ, സത്യസന്ധമായി ജോലി ചെയ്തില്ലെങ്കില്‍ ആ നിമിഷം നിന്നെ ഞാന്‍ പിരിച്ചു വിടും.” അക്ബര്‍ പറഞ്ഞു.

ജമാല്‍ അത് അംഗീകരിച്ചു. ജോലിക്കു ചേര്‍ന്നു. ഒരു നാള്‍ ധനികയായ ഒരു സ്ത്രീ അക്ബറിന്റെ കടയില്‍ കയറി. അവര്‍ വിലകൂടിയ മനോഹരമായ ഒരു പട്ടുസാരി തിരഞ്ഞെടുത്തു. “ഹാ, എന്തൊരുഭംഗി എനിക്കിതുമതി. വില എന്തുതന്നെയായാലും ശരി” അവര്‍ പറഞ്ഞു. അക്ബറിന് സന്തോഷമമായി നല്ലൊരു കച്ചവടം നടന്നല്ലോ. പക്ഷേ, ജമാല്‍ പെട്ടെന്ന് പറഞ്ഞു: ഇത്താ; ആ സാരി എടുക്കേണ്ട… പഴക്കം കാരണം അതല്‍പം പിഞ്ഞിയിട്ടുണ്ട്.

ഇതു കേട്ടപ്പോള്‍ ആ സ്ത്രീ ആ സാരി മാറ്റി വേറൊന്നു വാങ്ങി. തിരിച്ച് പോയി. ആദ്യം എടുത്ത സാരിയേക്കാള്‍ വിലകുറഞ്ഞതായിരുന്നു പിന്നീടെടുത്തത്.

അക്ബറിന് വന്ന ദേഷ്യം പറയാനുണ്ടോ? അയാള്‍ ജമാലിനോട് കയര്‍ത്തു: “ഹും അവര്‍ വിലകൂടിയ സാരിവാങ്ങുമ്പോള്‍ നീയെന്തിനാ തടഞ്ഞത്” ജമാല്‍ പറഞ്ഞു: മുതലാളിയല്ലേ പറഞ്ഞത് സത്യസന്ധമായി ജോലിചെയ്യണമെന്ന്. അതു കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.

“എടാ… എന്നോട് കളവു കാണിക്കരുതെന്നാ ഞാന്‍ പറഞ്ഞത്. നിന്നെപ്പോലുള്ള മണ്ടന്മാരെ ജോലിക്ക് നിര്‍ത്തിയാല്‍ കച്ചവടം പൊളിയും, വേഗം സ്ഥലം വിട്ടോ.” ജമാല്‍ എത്ര അപേക്ഷിച്ചിട്ടും കൂട്ടാക്കാതെ അക്ബര്‍ അയാളെ ജോലിയില്‍ നിന്നു പറഞ്ഞുവിട്ടു.

പിറ്റേദിവസം മുതല്‍ അക്ബറിന്റെ കടയില്‍ തിരക്കു കൂടാന്‍ തുടങ്ങി. ധനികരായ പലരും വിലകൂടിയ പട്ടുവസ്ത്രങ്ങള്‍ വാങ്ങാന്‍ അവിടെ വരാന്‍ തുടങ്ങി. അതോടെ അക്ബറിന്റെ ലാഭവും വര്‍ദ്ധിച്ചു.

അങ്ങനെയിരിക്കെയാണ്, മുമ്പ് ജമാല്‍ ഉള്ളപ്പോള്‍ പട്ടുസാരി വാങ്ങാന്‍ വന്ന സ്ത്രീ വീണ്ടും വന്നത്. വന്നയുടനെ അവര്‍ ചോദിച്ചു: എവിടെ നിങ്ങളുടെ ആ പഴയ ജോലിക്കാരന്‍? അക്ബര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഞാന്‍ അവനെ പറഞ്ഞുവിട്ടു. അവനു കച്ചവടം ചെയ്യാനൊന്നും അറിയില്ലെന്നേ.. വെറും മണ്ടനാ…”

ഇതു കേട്ടപ്പോള്‍ ആ സ്ത്രീ സങ്കടത്തോടെ പറഞ്ഞു. “അതു കഷ്ടമായി ആ ജോലിക്കാരന്‍ കാരണമാണ് നിങ്ങളുടെ ഈ കടക്ക് ഇത്രപേരും പ്രശസ്തിയും ലഭിച്ചത്. അന്ന് അയാള്‍ പറഞ്ഞ കാരണമല്ലേ ഞാന്‍ ആ സാരി വാങ്ങാതിരുന്നത്. അതിന് ശേഷം ഞാന്‍ എന്റെ പരിചയക്കാരോടെല്ലാം നിങ്ങളുടെ സത്യസന്ധതയെ കുറിച്ച് പറഞ്ഞു. തു ണികള്‍ക്ക് വല്ലകേടും ഉണ്ടെങ്കില്‍ കടയിലെ ആളുകള്‍ തന്നെ പറഞ്ഞ് തരും എന്ന് കേട്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. അങ്ങനെയാണ് അവരെല്ലാം ഇവിടെ വന്ന് വസ്ത്രം വാങ്ങാന്‍ തുടങ്ങിയത്”

അതുകേട്ടപ്പോള്‍ അക്ബര്‍ മിഴിച്ച് നിന്നുപോയി. സത്യസന്ധതയുടെ വില അയാള്‍ക്ക് മനസ്സിലായി. അയാള്‍ വീണ്ടും ജമാലിനെ കടയിലേക്ക് വിളിച്ചു വരുത്തി. ജമാലിന് സന്തോഷമായി അക്ബറും ജമാലും സത്യസന്ധമായി കച്ചവടം തുടര്‍ന്നു. വീണ്ടും അഭിവൃദ്ധിയിലേക്ക് കുതിച്ചു.

One comment on “ഒരിക്കല്‍ …..തുടര്‍ന്നു വായിക്കുക

  1. Pingback: മക്കളെ പോറ്റുന്ന മാതാപിതാക്കളറിയുവാന്‍ …! | Muslim Ummath

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s