ഭാരതരത്നം
ഇന്ത്യയില്‍ ഏറ്റവും വലിയ ബഹുമതിയാണ് ഭാരതരത്നം. അരയാലിലയുടെ രൂപത്തില്‍ വെങ്കലത്തില്‍ നിര്‍മ്മിച്ചതാണ് ഇത്. മുഖവശത്ത് സൂര്യരൂപവും അതിനുതാഴെ ഭാരതരത്ന എന്നും മറുവശത്ത് അശോകചക്രവും പതിച്ചിട്ടുണ്ട്. 1954 ജനുവരി രണ്ടിനാണ് ഈ ബഹുമതി ഏര്‍പ്പെടുത്തിയത്.
കല, സാഹിത്യം, ശാസ്ത്രം, പൊതുസേവനം എന്നീ രംഗത്താണ് ഇത് നല്‍കുന്നത്. നല്കിയ ഭാരതരത്നം റദ്ദാക്കാനുളള അധികാരം പ്രസിഡന്റിനുണ്ട്. പുരസ്ക്കാരം റദ്ദാക്കിയാല്‍ ആ വ്യക്തി മെഡലും അംഗികാരപത്രവും തിരികെ എല്പിക്കണം. മരണാനന്തര ബഹുമതിയായും ഭാരതരത്നം നല്കപ്പെടുന്നു. ഇത്വരെ 40 പേര്‍ക്കാണ് ഈ ബഹുമതി നല്‍കിയത്. അതില്‍ പന്ത്രണ്ട് പേര്‍ക്ക് മരണാനന്തര ബഹുമതിയാണ്. ഖാന് അബ്ദുല്‍ ഗഫാര്ഖാന്, നെല്‍സണ്‍ മണ്ടേല എന്നീ രണ്ടു വിദേശികള്‍ക്കും ഭാരതരത്നം ലഭിച്ചിട്ടുണ്ട്.
പശയുടെ പിറവി
തൊട്ടാല്‍ ഒട്ടുന്ന പശയുടെ പരസ്യം നിത്യേന നിങ്ങള്‍ ടി വിയിലും പത്രങ്ങളിലും മറ്റും കാണുന്നുണ്ടാവും. എന്നാല്‍ പശയുടെ ആദിരൂപം പിറവിയെടുത്തതിന്റെ പിന്നിലെ കഥ നിങ്ങള്‍ക്കറിയുമോ?
1950 ലായിരുന്നു അത്. അമേരിക്കയിലെ ഈസ്റ്റ്മാന് കൊഡാക് കമ്പനിയിലെ ശാസ്ത്രജ്ഞര്‍ തീവ്രപരീക്ഷണങ്ങളിലാണ്. ഈഥൈല്‍ സയനോ അക്രൈലൈറ്റ് എന്ന പദാര്‍ഥത്തിലൂടെ വെളിച്ചം കടന്നുപോകുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്നു കണ്ടെത്തുക യായിരുന്നു അവരുടെ ലക്ഷ്യം. ഒരു ദിവസത്തെ അധ്വാനത്തിനുശേഷം അവര്‍ പരീക്ഷണവസ്തുക്കളൊക്കെ തിരികെ വയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് പരീക്ഷണത്തിന് ഉപയോഗിച്ച സ്ഫടികക്കട്ടികള് രണ്ടും ഒട്ടിപ്പോയകാര്യം അവര്‍ ശ്രദ്ധിച്ചത്.
എന്തും എളുപ്പത്തില്‍ ഒട്ടിക്കാവുന്ന സൂപ്പര്‍ ഗ്ളൂവിന്റെ തുടക്കം അങ്ങനെയായിരുന്നു. 1970 ലാണ് പശകളുടെ ലോകത്തില്‍ ഒരു വിപ്ലവം തന്നെയെന്നോണം സൂപ്പര്‍ ഗ്ളൂ വിപണിയിലിറങ്ങിയത്.
പ്രകൃതിയില്‍ നിന്നും കിട്ടുന്ന അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഒട്ടിക്കുന്ന പതിവ് ആയിരത്തില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്നതാണ്. 2400 ബി.സിയില്‍ ബാബിലോണിയക്കാരും മെസപ്പൊട്ടോമിയക്കാരും മറ്റും തങ്ങളുടെ കപ്പലുകള്‍ക്കു പോലും ഇത്തരം പശകള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രമുണ്ട്. മൃഗങ്ങളുടെ എല്ലും തോലും തിളപ്പിച്ചായിരുന്നു ഈജിപ്തുകാരുടെ പശനിര്‍മാണം. തേനീച്ചക്കൂട്ടിലെ മെഴുക്, മരക്കറ, കുറുകിയ ധാന്യമാവ് എന്നിവയൊക്കെ ആദ്യകാലത്ത് പശക്കായി ഉപയോഗിച്ചിരുന്നു.
വേഗതയളക്കാന്‍
വാഹനങ്ങളുടെ വേഗതയളക്കുന്നത് മണിക്കൂറില്‍ ഇത്ര കിലോമീറ്റര്‍ എന്ന് കണക്കാക്കിയാണല്ലോ. എന്നാല്‍ കപ്പലിന്റെയും മറ്റും വേഗതയളക്കുന്നത് നോട്ടിക്കല്‍ മൈല്‍ എന്ന അളവിലാണ്. നോട്ടിക്കല്‍ മൈല്‍ രണ്ടു വിധമുണ്ട്. അന്താരാഷ്ട്ര നോട്ടിക്കല്‍ മൈലും, ബ്രീട്ടീഷ് നോട്ടിക്കല്‍ മൈലും. അന്താരാഷ്ട്ര നേട്ടിക്കല്മൈല് 6076.1 അടിയാണ്. ബ്രീട്ടീഷ് നോട്ടിക്കല്‍ മൈല്‍ 6080 അടിയും.
കണ്ടുപിടിത്തങ്ങള്‍ക്ക് പിന്നില്‍
കണ്ടുപിടിത്തങ്ങളുടെ ലോകത്താണല്ലോ നാം ജീവിക്കുന്നത്. മനുഷ്യര്‍ നടത്തിയ ഓരോ കണ്ടുപിടിത്തവും ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യര്‍ നടത്തിയ പല കണ്ടുപിടിത്തങ്ങളും ഭൂമിയിലെ പല ജീവികള്‍ക്കും സഹജമായ കഴിവുകളിലൂടെ നേരത്തെ തന്നെ അറിയാമായിരുന്നു. ഇതാ ചില ഉദാഹരണങ്ങള്‍.
മനുഷ്യന് കണ്ടുപിടിച്ച ഏറ്റവും വലിയ നേട്ടമാണ് വൈദ്യുതി. എന്നാല്‍ ഇലക്ട്രിക്ക് ഈല്‍ എന്ന മത്സ്യത്തിന് വൈദ്യുതി വിദ്യ നേരത്തെ തന്നെ അറിയാമായിരുന്നു. നാം വീട്ടില്‍ ഉപയോഗിക്കുന്നത് 230 വോള്‍ട്ട് കറന്റാണെങ്കില്‍ ഇലക്ട്രിക്ക് ഈല്‍ ഉണ്ടാക്കുന്നത് 650 വോള്‍ട്ട് കറന്റാണ്. ചില തിരണ്ടിമീനുകള്ക്കും വൈദ്യുതി ഉണ്ടാക്കാന്‍ കഴിയും. ഇരയെ പിടിക്കാനും ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനുമാണിവര് ഇത് ഉപയോഗിക്കുന്നത്.
ലോകത്തിലെ ആദ്യത്തെ നെയ്ത്തുകാര്‍ എട്ടുകാലികളാണ്. വലനെയ്യാന്‍ അവ ഉപയോഗിക്കുന്ന നൂലുകള്‍ ഓരോന്നും പല ഇഴകള്‍ ചേര്‍ന്നതാണ്. ഇതില്‍ ഒരു ഇഴയ്ക്ക് 1/3000 മില്ലിമീറ്റര്‍ മാത്രമേ വ്യാസമുണ്ടാവൂ. ഒരു എട്ടുകാലിക്ക് നാല് കിലോമീറ്റര്‍ നീളത്തില്‍ നൂലുണ്ടാക്കാന്‍ കഴിയും.
ഇന്ന് നാം കാണുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ടാക്കാന്‍ നമ്മെ പഠിപ്പിച്ചത് ചിതലുകളാണ്. ചിലയിനം ചിതലുകള്‍ നിര്‍മ്മിക്കുന്ന പുറ്റുകള്‍ക്ക് ഇരുപത് അടിവരെ ഉയരമുണ്ടാവും. ഇത്തരമൊരു പുറ്റിന്റെ നിര്‍മ്മാണത്തിന് ടണ്‍ കണക്കിന് ചെളിയും മണ്ണും ഉപയോഗിക്കുമത്രെ.
ലോകത്ത് ആദ്യമായി പള്‍പ്പ് (ജൌഹു) ഉല്പാദിപ്പിച്ചത് കടന്നലുകളാണ് പള്‍പ്പുപയോഗിച്ച് ബഹുനില കൂടു നിര്‍മ്മിച്ച് അവയിലാണ് കടന്നലുകള്‍ താമസിക്കുന്നത്.
ഇഞ്ചക്ഷന് വിദ്യപഠിപ്പിച്ചത് തേനീച്ചകളും കടന്നലുകളുമാണ്. സിറിഞ്ചിന്റെ ഉപയോഗം പഠിപ്പിച്ചതാകട്ടെ രക്തം വലിച്ചെടുത്ത് കുടിക്കുന്ന കൊതുകുകളാണ്. പനി വന്നാല്‍ ശരീരത്തി ന്റെ ഊഷ്മാവ് അളക്കാന്‍ തെര്‍മോമീറ്റര്‍ വെച്ചു നോക്കാറില്ലേ. മാലിഫൌള് എന്ന ഇനം പക്ഷിയാണ് തെര്മോമീറ്ററിന്റെ കണ്ടുപിടിത്തത്തിനു പിന്നിലെ കാരണക്കാര്‍. ഈ പക്ഷി മുട്ടയിട്ട ശേഷം ചപ്പുചവറുകള്‍ അവയ്ക്കു മീതെയിട്ട് മുട്ട വിരിയാനാവശ്യമായ ചൂട് നല്‍കും. ഇടയ്ക്കിടക്ക് തന്റെ കൊക്ക് ചപ്പിനടിയില്‍ വെച്ച് ചൂട് നോക്കിക്കൊണ്ടിരിക്കും. ചൂട് കൂടിയാല്‍ ചപ്പ് കുറച്ചും കുറഞ്ഞാല്‍ ചപ്പ് കൂടുതല്‍ വെച്ചും കൊടുക്കും.
മീന്‍ പിടിക്കാന്‍ ചൂണ്ടയിടുന്ന വിദ്യ നമ്മെ പഠിപ്പിച്ചത് ബോള എന്നയിനം ചിലന്തികളും ആംഗ്ളര്‍ ഫിഷ് എന്ന മത്സ്യവുമാണ്. പെണ്ബോള ചിലന്തികള്‍ ഒരു തരം രാസവസ്തുക്കള്‍ പുറപ്പെടുവിക്കുമ്പോള്‍ അതുവഴി പോകുന്ന ശലഭങ്ങള്‍ ചിലന്തിയുടെ അടുത്തെത്തുന്നു. ഈ സമയം ബോള ഒരു നീളന്‍ നൂല് ശലഭത്തിന്റെ മുന്നിലേക്കിടുന്നു. ശലഭം അതില്‍ പിടിച്ച് കുരുക്കിലാവുമ്പോള് ചിലന്തി നൂല് വലിച്ചെടുത്ത് അതിനെ അകത്താക്കുകയും ചെയ്യും. ആംഗ്ളര്‍ ഫിഷ് എന്ന മീനുകള്‍ക്ക് തലക്കു മുകളില്‍ നീളമുള്ള വള്ളിയും വള്ളിയുടെ തലപ്പത്ത് തിളക്കമുള്ള ഒരു വസ്തുവുമുണ്ടായിരിക്കും. തിളക്കം കണ്ട് ചെറിയ മീനുകള്‍ അതില്‍ കടിക്കുമ്പോള്‍ ആംഗ്ളര്‍ ഫിഷ് അവയെ വലിച്ചെടുത്ത് ശാപ്പിടും.
തോക്ക്വിദ്യ നമ്മളെ പഠിപ്പിച്ചത് ആര്‍ചര്‍ ഫിഷ് അഥവാ വില്ലാളി മീനുകളാണ്. വെള്ളത്തിലൂടെ നീന്തുന്ന ഇവയുടെ നോട്ടം എപ്പോഴും മുകളിലേക്കായിരിക്കും. വെള്ളത്തിനു മുകളിലൂടെ ചെറിയ ജീവികള്‍ പറന്നു പോകുന്നതോ ചെടിയിലിരിക്കുന്നതോ കണ്ടാല്‍ ഇവ വെള്ളത്തിനു മുകളിലേക്ക് വരികയും വായില്‍ വെള്ളം നിറച്ച് ജീവിക്കുനേരെ ചീറ്റുകയും ചെയ്യും. ശക്തിയില്‍ ചീറ്റിവരുന്ന ജലധാര ജീവികള്‍ക്കുമേല്‍ ഊക്കില്‍ വന്നു പതിക്കുമ്പോള്‍ അവ വെള്ളത്തില്‍ വീഴുന്നു ആര്‍ച്ചര്‍ ഫിഷ് അവയെ പിടികൂടി ഭക്ഷണമാക്കുന്നു.
പാരച്യൂട്ട് വിദ്യ നമുക്കുമുമ്പേ പരീക്ഷിച്ചവര്‍ പറക്കും അണ്ണാന്മാരാണ്. ഇവയുടെ കൈകളും പാദങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന ചര്‍മ്മങ്ങള്‍ വിടര്‍ത്തി വായുവിലൂടെ തെന്നിപ്പറക്കുന്ന വിദ്യതന്നെയാണ് പാരച്ച്യൂട്ട് വിദ്യയും.
തടികളില്‍ ദ്വാരമിടുന്ന ഡ്രില്ലര്‍ വിദ്യ വീവില്‍ എന്ന ഷഡ്പദങ്ങള്‍ മുമ്പേ ഉപയോഗിച്ചിരുന്നു. ഇവയുടെ മുഖത്ത്, നീളമുള്ള ഒരു കൊമ്പും കൊമ്പിന്റെ അറ്റത്തായി പല്ലുകള്‍പോലെ മൂര്‍ച്ചയുള്ള ഒരു ഭാഗവുമുണ്ട്. കട്ടിയുളള കായകളില്‍ ഇവ കൊമ്പുവെച്ചു വലത്തോട്ടും ഇടത്തോട്ടും തിരിയുമ്പോള്‍ കായകളില്‍ ദ്വാരമുണ്ടാവുകയും അതില്‍ മുട്ടയിടുകയും ചെയ്യുന്നു. നമ്മുടെ ഉളിവിദ്യ മരം കൊത്തി പക്ഷികളും കത്രിക പ്രയോഗം ചിലതരം തത്തകളും നേരത്തെത്തന്നെ പ്രയോഗിച്ചു വരുന്നതാണ്.
നമ്മുക്ക് മുമ്പേ കിണര്‍ കുഴിച്ചത് ആനകളും കംഗാരുകളുമാണ്. വെള്ളമുണ്ടോയെന്നറിയാന്‍ സ്ഥാനം നോക്കുന്ന ഏര്‍പ്പാട് ആനകളില്‍ നിന്നാണ് നമുക്ക് ലഭിച്ചത്. ദാഹിച്ചാല് ആനകള്‍ വെള്ളമുണ്ടോയെന്നറിയാന്‍ തുമ്പിക്കൈ ഭൂമിയില്‍ വെച്ചുനോക്കും. വെള്ളമുണ്ടെന്ന് മനസ്സിലായാല്‍ അവിടെ കുഴികുത്തുകയും വെള്ളമെടുക്കുകയും ചെയ്യുന്നു. കംഗാരു വെള്ളത്തിനായി നാലടിയോളം താഴ്ചയുള്ള കുഴികള്‍ കുഴിക്കാറുണ്ട്.
യുദ്ധരംഗത്ത് റഡാര്‍ വിദ്യ പ്രയോഗിക്കുന്നത് കേട്ടിട്ടില്ലേ? റഡാറില്‍ നിന്നുള്ള വൈദ്യു ത കാന്തിക തരംഗങ്ങള്‍ ശത്രുവിമാനത്തില്‍ ചെന്ന് തട്ടി തിരികെ വരുന്നത് പരിശോധിച്ചാണ് അവയുടെ വേഗതയും സ്ഥാനവും മറ്റും മനസ്സിലാക്കുന്നത്. എന്നാല്‍ മനുഷ്യര്‍ റഡാര്‍ കണ്ടുപിടിക്കും മുമ്പേ ഈ വിദ്യ പ്രയോഗിച്ചവരാണ് വവ്വാലുകളും തിമിംഗലങ്ങ ളും. മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത അള്‍ട്രാസോണിക്ക് ശബ്ദ തരംഗങ്ങള്‍ പുറപ്പെടുവിപ്പിക്കുവാന് വവ്വാലുകള്‍ക്ക് കഴിയും. അവ മുമ്പിലുള്ള വസ്തുവില്‍ തട്ടി തിരികെ വവ്വാലിന്റെ ചെവിയിലെത്തും. അതു മനസ്സിലാക്കിയാണ് മുന്നിലുള്ള വസ്തുക്കളില്‍ തട്ടാതെ ഇവ പറക്കുകയും ഇര പിടിക്കുകയും ചെയ്യുന്നത്.
മൊബൈല്‍ ഫോണ്‍ നമ്മുടെ കൈവശം എത്തും മുമ്പേ ഈ വിദ്യ പ്രയോഗിച്ചവരാണ് ആനകള്‍. ആനകളുടെ തലച്ചോറിലെ പ്രത്യേക ഭാഗത്തുള്ള പേശികള്‍ ചലിപ്പിച്ച് നമുക്ക് കേള്‍ക്കാന്‍ പറ്റാത്ത ശബ്ദ തരംഗങ്ങള്‍ പുറപ്പെടുവിച്ചാണ് അവ പരസ്പരം ആശയങ്ങള്‍ കൈമാറുന്നത്. കിലോമീറ്ററുകള്‍ക്കപ്പുറം വരെ പരസ്പരം ആശയ വിനിമയം നടത്താന്‍ ഈ വിദ്യകൊണ്ട് ആനകള്‍ക്ക് കഴിയും.
അണക്കെട്ടുകള്‍ നിര്‍മ്മിക്കാനുള്ള വിദ്യ പഠിപ്പിച്ചത് ബീവര്‍ എന്ന ജീവികളാണ്. കാട്ടിലെ എഞ്ചിനീയര്‍മാര്‍ എന്നറിയപ്പെടുന്ന ബീവറുകള്‍ വലിയ മരങ്ങള്‍ കരണ്ടുമുറിച്ച് പുഴകള്‍ക്കു കുറുകെയിട്ടു വെള്ളം തടഞ്ഞു നിര്‍ത്തി നിര്‍മ്മിക്കുന്ന കൂടുകളാണ് നമ്മുടെ അണക്കെട്ടുകളുടെ മുന്‍ഗാമികള്‍.
ഇത്തരം ധാരാളം വിദ്യകള്‍ ജീവികള്‍ക്ക് സഹജമായുണ്ട്. ഓരോ ജീവിയുടേയും ജീവിത രീതി നോക്കിയാല്‍ ഇനിയും ധാരാളം കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ നമുക്ക് കഴിയും.
അക്കങ്ങള്‍ വന്ന വഴി
അക്കങ്ങളില്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? കണക്കു കൂ ട്ടാന്‍ കഴിയാതിരുന്ന ഒരു കാലം! രാവിലെ മേയാന്‍ അഴിച്ചുവിട്ട കാലികളില്‍ എത്രയെണ്ണം മടങ്ങിയെത്തിയെന്നു പോലും മനസിലാകാതെ വട്ടം കറങ്ങിയ പ്രാചീന മനുഷ്യനായിരിക്കാം അക്കങ്ങള്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവിച്ചത്.
എത്ര കാലികള്‍ സ്വന്തമായിട്ടുണ്ടെന്നു ചോദിച്ചാല്‍ കണ്ണു മിഴിക്കുകയേ അന്നു നിവൃത്തിയുണ്ടായിരുന്നുള്ളൂ. എണ്ണമറിയാതെ ഇങ്ങനെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു കണ്ടെ പ്രാചീന മനുഷ്യന് കല്ലുകള്‍ ഉപയോഗിച്ചും വള്ളികളില്‍ കെട്ടിട്ടും കൈവിര ലുകള്‍ ഉപയോഗിച്ചുമെല്ലാം എണ്ണാന്‍ തുടങ്ങി. പത്തുവരെ കൈവിരലുകള്‍ ഉപയോ ഗിച്ച് എണ്ണാമെന്നായതോടെ കാര്യങ്ങള്‍ അല്‍പ്പം എളുപ്പമായി. പക്ഷേ, പത്തിനു മുകളിലേക്കു എണ്ണേണ്ടി വരുമ്പോള്‍ എന്തുചെയ്യും? അതിനും അവര്‍ ഒരു സൂത്രം ക ണ്ടുപിടിച്ചു. പത്തുവരെ എണ്ണിക്കഴിയുമ്പോള്‍ അതിന്റെ അടയാളമായി ഒരു കല്ലോ മരക്കഷ്ണമോ നീക്കിവെക്കുക. വീണ്ടും പത്തുവരെ എണ്ണുമ്പോള്‍ അതിന്റെ അടയാളമായി ഒരു കല്ലുകൂടി വെക്കുക, അങ്ങനെ നൂറുവരെ എണ്ണാന്‍ പത്തുകല്ലുകള് മതിയെന്നായതോടെ കാര്യങ്ങള്‍ കൈപ്പിടിയില്‍ നില്‍ക്കുമെന്നായി. നൂറുവരെ എണ്ണിക്കഴി ഞ്ഞാല്‍ വലിയൊരു കല്ലുവെച്ചാല്‍ മതിയെന്ന സൂത്രവും ഇതിനിടെ ചില വിരുതന്മാര് കണ്ടുപിടിച്ചു. കാര്യങ്ങള്‍ അത്രയും പുരോഗമിച്ചതോടെ ഇന്നു കാണുന്ന സംഖ്യാ സമ്പ്രദായത്തിലേക്കുള്ള കാല്‍വെപ്പായി അതു മാറി.
അക്കങ്ങള്‍ വരുന്നു
കാലക്രമേണ സംഖ്യകളെ സൂചിപ്പിക്കാന്‍ അടയാളങ്ങളും കണ്ടുപിടിച്ചു. അയ്യായിരം വര്‍ഷം മുമ്പുതന്നെ ഈജിപ്തുകാരും ബാബിലോണിയക്കാരും അവരുടേതായ രീതിയില്‍ അക്കങ്ങള്‍ വികസിപ്പിച്ചെടുത്തു. ബാബിലോണിയക്കാര്‍ മൂര്‍ച്ചയുള്ള കമ്പുപയോഗിച്ച് മണ്പലകയിലും മറ്റും അക്കങ്ങള്‍ കുറിക്കുകയാണ് ചെയ്തിരുന്നത്. ഗ്രീക്കു കാരാകട്ടെ തങ്ങളുടെ ഭാഷയിലെ 24 അക്ഷരങ്ങള്‍ക്കൊപ്പം മൂന്നു പുതിയ അടയാള ങ്ങള്‍കൂടി ചേര്‍ത്താണ് അക്കങ്ങള്‍ നിര്‍മിച്ചത്. അക്ഷരമാലയിലെ ആദ്യത്തെ ഒമ്പത് അക്ഷരങ്ങള്‍ ഒന്നുമുതല്‍ ഒമ്പതുവരെയുള്ള അക്കങ്ങളെ സൂചിപ്പിക്കുന്ന വിധത്തിലായിരുന്നു ക്രമീകരണം.
റോമന്‍ അക്കങ്ങള്‍
ഏറെ പ്രചാരം നേടിയ റോമന്‍ അക്കങ്ങളുടെ ജനനം ഇറ്റലിയില്‍ നിന്നാണെന്നു വിശ്വസിക്കുന്നു. ഇവിടുത്തെ എട്രൂസ്കന്‍ എന്ന പ്രാചീനവര്ഗക്കാരാണത്രെ റോമന്‍ അക്കങ്ങള്‍ കണ്ടുപിടിച്ചത്. വലിയ സംഖ്യകള്‍ റോമന്‍ അക്കത്തില്‍ എഴുതുക എളുപ്പമല്ലെന്നതാണ് ഇതിന്റെ പരിമിതി. ചൈനക്കാരാകട്ടെ അക്കാലത്ത് വരകള്‍ ഉപയോഗിച്ചായിരുന്നു അക്കങ്ങള്‍ എഴുതിയിരുന്നത്.
ഇന്ത്യയില്‍ അക്കങ്ങളുടെ ഉത്ഭവം
മോഹെന്ജോദാരോയില് നിന്നും കണ്ടെടുത്ത രേഖകള്‍ പ്രകാരം ഇന്ത്യയില്‍ ഏഴായിരം വര്‍ഷം മുമ്പുതന്നെ അക്കങ്ങള്‍ ഉപയോഗിച്ചിരുന്നതിന്റെ തെളിവുണ്ട്. ചൈനക്കാരെപോലെ വരകള്‍ ഉപയോഗിച്ചുള്ളവയായിരുന്നു അക്കങ്ങള്‍. എ.ഡി അഞ്ചാം നൂറ്റാണ്ടില്‍ ഇന്ത്യക്കാര്‍ പൂജ്യം കണ്ടുപിടിച്ചത് അക്കങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായിമാറി. ബ്രാഹ്മി, ഖരോഷ്ടി എന്നീ ലിപികളിലും പ്രാചീന ഇന്ത്യയില്‍ അക്കങ്ങള്‍ എഴുതിയിരുന്നു.
മായന്‍ സംഖ്യകള്‍
ബി.സി 1500 മുതല്‍ മധ്യഅമേരിക്കയില്‍ താമസിച്ചിരുന്ന മായന്‍ വര്‍ഗക്കാര്‍ സ്വന്തമായി നിര്‍മിച്ച സംഖ്യാസപ്രദായമാണ് മായന്‍ സംഖ്യകള്‍. കുത്തുകളും വരകളും ഉപയോഗി ച്ചായിരുന്നു മായന്‍ അക്കങ്ങള്‍.
ഇന്തോ അറബിക്
1,2,3,4,5… ല്‍ തുടങ്ങുന്ന അക്കങ്ങളാണ് ഇന്ന് ലോകമെങ്ങും വ്യാപകമായി ഉപയോഗിക്കുന്നത്. ഇന്തോ അറബിക് അക്കങ്ങള്‍ എന്നാണ് ഇതിന്റെ പേര്. ഇന്ത്യയില്‍ രൂപമെടുത്ത ഈ അക്കങ്ങള്‍ അറബികള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ യാണ് ഈ പേരു ലഭിച്ചത്. എട്ടാം നൂറ്റാണ്ടില്‍ സ്പെയിന് കീഴടക്കിയ അറബികള്‍ ഈ അക്കങ്ങള്‍ അവിടെ പ്രചരിപ്പിക്കുകയും ക്രമേണ യൂറോപ്പിലേക്ക് ഈ അക്കങ്ങള്‍ കടന്നെത്തുകയും ചെയ്തു. എന്നാല്‍ ഇന്നു നാം കാണുന്ന രീതിയിലായിരുന്നില്ല അന്നത്തെ അക്കങ്ങള്‍. എ.ഡി പതിനഞ്ചാം നൂറ്റാണ്ടോടെയാണ് ഇന്നു കാണുന്ന രീതിയിലുള്ള അക്കങ്ങള്‍ രൂപപ്പെട്ടത്. കുറച്ചുകാലംകൊണ്ട് ലോകമെങ്ങും ഇവ പ്രചാ രത്തിലായി.
(……………..തുടരും )